Sorry, you need to enable JavaScript to visit this website.

ഏകദിനത്തിന് രണ്ടാം നിര, സഞ്ജുവും ടീമിലുറപ്പ്

ന്യൂദല്‍ഹി - ലോകകപ്പിനായി ഇന്ത്യന്‍ ടീം ഈയാഴ്ച പുറപ്പെടും. പെര്‍ത്തില്‍ ഒരാഴ്ച നീളുന്ന ക്യാമ്പിനു ശേഷം സന്നാഹ മത്സരങ്ങള്‍ക്കായി ടീം ബ്രിസ്‌ബെയ്‌നിലേക്കു പോവും. മുഹമ്മദ് സിറാജും ഉംറാന്‍ മാലിക്കും ടീമിലില്ലെങ്കിലും ഇന്ത്യന്‍ സംഘത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോവും. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരക്ക് ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ രണ്ടാം നിരയെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. സഞ്ജു സാംസണും ടീമിലുണ്ടാവുമെന്നു കരുതുന്നു. 
പുറംവേദന കാരണം ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വരുമെന്നു കരുതുന്ന ജസ്പ്രീത് ബുംറക്കു പകരം പെയ്‌സ്ബൗളര്‍ മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ട്വന്റി20 കള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തി. ഇന്ത്യ ജയിച്ച കാര്യവട്ടത്തെ ആദ്യ മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല. ഇപ്പോള്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ബുംറ. ബുംറയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് അന്തിമ തീരുമാനം മെഡിക്കല്‍ ടീമാണ് പ്രഖ്യാപിക്കുക. 
സിറാജ് ഗുവാഹതിയില്‍ ടീമിനൊപ്പം ചേര്‍ന്നു. ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരെയാണ് സിറാജ് അവസാനമായി ഇന്ത്യക്കു വേണ്ടി ട്വന്റി20 കളിച്ചത്. ഇപ്പോള്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായാണ് സിറാജിനെ സെലക്ടര്‍മാര്‍ കാണുന്നത്. അവസാനമായി വോറിക്ഷയറിനു വേണ്ടി ഇംഗ്ലിഷ് കൗണ്ടിയില്‍ ഒരു മത്സരം കളിച്ചിരുന്നു സിറാജ്. കഴിഞ്ഞ മാസമാദ്യം സോമര്‍സെറ്റിനെതിരായ ആ മത്സരത്തില്‍ അഞ്ചു വിക്കറ്റെടുത്തു. 
സിറാജ് ഇതുവരെ അഞ്ച് ട്വന്റി20യേ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ. അഞ്ച് വിക്കറ്റെടുത്തു. എന്നാല്‍ ഐ.പി.എല്ലില്‍ രണ്ടു വര്‍ഷമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍നിര ബൗളറാണ്. ഈ വര്‍ഷം ലേലത്തിന് മുമ്പ് ടീം നിലനിര്‍ത്തിയ മൂന്നു കളിക്കാരിലൊരാള്‍ സിറാജായിരുന്നു. 
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം പകരക്കാരനായി വരുന്ന നാലാമത്തെയാളാണ് സിറാജ്. ശ്രേയസ് അയ്യര്‍, ശഹ്ബാസ് അഹ്മദ്, ഉമേഷ് യാദവ് എന്നിവരെ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരക്കാരായി ഉള്‍പെടുത്തിയിരുന്നു. ഹൂഡയും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഷമി കോവിഡ് മുക്തനായതിന്റെ ക്ഷീണത്തിലും. ഹാര്‍ദിക് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വര്‍ധിപ്പക്കാനുള്ള യത്‌നത്തിലാണ്.
 

Latest News