Sorry, you need to enable JavaScript to visit this website.

പരാബോളയുടെ കാണാപ്പുറങ്ങൾ

ഒരു പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പുകളെ വ്യക്തമായി അടയാളപ്പെടുത്തുന്ന ഡോ. അജയ് നാരായണന്റെ കവിതാസമാഹാരം, പരാബോള 2022 നവംബറിൽ  ഗ്രീൻ ബുക്‌സ് പബ്ലിക്കേഷന്റെ കീഴിൽ ഷാർജ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
മനോഹരമായി ചിട്ടപ്പെടുത്തിയ ഈ പുസ്തകം അവതാരികയിൽ ശ്രീമതി ഇന്ദുലേഖ വയലാർ പറയും പോലെ തത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള കാവ്യയാത്രയാണ്.  
അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും ആവിഷ്‌കരിക്കുകയാണ്  ഡോക്ടർ അജയ് നാരായണൻ. 
ഡോക്ടർ അജയ് നാരായണന്റെ പ്രത്യേകത,  അദ്ദേഹം കവിതയെഴുതാൻ തുടങ്ങിയത് ഒരു വിരമിക്കൽ കാലത്താണ് എന്നതാണ്. എഴുത്തിന്റെ ലോകത്തിൽ വിരമിക്കലിന് പ്രാധാന്യമില്ലെങ്കിലും എല്ലാവരും സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്ന ഈ വിരമിക്കൽ കാലത്ത് തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ വേവലാതികളെ മുഴുവൻ തൂലികയിലേക്ക് ആവാഹിച്ച് എഴുത്തിലൂടെ വായനക്കാരെ മുഴുവൻ അസ്വസ്ഥരാക്കുകയും പ്രണയ പരവശരാക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം എന്നതാണ് ഈ പുസ്തകത്തിലെ രചനകളുടെ സവിശേഷത.

''വാതുക്കലോളം 
വന്നെത്തി 
നോക്കിയെന്റെ 
വാങ്മയചിത്രം 
വരച്ചീടവേ, 
നിർമ്മല കാലമേ 
നിൻ മിഴിക്കോണിൽ 
വിരിഞ്ഞതെന്തേ 
മൗനസൗഗന്ധികം''

