Sorry, you need to enable JavaScript to visit this website.

ടിക്കറ്റിനായി വീണ്ടും തല്ല്, ന്യായീകരിച്ച് അസ്ഹര്‍

ഹൈദരാബാദ് - ഞായറാഴ്ച നടക്കേണ്ട ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ടിക്കറ്റിനായി ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടില്‍ വീണ്ടും ആരാധകരുടെ തള്ളിക്കയറ്റം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലരും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി. പേടിഎമ്മിലൂടെ ടിക്കറ്റിന് വില നല്‍കിയവരാണ് ടിക്കറ്റ് കോപ്പി കിട്ടാനായി ജംഖാന ഗ്രൗണ്ടില്‍ തടിച്ചുകൂടിയത്. തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സമര്‍പ്പിച്ച് ടിക്കറ്റ് കോപ്പി വാങ്ങണമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ അറിയിപ്പ് അനുസരിച്ചാണ് അവര്‍ വന്നത്. ഗ്രൗണ്ടിലേക്ക് കടത്താതെ പലരെയും പോലീസ് തടഞ്ഞു. പിന്നീട് പേടിഎം പ്രതിനിധികളെത്തിയാണ് ടിക്കറ്റ് വിതരണം ചെയ്തത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെ എത്തിയ നിരവധി പേരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. 
ഓണ്‍ലൈനായും ഓഫ്‌ലൈനായും എത്ര ടിക്കറ്റുകള്‍ വില്‍ക്കുന്നുവെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കാനായില്ല. ടിക്കറ്റിനായി ആയിരങ്ങള്‍ എത്തിയിരുന്നുവെങ്കിലും രണ്ട് കൗണ്ടറുകളേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ തെലങ്കാന സ്‌പോര്‍ട്‌സ് മന്ത്രി വി. ശ്രീനിവാസ് ഗൗഡ് വിളിപ്പിച്ചു. 
എന്നാല്‍ സംഭവങ്ങള്‍ക്ക് അസോസിയേഷന്‍ ഉത്തരവാദികളല്ലെന്ന് അസ്ഹര്‍ ന്യായീകരിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവിടെ രാജ്യാന്തര ക്രിക്കറ്റ് നടക്കുന്നത്. എല്ലാവരും കളി കാണണമെന്നു വെച്ചാല്‍ അത് നടപ്പുള്ള കാര്യമല്ല. പരിക്കേറ്റ എല്ലാവരുടെയും ചികിത്സ അസോസിയേഷന്‍ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അറിയിച്ചു. വ്യാഴാഴ്ച പതിനഞ്ചായിരത്തിലേറെ പേരാണ് ടിക്കറ്റിനായി തടിച്ചുകൂടിയത്. 

Latest News