എക്‌സിറ്റ് റീ എൻട്രിയിൽ പോയി മടങ്ങാത്തവർക്ക് ഉംറ വിസ കിട്ടുമോ?

ചോദ്യം: രണ്ടര വർഷം മുമ്പ് എക്‌സിറ്റ് റീ-എൻട്രി വിസയിൽ  ഞാൻ നാട്ടിലേക്കു പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞ സാഹചര്യത്തിൽ എക്‌സിറ്റ് റീ എൻട്രിയിൽ പോയി തിരിച്ചു വരാതിരുന്നവർക്കുള്ള നിയമം ബാധകമാവുമോ? എനിക്ക് ഇപ്പോൾ ഉംറ വിസയിൽ സൗദിയിൽ എത്താൻ കഴിയുമോ?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. നിയമലംഘനം എന്ന നിലയിലാണ് മൂന്നു വർഷത്തെ വിലക്ക്. ഇക്കാലയളവിൽ നിങ്ങൾ ബ്ലാക് ലിസ്റ്റിൽ ആയിരിക്കും. അതിനാൽ മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല. അതല്ലെങ്കിൽ എക്‌സിറ്റ് വിസയിൽ പോകുമ്പോഴത്തെ സ്‌പോൺസർ തന്നെ പുതിയ വിസ അനുവദിക്കണം. അങ്ങനെയെങ്കിൽ പുതിയ വിസയിൽ വരാൻ കഴിയും. അതിനു സമയപരിധി ബാധകമല്ല. അല്ലാത്തിടത്തോളം മൂന്നു വർഷം കഴിയാതെ ഉംറ വിസയിലായാലും സൗദിയിൽ പ്രവേശിക്കാനാവില്ല. 

മറ്റൊരാൾക്കു വേണ്ടി ഇഖാമ പുതുക്കൽ ഫീസ് അടയ്ക്കാമോ?

ചോദ്യം:  മറ്റൊരാളുടെ പേരിലുള്ള ഇഖാമയുടെ പുതുക്കൽ ഫീസ്, ലെവി, ഇൻഷുറൻസ് ഫീസ് എന്നിവ എന്റെ അക്കൗണ്ടിൽനിന്നും ജവാസാത്തിലേക്ക് അടയ്ക്കാൻ കഴിയുമോ?  ദയവായി ഇതിനൊരു പരിഹാരം ഉപദേശിക്കുക.

ഉത്തരം: ലെവി ഫീസ് സ്വന്തമായോ, അതല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടിയോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴിയോ മറ്റാരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് വഴിയോ അടയ്ക്കാം. മെഡിക്കൽ ഇൻഷുറൻസ് ഫീസ് ഇഖാമ പുതുക്കൽ ഫീസ്  അടയ്ക്കൽ സ്‌പോൺസറുടെ ഉത്തരവാദിത്തമാണ്. ഇഖാമ പുതുക്കൽ, മെഡിക്കൽ ഇൻഷുറൻസ് ഫീസ് സ്‌പോൺസർ അദ്ദേഹത്തിന്റെ  അക്കൗണ്ട് വഴിയാണ് അടയ്‌ക്കേണ്ടത്.  
ഫീസ് അടയ്ക്കുന്നതിന് സ്‌പോൺസർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, ഇത്തരം സേവനങ്ങൾ നൽകുന്ന  നിരവധി ഓഫീസുകളുണ്ട്. അവ മുഖേന ഫീസ് അടയ്ക്കാൻ നിങ്ങൾക്ക് സഹായം ലഭിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആര് ഫീസ് അടച്ചാലും അത് നിങ്ങളുടെ ഇഖാമ നമ്പറിന്റെ പേരിലായിരിക്കണം എന്നു മാത്രം. 

മണിക്കൂറുകൾക്കു മുൻപ് വിസയുടെ കാലാവധി കഴിഞ്ഞാൽ

ചോദ്യം: മറുനാട്ടിൽ നിന്നും രാജ്യത്തെ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് വിസയുടെ കാലാവധി അവസാനിച്ചാൽ ഇമഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമോ?

ഉത്തരം: രാജ്യത്ത് പ്രവേശിക്കുന്നതിന് വിസയുടെ സാധുത അനിവാര്യമാണ്. ഇമിഗ്രേഷൻ നിയമം അനുസരിച്ച് രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കും നേരം വിസക്ക് വാലിഡിറ്റി ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യത്ത് പ്രവേശിക്കാനാവില്ല.

Latest News