Sorry, you need to enable JavaScript to visit this website.

ലിനിയുടെ ഓർമയിൽ  സജീഷിന്റെ ജീവിതം തളിരിടുന്നു

ലിനിയും സജീഷും മക്കളും
ലിനി
ലിനി എഴുതിയ കത്ത്

 

പറക്കമുറ്റാത്ത മക്കളെ തന്നെ ഏൽപിച്ച് നിനച്ചിരിക്കാതെ ഒരു ദിവസം അവൾ കടന്നുപോയപ്പോൾ സജീഷ് വല്ലാതെ പതറിപ്പോയി. കുഞ്ഞൂസിനും സിദ്ധുവിനും തുണയാരെന്ന് അയാൾ വ്യാകുലപ്പെട്ടു. മക്കളെക്കുറിച്ച് അവൾ നെയ്തുകൂട്ടിയ നിറമുള്ള സ്വപ്‌നങ്ങളോരോന്നായി അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ലിനി അവസാനമായി എഴുതിക്കൊടുത്ത കുറിപ്പ് എത്ര തവണ വായിച്ചെന്ന് സജീഷിനറിയില്ല. ആ കടലാസിൽ മുഖംതാഴ്ത്തി അയാൾ വിങ്ങിപ്പൊട്ടി. ഉറ്റവരുടെയും ഉടയവരുടെയും സാന്ത്വനം അയാളെ ജീവിതത്തിലേയ്ക്കു തിരിച്ചുനടത്തിക്കുകയായിരുന്നു.

 


സജീഷേട്ടാ, ഐ ആം ഓൾമോസ്റ്റ് ഓൺ ദ വേ... നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ഞു, അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം... നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്., പ്ലീസ്... വിത്ത് ലോട്ട് ഓഫ് ലൗ... ഉമ്മ.
ഈ ഭൂമിയിൽ താനിനി ഉണ്ടാകില്ലെന്ന് മനസ്സിലായപ്പോഴാണ് പ്രിയതമന് ഇത്തരമൊരു കത്തെഴുതിവച്ച് ലിനി യാത്രയായത്.


