Sorry, you need to enable JavaScript to visit this website.

ഇക്വഡോറിന് നെഞ്ചിടിപ്പ് മാറുന്നില്ല, ചിലെക്കൊപ്പം പെറുവും പരാതി നല്‍കി

ലൊസേന്‍ - ഇക്വഡോറിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്നും പകരം തങ്ങളെ കളിപ്പിക്കണമെന്നുമുള്ള ചിലെയുടെ പരാതി രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍. സ്‌പോര്‍ട്‌സ് കോടതിക്ക് സാധാരണ കേസുകള്‍ തീര്‍പ്പാക്കുന്നതിന് നിശ്ചിത സമയക്രമമില്ല. എന്നാല്‍ നവംബര്‍ 10 ന് മുമ്പ് വിധി പ്രഖ്യാപിക്കണമെന്ന് ചിലെ, പെറു ഫുട്‌ബോള്‍ അസോസിയേഷനുകളും ഫിഫയും സ്‌പോര്‍ട്‌സ് കോടതിയോട് അഭ്യര്‍ഥിച്ചു. ലോകകപ്പ് കിക്കോഫിന് പിന്നീട് 10 ദിവസമേയുണ്ടാവൂ. 
കൊളംബിയയില്‍ ജനിച്ച ബൈറണ്‍ കാസ്റ്റിയൊ എന്ന കളിക്കാരനെ ഇറക്കിയാണ് ലാറ്റിനമേരിക്കയില്‍ നിന്ന് ഇക്വഡോര്‍ ലോകകപ്പ് ബെര്‍ത്ത് നേടിയതെന്നാണ് ചിലെയുടെയും പെറുവിന്റെയും വാദം. ചിലെയുടെ അപ്പീല്‍ ആദ്യം ജൂണില്‍ ഫിഫ അച്ചടക്ക സമിതി തള്ളിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുമായി ചിലെ രംഗത്തെത്തി. ഈ മാസം 19 ന് ആ അപ്പീലും ഫിഫയുടെ അപ്പീല്‍ ജഡ്ജിമാര്‍ തള്ളി. ആ വിധിക്കെതിരെയാണ് ചിലെയും ഒപ്പം പെറുവും രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയിലെത്തിയിരിക്കുന്നത്. 
ഇക്വഡോര്‍ സമര്‍പ്പിച്ച രേഖകളനുസരിച്ച് അവിടെ നിയമപരമായി സ്ഥിരം പൗരത്വമുള്ളയാളാണ് കളിക്കാരന്‍ എന്ന് ഫിഫ അപ്പീല്‍ ജഡ്ജിമാര്‍ വിധിച്ചു. 
ബൈറന്‍ കാസ്റ്റിയൊ ഇക്വഡോറില്‍ ജനിച്ചതായ രേഖ വ്യാജമാണെന്നാണ് ചിലെയുടെ വാദം. ഏപ്രില്‍ ഒന്നിന് ലോകകപ്പിന്റെ നറുക്കെടുപ്പില്‍ ഇക്വഡോറിന് സ്ഥാനം നല്‍കുകയും ഉദ്ഘാടന മത്സരമുള്‍പ്പെടെ ഇക്വഡോറിന്റെ കളികളുടെ ടിക്കറ്റുകള്‍ വില്‍പനയാവുകയും ചെയ്ത ശേഷമാണ് ചിലെ പ്രതിഷേധവുമായി ഫിഫയെ സമീപിച്ചത്. ചിലെക്കെതിരായ രണ്ടു മത്സരങ്ങളിലുള്‍പ്പെടെ എട്ട് കളികളില്‍ കാസ്റ്റിയൊ ഇറങ്ങിയിരുന്നു. കാസ്റ്റിയൊ അയോഗ്യനാണെന്ന് തെളിയിക്കപ്പെട്ടാല്‍ താരം കളിച്ച എല്ലാ മത്സരങ്ങളുടെയും ഫലം റദ്ദാക്കും, പകരം 0-3 ന് ഇക്വഡോര്‍ പരാജയപ്പെട്ടതായി വിധിക്കും. ഇക്വഡോര്‍ പോയന്റ് പട്ടികയില്‍ അവസാനത്തേതിനു മുന്നിലെ സ്ഥാനത്തേക്കു പോവും. ചിലെ നാലാം സ്ഥാനത്തോടെ ലോകകപ്പിന് യോഗ്യത നേടും. ഇത്തവണ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോര്‍ നാലാം സ്ഥാനത്തായിരുന്നു. ചിലെ ഏഴാം സ്ഥാനത്തും. ഇക്വഡോറിന് ആകെ കിട്ടിയത് 26 പോയന്റാണ്. കാസ്റ്റിയൊ കളിച്ച മത്സരങ്ങളിലാണ് അതില്‍ പതിനാലും ലഭിച്ചത്. പെറു അഞ്ചാം സ്ഥാനത്തോടെ പ്ലേഓഫിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ പ്ലേഓഫില്‍ ഓസ്‌ട്രേലിയയോട് തോറ്റു. നാലാം സ്ഥാനത്തുള്ള ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ അഞ്ചാം സ്ഥാനക്കാരായ തങ്ങള്‍ക്ക് സ്ഥാനം വേണമെന്നാണ് പെറുവിന്റെ ആവശ്യം. 

Latest News