Sorry, you need to enable JavaScript to visit this website.

ഇറ്റലിയിൽ ചെന്ന് ഫാസിസത്തെ നിരപ്പാക്കാം


പത്ത് യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. മതസ്പർധയുണ്ടാക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ നടപടി. ഇവ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം യൂട്യൂബിനു നിർദേശം നൽകി. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, സമുദായങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു. 2000ലെ ഐടി നിയമത്തിന്റെ സെക്്ഷൻ 69 എയുടെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഇവ നിരോധിച്ചത്. ചില വീഡിയോകൾ കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് നടപടി. 1.3 കോടിയോളം ആളുകൾ കണ്ട വീഡിയോകളാണ് ബ്ലോക്ക് ചെയ്തത്. ചില വീഡിയോകൾ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യക്കു പുറത്തു തെറ്റായ ബാഹ്യ അതിർത്തിയിൽ ചിത്രീകരിച്ചിരിക്കുന്നവയാണ്. ഇത്തരത്തിൽ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
*** *** ***
ഇന്ത്യയിൽ മൂന്നിൽ രണ്ട് പൈലറ്റുമാരും പൈലറ്റിന്റെ സീറ്റിൽ മയങ്ങിപ്പോയതായി സമ്മതിച്ചുവെന്ന റിപ്പോർട്ട് പുറത്ത്. അന്തർദേശീയ പൈലറ്റുമാർ ഉൾപ്പെട്ട സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ പങ്കെടുത്ത പൈലറ്റുമാരിൽ 66% പേരും വിമാനത്തിന്റെ നിയന്ത്രണത്തിലിരിക്കെ സഹ ക്രൂ അംഗത്തെ അറിയിക്കാതെ ഉറങ്ങിപ്പോയതായി സമ്മതിച്ചു. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് പൈലറ്റുമാർ ഡ്യൂട്ടിക്കിടയിൽ ഉറങ്ങുന്നത്. പൈലറ്റുമാരുടെ ക്ഷാമവും, കടുത്ത ഡ്യൂട്ടിയുമാണ് കാരണം. ഇന്ത്യയിൽ പൈലറ്റുമാരുടെ ദൗർലഭ്യം ഏറെ നാളായുണ്ട്. പ്രതിവർഷം 1,500 പുതിയ പൈലറ്റുമാരെ വേണമെങ്കിലും കേവലം 200 മുതൽ 300 വരെ പൈലറ്റുമാർ മാത്രമാണ് കൃത്യമായ പരിശീലനം സിദ്ധിച്ച് എത്തുന്നത്. ഇതിനാൽ തന്നെ പൈലറ്റുമാർ അമിതമായി ജോലി ചെയ്യേണ്ടി വരുന്നു. പൈലറ്റുമാരിൽ 54% പേരും പകൽസമയത്ത് ഉറക്കം വരാറുള്ളവരാണെന്നും പഠനം പറയുന്നു. 1959 നും 2016 നും ഇടയിൽ ലോകമെമ്പാടുമുള്ള വാണിജ്യ വിമാന അപകടങ്ങൾ വ്യക്തമാക്കുന്നത് 48% വലിയ അപകടങ്ങളും സംഭവിക്കുന്നത് പറക്കലിന്റെ അവസാന ഘട്ടത്തിലും ലാൻഡിംഗിലുമാണ്.
