Sorry, you need to enable JavaScript to visit this website.

വിവാദ വീഡിയോകളുമായി പോഗ്ബയുടെ ജ്യേഷ്ഠന്‍

പാരിസ് - ഫ്രഞ്ച് ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ പോള്‍ പോഗ്ബക്കെതിരെ നിരവധി വീഡിയോകളുമായി ജ്യേഷ്ഠന്‍ മതിയാസ് പോഗ്ബ. പോള്‍ സമ്പന്നനായപ്പോള്‍ തങ്ങളെ അവഗണിച്ചുവെന്നും ഫുട്‌ബോള്‍ വിജയങ്ങള്‍ക്കായും എതിരാളികളെ 'നിര്‍വീര്യ'മാക്കാനും പോള്‍ ആഭിചാരക്രിയക്കാരെ സമീപിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. ഫ്രഞ്ച് ടീമിലെ സഹ താരം കീലിയന്‍ എംബാപ്പെക്കെതിരെയും ആഭിചാരക്രിയ ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പി.എസ്.ജിയുടെ കളിയില്‍ എംബാപ്പെയുടെ കളി മോശമാവാന്‍ വേണ്ടിയായിരുന്നു ഇത് -മതിയാസ് ആരോപിച്ചു. മുന്‍ ഫ്രഞ്ച് കളിക്കാരന്‍ ആലു ദിയാറയുമായി അടുത്ത ബന്ധമുള്ളയാളാണ് മന്ത്രവാദി. മുന്‍ പി.എസ്.ജി താരം സെര്‍ജി ഓരിയറാണ് ഇയാളെ പോളിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും മതിയാസ് ആരോപിക്കുന്നു. 
മതിയാസ് ഉള്‍പ്പെട്ട സംഘം പോളില്‍ നിന്ന് 1.3 കോടി യൂറോ തട്ടാന്‍ ശ്രമിച്ചുവെന്നും ഒരു ലക്ഷത്തോളം യൂറോ കൈപ്പറ്റിയെന്നും ഫ്രഞ്ച് അന്വേഷണ സംഘം പറയുന്നു. സ്‌ഫോടനാത്മകമായ വീഡിയൊ കൈവശമുണ്ടെന്ന് നേരത്തെ മതിയാസ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മതിയാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. 
വര്‍ഷങ്ങളായി പോളില്‍ നിന്ന് സംഘം പണം തട്ടിയിരുന്നുവെന്നും അത് നിലച്ചപ്പോഴാണ് വീഡിയോകളുമായി രംഗത്തു വന്നതെന്നും പോലീസ് പറയുന്നു. പോളിന്റെ പണം ഇവര്‍ ബര്‍ഗര്‍ റെസ്റ്ററന്റ് ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പണം നല്‍കുന്നത് നിര്‍ത്തിയത്. അതോടെ ബ്ലാക്ക്‌മെയില്‍ തുടങ്ങുകയായിരുന്നു -പോലീസ് പറയുന്നു. മതിയാസ് യൂറോപ്പിലെ താഴ്ന്ന ലീഗുകളില്‍ കളിച്ചിരുന്നു. ഇരട്ട സഹോദരന്‍ ഫ്‌ളോറന്റീന്‍ എ.ടി.കെ മോഹന്‍ബഗാന്റെ കളിക്കാരനാണ്. 

Latest News