കേരള പോലീസിനെ കുറിച്ച് നല്ല മതിപ്പായിരുന്നു അൽപ്പം മുമ്പ് വരെ. ഇന്ത്യയിലെ ഏറ്റവും മികച്ച സേനകളിലൊന്നാണ് കേരളത്തിന്റേത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നും പ്രവർത്തന ശൈലിയെ ബാധിക്കില്ലെന്നത് എടുത്തു പറയാവുന്ന സവിശേഷത. അയൽ നഗരങ്ങളായ മൈസൂരിലും കോയമ്പത്തൂരിലും സംഘർഷാവസ്ഥയുണ്ടായപ്പോൾ പെട്ടെന്ന് തീ അണക്കാൻ കുതിച്ചെത്തിയത് കേരള പോലീസായിരുന്നു. കൊച്ചിയിലെ കസ്റ്റഡി മരണവും വിദേശ വനിതയുടെ ദുരൂഹ മരണവുമെല്ലാം പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. അതിനിടയ്ക്കാണ് വാരം പിറന്നപ്പോൾ പോലീസിന്റെ തൊപ്പിയിൽ പൊൻതൂവൽ ചാർത്തിയ സംഭവം. വാട്ട്‌സപ്പിലൂടെ ആഹ്വാനം ചെയ്ത് വിജയിപ്പിച്ച അപ്രഖ്യാപിത ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ ദിവസങ്ങൾക്കകം കണ്ടെത്താൻ കേരള പോലീസിന് സാധിച്ചു. ഇത് നിസ്സാര നേട്ടമല്ല. വിവിധ മത വിഭാഗങ്ങൾ സൗഹാർദത്തോടെ കഴിയുന്ന കേരളം പോലൊരു സംസ്ഥാനത്ത് അശാന്തിയുടെ വിത്ത് വിതക്കാൻ ശ്രമിച്ച ഛിദ്രശക്തികളെ അനാവരണം ചെയ്തതിലൂടെ മലയാളി സമൂഹത്തിന്റെ അഭിമാനമായി കേരള പോലീസ് വീണ്ടും മാറി. ഇക്കഴിഞ്ഞ ശനിയാഴ്ച
മിക്ക ദൃശ്യ മാധ്യമങ്ങളിലും വൈകിട്ടത്തെ ചർച്ച ഈ വിഷയമായിരുന്നു. മാതൃഭൂമിയിലെ അവതാരകയോട് ആങ്കറിംഗ് പഠിച്ചു വരാൻ പാനലിസ്റ്റ് ഉപദേശിച്ചതൊക്കെ ചർച്ചയുടെ നിലവാര തകർച്ചയ്ക്ക് കാരണമായി. മാതൃഭൂമിയിൽ തൊട്ടടുത്ത ദിവസം രാവിലെയുള്ള ബുള്ളറ്റിനിൽ ഹൈദരാബാദിലെ സി.പി.എം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്ന് ആർക്കൊക്കെ പ്രാതിനിധ്യമെന്ന് ഡെസ്‌കിൽനിന്ന് അന്വേഷണം. ലൈവ് റിപ്പോർട്ടിൽ ആദ്യം ഞങ്ങൾ എന്ന ആവേശ സിദ്ധാന്തത്തിൽ ലേഖകൻ ലഭിച്ചതെല്ലാം കൈമാറി. ന്യൂസ് റീഡർ തുടരുകയാണ്- അതേയതെ, കേരളത്തിന്റെ സ്പീക്കർ രാധാകൃഷ്ണനാണ് കേന്ദ്ര കമ്മിറ്റിയിൽ വരുന്നത്. അദ്ദേഹം സ്പീക്കറായത് മുമ്പല്ലേ എന്ന് കേട്ടിരുന്നവർക്ക് സംശയം. സാരമില്ല, ഏഷ്യാനെറ്റിലെ ആക്ഷേപ ഹാസ്യ പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് ജി. സുധാകരനാണ്. അദ്ദേഹം സംസ്ഥാന മന്ത്രിയുടെ ജോലിക്കൊപ്പം വേണം ഇതും കൂടി നടത്താൻ.
*** *** ***
മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ടോയെന്നത് കുറച്ചു കാലമായി ചർച്ച ചെയ്യുന്ന വിഷയമാണ്. ടേക്ക് ഓഫ് നായിക പാർവതി മുതൽ പത്മപ്രിയ വരെ പലരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ രമ്യാ നമ്പീശനും തുറന്നു പറയുന്നു. സിനിമയിൽ റോൾ അനുവദിച്ചതിന്റെ ബലത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതാണ് കാസ്റ്റിങ് കൗച്ച്.