സിസ്റ്റർ ലിനി എന്ന മാലാഖ ഈ ഭൂമിയിൽനിന്നും യാത്രയായിട്ട് നാലുവർഷമാവുകയാണ്. നിപ എന്ന മാരകവൈറസ് തന്റെ ശരീരം കീഴടക്കുമെന്നറിഞ്ഞപ്പോൾ തന്നിൽനിന്നും ഇനിയൊരാൾക്ക് ഈ രോഗം പകരരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഈ മാലാഖ. പാൽകുടി മാറാത്ത കുഞ്ഞിനെയും മണലാരണ്യത്തിൽനിന്നും അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തിയ ഭർത്താവിന്റെയും സാമീപ്യമറിയാതെ അവൾ യാത്രയായി. വിറയ്ക്കുന്ന വിരലുകൾകൊണ്ട് ഭർത്താവിന് അവസാനമായി എഴുതിക്കൊടുത്ത കുറിപ്പ് വായിച്ച് 
കരയാത്ത മലയാളികളുണ്ടാവില്ല. മരുന്നുകളുടെ മനംമടുപ്പിക്കുന്ന ഗന്ധവും സഹിച്ച് ആശുപത്രി മുറിയുടെ ഏകാന്തവാസത്തിൽ കഴിഞ്ഞ് അവൾ ഈ ഭൂമിയിൽനിന്നും പറന്നുപോയി.
2018 മേയ് മാസം ഇരുപത്തിയൊന്നാം തീയതി സജീഷിന് മറക്കാനാവില്ല. അന്നാണ് തന്റെ പ്രിയതമയെ സജീഷിന് നഷ്ടമായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നഴ്‌സായിരുന്നു അന്ന് ലിനി. നിപ രോഗം ബാധിച്ച പേരാമ്പ്രക്കടുത്ത പന്തിരിക്കരയിലെ ഒരു യുവാവിനെ ചികിത്സിച്ചതുവഴിയാണ് രോഗം ലിനിയെയും ബാധിച്ചത്. ഒടുവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽവച്ച് മരണത്തിനു കീഴടങ്ങുകയും ചെയ്തു. അസുഖവിവരമറിഞ്ഞ് ബഹ്‌റൈനിൽനിന്നും ഓടിയെത്തിയ സജീഷിന് കാണാനായത് തന്നിൽനിന്നും അകന്നുപോകുന്ന ലിനിയെയാണ്. രോഗത്തിന്റെ തീവ്രത അടുത്തറിഞ്ഞെന്നോണം ഭർത്താവിനെ മുറിയിൽനിന്നും പറഞ്ഞയക്കുകയായിരുന്നു അവൾ. സജീഷിനോട് അവൾക്ക് അവസാനമായി പറയാനുള്ളത് ഒരു തുണ്ടു കടലാസിൽ പകർത്തി നഴ്‌സിനെ ഏൽപിച്ചാണ് അവൾ മരണത്തിലേക്കു പോയി മറഞ്ഞത്.
പറക്കമുറ്റാത്ത മക്കളെ തന്നെ ഏൽപിച്ച് നിനച്ചിരിക്കാതെ ഒരു ദിവസം അവൾ കടന്നുപോയപ്പോൾ സജീഷ് വല്ലാതെ പതറിപ്പോയി. കുഞ്ഞൂസിനും സിദ്ധുവിനും തുണയാരെന്ന് അയാൾ വ്യാകുലപ്പെട്ടു. മക്കളെക്കുറിച്ച് അവൾ നെയ്തുകൂട്ടിയ നിറമുള്ള സ്വപ്‌നങ്ങളോരോന്നായി അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ലിനി അവസാനമായി എഴുതിക്കൊടുത്ത കുറിപ്പ് എത്ര തവണ വായിച്ചെന്ന് സജീഷിനറിയില്ല. ആ കടലാസിൽ മുഖംതാഴ്ത്തി അയാൾ വിങ്ങിപ്പൊട്ടി. ഉറ്റവരുടെയും ഉടയവരുടെയും സാന്ത്വനം അയാളെ ജീവിതത്തിലേയ്ക്കു തിരിച്ചുനടത്തിക്കുകയായിരുന്നു.
വടകര പുത്തൂർ സ്വദേശിയായ സജീഷും കുറ്റിയാടിക്കാരിയായ ലിനിയും 2012 ലായിരുന്നു വിവാഹിതരായത്. നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ലിനിക്ക് ആതുരശുശ്രൂഷയായിരുന്നു ജീവിതലക്ഷ്യം. വിവാഹശേഷമാണ് സജീഷ് ജോലിക്കായി ബഹറിനിലേയ്ക്കു പോയത്. ആറുവർഷത്തെ ദാമ്പത്യജീവിതം. അതിനിടയിൽ രണ്ടു മക്കളും പിറന്നു. ലിനിയുടെ മരണത്തോടെയാണ് സജീഷ് കുറ്റിയാടിയിലേയ്ക്ക് താമസം മാറിയത്. 
മക്കളെ നന്നായി നോക്കണമെന്നും അവരെ അനാഥരാക്കരുതെന്നുമുള്ള ലിനിയുടെ സ്വപ്‌നങ്ങളാണ് സജീഷ് സാർ്ഥകമാക്കിയത്. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുനിന്ന് മക്കളുടെ കാര്യങ്ങൾ അദ്ദേഹം ഭംഗിയായി നിറവേറ്റി. സൗഹൃദങ്ങൾക്കുപോലും വലിയ സ്ഥാനം നൽകാതെ കുട്ടികളെ പരിപാലിക്കുന്നതിൽ അയാൾ ശ്രദ്ധ ചെലുത്തി. രാവിലെ എഴുന്നേറ്റാൽ കുട്ടികളുടെ കാര്യങ്ങളെല്ലാം നിറവേറ്റിയാണ് ഓഫീസിൽ പോയിരുന്നത്. വൈകുന്നേരം ഓഫീസിൽനിന്നും നേരെ വീട്ടിലേക്ക്. സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുപോലും മക്കൾക്കുവേണ്ടി മാറ്റിവെച്ചു. തനിക്കും ഒരു കൂട്ടുണ്ടായാൽ കൂടുതൽ ആശ്വാസമാകുമെന്ന് പലരും ഉപദേശിച്ചപ്പോഴാണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.
മാത്രമല്ല, ലിനിയുടെ ആഗ്രഹംപോലെ മക്കളെ വിദേശത്തും കൊണ്ടുപോയി. കുഞ്ഞുവിനെയും സിദ്ധുവിനെയും ഖത്തറിലും ബഹ്‌റൈനിലുമെല്ലാം കൊണ്ടുപോയി. നാലാം ക്ലാസുകാരനായ കുഞ്ഞു എന്ന റിതുലിന് പൈലറ്റാവാനാണ് ആഗ്രഹം. അവന്റെ ആഗ്രഹം സഫലമാക്കണം. സിദ്ധു എന്ന സിദ്ധാർഥ് ഒന്നാം ക്സാസിലാണ് പഠിക്കുന്നത്. ഭാവിയിൽ അവന്റെ സ്വപ്‌നങ്ങളും സാർത്ഥകമാക്കണം. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ അഞ്ചരവർഷത്തോളം അക്കൗണ്ടന്റായിരുന്നു സജീഷ്. 

