Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

സോപാനസംഗീതത്തിലെ ആശാനാദം

ആശാ സുരേഷ്
ഭാരതീയ വിചാരകേന്ദ്രത്തിന്റെ യുവമന്ഥൻ പുരസ്‌കാരം ആശാ സുരേഷ് ഏറ്റുവാങ്ങുന്നു.
ഞെരളത്ത് രാമപ്പൊതുവാളിന്റെ ഓർമ്മയ്ക്കായി ഞെരളത്ത് കലാശ്രമത്തിന്റെ സോപാനവാനമ്പാടി പുരസ്‌കാരം ആശാ സുരേഷ് ഏറ്റുവാങ്ങുന്നു.
ആശാ സുരേഷ് കുടുംബത്തോടൊപ്പം.

 


പുരുഷന്മാർ മേൽക്കോയ്മയായി കൊണ്ടുനടന്നിരുന്ന സോപാന സംഗീതത്തിൽ ആലാപനമാധുരിയാൽ സ്വന്തമായ ഇടം നേടിയിരിക്കുകയാണ് ആശാ സുരേഷ് എന്ന പെൺകുട്ടി. ക്ഷേത്രകലകളുടെ ഈറ്റില്ലമായ സാമഗ്രാമം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ നിന്നാണ് ആശയുടെ വരവ്. കഥകളിക്ക് പുതിയ മാനങ്ങൾ നൽകിയ ഉണ്ണായിവാരിയർ സ്മാരക കലാനിലയവും കൂടിയാട്ടത്തെ വിശ്വത്തോളമുയർത്തിയ അമ്മന്നൂർ മാധവചാക്യാരുടെ അമ്മന്നൂർ ഗുരുകുലവും സംഗമിക്കുന്ന കൂടൽമാണിക്യ ക്ഷേത്രനഗരിയിൽ പിച്ചവെച്ചാണ് ആശ തന്റെ കലാജീവിതം ആരംഭിക്കുന്നത്. 

കലാപാരമ്പര്യം വിളിച്ചോതുന്ന ഇരിങ്ങാലക്കുടയുടെ മണ്ണിലാണ് ഇടയ്ക്ക കൊട്ടിപ്പാടി സോപാന സംഗീതത്തെ വിശ്വത്തോളം ഉയർത്തി ഒരു പെൺകുട്ടി ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇരിങ്ങാലക്കുട ക്രൈസ്്റ്റ് കോളേജിൽനിന്നും ധനതത്വശാസ്ത്രത്തിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഈ കലാകാരി. സോപാന സംഗീത അവതരണത്തിലൂടെ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്. സമർപ്പിത തേജസ്സോടെയുള്ള ഉപാസനയാണ് തന്നെ ഈ രംഗത്ത് നിലയുറപ്പിച്ചുനിർത്തുന്നതെന്ന് ആശ പറയുന്നു.

സോപാന സംഗീത രംഗത്തേയ്ക്കുള്ള വരവ്

കുട്ടിക്കാലംതൊട്ടേ കൂടൽമാണിക്യം ക്ഷേത്രത്തിലെ നിത്യസന്ദർശകയാണ്. അന്നുതൊട്ടേ ക്ഷേത്രത്തിലെ ഇടയ്ക്ക വാദനം ഏറെ ആകർഷിച്ചിരുന്നു. ഇടയ്ക്കയുടെ സൗന്ദര്യമായിരുന്നു കൗതുകം. ആകർഷകമായ രൂപവും അതിൽ തൂക്കിയിട്ടിരിക്കുന്ന അറുപത്തിനാല് പൊടിപ്പുകളുടെ കുലകളും ഏറെ ആകർഷിച്ചു. ഓരോ പൊടിപ്പും ഓരോ കലയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. ഭാരതീയ സിദ്ധാന്തമനുസരിച്ച് കലകളെ അറുപത്തിനാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഗീതം, വാദ്യം, നൃത്ത്യം, നാട്യം എന്നിങ്ങനെ പോകുന്നു അതിന്റെ ക്രമം. കുട്ടിക്കാലത്തത് തോന്നിയ അഭിനിവേശമായിരുന്നു ഇടയ്ക്ക കൊട്ടിപ്പാടണമെന്നത്. മാതാപിതാക്കളുടെ സമ്മതം ലഭിച്ചതോടെ പരിശീലനവും ആരംഭിച്ചു.