കാസ്റ്റിങ് കൗച്ച് സിനിമയിൽ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാൽ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല' -നടി തുറന്നു പറഞ്ഞു. ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്ത് തന്നെയായാലും എനിക്ക് നോ പറയാൻ കഴിയും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകൾ പുറത്ത് വരണം. എല്ലാ തൊഴിൽ മേഖലകളിലും ഇതു പോലെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ സ്ത്രീകൾ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും രമ്യ വ്യക്തമാക്കി. ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയും ഇതേ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്നും എന്നുവെച്ച് ഫീൽഡ് ക്ലീനാണെന്ന് തോന്നുന്നില്ലെന്നുമാണ് സുരഭിയുടെ വിലയിരുത്തൽ.
കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ വ്യവസായത്തിൽ മാത്രമല്ല, പാർലമെന്റ് അടക്കം എല്ലായിടത്തും നടക്കുന്നുണ്ടെന്നും കോൺഗ്രസ് എം.പി രേണുക ചൗധരി പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെൺകുട്ടികൾക്ക് ഉപജീവനത്തിനുള്ള മാർഗം നൽകുന്ന ഒരു സംഗതിയാണെന്ന നൃത്ത സംവിധായിക സരോജ് ഖാന്റെ പ്രസ്താവനയിൽ പ്രതികരണവുമായാണ് ഇത് പറഞ്ഞത്. ഇത് സിനിമാ വ്യവസായത്തിൽ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നതും കയ്പുള്ളതുമായ ഒരു യാഥാർത്ഥ്യവുമാണ്. മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയർത്തെഴുന്നേൽക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി.
തെലുങ്ക് സിനിമയിൽ കത്തിപ്പടർന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ തിരക്കിയപ്പോഴാണ് സരോജ് ഖാൻ പ്രതികരിച്ചത്. തെലുങ്ക് നടി ശ്രീ റെഡ്ഡി തുടങ്ങി വച്ച വിവാദം ഇന്ത്യൻ സിനിമയാകെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാ താരങ്ങളും പൊതുജനങ്ങളും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന പ്രസ്താവനയാണ് മുതിർന്ന നൃത്ത സംവിധായികയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. കാസ്റ്റിങ് കൗച്ചിലൂടെ ആരും ലൈംഗിക ചൂഷണം നടത്തുന്നില്ലെന്നും പെൺകുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമാണ് മുൻ കൊറിയോഗ്രാഫർ സരോജ് ഖാൻ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ ബോളിവുഡിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയായാണ് 69കാരി ഇക്കാര്യം പറഞ്ഞത്. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവർക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാർഗം നൽകുന്നു. പെൺകുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല-കാര്യങ്ങൾ വിശദീകരിച്ചു. സംഗതി പുലിവാലായപ്പോൾ സരോജ് ഖാൻ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും സരോജ് ഖാൻ പറഞ്ഞു. മാധുരി ദീക്ഷിത്, ശ്രീദേവി, കരീന കപൂർ, കരീഷ്മ കപൂർ തുടങ്ങിയവരുടെ ചിത്രങ്ങളിലെ സ്ഥിരം നൃത്തസംവിധായികയാണ് സരോജ് ഖാൻ. ഏതായാലും മലയാളികൾക്ക് സന്തോഷ വാർത്തയുണ്ട്. പ്രിയപ്പെട്ട ഫാൻസിനെ കാണാൻ സണ്ണി ലിയോൺ വീണ്ടുമെത്തുന്നു. കൊച്ചിയിൽ കഴിഞ്ഞ ഓഗസ്റ്റിലെത്തി മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച താരം ഇക്കുറിയെത്തുന്നത് അനന്തപുരിയിലാണ്.
*** *** ***
വെറും 600 പൗണ്ടുമായി സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തി ഒന്നര പതിറ്റാണ്ട് കൊണ്ടു കോടികളുടെ ടേൺ ഓവറുള്ള ബിസിനസുകാരനായി മാറിയ രൂപേഷ് തോമസിന്റെ വിജയകഥ ബ്രിട്ടനിലെ ചാനലുകളും പത്രങ്ങളും ആഘോഷിച്ചു. കഠിനാധ്വാനത്തിലൂടെ കോടീശ്വരനായ ഈ 39 കാരന്റെ കഥ സ്ലംഡോഗ് മില്യണയറെ വെല്ലുന്നതാണെന്നു വാർത്തയിൽ പറയുന്നു.
