ഖത്തര്‍ വേള്‍ഡ് കപ്പ് കാണാന്‍ ജിദ്ദയില്‍നിന്ന് കാല്‍നടയായി സൗദി പൗരന്‍

ദോഹ- അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകപ്പ് കാണാന്‍ ജിദ്ദയില്‍നിന്ന് കാല്‍നടയായി ദോഹയിലേക്ക് പുറപ്പെട്ട സൗദി പൗരന്‍ വാര്‍ത്തകളില്‍. കഴിഞ്ഞ ഒമ്പതിനാണ് സൗദി സഞ്ചാരിയായ അബ്ദുല്ല അല്‍സലാമി ഏകദേശം രണ്ട് മാസമെടുക്കുന്ന ഖത്തറിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചത്.

1,600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുമെന്ന് അല്‍ സലാമി  ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.  ട്വിറ്റര്‍ അക്കൗണ്ടില്‍ തന്റെ യാത്രയുടെ തുടക്കം മുതല്‍ സ്‌നാപ്ചാറ്റില്‍ രേഖപ്പെടുത്തിയ വിവിധ സ്ഥലങ്ങളുടെയും സ്‌റ്റേഷനുകളുടെയും നിരവധി വീഡിയോകള്‍ പ്രസിദ്ധീകരിച്ചു.

വ്യത്യസ്തവും വിചിത്രവുമായ ഒരു സാഹസികതയായിരിക്കും ഈ നടത്തം. ഓസ്‌ട്രേലിയ, മെക്‌സിക്കോ തുടങ്ങിയ മറ്റു നിരവധി രാജ്യങ്ങളില്‍ ഉണ്ടായ എന്റെ അനുഭവങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തം. കാരണം എന്റെ രാജ്യത്തിലൂടെയും നാട്ടുകാരുടെ ഇടയിലൂടെയുമാണ് ഞാന്‍ നടക്കുന്നത്. നിരവധി ഗോത്രങ്ങളെ കാണുകയും ചെയ്യും.
സൗദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകള്‍ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയില്‍ ഉറങ്ങാന്‍ ചെറിയ ടെന്റും അല്‍ സലാമി തന്റെ ബാഗില്‍ കരുതിയിട്ടുണ്ട്.
യാത്രയുടെ വിവരങ്ങള്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഏകദേശം 60 ദിവസത്തിനുള്ളില്‍ ദോഹയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍സലാമി പറഞ്ഞു. കാല്‍പന്തുകളിയാരാധകരില്‍ ഏറെ ആവേശം നിറച്ച് നവംബര്‍ 22 ന് ഉച്ചയ്ക്ക് 1 മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ നേരിടുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ ഈ സാഹസിക യാത്രികനുമുണ്ടാകും.

 

Latest News