Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: സ്‌പെയിന്‍ സ്‌ട്രൈക്കറെ തേടുന്നു

ബാഴ്‌സലോണ - ലോകകപ്പ് പടിവാതില്‍ക്കലെത്തിയിട്ടും സ്‌പെയിന്‍ പറ്റിയ ഒരു സ്‌ട്രൈക്കറെ തേടുകയാണ്. ഏറ്റവും പുതുതുതായി പരീക്ഷിക്കുന്നത് റയല്‍ ബെറ്റിസ് ഫോര്‍വേഡ് ബോര്‍ഹ ഇഗ്‌ലെസിയാസിനെയാണ്. ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്റിനെയും ചൊവ്വാഴ്ച പോര്‍ചുഗലിനെയും നേരിടുന്ന സ്‌പെയിന്‍ ടീമിന്റെ ആക്രമണം നയിക്കുക ഇഗ്‌ലെസിയാസായിരിക്കും. ഇഗ്‌ലെസിയാസ് ഈ സീസണിലെ സ്പാനിഷ് ലീഗില്‍ ആറു ഗോളടിച്ചു കഴിഞ്ഞു. 
സ്‌പെയിനിന്റെ ഡേവിഡ് വിയയായിരുന്നു യൂറോ 2008 ലെയും 2010 ലെ ലോകകപ്പിലെയും ടോപ്‌സ്‌കോറര്‍. ഫെര്‍ണാണ്ടൊ ടോറസ് 2012 യൂറോയില്‍ ടോപ്‌സ്‌കോററായി. മൂന്നു കിരീടങ്ങളും സ്‌പെയിന്‍ സ്വന്തമാക്കി. പിന്നീടൊരു മികച്ച സ്‌ട്രൈക്കര്‍ സ്‌പെയിനിന് ഉണ്ടായിട്ടില്ല. റൗള്‍ ഗോണ്‍സലസിന്റെയും ഫെര്‍ണാണ്ടൊ മോറിയന്റസിന്റെയും ഓര്‍മകള്‍ മാത്രമുണ്ട് സ്‌പെയിനിനെ ആവേശം കൊള്ളിക്കാന്‍. 2010 ഫൈനലില്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയെസ്റ്റയുടെ ഗോളാണ് സ്‌പെയിനിന് ഒരേയൊരു ലോകകപ്പ് നേടിക്കൊടുത്തത്. പിന്നീട് സ്‌ട്രൈക്കറിലാത്ത 4-6-0 ശൈലിയിലാണ് സ്‌പെയിന്‍ കളിക്കുന്നത്. ബ്രസീലുകാരന്‍ ഡിയേഗൊ കോസ്റ്റയെ വരെ പൗരത്വം മാറ്റി പരീക്ഷിച്ചു നോക്കി. 
എന്തുകൊണ്ടാണെന്നറിയില്ല, കഴിഞ്ഞ ആറ് സ്പാനിഷ് ലീഗ് സീസണില്‍ നാലിലും ടോപ്‌സ്‌കോററായ സ്പാനിഷ് കളിക്കാരനായ ഇയാഗൊ അസ്പാസിനെ കോച്ച് ലൂയിസ് എന്റിക്കെ കണ്ടില്ലെന്നു നടിക്കുകയാണ്. പകരം അല്‍വാരൊ മൊറാറ്റയോടാണ് താല്‍പര്യം കാണിച്ചത്. 

Latest News