*** *** ***
പട്‌നയിൽ വിദ്യാർത്ഥിനികൾക്കായുള്ള വർക്‌ഷോപ്പിനിടയിൽ വിവാദ മറുപടി നൽകിയ ഐ എ എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ബിഹാർ സർക്കാർ. ചൊവ്വാഴ്ച നടന്ന പരിപാടിയ്ക്കിടയിൽ സാനിറ്ററി നാപ്കിന്നുകളുടെ ലഭ്യതയെ കുറിച്ചുള്ള ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് ഹർജോത് കൗർ ഐ എ എസ് സർക്കാർ കോണ്ടവും സൗജന്യമായി ഏർപ്പെടുത്തി നൽകണമോ എന്ന മറുപടിയാണ് നൽകിയത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹർജോത് കൗറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ദേശീയ വനിത കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും, ഉദ്യോഗസ്ഥയോട് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ബിഹാർ വനിത ശിശുക്ഷേമ വകുപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ഹർജോത് കൗർ. വനിത ശിശുക്ഷേമ വകുപ്പും യൂനിസെഫും സംയുക്തമായി നടത്തിയ വർക്ഷോപ്പിൽ നടന്ന സമ്പർക്ക പരിപാടിയ്ക്കിടയിൽ വളരെ പരുഷമായ രീതിയിലാണ് ഹർജോത് കൗർ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. 'സർക്കാർ സ്‌കൂളുകളിൽ യൂണിഫോം വിതരണം ചെയ്യുന്നത് പോലെ 20-30 രൂപ നിരക്കിൽ എന്ത് കൊണ്ട് സാനിറ്ററി നാപ്കിന്നുകൾ വിതരണം ചെയ്ത് കൂടാ' എന്ന ചോദ്യത്തിന്, 'നാളെ നിങ്ങൾ ഗവൺമെന്റ് ജീൻസ് നൽകാൻ ആവശ്യപ്പെടും, പിന്നീട് മനോഹരമായ ഷൂസുകൾ, ഒടുവിൽ കുടുംബാസൂത്രണത്തിനായി കോണ്ടവും തരേണ്ടി വരുമോ' എന്ന മറുപടിയാണ് നൽകിയത്. സംഭവം വിവാദമായതോടെ പെൺകുട്ടികൾ സ്വയംപര്യാപ്തത കൈവരിക്കാനാണ് അത്തരത്തിലൊരു മറുപടി നൽകിയത് എന്നായിരുന്നു ഹർജോത് കൗർ നൽകിയ വിശദീകരണം. ഹർജോത് കൗർ ഐ എ എസ് ക്ഷമാപണവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അന്വേഷണ വിധേയമായി കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചത്.
*** *** ***
ബിഗ്‌ബോസ് ഹിന്ദി പതിപ്പിൽ സീസൺ 16ൽ അവതാരകനായി എത്തുന്നതിന് 1000 കോടി രൂപ പ്രതിഫലം വാങ്ങുന്നതായുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. പ്രതിഫലം സംബന്ധിച്ച വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് താരം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അത്രയും തുക പ്രതിഫലം ലഭിക്കുകയാണെങ്കിൽ പിന്നെ ജീവിതത്തിലൊരിക്കലും ഞാൻ ജോലി ചെയ്യില്ല. എന്നാൽ എനിക്ക് അത്രയും തുക പ്രതിഫലം ലഭിക്കുന്ന ഒരു ദിവസം ഉണ്ടാവും. ഇത്രയും തുക ലഭിക്കുകയാണെങ്കിലും അഭിഭാഷകരെ പോലെ എനിക്ക് അത്രയും ചെലവുകളും ഉണ്ട്. എന്റെ അഭിഭാഷകർ സൽമാനെക്കാളും ഒട്ടും ചെറുതല്ല. അവരുടെ നാലിലൊന്ന് വരുമാനം പോലും എനിക്കില്ല. എന്റെ പ്രതിഫലം സംബന്ധിച്ച വാർത്തകൾ ഇൻകം ടാക്‌സും ഇഡിയും വായിച്ചുകഴിഞ്ഞു-സൽമാൻ പറഞ്ഞു. എല്ലാ വർഷവും ബിഗ്‌ബോസ് അവതാരകനായി എത്താൻ തനിക്ക് താത്പര്യമില്ലെന്നും സൽമാൻ വെളിപ്പെടുത്തി. 'ചില സമയങ്ങളിൽ പരിപാടി സംബന്ധിച്ച് അസ്വസ്ഥനാവുമ്പോൾ അവതാരകനാകാൻ താത്പര്യമില്ലെന്ന് ഞാൻ ഷോയുടെ നിർമാതാക്കളോട് പറയാറുണ്ട്. എന്നാൽ അവർക്ക് മറ്റൊരു ചോയ്‌സ് ഇല്ല. അതിനാൽ അവർ എന്നിലേയ്ക്ക് തന്നെ തിരിച്ചുവരുന്നു. അവർക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ അവർ കാലങ്ങൾക്ക് മുൻപേ തന്നെ ഒഴിവാക്കുമായിരുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ നിയമിച്ച നിരവധി ആളുകളുണ്ട്' -സൽമാൻ വ്യക്തമാക്കി. മത്സരാർത്ഥികളോട് ദേഷ്യപ്പെടുന്നതിനെക്കുറിച്ചും താരം മനസുതുറന്നു. മത്സരാർത്ഥികൾ അതിരുവിടുന്ന സമയങ്ങളിൽ എനിക്കും പരിധിവിട്ട് പെരുമാറേണ്ടി വരാറുണ്ട്. എന്നാൽ ഞാൻ എന്തുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് പ്രേക്ഷകർക്ക് മനസിലാവില്ല. കാരണം അവർ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ മാത്രമാണ് കാണുന്നത്. ഇവരൊക്കെ എന്തുമാത്രം ധിക്കാരത്തിന്റെ പരിധി കടക്കുന്നുവെന്നത് പ്രേക്ഷകർക്ക് മനസിലാവില്ല' സൽമാൻ പറഞ്ഞു.
