Sorry, you need to enable JavaScript to visit this website.

നീമാന്‍ ചതിയനാണോ?  മനസ്സ് തുറക്കാതെ കാള്‍സന്‍

പാരിസ് - ഹാന്‍സ് നീമാനെ സംശയനിഴലില്‍ നിര്‍ത്തി ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനുമായുള്ള ചെസ് മത്സരത്തില്‍ നിന്ന് വീണ്ടും പിന്മാറി. ജൂലിയസ് ബയര്‍ ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ ഒരു കരു നീക്കിയ ശേഷമാണ് കാള്‍സന്‍ പിന്മാറിയതും മത്സരം അടിയറ വെച്ചതും. ഈ മാസം രണ്ടാം തവണയാണ് ഇത് സംഭവിക്കുന്നത്. സെയ്ന്റ് ലൂയിയിലെ സിന്‍ക്വെഫീല്‍ഡ് കപ്പില്‍ വെള്ളക്കരുക്കളുമായി കളിച്ച കാള്‍സനെ നീമാന്‍ അട്ടിമറിച്ചിരുന്നു. 2013 മുതല്‍ ലോക ചാമ്പ്യനായ കാള്‍സനെക്കാള്‍ 200 എലൊ പോയന്റ് പിന്നിലാണ് നീമാന്‍. ഇതിനു മുമ്പ് വെള്ളക്കരുവുമായി കളിച്ച കാള്‍സന്‍ അവസാനം തോറ്റത് 2020 ഒക്ടോബറിലാണ്, ആര്‍മീനിയയുടെ ലെവോണ്‍ ആരോണിയനോട്. 
നീമാനോട് തോറ്റ ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ കാള്‍സന്‍ കാരണമൊന്നും വ്യക്തമാക്കിയില്ല. എന്നാല്‍ ഫുട്‌ബോള്‍ കോച്ച് ജോസെ മൗറിഞ്ഞോയുടെ ഒരു പഴയ പ്രസ്്താവന ട്വീറ്റ് ചെയ്തു -'സംസാരിച്ചാല്‍ ഞാന്‍ വലിയ കുഴപ്പത്തിലാവും'.
നീമാന്‍ കള്ളക്കളി കളിക്കുകയാണെന്ന ഊഹാപോഹമാണ് അത് സൃഷ്ടിച്ചത്. അമേരിക്കയുടെ തന്നെ ചെസ് ഗ്രാന്റ്മാസ്റ്റര്‍ ഹികാരു നകാമുറ ഉള്‍പ്പെടെയുള്ളവര്‍ പത്തൊമ്പതുകാരനെതിരെ രംഗത്തെത്തി. എന്നാല്‍ ഏതെങ്കിലും കളിക്കാരന്‍ കള്ളക്കളി കളിക്കുന്നതിന്റെ യാതൊരു തെളിവുമില്ലെന്ന് ടൂര്‍ണമെന്റ് സംഘാടകര്‍ പ്രഖ്യാപിച്ചു. 
ഓണ്‍ലൈന്‍ മത്സരത്തില്‍ വഞ്ചന കാണിച്ചതിന് നീമാന്‍ നേരത്തെ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില അനൗദ്യോഗിക മത്സരങ്ങളില്‍ കള്ളക്കളി കളിച്ചിട്ടുണ്ടെന്ന് യുവ താരം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക മത്സരങ്ങളില്‍ വഞ്ചന കാണിച്ചിട്ടില്ലെന്നും നഗ്നനായി മത്സരത്തിന് വരാന്‍ പറഞ്ഞാല്‍ അതിനും തയാറാണെന്നും നീമാന്‍ പ്രഖ്യാപിച്ചു. ഒരു ഇലക്ട്രോണിക് ട്രാന്‍സ്മിഷന്‍ ഇല്ലാത്ത ബോക്‌സിലിരുന്ന് കളിക്കാനും റെഡിയാണെന്ന് താരം പറഞ്ഞു.
പുതിയ പിന്മാറ്റത്തെക്കുറിച്ച് കാള്‍സന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: എനിക്ക് അതെക്കുറിച്ച് പറയാനാവില്ല. ആളുകള്‍ക്ക് അവരുടേതായ ധാരണയിലെത്താം. നീമാന്റെ പ്രകടനത്തിലും അദ്ദേഹത്തിന്റെ കോച്ച് മാക്‌സിം ഡലൂജിയുടെ കഴിവിലും എനിക്ക് അദ്ഭുതം തോന്നുന്നു. നീമാന്‍ വഞ്ചന കാണിക്കുകയാണോയെന്ന് സംശയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതെക്കുറിച്ച് പറയാനാവില്ലെന്നായിരുന്നു മറുപടി. 
ആവേശം നഷ്ടപ്പെട്ടതിനാല്‍ 2023 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നില്ലെന്ന് ഈയിടെ കാള്‍സന്‍ പ്രഖ്യാപിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനായി റഷ്യയുടെ ഇയാന്‍ നെപോംനിയാചിയും ചൈനയുടെ ഡിംഗ് ലിറനുമാണ് ഏറ്റുമുട്ടുക.

Latest News