Sorry, you need to enable JavaScript to visit this website.

2022 പേരുടെ പെനാൽട്ടി കിക്കുമായി ഖത്തർ എക്സ്പാറ്റ്സ് സ്പോർട്ടീവ്


ദോഹ- ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണി ചേർക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പാറ്റ്സ് സ്പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് ഒരു വർഷമായി നടത്തിവരുന്ന സ്പോർട്സ് കാർണിവൽ സെപ്റ്റംബർ 30ന് വെള്ളിയാഴ്ച സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പെനാൽട്ടി കിക്കിൽ 2022 പേർ പങ്കാളികളാകും. 
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. റയ്യാൻ പ്രൈവറ്റ് സ്‌കൂൾ കാമ്പസിൽ നടക്കുന്ന സമാപനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും എക്സിബിഷൻ, ലോകകപ്പിന്റെ നാളിതു വരെയുള്ള ചരിത്രം ഉൾക്കൊള്ളിച്ച കൊളാഷ് പ്രദർശനം, ദോഹയിലെ കലാകാരന്മാരുടെ കലാവിരുന്ന്, കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയുണ്ടാകുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാർണിവൽ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുൻനിര പ്രവാസി ടീമുകൾ മാറ്റുരയ്ക്കുന്ന വിവിധ ടൂർണമെന്റുകൾ നടക്കും. 32 ടീമുകളുടെ പെനാൽട്ടി ഷൂട്ടൗട്ട്, 16 ടീമുകളുടെ പുരുഷ, വനിതാ വടംവലി, 16 ടീമുകളുടെ ബോക്സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റൺ പുരുഷ-വനിതാ പഞ്ചഗുസ്തി ടൂർണമെന്റുകൾ അരങ്ങേറും. വിജയികൾക്ക് മെഡലുകളും ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. 
കാണികളായെത്തുന്നവർക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേകമായൊരുക്കുന്ന ഗെയിം സോണിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാൻസ് ഗ്രൂപ്പുകൾക്കായി പ്രത്യേക പവലിയനുകളും സജ്ജീകരിക്കും.
കാർണിവലിന്റെ ഭാഗമായി ഒരു മാസത്തോളമായി നടന്നുവരുന്ന വെയ്റ്റ് ലോസ് ചാലഞ്ച് വിജയികളെ പ്രഖ്യാപിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി വിജയികൾക്ക് സ്വർണ നാണയം സമ്മാനിക്കും.
കാർണിവലിന്റെ ഭാഗമായി ഇന്റർ ഡിസ്ട്രിക്ട് ബാഡ്മിന്റൺ, ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടിയ 16 ടീമുകളുടെ ഫാൻസ് ഗ്രൂപ്പുകൾ അണിനിരന്ന ഫാൻസ് കപ്പ് എന്നിവ നേരത്തെ സംഘടിപ്പിച്ചിരുന്നു.
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ പ്രവാസി കൂട്ടായ്മകളുടേയും സ്പോർട്സ് ക്ലബുകളുടേയും ടീമുകളെ പങ്കെടുപ്പിച്ച് വർഷങ്ങളായി എക്സ്പാറ്റ്സ് സ്പോർട്ടീവ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രവാസി കായിക മേളയുടെ തുടർച്ചയായാണ് ഖത്തർ ലോകകപ്പിന് ആതിഥേയത്വമരുളുന്ന ഈ വർഷം പ്രത്യേകമായി കാർണിവൽ സംഘടിപ്പിച്ചത്. 
കാർണിവൽ സമാപന പരിപാടിയിൽ ഖത്തറിലെ കായിക രംഗത്തെ പ്രമു
ഖരും ഇന്ത്യൻ എംബസി അപക്സ് ബോഡി ഭാരവാഹികളും അതിഥികളായി പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ എക്സ്പാറ്റ് സ്പോട്ടീവ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഇസൂസു ജനറൽ മാനേജർ ഹരി സുബ്രമണി, കെയർ ആന്റ് ക്യുവർ ചെയർമാൻ ഇ.പി അബ്ദുറഹിമാൻ, എക്സ്പാറ്റ് സ്പോർട്ടീവ് ജനറൽ സെക്രട്ടറി താസീൻ അമീൻ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, ജനറൽ കൺവീനർ അബ്ദുറഹീം വേങ്ങേരി, കൾച്ചറൽ ഫോറം സ്പോർട്സ് വിംഗ് സെക്രട്ടറി അനസ് ജമാൽ എന്നിവർ പങ്കെടുത്തു.

Tags

Latest News