*** *** ***
ഒറ്റക്കൊമ്പൻ വലിയ അനിശ്ചിതത്വത്തിലാണെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. രണ്ട് തവണ ഒറ്റക്കൊമ്പന് വേണ്ടി താൻ ഡേറ്റ് കൊടുത്തെന്നും ഒന്നും നടന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. റെഡ് എഫ്എം മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ടോമിച്ചൻ മുളകുപാടവും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാത്യു തോമസാണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. 'ഒറ്റക്കൊമ്പൻ 2020 തൊട്ട് പറയുന്ന സിനിമയല്ലേ..ഞാൻ രണ്ട് പ്രാവശ്യം 45 ദിവസം വെച്ച് ഡേറ്റ് കൊടുത്തു. ആ 90 ദിവസവും പോയി. ഈ ഒക്ടോബർ 10 ആകുമ്പോഴേക്കും കൊടുത്ത 90 ദിവസവും പോകും. പ്ലസ് 60 ദിവസം, മുപ്പത് ദിവസം താടി വളർത്താൻ എടുത്തു. ആദ്യത്തെ പ്രാവശ്യവും രണ്ടാമത്തെ പ്രാവശ്യവും. ആ 60 ദിവസവും പോയി. എല്ലാം കൂടി 150 ദിവസം എനിക്ക് നഷ്ടം. ഒറ്റക്കൊമ്പന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗമനം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, അവര് പറയണം., അവരിനി പറഞ്ഞിട്ട് കാര്യമില്ല. അവര് പറഞ്ഞതിന്റെ ദുരന്തമാണ് ഞാൻ പേറിയത്. ഇനിയിപ്പോ അവര് ചെയ്യട്ടെ. എന്നിട്ട് പറയാം'- സുരേഷ് ഗോപി പറഞ്ഞു.
*** *** ***
നവഫാസിസത്തിന്റെ വക്താവായ ജോർജിയ മെലോണി ഇറ്റലിയിൽ  പ്രധാനമന്ത്രി.  കുടിയേറ്റക്കാരോടുള്ള വിരോധം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, ഗർഭച്ഛിദ്രത്തോടുള്ള എതിർപ്പ്. അങ്ങനെ പലതും നിറഞ്ഞതാണ് കാത്തോലിക്ക യാഥാസ്ഥിതികയായ മെലോണിയുടെ പ്രത്യയശാസ്ത്രം. മുസോളിനിയുടെ കടുത്ത ആരാധികയാണ് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജിയ മെലോണി. 1946ൽ മുസോളിനി അനുയായികൾ രൂപവത്കരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ യുവജനവിഭാഗത്തിൽ 15ാം വയസ്സിൽ അംഗമായിക്കൊണ്ടാണ് മെലോണിയുടെ രാഷ്ട്രീയ പ്രവേശം. 2006ൽ പാർലമെന്റ് ഡെപ്യൂട്ടി ചേംബറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2008ൽ 31ാം വയസ്സിൽ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 2012ലാണ് മുസോളിനിയുടെ ആശയങ്ങളിൽ അധിഷ്ഠിതമായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന പാർട്ടിയുണ്ടാക്കിയത്. 1925 മുതൽ 1945 വരെ ഇറ്റലിയെ ഭരിച്ച ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ ശവകുടീരത്തിലെരിയുന്ന കെടാവിളക്കിന്റെ പ്രതീകമായ ഇറ്റലിയുടെ ദേശീയ നിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോർജിയ മെലോണിയുടെ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ അടയാളം. ഫാസിസവും നാസിസവുമൊക്കെ ലോകത്ത് തിരിച്ചെത്താൻ പശ്ചാത്തലമൊരുക്കുന്നവരുണ്ടല്ലോ. തെരഞ്ഞെടുപ്പു കാലത്ത് മെലോണി ഒരു വീഡിയോ പങ്കു വെച്ച് പുലിവാല് പിടിച്ചിരുന്നു.  ഇറ്റാലിയൻ നഗരത്തിൽ ഉക്രൈൻ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോയാണ്  ട്വിറ്ററിൽ പങ്കു വെച്ചത്. 