എന്ന ആമുഖത്തോടെ അദ്ദേഹം കവിതാലോകത്ത് വരവറിയിക്കുന്നു. 
കവി സ്വയം പരിചയപ്പെടുത്തുന്നത് ഒരു അവധൂതനായിട്ടാണ് . മടുപ്പിൽ അഭിരമിച്ച്,  മടുപ്പ് കുഞ്ഞുങ്ങളെ പ്രസവിച്ച്,  മടുപ്പിനെ നിർവചിച്ച് മടുത്ത , എല്ലാം മടുത്ത,  ഭ്രാന്തൻ ജല്പനങ്ങളെ ചികഞ്ഞു കൊണ്ടേയിരിക്കുന്ന ഒരുവൻ. കാലത്തിന്റെ കുത്തൊഴുക്കിൽ വേരുകൾ പറിച്ചുമാറ്റി വേറൊരു ലോകത്തുനിന്ന് വേരാഴങ്ങളെ സ്വപ്നം കാണുകയാണവൻ.  
അവന് സ്വപ്നം കാണാൻ മാത്രം ഓർമ്മകളും കൽപ്പനകളും നിറഞ്ഞ പോയകാല ചിത്രങ്ങളെ കാലം മിഴിവോടുകൂടി കാത്തു   വയ്ക്കുന്നുണ്ട്.  
മഞ്ഞുപെയ്യുന്ന നാട്ടിലെ കുത്തിത്തുളയ്ക്കുന്ന തണുപ്പിൽ ഒരു നെരിപ്പോട് പോലെ അവന്റെ ഹൃദയത്തുടിപ്പുകൾക്ക് ഊർജ്ജം പകരുന്നുണ്ട്. 
 വേറിട്ട ഒരു ഭാഷാശൈലി നമുക്ക് ഈ കവിയിൽ ദർശിക്കാനാകും. കവിതകളിലെമ്പാടും ഓർമ്മകളുടെ പൂവുകൾ ചിതറിക്കിടക്കുന്നത് കാണാം.  
ഗൃഹാതുരസ്മരണകളും ബാല്യകാലത്തിന്റെ സമ്മോഹന ചിത്രങ്ങളും വായനക്കാരന് മടുപ്പിക്കാത്ത വിധത്തിൽ കയറിവരികയും കവിയുടെ ഭൂതകാലത്തെ കുറിച്ച്,  പൈതൃകത്തെ കുറിച്ച് (മൈതൃകത്തെക്കുറിച്ചും) പാരമ്പര്യത്തെ കുറിച്ച്,  നാട്ടുചന്തങ്ങളെക്കുറിച്ച് ആവോളം സംവദിക്കുകയും ചെയ്യുന്നു. അഞ്ചു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം രൂപകൽപന ചെയ്തിട്ടുള്ളത്.  ഒന്നാം ഭാഗം തുടക്കം സൗഹൃദം. പിന്നെ കൽപ്പനകൾ തളിർക്കുന്നു. രണ്ടാം ഭാഗം പ്രണയം പൂവിടുമ്പോൾ. മൂന്നാം ഭാഗം, നിലപാടുകൾ കായ്ക്കുമ്പോൾ.
ആദ്യ രണ്ടു ഭാഗങ്ങളിൽ കാൽപനികതയ്ക്കാണ് മുൻതൂക്കമെങ്കിൽ മൂന്നാം ഭാഗത്തിൽ പരാബോള ഉയരത്തിലേക്ക് കടന്നു അനുഭവങ്ങൾ കാഴ്ചപ്പാടുകൾക്ക് രൂപം നൽകുന്നു. നാലാം ഭാഗത്തിലാകട്ടെ അവയ്ക്കുള്ള വ്യാഖ്യാനങ്ങളും അവയുടെ കാതലുകളുമാണ്.  അഞ്ചാം ഭാഗം വ്യഥകളിലാണ് അവസാനിക്കുന്നത്. പരാബോളയുടെ പരമകാഷ്ഠയിൽ വ്യഥകളിൽ വിലയം പ്രാപിക്കുന്നു കവി മനസ്സ് എന്ന് വായനക്കാരൻ ആശങ്കപ്പെട്ടേക്കാം.
 വിദ്യാഭ്യാസരംഗത്ത് ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സമ്പ്രദായങ്ങളിൽ തളച്ചിടപ്പെട്ട നമ്മുടെ വിദ്യാഭ്യാസം എന്ന് സ്വതന്ത്രമാകുമെന്ന അസ്വസ്ഥ ചിന്തകൾ ഉരുത്തിരിയുന്ന കവിതകളും ഈ പുസ്തകത്തിൽ കാണാം.  പാഠങ്ങൾ പഠിക്കുന്നത് എങ്ങനെ എന്ന കവിതയിൽ കവി തന്റെ വ്യഥ പങ്കുവെക്കുന്നത് ഇങ്ങനെയാണ്,
''ഊഴവും കാത്ത് വഴിതെറ്റാതെ നിൽക്കുന്നു കീചകന്മാർ
ചുറ്റിലും പാഠങ്ങൾ
പകച്ചുനിൽക്കുന്നു.'' 
പാചകവും ഒരു കലയാണെന്ന് , അല്ല,  കവിതയാണെന്ന് 'ബർഗർ' എന്ന മനോഹര കവിതയിലൂടെ കവി പറയുന്നു. പാചകൻ കവിത കുറിക്കുകയാണ് തന്റെ വിഭവത്തിലൂടെ. അവന്റെ നീൾവിരൽത്തുമ്പിലെ ചലനങ്ങളിലൂടെ ഒരു കഷണം റൊട്ടി ബർഗർ ആകുന്ന നളപാകം, നീലക്കണ്ണുള്ള യവന തരുണൻ ബർഗറിന് ഓർഡർ കൊടുക്കുന്നതും അപ്പോൾ തുടങ്ങി ഒരു കവിത പോലെയാ ബർഗർ രൂപപ്പെടുന്നതും അത്രമേൽ മനോഹരമായാണ് കവി വർണിക്കുന്നത്.  കവിത വായിച്ചു കഴിഞ്ഞാൽ നമ്മളും പറയാതിരിക്കില്ല. 
 ''ഒൺ ചിക്കൻ ബർഗർ
ആന്റ് എ ക്യാപ്പുചിനോ 
പ്ലീസ്''.
 
