ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പര, കാര്യവട്ടത്ത് കളി കാര്യമാവും

തിരുവനന്തപുരം - ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആദ്യ കളി തോറ്റ ശേഷം 2-1 ന് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് വിമാനമിറങ്ങി. ട്വന്റി20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ ഇന്ത്യന്‍ ടീം അവശേഷിച്ച മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയാക്കും. ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച തിരുവനന്തപുരത്തെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം തിങ്കളാഴ്ചയാണ്‌ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ ടീമിന് സ്‌നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. പലരും സഞ്ജു സാംസണിന്റെ  പേര് വിളിച്ച് താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പെടുത്താത്തതിന്റെ പ്രതിഷേധവും അറിയിച്ചു. 
മൂന്നു ട്വന്റി20ക്കു പുറമെ മൂന്ന് ഏകദിനങ്ങളും പരമ്പരയിലുണ്ട്.  തിരുവനന്തപുരത്ത് ബുധനാഴ്ച ആദ്യ ട്വന്റി20 മത്സരം. ഗുവാഹത്തിയിലും ഇന്‍ഡോറിലുമാണ് മറ്റു ട്വന്റി20 മത്സരങ്ങള്‍. കഴിഞ്ഞ ജൂണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും അഞ്ചു മത്സര ട്വന്റി20 പരമ്പര കളിച്ചിരുന്നു. 2-2 ലാണ് അവസാനിച്ചത്. ബംഗളൂരുവിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. 
ഭുവനേശ്വര്‍കുമാറും ഹാര്‍ദിക് പാണ്ഡ്യയുമില്ലാതെയാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. ഓസീസിനെതിരായ പരമ്പരക്കു ശേഷം ഇരുവരും ബംഗളൂരുവിലെ നാഷനല്‍ അക്കാദമിയില്‍ പരിശീലനത്തിന് പോയി. ഓസീസിനെതിരായ പരമ്പരയില്‍ വിട്ടുനിന്ന അര്‍ഷദീപ് സിംഗ് ദക്ഷിണാഫ്രിക്കക്കെതിരായ ടീമിലുണ്ട്. കോവിഡ് ബാധിച്ച മുഹമ്മദ് ഷമിയുടെ ലഭ്യതയെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഷമി ഓസീസിനെതിരെ കളിച്ചിരുന്നില്ല. ഉംറാന്‍ മാലിക്കിനെ സ്റ്റാന്റ്‌ബൈയായി നിര്‍ത്തിയിട്ടുണ്ട്. ഉമേഷ് യാദവാണ് ഓസീസിനെതിരെ ഷമിയുടെ പകരക്കാരനായി ഉണ്ടായിരുന്നത്. ഉംറാന്‍ അയര്‍ലന്റിനെതിരെ മൂന്ന് ട്വന്റി20 കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂസിലാന്റ് എ-യെ നേരിടുന്ന ഇന്ത്യ എ ടീമിനൊപ്പമാണ് ഉള്ളത്. ഷമി ലോകകപ്പ് ടീമില്‍ റിസര്‍വ് താരമാണ്. 
വലിയ ആവേശമാണ് തിരുവനന്തപുരത്ത്. ഏറ്റവും കുറഞ്ഞ നിരക്ക് 1500 രൂപയായിട്ടും ടിക്കറ്റുകള്‍ മിക്കവാറും വിറ്റഴിഞ്ഞു. 
 

Latest News