Sorry, you need to enable JavaScript to visit this website.

ആകാശിന്റെ സ്വപ്‌നങ്ങൾ, ആകാശത്തോളം

ആകാശും കോഴിക്കോട്ടുകാരൻ ഗോകുൽദാസും ചേർന്ന ബാഡ്മിന്റൻ ഡബിൾസ് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നാട്ടിലെത്തിയിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളു.
നവംബർ ഒന്നാം തീയതി മുതൽ ജപ്പാനിൽവച്ച് നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ക്ഷണവും ആകാശിനെ തേടിയെത്തിക്കഴിഞ്ഞു. ലോക ബാഡ്മിന്റൺ ഫെഡറേഷനാണ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പാരാ ബാഡ്മിന്റണിലെ ലോകകപ്പ് എന്നാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ലോകത്തിൽ തന്നെ മികച്ച പതിനാറ് ടീമുകളാണ് ജപ്പാനിൽ മാറ്റുരയ്ക്കാനെത്തുന്നത്.
ഇന്ത്യയിൽനിന്നും മൂന്നു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അതിൽ ഒരു ടീം ഞങ്ങളുടേതാണ്. കേരളത്തിൽനിന്നും ഇതുവരെയായി ഈ മത്സരത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ടീമാണ് ഞങ്ങളുടേത്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മത്സരത്തിലേയ്ക്ക് യോഗ്യത നേടാൻ കഴിഞ്ഞത് ദൈവഭാഗ്യമെന്നല്ലാതെ എന്തു പറയാൻ. ഇന്റർനാഷണൽ പാരാ ബാഡ്മിന്റണിൽ ലഭിച്ച വിജയമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. റാങ്കിങ്ങിൽ ഏറെ ഉന്നതിയിലെത്താൻ ഈ വിജയം സഹായിച്ചു. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഈ നേട്ടത്തിൽ ആഹ്ലാദിക്കുന്നതോടൊപ്പംതന്നെ പരിശീലനത്തിനുള്ള ഒരുക്കവും നടന്നുവരികയാണ്- ആകാശ് പറഞ്ഞുതുടങ്ങുന്നു.
2022 തന്റെ ജീവിതത്തിലെ ഭാഗ്യവർഷമായി മാറിയിരിക്കുന്നു. കോവിഡെന്ന മഹാമാരി വിട്ടൊഴിയുന്നതോടെ മത്സരരംഗത്ത് സജീവമായി നിലനിൽക്കാൻ കഴിയുന്ന സന്തോഷം ഒരുവശത്ത്. മറുവശത്ത് ജീവിതത്തിലെ നല്ലപാതിയായി ഒരു അന്യനാട്ടുകാരി എത്തിയതിന്റെ സന്തോഷവും. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്തോനേഷ്യക്കാരിയായ ദേവി സിതി സെന്ദെരിയ ജീവിതത്തിലേയ്ക്കു കടന്നുവന്ന വർഷം കൂടിയാണിത്. 2017 ൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്കും ഒടുവിൽ വിവാഹത്തിലേയ്ക്കും വഴിമാറുകയായിരുന്നു. മറ്റൊരു രാജ്യത്തെ സുഹൃത്തിന്റെ സുഹൃത്തുമായി പ്രണയത്തിലാവുക. നേരിട്ട് കാണാതെ അഞ്ചു വർഷം പ്രണയിക്കുക. ഒടുവിൽ ജീവിതസഖിയാക്കുക. പ്രണയത്തിന് അതിർത്തികളോ പരിമിതികളോ ഇല്ലെന്ന് ഓർമ്മിപ്പിച്ചാണ് ഈ മൂന്നടി പൊക്കക്കാരന്റെ ഭാര്യയായി ഇന്തോനേഷ്യക്കാരിയെത്തിയത്. അക്കഥ ആകാശ് തന്നെ പറയട്ടെ.