സൂഫിയുടെ ലഹരിയിലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.  പ്രണയം  അത് പകരുന്ന ലഹരി.
ഏതിലാണ് നിന്റെ ലഹരി, പ്രിയനേയെന്ന് പ്രണയിനി. 
 
എന്താണ് അവൻ 
പറയുന്നതെന്നോ?
നീയെന്ന സ്വത്വത്തെ
അസ്ഥികളിൽ 
ആളിക്കത്തിക്കുന്ന ചിന്തയെ
നിന്റെ നെഞ്ചിലെ 
വിഹ്വലമാർന്ന കോശങ്ങളെ
നിന്നിൽ അലിഞ്ഞുചേർന്ന 
സ്മൃതിയുടെ നോവുകളെ
നിന്റെ മിഴിയിലെ 
മൃതിയുടെ നിരാശയെ
നിന്നിൽ വിതുമ്പുന്ന 
സ്വപ്നങ്ങളെ
നിൻ വിരൽത്തുമ്പുകളിൽ 
ഒരിക്കലും വിരിയാത്ത 
പ്രണയത്തെ
നിന്റെ വേർപ്പിലൂടൂറുന്ന 
ചോരത്തുള്ളികളെ
നിന്റെ കാലിൽ 
നിർത്താതെ ചിലമ്പുന്ന 
ചങ്ങലക്കണ്ണികളെ
എല്ലാം എനിക്ക് ലഹരി
എന്റെ ലഹരിയിൽ 
പതഞ്ഞൊഴുകും
പദമാണ് നീ.''
 
പ്രണയത്തിന്റെ പരകോടിയിൽ എത്തിനിൽക്കെ പൊടുന്നനെ ഒരു ചിന്തയാൽ പ്രണയം ഉപേക്ഷിക്കുകയാണ്.  പ്രണയം വേണ്ടാത്ത ഭൂമി. അതിന്റെ താപത്താൽ തപ്തമാകുന്ന തന്നിലെ പ്രണയ ഭാവങ്ങളെ ഉപേക്ഷിക്കുകയാണ് മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോൾ.  എങ്കിലും പ്രണയം വേണ്ടാത്ത ഭൂമി എന്ന കവിതയിലെ അവസാന വരികൾ വായനക്കാരൻ എന്ന നിലയിൽ സുഖദായകമല്ല എന്ന് ഓർമിപ്പിക്കുന്നു. 

''കറുപ്പ്
വെറും കറുപ്പല്ല
വല്ലാതെ കറുത്തൊരു 
അവസ്ഥയാണ്
ചിന്തയുടെ
മനസ്സിന്റെ 
കാഴ്ചപ്പാടിന്റെ
നിറമത്രെ അത്''
 
ജീർണ വസ്ത്രങ്ങൾ എന്ന കവിതയിൽ കവി പറയുന്നു. 
 
''മരണം സംഭവിക്കുന്നില്ല
പഴയതുപേക്ഷിച്ച് പുതുവസ്ത്രം
ധരിക്കുന്നേയുള്ളൂ''
 
''കോടി  മണക്കണ തുണി
ഒരാവരണമാണ്
ജീർണ്ണ വസ്ത്രങ്ങളെ 
അഴിച്ചുമാറ്റാനുള്ള ത്വരയുടെ, 
ഇരയുടെ ആവരണം.
അതിന് അതിജീവനത്തിന്റെ
രൂക്ഷഗന്ധമുണ്ട്''. 
 
