ബാഴ്‌സലോണ- ക്ലേ കോർട്ടിലെ നാനൂറാം ജയത്തോടെ റഫായേൽ നദാൽ ബാഴ്‌സലോണ ഓപൺ ടെന്നിസിന്റെ ഫൈനലിലെത്തി. ഗ്രീക്ക് കൗമാര താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസുമായാണ് നദാൽ ഫൈനൽ കളിക്കുക.
നദാൽ 6-4, 6-2 ന് നാലാം സീഡ് ഡേവിഡ് ഗോഫിനെ തകർത്തു. അഞ്ചാം സീഡ് പാബ്‌ലൊ കരേനൊ ബുസ്റ്റയെ 7-5, 6-3 ന് അട്ടിമറിച്ചാണ് സിറ്റ്‌സിപാസ് ഫൈനലിലെത്തിയത്.
ബാഴ്‌സലോണയിൽ 10 തവണ കിരീടം നേടിയിട്ടുണ്ട് നദാൽ. ക്ലേ കോർട്ടിൽ 400 മത്സരങ്ങൾ ജയിക്കുന്ന നാലാമത്തെ കളിക്കാരനാണ് നദാൽ. അർജന്റീനയുടെ ഗ്വിയർമൊ വിലാസ് 659 കളികൾ ജയിച്ചിട്ടുണ്ട്. അർജന്റീനയുടെ മാന്വേൽ ഒരാന്റസ് 502 കളികളും ഓസ്ട്രിയയുടെ തോമസ് മുസ്റ്റർ 422 മത്സരങ്ങളും ജയിച്ചു. ക്ലേ കോർട്ടിൽ 35 തവണയേ നദാൽ തോറ്റിട്ടുള്ളൂ.
സ്റ്റുട്ഗാട് ഓപണിൽ ലോക ഒന്നാം നമ്പർ സിമോണ ഹാലെപ്പിനെ കൊക്കൊ വാൻഡെവെഗെ 6-4, 6-1 ന് അട്ടിമറിച്ചു. മരിയ ഷരപോവ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. രണ്ടാം സീഡ് ഗർബീൻ മുഗുരുസ, കാണികളുടെ പ്രിയങ്കരി ജർമനിയുടെ എയ്ഞ്ചലിക് കെർബർ എന്നിവർ പരിക്കേറ്റ് പിന്മാറുകയും ചെയ്തു. മൂന്നാം സീഡ് എലീന സ്വിറ്റോലിനയുമായാണ് വാൻഡെവെഗെ സെമി കളിക്കുക.