2017 ലാണ് സംഭവം. തന്റെ ഫേസ് ബുക്ക് പേജിൽ ഒരു ഫ്രന്റ് റിക്വസ്റ്റ് കണ്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഇന്തോനേഷ്യയിൽനിന്നുള്ള ദേവി സെന്ദെരിയയാണ് കക്ഷിയെന്നു മനസ്സിലായത്. ഉയരം കുറഞ്ഞവരുടെ വേൾഡ് ഗെയിംസിൽ പങ്കെടുക്കാനായി ഇന്തോനേഷ്യയിൽ പോയപ്പോൾ പരിചയപ്പെട്ട മെർലിൻ എന്ന കായികതാരത്തിന്റെ സുഹൃത്തുകൂടിയാണ് ദേവി എന്നറിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗതി മനസ്സിലായത്. എന്റെ ചില പോസ്റ്റുകൾ മെർലിൻ ഷെയർ ചെയ്യാറുണ്ടായിരുന്നു. അതുകണ്ടാണ് ദേവി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. മെർലിനോട് ചോദിച്ചപ്പോൾ സഹപാഠിയാണെന്നും സുഹൃത്താക്കിക്കോളൂ എന്നും പറഞ്ഞപ്പോൾ സൗഹൃദം തുടരുകയും പരസ്പരം സന്ദേശങ്ങൾ കൈമാറുകയും ചെയ്തുതുടങ്ങി. സൗഹൃദം പ്രണയത്തിലെത്താൻ ഏറെ കാലതാമസമുണ്ടായില്ല. ഇതിനിടയിൽ 2020 ൽ ഇന്തോനേഷ്യയിൽ പോയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് പരസ്പരം കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. വൈകാതെ ദേവിയുടെ മാതാപിതാക്കളുമായി വിവാഹകാര്യം സംസാരിച്ചു. കോവിഡ് പ്രശ്‌നങ്ങൾ അവസാനിച്ചാൽ വിവാഹം നടത്താമെന്ന ധാരണയിലെത്തി. ഒടുവിൽ രണ്ടുമാസം മുൻപ് ദേവി കേരളത്തിന്റെ മരുമകളുമായി. പെരിന്തൽമണ്ണക്കടുത്ത മേലാറ്റൂരിലെ എടത്തലമഠത്തിൽ മാധവന്റെയും ഗീതയുടെയും മകന് ജക്കാർത്തയിലെ സുരബയ്യക്കടുത്ത സുഹർടോയോയുടെയും സിതി നരഹിന്റെയും മൂന്നാമത്തെ മകൾ ജീവിതസഖിയായി.
പ്രണയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛന് പ്രശ്‌നമില്ലായിരുന്നെങ്കിലും അമ്മയ്ക്ക് ആശങ്കകളേറെയായിരുന്നുവെന്ന് ആകാശ് പറയുന്നു. ഭാഷയറിയില്ല എന്നതായിരുന്നു പ്രധാന ന്യൂനതയായി കണ്ടത്. കൂടാതെ അവരുടെ ജീവിതരീതി, സംസ്‌കാരം, ഭക്ഷണം ഇവയെല്ലാം വ്യത്യസ്തമാകുമ്പോൾ എങ്ങനെ പൊരുത്തപ്പെട്ടുപോകുമെന്നായിരുന്നു അമ്മയുടെ ചോദ്യം. ഒടുവിൽ ഒരു ദിവസം അവൾ പാടിയ ഗായത്രിമന്ത്രം അമ്മയെ കേൾപ്പിച്ചു. അതോടെ അമ്മ സമ്മതിച്ചു. ദേവിയുടെ വീട്ടിലും പ്രശ്‌നങ്ങളേറെയുണ്ടായിരുന്നു. എങ്കിലും മകൾ നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ കൊതിച്ച ആ മാതാപിതാക്കളും അവളുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു.
