ചോദ്യം: എന്റെ ഇഖാമ മൂന്നു മാസത്തേക്കാണ് പുതുക്കേണ്ടത്. ആശ്രിത വിസയിലുള്ളവരുടെ ലെവി പൂർണമായും കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് മൂന്നു മാസത്തേക്ക് പുതുക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ സ്‌പോൺസർ പറയുന്നത് വർക് പെർമിറ്റ് ഫീ ഒരു വർഷത്തേക്കുള്ളത് അദ്ദേഹത്തിന് അടക്കേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു വർഷത്തേക്കുള്ള ഇഖാമ പുതുക്കൽ ഫീസ് നൽകണമെന്നുമാണ്. അങ്ങനെ വേണ്ടതുണ്ടോ. എന്താണ് ഞാൻ ചെയ്യേണ്ടത്?
ഉത്തരം: ഓരോരുത്തരുടെയും സൗകര്യാർഥം ഇഖാമ മൂന്ന്, ആറ്, ഒൻപത്, ഒരു വർഷം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു രീതിയിൽ പുതുക്കുന്നതിന് സൗദി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഏതു വേണമെങ്കിലും ഇഷ്ടാനുസരണം ഇഖാമ ഉടമക്ക് തെരഞ്ഞെടുക്കാം. നിങ്ങളുടെ കമ്പനിയുടെ എച്ച്.ആർ ഡിപ്പാർട്ടുമെന്റിനെ ഇതിൽ ഏതാണ് തെരഞ്ഞെടുക്കുന്നതെന്ന വിവരം അറിയിക്കുകയും അതിനനുസരിച്ച വർക്ക് പെർമിറ്റ് നൽകിയാൽ മതിയെന്ന് ആവശ്യപ്പെടുകയുമാണ് വേണ്ടത്.
വർക്ക് പെർമിറ്റിന്റെ കാലാവധിക്കനുസരിച്ചാണ് ഇഖാമയുടെ പുതുക്കൽ കാലാവധിയും നിശ്ചയിക്കുന്നത്. വർക്ക് പെർമിറ്റ് എത്ര മാസത്തേക്കുള്ളതാണോ അടച്ചത്, അതിനനുസരിച്ച് ഇഖാമ ഫീസും കുടുംബാംഗങ്ങളുടെ ഇഖാമ ലെവിയും അടക്കണം. അതിനാൽ മൂന്നു മാസത്തേക്കാണ് ഇഖാമ പുതുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വർക്ക് പെർമിറ്റും മൂന്നു മാസത്തേക്കുള്ളത് അടച്ചാൽ മതിയെന്ന് കമ്പനിയോട് ആവശ്യപ്പെടുകയാണ് വേണ്ടത്.
പ്രൊബേഷനിടയിലെ ഫൈനൽ എക്‌സിറ്റ്
ചോദ്യം: ഞാൻ 90 ദിവസത്തെ പ്രൊബേഷൻ പിരീഡിലാണുള്ളത്. ഇത് വരെ ഇഖാമ ലഭിച്ചിട്ടില്ല. തുടരാൻ ആഗ്രഹിക്കാത്തതിനാൽ ഫൈനൽ എക്‌സിറ്റിൽ പോകാൻ ഉദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ ഫൈനൽ എക്‌സിറ്റ് ലഭിച്ചാൽ അതിനു ശേഷം സൗദിയിൽ 90 ആണോ 60 ദിവസമാണോ തങ്ങാൻ സാധിക്കുക?
ഉത്തരം: പ്രൊബേഷനിലുള്ള വിദേശ തൊഴിലാളിക്ക് പ്രൊബേഷൻ കാലാവധി തീരുന്നതിനു മുമ്പായി ഇഖാമ ലഭിക്കാതിരിക്കുകയും ഫൈനൽ എക്‌സിറ്റ് ലഭിക്കുകയും ചെയ്താൽ 60 ദിവസം കൂടി സൗദിയിൽ തങ്ങാം. അതിനുള്ളിലായി രാജ്യം വിട്ടിരിക്കണം.
വിസിറ്റിംഗ് നിയമലംഘന ഫൈൻ അടച്ച ശേഷം എന്ത് ചെയ്യണം?
ചോദ്യം: വിസിറ്റിംഗ് വിസയിലെത്തിയ എന്റെ കുടുംബത്തിന് അനുവദിക്കപ്പെട്ട ദിവസത്തിനകം രാജ്യം വിടാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് എനിക്ക് ഫൈൻ ലഭിച്ചു. ഫൈൻ അടച്ചു കഴിഞ്ഞാൽ ഇനി എന്താണ് ചെയ്യേണ്ടത്?
ഉത്തരം: വിസിറ്റിംഗ് വിസയിൽ എത്തിയവർ നിശ്ചിത സമയത്തിനകം രാജ്യം വിട്ടിരിക്കണമെന്നാണ് നിയമം. അതു ലംഘിക്കപ്പെട്ടാൽ പിഴ ഒടുക്കണം. പിഴ അടച്ചു കഴിഞ്ഞാൽ ജവാസാത്തിൽ നിന്ന് ഒരു അപ്പോയിന്റ്‌മെൻറ് ലഭിക്കും. അതു പ്രകാരം ജവാസാത്തിലെത്തിയാൽ എക്‌സിറ്റ് ലഭിക്കും. മൂന്നു മുതൽ എട്ടു ദിവസത്തേക്കാകും എക്‌സിറ്റ് ലഭിക്കുക. അതിനുള്ളിൽ രാജ്യം വിട്ടിരിക്കണം.






