Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി മാർക്കറ്റിൽ കണ്ണുനട്ട് ബോളിവുഡ്

സൗദി അറേബ്യയിൽ തിേയറ്ററുകളിലെ സിനിമാ പ്രദർശനത്തിന് തുടക്കം കുറിച്ചതോടെ ഏറ്റവും വലിയ പ്രതീക്ഷ ബോളിവുഡിന്. അറബി, ഇംഗ്ലീഷ് സിനിമകളേക്കാൾ സൗദിയിലെ സ്വദേശികളും വിദേശികളുമായ സിനിമാ ആസ്വാദകരുടെ പ്രധാന ആകർഷണം ബോളിവുഡ് സിനിമകളാണെന്നതാണ് കാരണം. തുടക്കത്തിൽ ഹോളിവുഡ് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നതെങ്കിലും, കാലക്രമേണ ബോളിവുഡ് ചിത്രങ്ങളും എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യയിലെ സിനിമാ വ്യവസായം. അവ സൗദിയിലെ തിയേറ്ററുകളെ കീഴടക്കാൻ അധികകാലം വേണ്ടിവരില്ലതാനും. ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും ഋത്വിക് റോഷനും ഐശ്വര്യ റായിയും ദീപിക പദുകോണുമെല്ലാം അറബ് സിനിമ പ്രേക്ഷകർക്കിടയിലും സൂപ്പർ താരങ്ങളാണ്.
ഇപ്പോൾ തന്നെ ചാനലുകളിലൂടെയും, ഇന്റർനെറ്റിലൂടെയും ബോളിവുഡ് സിനിമകൾക്ക് സൗദിയിൽ നല്ല പ്രചാരമുണ്ട്. ബോളിവുഡ് സിനിമകളും ഹിന്ദി സീരിയലുകളും 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന അര ഡസൻ സൗദി ചാനലുകളെങ്കിലുമുണ്ട് നിലവിൽ. ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലയിലാവട്ടെ, അവയുടെ എണ്ണം നാൽപതിലേറെയാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ സംപ്രേഷണം ചെയ്യാൻ ഈ ചാനലുകൾ മത്സരിക്കുന്നു. പ്രേക്ഷകരില്ലാതെ ചാനലുകൾ ഈ മത്സരത്തിനിറങ്ങില്ലല്ലോ. 

റിയാദിലെ തിേയറ്ററിൽ ആദ്യ സിനിമാ പ്രദർശനം കാണാനെത്തിയ പ്രേക്ഷകർ
 


ഏപ്രിൽ 18 ന് സൗദിയിൽ ആദ്യമായി ആധുനിക സിനിമാ തിേയറ്ററിൽ ആദ്യ പ്രദർശനം നടന്നതോടെ ബോളിവുഡിന് മുന്നിൽ വലിയൊരു വിപണിയാണ് തുറന്നിരിക്കുന്നത്. പ്രതിവർഷം 100 കോടി റിയാൽ ആണ് സൗദിയിലെ തിേയറ്ററുകളിൽനിന്ന് തുടക്കത്തിൽ പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടിയേക്കും. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും നല്ലൊരു വരുമാനമായിരിക്കും ഇത്. 
അമേരിക്കൻ സിനിമാ പ്രദർശന കമ്പനിയായ എ.എം.സി എന്റർടൈൻമെന്റിനാണ് സൗദി അറേബ്യയിൽ തിേയറ്ററുകളിൽ നിർമിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളത്. ഇത് പ്രകാരം റിയാദിൽ നിർമിച്ച തിേയറ്ററിൽ ഈ മാസം 18 ന് കുടുംബ പ്രേക്ഷകർക്കു മുന്നിൽ ആദ്യ പ്രദർശനം നടന്നു. ഈ വർഷമാദ്യം പുറത്തിറങ്ങിയ ഹോളിവുഡ് ബ്ലോക്ബസ്റ്റർ 'ബ്ലാക്ക് പാന്തർ' ആയിരുന്നു ഉദ്ഘാടന ചിത്രം. 
അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 15 നഗരങ്ങളിൽ 40 തിേയറ്ററുകൾ സ്ഥാപിക്കാനാണ് എ.എം.സി എന്റർടൈൻമെന്റിന് ലൈസൻസ് നൽകിയിട്ടുള്ളത്. വൈകാതെ മറ്റ് അന്താരാഷ്ട്ര തിേയറ്റർ കമ്പനികളും സൗദിയിലെത്തും. കൂടാടെ പ്രമുഖ ഷോപ്പിംഗ് മാളുകളിലെല്ലാം തിേയറ്റർ സമുച്ചയങ്ങളും വരും. ഇതോടെ രാജ്യത്തെ സിനിമാ പ്രദർശന വ്യവസായം വിപുലമാകുമെന്നാണ് പ്രതീക്ഷ. സൗദി വിപണി വളരെ വിപുലമാണെന്ന് ഇൻഫർമേഷൻ മന്ത്രി അവദ് അൽഅവദ് പറയുന്നു.
ജി.സി.സിയിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയിലും സൗദിയിലെ വിപണി സാധ്യത വലുതാണ്. സ്വദേശികളും വിദേശികളുമടക്കം മൂന്ന് കോടിയിലേറെയാണ് ജനസംഖ്യ. ഇതിൽ നല്ലൊരു പങ്കും 25 വയസ്സിൽ താഴെയുള്ളവരാണ്.

തിയേറ്ററിന് പുറത്ത്  ടിക്കറ്റ് എടുക്കുന്നവർ


വിദേശികളിൽ ഒന്നാം സ്ഥാനത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണെന്നതും ബോളിവുഡിന്റെ സാധ്യത വർധിപ്പിക്കുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യക്കാരും മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും അറബ് രാജ്യങ്ങളിൽനിന്നുള്ളവരും ബോളിവുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്.
വിദേശികൾ എത്രത്തോളം തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടുമെന്നത് ടിക്കറ്റ് നിരക്കിനെ ആശ്രയിച്ചിരിക്കും. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള നിരക്കായ 60 റിയാൽ ഏതായാലും അവർക്ക് അത്ര ആകർഷകമല്ല.
തിയേറ്ററുകളുടെ എണ്ണം കൂടുന്നതോടെ മലയാള സിനിമകളും സൗദിയിൽ എത്തിയേക്കും. പ്രത്യേകിച്ചും റിയാദ്, ജിദ്ദ, ദമാം പോലുള്ള വൻ നഗരങ്ങളിൽ ലക്ഷക്കണക്കിന് മലയാളികളുള്ള സാഹചര്യത്തിൽ.

Latest News