വിവാഹത്തിന് ഒരാഴ്ച മുൻപാണ് ആകാശും ബന്ധുക്കളും ദേവിയെ കാണാൻ ഇന്തോനേഷ്യയിലെത്തുന്നത്. ദേവിയുടെ ബന്ധുക്കളെയെല്ലാം കാണാനായിരുന്നു ഈ യാത്ര. ദേവിയുടെ ബന്ധുക്കളും വിവാഹത്തോടനുബന്ധിച്ച് പത്തു ദിവസത്തോളം ആകാശിന്റെ മേലാറ്റൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നു. ദേവിക്കും ഈ നാടിനെ ബോധിച്ച മട്ടാണ്. മനോഹരമായ സ്ഥലങ്ങൾ, ചുറ്റും പച്ചപ്പ്, എവിടെ നോക്കിയാലും വ്യത്യസ്തമായ കാഴ്ചകൾ... ഇവിടെ വന്നതിനുശേഷം ഒരിക്കലും ഗൃഹാതുരത തോന്നിയിട്ടില്ല... ദേവിയും മനസ്സു തുറക്കുന്നു.
വിവാഹം കഴിഞ്ഞ് ഏറെ യാത്രകളൊന്നും ചെയ്തിട്ടില്ലെന്ന് ആകാശ് പറയുന്നു. കാരണം മറ്റൊന്നുമല്ല. ഇന്തോനേഷ്യയിൽ വളവും തിരിവുമൊന്നുമില്ലാത്ത റോഡുകളാണ്. എന്നാൽ ഇവിടെയാണെങ്കിലോ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകളും. യാത്ര തുടങ്ങിയാൽ ദേവിക്ക് ഛർദ്ദിയും ക്ഷീണവുമാണ്. അതുകൊണ്ട് ചെറിയ യാത്രകൾ ചെയ്ത് ശീലിക്കുകയാണിപ്പോൾ.
ഭാഷ ഇന്തോനേഷ്യയാണെങ്കിലും മലയാളം പഠിച്ചുവരികയാണ് ദേവി. തുടക്കത്തിൽ മലയാളഭാഷ കേൾക്കുമ്പോൾ ഒരു ബഹളമായാണ് ദേവിക്കു തോന്നിയത്. ക്രമേണ അവൾ വാക്കുകളോരോന്നായി പറഞ്ഞുതുടങ്ങി. അച്ഛനും അമ്മയും പറയുന്നത് കേട്ടിരിക്കും. ഓരോ വാക്കുകളുടെയും അർത്ഥം ചോദിച്ചു മനസ്സിലാക്കും. ചില വാക്കുകളുടെ സാമ്യമാണ് അവളെ കുഴക്കുന്നത്. സംസാരപ്രിയയായ ദേവി വീട്ടിൽ അതിഥികളായി എത്തുന്നവരോട് ഇംഗ്ലീഷിൽ സംസാരിക്കും. പിന്നീട് അവർ മലയാളം സംസാരിച്ചുതുടങ്ങുമ്പോൾ മാറിയിരിക്കും. എങ്കിലും ഒരു ദിവസം ഇവരെപ്പോലെ താനും മലയാളം സംസാരിക്കും എന്ന വാശിയിലാണ് ദേവി.
ഭക്ഷണകാര്യത്തിലും കേരളീയർ ഏറെ മുൻപന്തിയിലാണെന്ന് ദേവിയും സമ്മതിക്കുന്നുണ്ട്. മൂന്നു ഭാഗവും കടലാൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യ. അതുകൊണ്ടുതന്നെ കടൽവിഭവങ്ങളാണ് പ്രധാന ഭക്ഷണം. ഇവിടത്തെപ്പോലെ കറിയുണ്ടാക്കുന്ന ശീലമില്ല. മുളകരച്ചതും ഉള്ളിയരച്ചതുമെല്ലാം വ്യത്യസ്ത പാത്രങ്ങളിലുണ്ടാകും. ആവശ്യമെങ്കിൽ അവ ചേർത്ത് കഴിക്കാം. കേരളത്തിലെത്തിയപ്പോൾ ദേവിക്ക് നേരിടേണ്ടിവന്ന വെല്ലുവിളിയും ഇതുതന്നെയായിരുന്നു. എരിവും പുളിയും കുറച്ച് ഭക്ഷണം കഴിച്ചുതുടങ്ങിയ ദേവിയിപ്പോൾ ശരിക്കും കേരളീയ ഭക്ഷണത്തെയും ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ചോറാണ് ഇന്തോനേഷ്യക്കാരുടെ പ്രധാന ഭക്ഷണം. തോരൻ, അച്ചാർ, പപ്പടം തുടങ്ങിയ ആർഭാടങ്ങളൊന്നുമില്ല. തേങ്ങാപ്പാലിൽ ചോറുണ്ടാക്കി ഒരു മീൻ പൊരിച്ചതുമുണ്ടെങ്കിൽ അവരുടെ ഭക്ഷണം റെഡി. ആകാശിന്റെ വീട്ടിലാണെങ്കിൽ പച്ചക്കറിക്കാണ് മുൻതൂക്കം.
