മരുക്കാറ്റിനെ മോഹിപ്പിച്ച നൃത്ത-സംഗീത-നടനരാത്രി

വർണോൽസവം-2018

തന്റെ സംസ്‌കാരത്തിൽ വിശ്വാസവും അഭിമാനവുമുള്ള ഓരോ മനുഷ്യനും താൻ ജനിച്ചുവളർന്ന സംസ്‌കാരത്തെ ഒപ്പം കൊണ്ടുനടക്കുന്നു, അവർ പോകുന്ന സ്ഥലത്തെല്ലാം അതിനെ പരിചയപ്പെടുത്തുന്നു. 
ഭാരതീയ സാംസ്‌കാരികത്തനിമയെ, അതിന്റെ തനതുഭാവം ഒട്ടും നഷ്ടപ്പെടുത്താതെ ഇങ്ങു ദൂരെ ജിദ്ദയിൽ കേരള സമാജത്തിലെ കലാകാരികളും കലാകാരന്മാരും ഇക്കഴിഞ്ഞ ദിവസം പകർത്തിയെഴുതി. വിവിധ നൃത്തകലാരൂപങ്ങൾക്കൊപ്പം, അഭ്രപാളികളിൽ എം.ടി. അനശ്വരമാക്കിയ പുണ്യപുരാണ നാടകമായ വൈശാലി അതിന്റെ നൃത്ത താളലയങ്ങൾ സുന്ദരമായി സമന്വയിപ്പിച്ചുകൊണ്ട് ജിദ്ദ മലയാളികൾക്കുമുമ്പിൽ അവർ അവതരിപ്പിച്ചു.  മഹാഭാരതത്തിലെ തീർത്ഥയാത്രാ പർവത്തിലെ ഋഷ്യശൃംഗന്റെ കഥയാണ് നാടകത്തിനാധാരം. ബ്രാഹ്മണശാപത്തിന് ഒരു രാജ്യത്തെ മഴയെപ്പോലും തടഞ്ഞുനിർത്താൻ ശേഷിയുണ്ടായിരുന്ന കാലത്ത് തപഃശക്തിയെ സ്വന്തം രാജ്യത്തോടുള്ള കൂറുകൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്ന ഒരു പാവം പെണ്ണിന്റെയും, ഒടുവിൽ അധികാരവർഗ ധാർഷ്ട്യംകൊണ്ട് അവൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന മനോഹരമായ കഥയാണ് വൈശാലി.  പേമാരിയിൽ ഒഴുകിപ്പോയ വിശ്വപ്രേമത്തെക്കുറിച്ചുള്ള വിഷാദഭാവമാണ് വൈശാലിയുടെ കഥാതന്തു.
യമുനാ വേണു നാടകാവിഷ്‌കാരം നടത്തി, വേണു പിള്ള എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച് ജിദ്ദ മലയാളികൾക്കുമുമ്പിൽ അവതരിപ്പിച്ച നാടകത്തിന് ജിദ്ദയിലെ പ്രമുഖ നൃത്താധ്യാപിക ശ്രീമതി പുഷ്പ സുരേഷ് നൃത്തസംവിധാനവും നിർവഹിച്ചു. വൈശാലി എന്ന കഥാപാത്രത്തിന് അശ്വതി വേണു ശബ്ദവും  നൽകി. ആർട്ടിസ്റ്റ് അജയകുമാർ രംഗപടം അണിയിച്ചൊരുക്കിയപ്പോൾ, പ്രകാശനിർവഹണം ഭംഗിയായി നിറവേറ്റിയ കിരണും സഹസംവിധായകൻ സന്തോഷ് കടമ്മനിട്ടയും 'വൈശാലി'യെ മഹത്തരമായൊരു കലാരൂപമാക്കി മാറ്റുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. കുമാരി ശ്രേയ വിനോദും വിനോദ് നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായ വൈശാലിയെയും ഋഷ്യശൃംഗനെയും അനശ്വരമാക്കിയപ്പോൾ, സന്തോഷ് കടമ്മനിട്ട, സുരേഷ് കുമാർ, ജയകുമാർ, യമുന വേണു, രജനി വിനോദ്, വിഷ്ണു മനോജ്, വിനോദ് കുമാർ, മേഘ്‌ന ജ്യോതിഷ് മുതലായവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.  
