ബെര്‍ലിന്‍ - ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവും ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയറുമായിരുന്ന കാക ബെര്‍ലിന്‍ മാരത്തണില്‍ അരങ്ങേറുന്നു. നാളെയാണ് മത്സരം. റയല്‍ മഡ്രീഡ്, എ.സി മിലാന്‍ ഉള്‍പ്പെടെ ടീമുകള്‍ക്ക് കളിച്ച നാല്‍പതുകാന്‍ 2017 ലാണ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.
കോവിഡുമായുള്ള തന്റെ പിതാവിന്റെ പോരാട്ടമാണ് മാരത്തണില്‍ മത്സരിക്കാന്‍ പ്രചോദനമെന്ന് കാക പറഞ്ഞു. 45 ദിവസം ആശുപത്രിയിലായിരുന്നു അദ്ദേഹം. ഭാഗ്യത്തിന് അദ്ദേഹം ഇപ്പോള്‍ എന്റെ കൂടെയുണ്ട് -കാക പറഞ്ഞു. മാരത്തണില്‍ സഹോദരനും പിതാവും ഒപ്പമുണ്ടാവും. എന്നാല്‍ പിതാവ് ഓടില്ലെന്നും നടക്കുക മാത്രമേ ചെയ്യൂ എന്നും കാക പറഞ്ഞു. എങ്കിലും അദ്ദേഹം കൂടെ വേണമെന്ന് നിര്‍ബന്ധമായിരുന്നു. ഇതൊരു കുടുംബാനുഭവമായിരിക്കും -താരം പറഞ്ഞു.
മാരത്തണ്‍ മത്സരത്തിന് ഏറെ പ്രത്യേകതയുണ്ട്. പ്രൊഫഷനലുകളൊടൊപ്പം തന്നെ അമച്വറുകള്‍ക്കും മത്സരിക്കാം. മികച്ച അത്‌ലറ്റ് ഈ വേഗത്തില്‍ ഓടിയെന്നും ഞാന്‍ ഈ വേഗത്തിലായിരുന്നുവെന്നും എനിക്ക് പറയാനാവും. നാലു മണിക്കൂറില്‍ താഴെ ഫിനിഷ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും മൂന്നു മണിക്കൂര്‍ 40 മിനിറ്റില്‍ ഫിനിഷ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഫുട്‌ബോളര്‍ വ്യക്തമാക്കി.