വിവാഹം കഴിഞ്ഞ് രണ്ടുമാസമേ ആയിട്ടുള്ളുവെങ്കിലും ദേവി വീടുമായി വളരെയിണങ്ങിയെന്ന് ആകാശിന്റെ അമ്മ ദേവിയും സമ്മതിക്കുന്നു. എല്ലാവരുമായും വളരെ വേഗം സൗഹൃദത്തിലാകുന്നുണ്ട്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള സിനിമകൾ കാണും. അച്ഛനും അമ്മയുമായി സംസാരിച്ചിരിക്കും. ആകാശിനെ സഹായിക്കാനും സമയം കണ്ടെത്തുന്നുണ്ട്. പെരിന്തൽമണ്ണയിലുള്ള ആകാശിന്റെ ആയുർവേദ ഉൽപന്നങ്ങളുടെ വിതരണക്കമ്പനിയുടെ ഓഫീസിലെത്തി കണക്കുകൾ പരിശോധിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ട്‌സ് സെക്ഷനിൽ ജോലി ചെയ്ത പരിചയവും ദേവിക്ക് തുണയാകുന്നുണ്ട്.
കുടുംബജീവിതവും ബിസിനസുമായി വീട്ടിൽ ഒതുങ്ങിക്കൂടാൻ ആകാശിന് സമയമില്ല. 2023 ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും 2024 ൽ പാരീസിൽ നടക്കുന്ന പാരാ ഒളിമ്പിക്‌സിലും ബാഡ്മിന്റണിൽ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. 2017 ൽ കാനഡയിൽ നടന്ന ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ വെങ്കലമെഡൽ സ്വന്തമാക്കിയ അനുഭവവും ആകാശിന് മുതൽകൂട്ടായുണ്ട്. അതേവർഷം നടന്ന ദേശീയ ബാഡ്മിന്റൺ ഡബിൾസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലും കരസ്ഥമാക്കിയിരുന്നു. 2013 ൽ അമേരിക്കയിലെ മിഷിഗണിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടിയ ചരിത്രവും ആകാശിനുണ്ട്.
ദേശീയവും അന്തർദേശീയവുമായ മത്സരങ്ങൾ വരാനിരിക്കുന്നുണ്ടെങ്കിലും ആകാശിനെയും കൂട്ടരെയും വലയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധിതന്നെയാണ്. ഉഗാണ്ടയിൽ നടന്ന മത്സരത്തിന് സഹായവുമായി എത്തിയത് ദുബായ് ആസ്ഥാനമായ വെൽത്ത് ഐ എന്ന കമ്പനിയാണ്. അവർ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പിനും സ്‌പോൺസറായി എത്തിയിട്ടുള്ളത്. ഒരാൾക്ക് രണ്ടു ലക്ഷത്തോളം രൂപ ചെലവു വരുന്ന ലോക ചാമ്പ്യൻഷിപ്പിനെല്ലാം സർക്കാരിനു കീഴിലുള്ള സ്‌പോർട്‌സ് അസോസിയേഷനാണ് മുൻകൈയെടുത്ത് അയക്കേണ്ടത്. എന്നാൽ 2024 ൽ നടക്കുന്ന പാരാ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന എട്ടോളംപേരെ അസോസിയേഷന്റെ ചെലവിലാണ് കൊണ്ടുപോകുന്നത്. ബാക്കിയുള്ളവർ പണം കണ്ടെത്തിവേണം മത്സരത്തിൽ പങ്കെടുക്കേണ്ടത് എന്ന നിലപാടിലാണവർ. അതുകൊണ്ടാണ് സ്വന്തമായി സ്‌പോൺസർമാരെ കണ്ടെത്തി അവരുടെ തണലിൽ മത്സരത്തിന് പോകേണ്ടിവരുന്നത്. ഭാവിയിൽ സർക്കാർ ജോലിക്കായി ശ്രമിക്കുമ്പോൾ അവർ പ്രഥമ പരിഗണന നൽകുന്നത് ഒളിമ്പിക്‌സ് മെഡലോ ലോക ചാമ്പ്യൻഷിപ്പിൽ ലഭിച്ച മെഡലോ ആണ്. ഡ്വാർഫ് വിഭാഗക്കാർക്ക് സംസ്ഥാന, ദേശീയ മത്സരങ്ങൾക്ക് ലഭിച്ച മെഡലുകൾ നിയമനങ്ങളിൽ പരിഗണിക്കുന്നില്ല.