കൊയിലാണ്ടിക്കടുത്ത പന്തലായിനി സ്വദേശിയായ പ്രതിഭയെ ആദ്യമായി കാണുന്നത് കോളേജിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ്. അന്നവർ കോഴിക്കോട് മാനാഞ്ചിറയിലെ ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ എം.എഡ് വിദ്യാർഥിയായിരുന്നു. പ്രതിഭയും വിവാഹമോചിതയായിരുന്നു. പരസ്പരം പരിചയപ്പെട്ടു. നല്ല സുഹൃത്തുക്കളായി. സൗഹൃദം തുടരവേ ഒരു സുഹൃത്താണ് രണ്ടുപേർക്കും ഒന്നിച്ചുകൂടെ എന്നു ചോദിച്ചത്.  പ്രതിഭയും മകളും ജീവിതത്തിലേയ്ക്കു കടന്നുവന്നാൽ മക്കൾക്ക് നല്ലൊരു അമ്മയേയും ചേച്ചിയെയും ലഭിക്കുമെന്ന് സജീഷ് മനസ്സിലാക്കി. ലിനിയെയും മക്കളെയും സജീഷ് എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് പ്രതിഭയ്ക്കും അറിയാമായിരുന്നു. അങ്ങനെയുള്ള ഒരാളുടെ ഭാര്യയാകാൻ പ്രതിഭയും ആഗ്രഹിച്ചു. ഒടുവിൽ വീട്ടുകാരുടെ ഉപദേശം തേടാനായി സജീഷ് ആദ്യമെത്തിയത് ലിനിയുടെ വീട്ടിലായിരുന്നു. അവർക്കും ഈ വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു ആഗ്രഹം. വിവാഹനിശ്ചയം മുതലുള്ള കാര്യങ്ങൾക്കെല്ലാം ആദ്യാവസാനം മുന്നിൽനിന്നതും ലിനിയുടെ വീട്ടുകാരായിരുന്നുവെന്ന് സജീഷ് പറയുന്നു.
2022 ഓഗസ്റ്റ് ഇരുപത്തിയൊൻപതിന് വടകര ലോകനാർകാവിൽവച്ച് സജീഷ് പ്രതിഭയുടെ കഴുത്തിൽ താലി ചാർത്തി. ചടങ്ങിൽ സജീഷിന്റെയും ലിനിയുടെയും പ്രതിഭയുടെയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കുകൊണ്ടത്. കുറ്റിയാടി മുള്ളൻകുന്നിൽ സജീഷും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലേയ്ക്ക് പ്രതിഭയെ കൈപിടിച്ചുകയറ്റിയതും ലിനിയുടെ അമ്മയും സജീഷിന്റെ ചെറിയമ്മയുമായിരുന്നു. സജീഷിന് അമ്മയെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. കടുത്ത രക്തസമ്മർദ്ദത്തെ തുടർന്നുണ്ടായ അസുഖത്താൽ 2009 ലാണ് സജീഷിന്റെ അമ്മ മരണമടയുന്നത്. അമ്മയുടെ മരണശേഷം അച്ഛൻ പുനർവിവാഹം നടത്തിയിരുന്നില്ല. അതാണ് അച്ഛനെ പോലെ മക്കളും തനിച്ചാകരുതെന്ന് ലിനി തന്റെ അവസാനകുറിപ്പിൽ വിശേഷിപ്പിച്ചത്.


