Sorry, you need to enable JavaScript to visit this website.

സീരീ അ-യില്‍ അലയിളക്കി യൂഡിനീസെ

റോം - ചരിത്രവും പാരമ്പര്യവുമുണ്ട്. പക്ഷെ സീരീ അ-യില്‍ ഇതുവരെ കരുത്തു തെളിയിക്കാന്‍ യൂഡിനീസെക്ക് ആയിട്ടില്ല. ആ റെക്കോര്‍ഡ് തിരുത്തുകയാണ് ക്ലബ്ബ്. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഏഴ് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിജയവും ഒരു സമനിലയുമായി മുന്‍നിരയിലുണ്ട് യൂഡിനീസെ.  
സ്വന്തം സ്‌റ്റേഡിയമുള്ള അപൂര്‍വം ഇറ്റാലിയന്‍ ക്ലബ്ബുകളിലൊന്നാണ് യൂഡിനീസെ. 36 വര്‍ഷമായി ഒരേ കുടുംബമാണ് ക്ലബ്ബിന്റെ ഉടമസ്ഥര്‍. കാല്‍ നൂറ്റാണ്ടിലേറെയായി അവര്‍ ഒന്നാം ഡിവിഷനില്‍ തുടരുന്നു. എന്നാല്‍ തുടര്‍ച്ചയായ അഞ്ചു വിജയം അവര്‍ക്ക് ആദ്യമാണ്. 
1999 മുതല്‍ 2003 വരെ ടീമിന്റെ ഡിഫന്റര്‍ ആയിരുന്ന ആന്ദ്രെ സോട്ടിലാണ് ഇപ്പോള്‍ കോച്ച്. എല്ലാം തികഞ്ഞ ക്ലബ്ബാണ് യൂഡിനീസെയെന്നും യൂറോപ്പിലെ മനോഹരമായ സ്‌റ്റേഡിയമാണ് ക്ലബ്ബിന്റേതെന്നും സോട്ടില്‍ പറയുന്നു. ഈ സീസണിലെ ആദ്യ കളിയില്‍ ചാമ്പ്യന്മാരായ എ.സി മിലാനോട് തോറ്റ ശേഷം യൂഡിനീസെ കുതിക്കുകയാണ്. പത്തു പേരായിച്ചുരുങ്ങിയ മത്സരത്തില്‍ സാലര്‍നിതാനയോട് സമനില സമ്മതിക്കേണ്ടി വന്നു. 
ജോസെ മൗറിഞ്ഞൊ പരിശീലിപ്പിക്കുന്ന റോമയെ അവര്‍ 4-0 ന് തകര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ 3-1 ന് കീഴടക്കി. 15 ഗോളടിച്ചു അവര്‍. ഒമ്പത് വ്യത്യസ്ത കളിക്കാരാണ് സകോറര്‍മാര്‍. ടോട്ടനം ലോണായി നല്‍കിയ പത്തൊമ്പതുകാരന്‍ ഡെസ്റ്റിനി ഉഡോഗിയും ജര്‍മന്‍ അണ്ടര്‍-21 മിഡ്ഫീല്‍ഡര്‍ ലസാര്‍ സമാര്‍ദിച്ചും സ്‌കോറര്‍മാരുടെ പട്ടികയിലുണ്ട്. 
എണ്‍പത്തൊന്നുകാരനായ ജിയാന്‍പോളൊ പോസോയാണ് യൂഡിനീസെ ഉടമ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാറ്റ്ഫഡും അദ്ദേഹത്തിന്റേതാണ്. 2005 ല്‍ യൂഡിനീസെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിച്ചിരുന്നു. 
ലോകകപ്പിന് കളിക്കാര്‍ സ്ഥലം വിടുന്നതുവരെ അടുത്ത 45 ദിവസങ്ങളിലായി ഇറ്റാലിയന്‍ ലീഗില്‍ 116 മത്സരങ്ങള്‍ നടക്കും. കളിയില്ലാത്ത നാലു ദിവസങ്ങളേ ഉണ്ടാവൂ. 

Latest News