അവ്യക്തമാക്കിയ വീഡിയോയാണ് ജോർജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു.  മെലോണിക്കെതിരെ രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.  ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോ ആയിരുന്നു ജോർജിയ പങ്കുവച്ചത്. ഇത് ക്രൂരമാണെന്നും അതീജീവിതയുടെ അനുവാദം ഇല്ലാതെ വീഡിയോ പുറത്തുവിടുന്നത് യുവതിയുടെ ദുരിതം ഇരട്ടിയാക്കുമെന്നും ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ആദ്യം പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മെലോണി പിന്നീട് പ്രതികരണവുമായി എത്തി. 'ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സംഭവിച്ചതിനെ അപലപിക്കാനും നീതി ആവശ്യപ്പെടാനുമാണ് താൻ വീഡിയോ പങ്കുവച്ചതെന്ന് മെലോണി വ്യക്തമാക്കിയിരുന്നു. ഇവിടത്തെ പോലെ അവിടെയും. സരിതയും നിർഭയയുമൊക്കെ പറഞ്ഞാണല്ലോ നമ്മളും വോട്ട്് പിടിക്കാറുള്ളത്. ഏതായാലും ജോർജിയ മെലോണി കരുതിയിരുന്നോട്ടെ. നമ്മുടെ കുറച്ചു പോരാളികൾ യൂറോപ്പിലേക്ക് വരുന്നുണ്ട്. ഫാസിസത്തെ മുളയോടെ പിഴുതെറിയുന്നതിൽ പി.എച്ച്.ഡി എടുത്തവർ. 
*** *** ***
ചൈനീസ് പ്രസിഡന്റ്  ഷിജിൻപിങ്ങിനെ പറ്റി എന്തൊക്കെ നുണകളാണ് ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്? അവിടെ പട്ടാള അട്ടിമറി നടന്നു. അര ലക്ഷം ട്രെയിനുകളും പതിനായിരം വിമാന സർവീസും വരെ നിർത്തലാക്കി. രാജ്യം നിശ്ചലമാവുന്നു. ഇത്രയും കാര്യങ്ങൾ ഇന്ത്യയിലെ ദേശീയ പത്രങ്ങൾ മുതൽ അനനന്തപുരിയിലെ മലയാള പത്രങ്ങൾ വരെ കൊടുത്തു. സോഴ്‌സ് ഏതെന്ന് വ്യക്തമായപ്പോൾ ചിരിയടക്കാനായില്ല. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റാണ് ഇതിനെല്ലാം ആധാരം. ട്വിറ്ററിൽ ആരോ തമാശിച്ചത് സ്വാമിജി അങ്ങ് പൊക്കി. മൂപ്പരുടെ നിരാശ അങ്ങനെയെങ്കിലും കുറയട്ടെ. അഹമ്മദാബാദിന്റെ പേര് സരസ്വതിനഗർ എന്നാക്കണമെന്ന് സ്വാമി പറഞ്ഞത് കേൾക്കാത്തവരല്ലേ ഭരിക്കുന്നത്. അനുഭവിക്കട്ടെ. ഈ വാർത്തയുടെ രസം അന്താരാഷ്ട്ര വാർത്താ ഏജൻസികളൊന്നും ഇത് അറിഞ്ഞതേയില്ലെന്നതാണ്. ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവരെല്ലാം അഭ്യൂഹം പ്രചരിപ്പിക്കാൻ മത്സരിച്ചു. അടുത്ത ദിവസം ചൈനീസ് പ്രസിഡന്റിനെ പൊതുവേദിയിൽ കണ്ടപ്പോൾ അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി ഷിജിൻപിങ്ങ് എന്നായി ഇക്കൂട്ടരുടെ വാർത്ത. റോയിട്ടേഴ്‌സ്, എ.എഫ്.പി, എ.പി തുടങ്ങിയ വാർത്താ ഏജൻസികളിൽ ഒന്നു കണ്ണോടിക്കാമായിരുന്നു. വാർത്ത കൊടുക്കും മുമ്പ് ഗൂഗിൾ ചെയ്തിരുന്നെങ്കിൽ ഭാരതത്തിൽ നിന്ന് ഉത്ഭവിച്ച വാർത്തയുടെ പൊരുൾ മനസ്സിലാക്കാമായിരുന്നു. ഒരു മലയാളം ചാനലിൽ ഈ വിഷയം അന്തിചർച്ചയുമായി. 

Latest News