ഫെദരറുടെ അവസാന മത്സരം വെള്ളിയാഴ്ച

ലണ്ടന്‍ - റഫായേല്‍ നദാലിനൊപ്പം ലാവര്‍ കപ്പില്‍ ഡബ്ള്‍സ് കളിച്ച് ഇന്ന് രാത്രി റോജര്‍ ഫെദരര്‍ ടെന്നിസ് കോര്‍ടുകളോട് വിട ചോദിക്കും. ടീം വേള്‍ഡിന്റെ ഫ്രാന്‍സിസ് തിയാഫൂ-ജാക്ക് സോക്ക് ടീമിനെയാണ് അവര്‍ നേരിടുക. ഫെദരറുടെ തന്നെ മാനേജ്‌മെന്റ് സംഘം തുടങ്ങിയതാണ് ലാവര്‍ കപ്പ്. 
മത്സരത്തിന് മുന്നോടിയായി ടെന്നിസിലെ ബിഗ് ഫോറായ ഫെദരറും നദാലും നോവക് ജോകോവിച്ചും ആന്‍ഡി മറെയും ഒത്തുചേര്‍ന്നു. നാലു പേരും ചേര്‍ന്ന് 66 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് നേടിയത്. 
അവസാന മത്സരത്തിന്റെ വൈകാരികത നേരിടാനാവുമോയെന്ന് അറിയില്ലെന്നും ശ്രമിക്കുക മാത്രമേ ചെയ്യാനാവൂ എന്നും നാല്‍പത്തൊന്നുകാരന്‍ പറഞ്ഞു. 20 ഗ്രാന്റ്സ്ലാമുകളുള്‍പ്പെടെ 103 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെദരര്‍. പരിക്ക് കാരണം ഒരു വര്‍ഷത്തിലേറെയായി ഫെദരര്‍ വിട്ടുനില്‍ക്കുകയാണ്. 2021 ജൂലൈയില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനം കളിച്ചത്. ഹ്യൂബര്‍ട് ഹുര്‍കാസിനോട് തോറ്റു. ഫെദരറും നദാലും 2017 ലെ ലാവര്‍ കപ്പില്‍ ഡബ്ള്‍സ് കളിച്ചിരുന്നു. ഫെദരറെ ടി.വിയില്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും പിന്നീട് തങ്ങള്‍ തമ്മില്‍ അമ്പരപ്പിക്കുന്ന പല മത്സരങ്ങളും കളിക്കാനായെന്നും നദാല്‍ പറഞ്ഞു. ആ പോരാട്ടങ്ങളെല്ലാം സൗഹാര്‍ദ്ദപരമായിരുന്നു എന്നതില്‍ അഭിമാനിക്കുന്നു. അവസാന മത്സരം റോജറിന് മാത്രമല്ല എനിക്കും പ്രയാസകരമായിരിക്കും. എന്റെ കരിയറിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് വിട പറയുന്നത് -നദാല്‍ പറഞ്ഞു.
 

Latest News