കോയമ്പത്തൂരിലെ തമിഴ്‌നാട് കോളേജ് ഓഫ് എൻജിനീയറിംഗിൽനിന്നും ഓട്ടോമൊബൈൽ എൻജിനീയറിംഗ് ബിരുദം നേടിയ ആകാശിന്റെ ജീവിതത്തിൽ വഴിത്തിരിവായത് പഠനാനന്തരം ജോലിക്കു ചെന്നപ്പോഴുണ്ടായ അപമാനമാണ്. ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിൽ സർവീസ് സെന്റർ അഡൈ്വസറായി ജോലി ലഭിച്ചെങ്കിലും ഉയരക്കുറവ് വിനയായി. നിങ്ങൾ എങ്ങനെ ഒരു വാഹനത്തിന്റെ ബോണറ്റ് തുറക്കുമെന്ന ചോദ്യത്തിനു മുന്നിൽ തല കുനിക്കേണ്ടിവന്ന നിമിഷം ഇന്നും ആകാശിന്റെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ആകാശ് അന്നേ മനസ്സിൽ ഉറപ്പിച്ചു. ജയിച്ചുകയറണം എന്ന നിശ്ചയദാർഢ്യമാണ് പിന്നീട് ആകാശിനെ നയിച്ചത്.
ഇതിനിടയിൽ ഒരു ദിവസം ടെലിവിഷനിൽ കണ്ട ഒരു ഷോയാണ് ആകാശിന്റെ ജീവിതം മാറ്റിമറിച്ചത്. കുറേ കുറിയ മനുഷ്യർ പങ്കെടുത്ത ഒരു പരിപാടിക്കിടയിലാണ് ഡ്വാർഫ് ഒളിമ്പിക്‌സിനെക്കുറിച്ച് പരാമർശമുണ്ടായത്. പിന്നീട് ഊണിലും ഉറക്കത്തിലുമെല്ലാം അതുമാത്രമായി ചിന്ത. ആലുവയിലെ ജോബി മാത്യു എന്ന കുറിയ മനുഷ്യനെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് ആകാശ് പറയുന്നു.
കടുത്ത പരിശീലനത്തിലൂടെ ആകാശ് ലക്ഷ്യം കാണുകയായിരുന്നു. കേരള സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ കോഴിക്കോട്ടുള്ള കോച്ച് നാസറിനു കീഴിൽ പരിശീലനം ആരംഭിച്ചു. ആഴ്ചയിൽ മൂന്നു ദിവസം പരിശീലനം. ബാക്കിയുള്ള ദിവസങ്ങളിൽ ജോലി. എങ്കിലും എല്ലാ ദിവസവും വീടിനടുത്തുള്ള മൈതാനത്തിൽ സ്വന്തമായി പരിശീലിക്കും. പരിശീലനം കണ്ട് ആദ്യമെല്ലാം ആളുകൾ പരിഹസിക്കുമായിരുന്നു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാതിരുന്ന ആകാശ് പൊരുതിക്കൊണ്ടിരുന്നു. തന്റെ ലക്ഷ്യങ്ങൾക്കൊപ്പം ഓടിയെത്താൻ കഴിയണമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ആകാശിന്റെ സ്വപ്‌നങ്ങൾ ആകാശം മുട്ടെ ഉയർന്നുപറക്കുകയാണ്.

Latest News