വൗ, സൂപ്പർ വുമൺ

വുമൺ ഓഫ് വിസ്ഡം എന്ന പേരിൽ ജിദ്ദയിലെ യുവ വനിതാ ടാലന്റ്‌സ് കൂട്ടായ്മയുടെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച  'സൂപ്പർ വിമൺ' എന്ന പേരിൽ ജിദ്ദയിലെ ഷറഫിയ കനാന ഹോട്ടലിൽ സംഘടിപ്പിച്ച മേള ജനബാഹുല്യം കൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹാ മസൂദ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
മുപ്പതോളം വനിതകളുടെ കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞ ആശയത്തിന്റെ ആകെത്തുകയായിരുന്നു ഈ മേള. പ്രവാസി സ്ത്രീകളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടാത്ത അവസ്ഥ ഉണ്ടെന്ന സാഹചര്യം മനസ്സിലാക്കി അവരുടെ ക്രിയാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി ഒരുക്കുകയായിരുന്നുവെന്ന് സംഘാടകർ അവകാശപ്പെട്ടു. തീർത്തും ഏവരെയും വിസ്മയിപ്പിക്കുന്ന തരത്തിൽ പ്രദർശന സ്റ്റാളുകൾ ഒരുക്കാൻ ഈ കൂട്ടായ്മയ്ക്കായി.  ജിദ്ദയിലെ ശ്രദ്ധേയരായ ആർട്ടിസ്റ്റുകളിൽ നിന്നും പ്രത്യേക ജൂറി തെരഞ്ഞെടുത്ത നാലുപേരുടെ പെയിന്റിംഗുകൾ മേളയിൽ പ്രദർശനത്തിനു വെച്ചിരുന്നു.


വിവിധതരം പെയിന്റിങ്ങുകളിലൂടെ പ്രകൃതിയുടെ വശ്യചാരുത പുനഃസൃഷ്ടിക്കാൻ കലാകാരികൾക്ക് അവസരമുണ്ടായി. ഇസ്‌ലാമിക് ആർട്ടിന്റെ ഭാഗമായുണ്ടായിരുന്ന കാലിഗ്രഫിക് പെയിന്റിംഗുകൾ അക്ഷരാർത്ഥത്തിൽ മേളക്ക് തിളക്കമേകി. ഉള്ളിത്തോൽ, പുല്ല്, ചാക്ക്, പേപ്പർ, ചകിരി, തേങ്ങാ തൊണ്ട് തുടങ്ങിയ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കളും സ്വന്തം കരവിരുതിൽ രൂപകൽപന ചെയ്ത അബായ അടക്കമുള്ള വസ്ത്രങ്ങളും, ബാഗുകളും, ആഭരണങ്ങളും ഹെന്ന കോർണറിലേയും ഫേസ് പെയിന്റിംഗിന്റേയും മാസ്മരികത മാത്രമല്ല ഒട്ടകപ്പക്ഷിയുടെ മുട്ടയടക്കം വ്യത്യസ്ത മുട്ടകൾ കൊണ്ട് നിർമ്മിതമായ ആഭരണപ്പെട്ടികളും മറ്റും (എഗ് ആർട്ട്) സ്ത്രീകളുടെ സർഗവൈഭവത്തിന്റെ പ്രതിഫലനമായിരുന്നു.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ കൊണ്ട് ഒരുക്കിയ ഫുഡ് സ്റ്റാളുകളും മേളക്ക് കൊഴുപ്പേകിയപ്പോൾ അറബ്  ദക്ഷിണേന്ത്യൻ വിഭവങ്ങളും മേളയിൽ സ്ഥാനം പിടിച്ചിരുന്നു.


മിറാക്കൾ പ്ലാന്റ് ഓർഗാനിക് അലോയ് (ങശൃമരഹല ജഹമി േഛൃഴമിശര അഹീല) എന്ന വിശേഷണത്തിന് അർഹമായ കറ്റാർവാഴയുടെ വിപണനത്തെക്കാൾ അതിന്റെ ഔഷധമൂല്യം വ്യക്തമാക്കിയപ്പോൾ അത് പലർക്കും പുതിയ അറിവ് തന്നെയായിരുന്നു. ആശാ, സമീഹ (കാലിഗ്രഫി), സലേഹ ആമിർ, ഫൈസ (എഗ്ഗ് ആർട്ട്), മൈമൂന കൗസർ, സൈനു, റഹ്മ, ഗുൽമിറ, ഷൈമ സഹീർ, ഫസീല, റമീസ, ഗിരിജ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധയാകർഷിച്ചു.
പ്രദർശന വസ്തുക്കൾക്കുപരിയായി സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച മൽസരക്കളികൾ ആകർഷകമായി. ഒരു കൂട്ടം ചെറുപ്പക്കാരികളായ കുടുംബിനികളുടെ പ്രൊഫഷനൽ കൂട്ടായ്മയാണ് ഈ പരിപാടിക്ക് സാരഥ്യം വഹിച്ചത്. 
റജ്‌നാ നബീൽ, ഫർമി ഷർസാദ്, ഫാത്തിമാ ഖാദു, ഷംന സനൂജ്, ഫസ്‌ന സുബൈർ, ഫെബിത ഷാമിൽ, സഫ സഫീർ, സുമിനാ കുട്ടിയാലി, ഷിഹാന ബഷീർ, ഫർസാന അഫ്‌സൽ, നഹാന ബർജിസ്, റഷ നൗഫൽ, ഷഹീബ വികെ എന്നിവരാണ് ഈ പരിപാടിയുടെ വിജയത്തിനു ചുക്കാൻ പിടിച്ചവർ.ഭാവിയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പേഴ്‌സണാലിറ്റി ഡവലപ്മന്റ് ക്ലാസുകളും കളിയരങ്ങുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.                                  -വി.കെ.എസ്  

Latest News