Sorry, you need to enable JavaScript to visit this website.

ആശിഖിന്റെ ഗോളില്‍ ഇന്ത്യക്ക് സമനില

ഹോചിമിന്‍ സിറ്റി - വിയറ്റ്‌നാമിലെ ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സിംഗപ്പൂരുമായി ഇന്ത്യ 1-1 സമനില പാലിച്ചു. ഇഖ്‌സാന്‍ ഫന്‍ദിയിലൂടെ മുപ്പത്തേഴാം മിനിറ്റില്‍ സിംഗപ്പൂര്‍ ലീഡ് നേടിയെങ്കിലും ആറു മിനിറ്റിനു ശേഷം മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയന്‍ ഗോള്‍ മടക്കി. 
സിംഗപ്പൂരിന് കിട്ടിയ ഫ്രീകിക്കാണ് ഫന്‍ദി നേരെ വലയിലേക്ക് തൊടുത്തുവിട്ടത്. ഡിഫന്ററുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ പന്ത് ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിനെ കബളിപ്പിച്ചു. ക്രമേണ ഇന്ത്യ ആധിപത്യം നേടി. ജീക്‌സന്‍ സിംഗാണ് സമനില ഗോളിലേക്കുള്ള നീക്കം തുടങ്ങിവെച്ചത്. പന്ത് കിട്ടിയ സുനില്‍ ഛേത്രി ഗോള്‍മുഖത്തേക്ക് കുതിക്കുകയും ആശിഖിലേക്ക് പാസ് ചെത്തിവിടുകയും ചെയ്തു. പ്രതിരോധ നിര കടന്ന ആശിഖിനെ തടയാന്‍ ഗോളി ഹസന്‍ സൂനി മുന്നോട്ടുകയറിയെങ്കിലും മിഡ്ഫീല്‍ഡര്‍ വിരണ്ടുപോകാതെ പന്ത് വലയില്‍ നിക്ഷേപിച്ചു. 
രണ്ടാം പകുതി പ്രധാനമായും ഇന്ത്യയുടേതായിരുന്നു. പക്ഷെ അവസരങ്ങള്‍ ഇന്ത്യക്ക് മുതലാക്കാനായില്ല. കടുത്ത ചൂടും കളിക്കാരെ തളര്‍ത്തി. ഇന്ന് വിയറ്റ്‌നാമിനെ ഇന്ത്യ നേരിടും. 

Latest News