കാൽപ്പനികതയിൽ നിന്നും പൂവിട്ട പ്രണയത്തിന്റെ ഉന്മത്തഭാവങ്ങൾ കൊഴിയുമ്പോൾ ജീവിതത്തിന്റെ അനുഭവച്ചൂളകളിൽ വെന്തുനീറി കാഴ്ചപ്പാടുകളെ ദൃഢമാക്കുന്ന ഒരു കവിമനസ്സ് നമുക്ക് തൊട്ടറിയാം.  എന്നാൽ പിന്നീട് ബുദ്ധനെപ്പോലെ വ്യഥകളിൽ ഉരുകുന്ന ഒരു കവിഹൃദയമാണ് കാണാനാകുന്നത്.
 
''കാണുന്നു ഞാൻ ഈ ബുദ്ധനെ
വീണ്ടുമൊരു  ബോധിവൃക്ഷത്തണലിൽ. 
ഇനിയും നീ തേടുന്നത് ഏതു
പുരാതന ധർമ്മബോധം ഗൗതമാ''
 
എന്ന് വിലപിച്ച് കവി സ്വയം ബുദ്ധനായി മാറുന്നുവോ എന്ന ഒരു സന്ദേഹമാണ്  നളന്ദയിലെ ബുദ്ധൻ എന്ന കവിതയുണർത്തുന്നത്.
ബുദ്ധനെ പിന്തുടരുന്ന അവധൂതൻ കവി തന്നെയോ?
പോയ കാലത്തിന്റെ സുവർണ്ണ ദീപ്തിയാർന്ന ഓർമ്മകളെ തേച്ചു മിനുക്കി,  നഷ്ടബോധത്തിൽ ഉരുകുന്ന കവിയുടെ മനസ്സ് വായിച്ചെടുക്കാവുന്ന ഓണം ഉണ്ടായത് എന്തിന് എന്ന കവിത യഥാർത്ഥത്തിൽ ഓണത്തിന്റെ രാഷ്ട്രീയത്തെയാണ് വിശകലനം ചെയ്യുന്നത്. 
ദക്ഷിണാഫ്രിക്ക എന്ന കരുമാടികളുടെ നാടിനെ കുറിച്ചുള്ള കവിതയിലാണ് പരാബോള അവസാനിക്കുന്നത്.  വളർത്തമ്മയെപ്പോലെ,  അദ്ദേഹം ഓർക്കുന്നു ആഫ്രിക്കയെ,  ഭാവിയുടെ വാഗ്ദാനമായി ഉയിർത്തെഴുന്നേറ്റു വരും എന്ന പ്രതീക്ഷയോടെ. 
 1988-ൽ ആഫ്രിക്കൻ മണ്ണിൽ ഉപജീവനത്തിനായി ചേക്കേറി 1991 മുതൽ ലസ്‌ത്തോയിൽ  അധ്യാപകനായി പ്രിൻസിപ്പലായി പഠനഗവേഷണങ്ങൾക്ക് ശേഷം രണ്ട് മഹാഭൂഖണ്ഡങ്ങളുടെ സംസ്‌കാരത്തെ കോർത്തിണക്കി കവിതകളിലൂടെ അനുഭവങ്ങളിലൂടെ അജയ് നാരായണൻ മലയാളകാവ്യലോകത്തിന്  ഒരു പുതിയ ചരിത്രം തീർക്കുകയാണ്.  അവകാശവാദങ്ങൾ ഒന്നുമില്ലാതെ തന്നെ.  വായിക്കുക. വായനയ്ക്കുമപ്പുറം തലമുറകളുടെ വേർതിരിവില്ലാതെ ഒരു മികച്ച സൗഹൃദത്തെ സ്വന്തമാക്കുക.

Latest News