2015ൽ ഒന്നരലക്ഷം പൗണ്ട് മുടക്കി രൂപേഷ് തുടങ്ങിയ ചായ് ടീ സംരംഭം ടുക് ടുക് ചായ്ക്ക് ഇന്ന് രണ്ട് മില്യൺ പൗണ്ടിന്റെ ടേൺഓവറാണുള്ളത്. യുകെയിലെത്തി വെറും 15 വർഷങ്ങൾ കൊണ്ടാണ് അദ്ദേഹം മില്യണയറായിത്തീർന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിൾഡണിൽ ഒരു മില്യൺ പൗണ്ടിന്റെ പ്രോപ്പർട്ടി രൂപേഷ് സ്വന്തമാക്കി. കൂടാതെ സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിൽ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന മറ്റൊരു വീടും ഈ മലയാളി വാങ്ങിയിട്ടുണ്ട്. 23ാം വയസിൽ 2002ൽ സ്ട്രാറ്റ്‌ഫോർഡിലെത്തിയ രൂപേഷിന്റെ കൈയിലുണ്ടായിരുന്ന പ്രിയപ്പെട്ട ബൈക്ക് വിറ്റ വകയിലുള്ള വെറും 600 പൗണ്ടായിരുന്നു. പിന്നീടങ്ങോട്ടു സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. രൂപേഷ് സ്റ്റുഡന്റ് വിസയിൽ ആണ് ലണ്ടനിലെത്തിയത്. മാക് ഡൊണാൾഡ്‌സിലും നഴ്‌സിംഗ് ഹോമിലും ജോലി ചെയ്താണ് തുടക്കത്തിൽ പിടിച്ചുനിന്നത്. പിന്നീട് ഒരു കമ്പനിയുടെ സെയിൽസ്മാനായി പ്രവർത്തിക്കുന്ന കാലത്ത് കണ്ട് പരിചയപ്പെട്ട ഫ്രഞ്ചുകാരി അലക്‌സാണ്ട്രയുമായി പ്രണയത്തിലാവുകയും 2007ൽ അവരെ വിവാഹം കഴിക്കുകയും ചെയ്തു. അലക്‌സാണ്ട്രയ്ക്ക് ഇന്ത്യൻ ചായയിലുണ്ടായ കടുത്ത പ്രണയമാണ് രൂപേഷിനെ ചായ് ടീ ബിസിനസുകാരനാക്കിത്തീർത്തത്. സ്ട്രാറ്റ്‌ഫോർഡിലെത്തിയ രൂപേഷ് മാക് ഡൊണാൾഡിൽ ജോലിക്ക് കയറുമ്പോൾ മണിക്കൂറിന് നാല് പൗണ്ട് മാത്രമായിരുന്നു പ്രതിഫലം. പിന്നീട് ഡോർ ടു ഡോർ സെയിൽസ്മാനായും ജോലിചെയ്തു. ഒടുവിൽ സ്വന്തമായി സംരംഭവും.
കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഒന്നും അസംഭവ്യമല്ലെന്നു തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
*** *** ***
ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറിൽ ഇരു രാജ്യങ്ങളിലേയും നേതാക്കൾ ഒപ്പു വെച്ചു. സമ്പൂർണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികൾ പൂർത്തിയാകും. ചരിത്രപരമായ കൊറിയൻ ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. ബി.ബി.സി മുതൽ ആഗോള മാധ്യമങ്ങളിലെല്ലാം ഈ വാർത്ത വെള്ളിയാഴ്ച ടെലികാസ്റ്റ് ചെയ്തു. ഇത് പോലെ ലോകത്തിന്റെ വിവിധ കോണുകളിലും ശാശ്വത സമാധാനമുണ്ടായെങ്കിൽ.. ഇരു കൊറിയകൾക്കുമിടയിലെ പാൻമുൻജോം ഗ്രാമത്തിലാണ് ചരിത്രപരമായ ഉച്ചകോടി നടന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര ദക്ഷിണ കൊറിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്.
1953ലെ കൊറിയൻ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയൻ നേതാവ് ഇരു കൊറിയകൾക്കുമിടയിലെ സൈനിക അതിർത്തി കടക്കുന്നത്.
കൊറിയൻ ജനതയുടെ ഭാവി മുന്നിൽകണ്ട് സംഘർഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉൻ പറഞ്ഞിരുന്നു. ഇത്രയും നല്ല വാർത്ത പുറത്ത് വന്ന ദിവസം ലണ്ടനിൽ നിന്നുള്ള മറ്റൊരു വാർത്ത തീരെ ആഹ്ലാദിപ്പിക്കുന്നതല്ല. അൽ ജസീറ ഇംഗ്ലീഷ് ചാനലിലെ ജീവനക്കാർ മെയ് മാസം മുതൽ സമരമാരംഭിക്കുകയാണ്. വേതന വർധനവ് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അൽ ജസീറയിൽ ശമ്പള വർധനവ് ലഭിച്ചിട്ട് നാല് വർഷമായെന്നാണ് മാധ്യമ പ്രവർത്തകരുടെ പരാതി.