Sorry, you need to enable JavaScript to visit this website.

എട്ടോവര്‍ കളി, ഓസീസിനെ പൊട്ടിച്ച് ഇന്ത്യ

നാഗ്പൂര്‍ - ഗ്രൗണ്ടുണങ്ങാന്‍ സമയമെടുത്തതിനാല്‍ എട്ടോവര്‍ വീതമായിച്ചുരുക്കിയ രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ ആറു വിക്കറ്റിന് തോല്‍പിച്ചു. ഒന്നാന്തരമായി പന്തെറിഞ്ഞും ഫീല്‍ഡ് ചെയ്തും ഓസീസിനെ അഞ്ചിന് 90 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ തുടക്കം മുതല്‍ ആഞ്ഞടിച്ചാണ് ജയം പിടിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 46 നോട്ടൗട്ട്) മുന്നില്‍ നിന്ന് നയിച്ചു. ആദ്യ കളി ഓസീസാണ് ജയിച്ചത്. അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിലാണ്. സ്‌കോര്‍: ഓസ്‌ട്രേലിയ അഞ്ചിന് 90, ഇന്ത്യ 7.2 ഓവറില്‍ നാലിന് 92.
ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും (15 പന്തില്‍ 31) മാത്യു വെയ്ഡുമൊഴികെ (20 പന്തില്‍ 43 നോട്ടൗട്ട്) ഓസീസ് ബാറ്റര്‍മാരെല്ലാം പരാജയമായിരുന്നു. ആദ്യ ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ (4 പന്തില്‍ 5) നല്‍കിയ അവസരം ബൗണ്ടറി ലൈനില്‍ ഓടിപ്പിടിക്കാന്‍ കഴിയാതിരുന്ന വിരാട് കോലി തൊട്ടുപിന്നാലെ ഉശിരന്‍ ഫീല്‍ഡിംഗിലൂടെ ഓപണറെ പുറത്താക്കി. ആദ്യ കളിയിലെ വിജയശില്‍പിയായിരുന്നു ഗ്രീന്‍. ഗ്ലെന്‍ മാക്‌സവെലിനെയും (0) ടിം ഡേവിഡിനെയും (2) അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. ഫിഞ്ചിന്റെ കുറ്റി ബുംറ തെറിപ്പിച്ചു. അഞ്ചോവറില്‍ നാലിന് 46 ലേക്ക് ഓസീസ് തകര്‍ന്നു. എന്നാല്‍ അവസാന മൂന്നോവറില്‍ ഓസീസ് 44 റണ്‍സടിച്ചു. 
മൂന്നു സിക്‌സറോടെ ജോഷ് ഹെയ്‌സല്‍വുഡിന്റെ ആദ്യ ഓവറില്‍ 20 റണ്‍സടിച്ചാണ് രോഹിത് ശര്‍മയും കെ.എല്‍ രാഹുലും (6 പന്തില്‍ 10) തുടങ്ങിയത്. എന്നാല്‍ പുതിയ പന്ത് പങ്കുവെച്ച സ്പിന്നര്‍ ആഡം സാംപ അടുത്ത ഓവറില്‍ രാഹുലിനെ ബൗള്‍ഡാക്കി. രോഹിത് ഒരറ്റത്ത് ആക്രമണം തുടര്‍ന്നെങ്കിലും സാംപ തുടര്‍ച്ചയായ പന്തുകളില്‍ വിരാട് കോലിയെ (6 പന്തില്‍ 11) ബൗള്‍ഡാക്കുകയും സൂര്യകുമാര്‍ യാദവിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയും (9 പന്തില്‍ 9) പുറത്തായെങ്കിലും ദിനേശ് കാര്‍ത്തിക് രണ്ട് പന്തില്‍ 10 റണ്‍സടിച്ച് ഇന്ത്യയെ ലക്ഷ്യം കടത്തി. 


 

 

Latest News