ബാഴ്‌സയെ ഞെട്ടിച്ച് ഇന്റര്‍, പൊട്ടിത്തെറിച്ച് ഷാവി

മഡ്രീഡ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തേക്ക്. ബയേണ്‍ മ്യൂണിക്കിനു പിന്നാലെ ഇന്റര്‍ മിലാനോടും ബാഴ്‌സലോണ തോറ്റു. ഹോം മത്സരത്തില്‍ ഇന്റര്‍ 1-0 ന് ബാഴ്‌സലോണയെ തോല്‍പിച്ചു. മൂന്നു റൗണ്ട് കഴിഞ്ഞപ്പോള്‍ ബാഴ്‌സലോണക്ക് മൂന്നു പോയന്റേയുള്ളൂ. ബയേണ്‍ മൂന്നു കളികളും ജയിച്ചു. രണ്ട് ജയവുമായി ഇന്റര്‍ രണ്ടാം സ്ഥാനത്തുണ്ട്. ബയേണ്‍ 56-0 ന് വിക്ടോറിയ പള്‍സനെ തകര്‍ത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണിന്റെ മുപ്പത്തൊന്നാമത്തെ അപരാജിത മത്സരമാണ് ഇത്. 
ബാഴ്‌സലോണയുടെ ഹൈപവര്‍ ആക്രമണം ഇന്ററിനു മുന്നില്‍ താളം തെറ്റി. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയെ കത്രികപ്പൂട്ടിട്ടു നിര്‍ത്തുന്നതില്‍ ഇന്റര്‍ പ്രതിരോധം വിജയിച്ചു. കഴിഞ്ഞ ഒമ്പത് കളികളില്‍ 24 ഗോളടിച്ച ബാഴ്‌സലോണ ആക്രമണനിര അതോടെ നിര്‍വീര്യമായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹസന്‍ കലനോഗലുവാണ് ഇന്ററിന്റെ ഗോളടിച്ചത്. ഇറ്റാലിയന്‍ ലീഗില്‍ തപ്പിത്തടയുകയാണ് ഇന്റര്‍. 
ബാഴ്‌സലോണയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ റഫറി നിഷേധിച്ചു. ഒരു ഗോള്‍ ഹാന്റ്‌ബോളിന്റെ പേരിലാണ് തടഞ്ഞതെങ്കില്‍ ഇഞ്ചുറി ടൈമില്‍ മറ്റൊരു ഹാന്റ്‌ബോളിന്റെ പേരില്‍ ലഭിക്കേണ്ട പെനാല്‍ട്ടിയും ബാഴ്‌സലോണക്ക് ലഭിച്ചില്ല. റഫറിമാര്‍ക്കെതിരെ ബാഴ്‌സലോണ കോച്ച് ഷാവി ഹെര്‍ണാണ്ടസ് പൊട്ടിത്തെറിച്ചു. തീരുമാനങ്ങളുടെ കാരണം പരസ്യമായി റഫറിമാര്‍ വിശദീകരിക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടു. അടുത്ത മത്സരം ഈ ടീമുകള്‍ തമ്മില്‍ ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പിലാണ്. 
 

 

Latest News