ലുലു മർവാ ശാഖയിൽ പുതിയ സൗന്ദര്യാലയം -പിനാക്കിൾ
പ്രവാസി വനിതകൾക്കു മുമ്പിൽ സൗന്ദര്യത്തിന്റെ പുതിയ ലോകം പരിചയപ്പെടുത്തുന്നതിനും സ്വാനുഭവങ്ങളിലൂടെ അഴകിന്റെയും ചാരുതയുടെയും പാഠങ്ങൾ പകരുന്നതിനും പ്രസിദ്ധി നടി അനു സിതാര ഒക്ടോബർ 14 ന് വെള്ളിയാഴ്ച ജിദ്ദയിലെത്തുന്നു. പ്രവാസ ലോകത്തെ കുടുംബിനികളുടെ സാമ്പ്രദായിക സൗന്ദര്യ സങ്കൽപങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അവർ സംസാരിക്കും. ഇതിനകം പ്രവാസലോകത്തെ സ്ത്രീസൗന്ദര്യത്തിനായി പതിവ് രീതികളിൽ നിന്ന് വിഭിന്നമായി പാർലറുകൾ നടത്തിയും ബോധവൽക്കരണം നടത്തിയും പേരെടുത്ത പിനാക്കിൾ ബ്യൂട്ടി സലൂണിന്റെ നാലാമത് ശാഖ, ലുലു ഹൈപ്പർ മാർക്കറ്റിന്റെ മർവ ശാഖയിൽ അനു സിതാര അടുത്ത വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും. മിനിസ്ട്രി ഓഫ് നാഷനൽ ഗാർഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സെക്രട്ടറി ജനറൽ നാസർ അബ്ദുല്ല അൽ സറാമിയാണ് മുഖ്യാതിഥി. ലുലു സാരഥികളും ചടങ്ങിൽ സംബന്ധിക്കും.
കഴിഞ്ഞ മൂന്നു വർഷമായി പെൺകരുത്തിന്റെയും സൗന്ദര്യ സങ്കൽപങ്ങളുടെയും പ്രവാസ ചരിത്രത്തിൽ പുതിയ ഏട് തുറന്നിട്ടുള്ള പിനാക്കിളിൽ ഏറ്റവും ആധുനികമായ ഉപകരണങ്ങളും സുശിക്ഷിതരായ ബ്യൂട്ടിഷ്യന്മാരുമാണുള്ളതെന്ന് മാനേജിംഗ് ഡയരക്ടർ എൻജിനീയർ സൽഫീന ജുനൈസ്്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോസിലാ അശോക് എന്നിവർ അറിയിച്ചു. അത്യാധുനിക ശാസ്ത്രീയ രീതിയും ഏറ്റവും മികച്ച ശുചിത്വ പാലനവും സമ്മേളിച്ച ബ്യൂട്ടി പാർലറുകൾ, സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റിയെടുക്കുന്നുവെന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജിദ്ദയിലെ വനിതകളുടെ അഴകിന്റെ പര്യായമായി പിനാക്കിളിന്റെ നാലാമത്തെ ഔട്ട്‌ലറ്റ് ലുലുവിൽ ആരംഭിക്കുന്നതെന്നും ഇവർ അവകാശപ്പെട്ടു.