സോഷ്യൽ സയൻസിൽ എം.എഡ് ബിരുദധാരിയായ  പ്രതിഭ കൊയിലാണ്ടിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും വിവാഹത്തോടെ അത് ഉപേക്ഷിച്ചിരിക്കുകയാണ്. പേരാമ്പ്രയ്ക്കടുത്തുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ജോലി നോക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഭർത്താവിന്റെയും മക്കളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം. ലിനിയുടെ മരണത്തോടെ വിദേശ ജോലി ഉപേക്ഷിച്ച സജീഷിന് സംസ്ഥാന സർക്കാർ ജോലി നൽകിയിരുന്നു. പന്നിക്കോട്ടൂർ ഹെൽത്ത് സെന്ററിൽ  കഌർക്കായി ജോലി നോക്കുകയാണിപ്പോൾ. അതിനിടയിൽ വീടുപണിയും നടക്കുന്നുണ്ട്. കുറ്റിയാടിക്കടുത്ത മരുതോങ്കരയിലാണ് പുതിയ വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. യാത്രാസൗകര്യത്തിനായി മുള്ളങ്കുന്നിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണിപ്പോൾ.
ലിനിയുടെ ആഗ്രഹംപോലെ സജീഷിന്റെ ജീവിതത്തിലും സന്തോഷം നിറയുകയാണ്. മക്കൾക്ക് അമ്മയെ കിട്ടിയതുപോലെ തനിക്കൊരു മകളെയും കിട്ടിയതായി സജീഷ് പറയുന്നു. മക്കൾക്ക് ഒരു ചേച്ചിയെയും. ദേവപ്രിയയ്ക്ക് അമ്മയോടൊപ്പം കഴിയാനാണ് ആഗ്രഹം. അമ്മയെ പലരും വിവാഹത്തിൽനിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചെങ്കിലും അതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണെന്നു പറഞ്ഞ് വിവാഹത്തെ അനുകൂലിക്കുകയായിരുന്നു ഈ മകൾ. പടത്തുകടവ് ഹോളി ഫാമിലി സ്‌കൂളിൽ പ്‌ളസ് വൺ വിദ്യാർത്ഥിയാണ് ദേവപ്രിയ. സഹപാഠികളോട്് തന്റെ അച്ഛനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണുണ്ടായതെന്ന് സജീഷും പറയുന്നു.
വീടുപണി പൂർത്തിയാക്കുക എന്നതാണ് സജീഷിന്റെ ഇനിയുള്ള സ്വപ്‌നം. ബാങ്കിൽ ലോണിന് അപേക്ഷ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ. പണിതുയർത്തുന്ന സ്‌നേഹക്കൂട്ടിൽ ലിനിയുടെ ഓർമകൾക്കൊപ്പം പുതിയൊരു ജീവിതം സ്വപ്‌നം കാണുകയാണ് ഈ ചെറുപ്പക്കാരൻ.

Latest News