വൈശാലിയിൽ ഒതുങ്ങുന്നില്ല കേരള സമാജം അണിയിച്ചൊരുക്കിയ വാർഷികദിനാഘോഷമായ 'വർണോത്സവം 2018' എന്നു പേരിട്ട ഈ കലാസന്ധ്യ. ഇന്ത്യൻ ക്ലാസ്സിക്കും മോഡേണും സമന്വയിപ്പിച്ച ഈ കലാമാമാങ്കത്തിന് വ്യത്യസ്തമായ കലാരൂപങ്ങളാണ് വേദിയിൽ നിറഞ്ഞുകവിഞ്ഞ് ആടിത്തീർത്തത്. ഭക്തനും ഈശ്വരനും തമ്മിൽ നിലനിൽക്കുന്ന അപൂർവ്വബന്ധത്തെയും ഭക്തസംരക്ഷണത്തിനുവേണ്ടിയുള്ള ഈശ്വരഭാവത്തെയും കുറിക്കുന്ന അപൂർവ്വമായ ശിവതാണ്ഡവം, രാജസ്ഥാനി ക്ലാസ്സിക് ഖൂമർ ഡാൻസ്, അമ്മയും മകളും ഒരുമിച്ച് നൃത്തവേദിയിൽ പ്രത്യക്ഷപ്പെട്ട മലയാളം ക്ലാസിക്കൽ ഡാൻസ്, കൊച്ചു കുട്ടികളുടെ നൃത്തവൈഭവം പ്രകടമായ സംഘനൃത്തം, നമ്മെ വിട്ടുപോയ സിനിമാവൈഭവം ശ്രീദേവിയുടെ ഓർമ്മയ്ക്കായവതരിപ്പിച്ച കുട്ടികളുടെ നൃത്തം, ഘനശ്യാമവർണനെ വേദിയിലേക്കു കൊണ്ടുവന്ന കൃഷ്ണഭക്തിയുടെ ആവിർഭാവം തുടങ്ങിയ നൃത്തകലാരൂപങ്ങൾ ചിട്ടയോടെ മനോഹരമായി ഇവിടെ അവതരിപ്പിക്കപ്പെട്ടു. അതോടൊപ്പം മലയാളവും ഹിന്ദിയുമൊക്കെ ഉൾക്കൊള്ളുന്ന ഇമ്പമേറിയ മധുരഗാനങ്ങൾ, മറ്റു വിവിധ കലാരൂപങ്ങൾ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമായ ഈ കലാവിരുന്ന് എന്തുകൊണ്ടും ജിദ്ദ മലയാളികൾക്ക് പുതിയൊരനുഭവംതന്നെയായിരുന്നു എന്നുപറയാതെ വയ്യ.
ഗായത്രി വിനോദ്, സംവൃത ലക്ഷ്മണൻ, ഗൗരി സുധീർ, മാളവിക മനോജ്, അനൂപ്, ആവണി ദീപക്, അനു സുരേഷ്, നിമിത അനന്തു, ശ്വേത സജീവ്, സ്വാതി സജീവ്, പാർവതി, ജഗന്നാഥ്, മാനവ് കൃഷ്ണ, ശിഖ വിനോദ്, അക്ഷയ അനൂപ്, നീത വിനോദ്, അമ്പിളി അനൂപ്, സംഗീത ദീപക്,  ശരണ്യ ലോഹിത്, പ്രവീൺ പിള്ള, സതീഷ് കുമാർ, കിരൺ, എന്നീ ആർട്ടിസ്റ്റുകളും വർണോത്സവം 2018നെ അനശ്വരമാക്കിത്തീർത്തതിൽ മുഖ്യ പങ്കുവഹിച്ചു. പ്രസീദ മനോജ് (ചിലങ്ക നൃത്തവിദ്യാലയം), ദീപ ജ്യോതിഷ് എന്നിവർ വിവിധ നൃത്തകലാരൂപങ്ങൾക്ക് നേതൃത്വം നൽകി. വർണ്ണോത്സവം 2018 ആങ്കർ റോൾ ഹരിപ്രിയ ജയകുമാറും സുരേഷ് കുമാറും നിർവഹിച്ചു.
ഏകദേശം അഞ്ഞൂറോളം കലാസ്വാദകർ പങ്കെടുത്ത 'വർണോത്സവം 2018' ജിദ്ദയിലെ വ്യവസായ പ്രമുഖൻ എച്ച്.കെ. വാര്യർ  നിലവിളക്കുകൊളുത്തി ഉദ്ഘാടനംചെയ്തു. കേരള സമാജം പ്രസിഡണ്ട് വിനോദ് നമ്പ്യാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു, സമാജം രക്ഷാധികാരി സുരേഷ് കുമാർ ആശംസാപ്രസംഗം നടത്തി. വേദിയിൽ വെച്ച് എച്ച്.കെ. വാര്യർ, ജിദ്ദയിലെ പ്രശസ്ത നൃത്താധ്യാപിക ശ്രീമതി പുഷ്പ സുരേഷിനെ ആദരിച്ചു.       -വേണു  
 

Latest News