ഗുരുക്കന്മാർ

ഒൻപതാം വയസ്സിലാണ് ഇടയ്ക്ക പഠിക്കാൻ തുടങ്ങിയത്. ഇരിങ്ങാലക്കുടയിലെ പി. നന്ദകുമാർ മാരാരുടെ ശിഷ്യയായി. പഠിക്കാനെത്തിയവരിൽ പെൺകുട്ടിയായി ഞാൻ മാത്രം. സഹപാഠികളെല്ലാം തന്നേക്കാൾ മുതിർന്ന ആൺകുട്ടികളായിരുന്നു. ഇവർക്കിടയിലേയ്ക്ക് ഒരു പെൺകുട്ടി ഇടയ്ക്ക പഠിക്കാനെത്തിയപ്പോൾ എല്ലാവർക്കും അദ്ഭുതം. സ്‌കൂൾ വിട്ടുവന്നാൽ ഇടയ്ക്കയുടെ ബാലപാഠങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. വൈകുന്നേരമായിരുന്നു ക്ലാസ്. ഒരു വർഷത്തോളം കൈവഴക്കത്തിനായി ചതുരക്കട്ടയിൽ കൊട്ടിപ്പഠിച്ചു. സാധകം പൂർണ്ണമായി എന്നു തോന്നിയതിനാലാവാം ഒരു ദിവസം ഗുരു ഇടയ്ക്കയെടുത്ത് എന്റെ ചുമലിൽ തൂക്കിത്തന്നു. ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം കൊട്ടിത്തുടങ്ങി.

ഒരു പെൺകുട്ടി എന്ന നിലയിൽ ഈ രംഗത്ത് അവഗണനകൾ നേരിടേണ്ടിവന്നിട്ടുണ്ടോ?

ഇതുവരെ ഒരു അവഗണനയും നേരിടേണ്ടിവന്നിട്ടില്ല. ഒരു പെൺകുട്ടി എന്ന നിലയിൽ ഈ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടേയുള്ളു. നേരത്തെ പെൺകുട്ടികൾ ഈ രംഗത്തേയ്ക്കു കടന്നുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സ്ത്രീകൾ പഠിക്കാൻ തയ്യാറല്ലാതിരുന്നതുകൊണ്ടാണ് ഈ രംഗത്ത് സ്ത്രീസാന്നിധ്യമില്ലാതിരുന്നത്. ക്ഷേത്ര ചടങ്ങുകളുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് മാത്രമേ പരിപാടികൾ അവതരിപ്പിക്കാറുള്ളു.

താങ്കളെപ്പോലുള്ള യുവജനങ്ങളുടെ കടന്നുവരവ് മറ്റുള്ളവർക്ക് പ്രചോദനമായിട്ടുണ്ടോ

തീർച്ചയായും. എന്റെ വരവ് പലർക്കും പ്രചോദനമായിട്ടുണ്ടെന്ന് അവർ നേരിട്ട് പറഞ്ഞിട്ടുണ്ട്. ചിലർ നവമാധ്യമങ്ങളിലൂടെയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കേൾക്കുമ്പോൾ ഏറെ സന്തോഷമാണ് തോന്നിയത്. എന്നേക്കാൾ പ്രായമായവരും കുട്ടികളും എന്റെ സോപാനസംഗീതം കേട്ട് ഈ രംഗത്തേയ്ക്കു കടന്നുവന്നിട്ടുണ്ട്. ലോക് ഡൗൺ കാലത്താണ് സോഷ്യൽ മീഡിയയിലൂടെ സോപാനസംഗീതം യുവതലമുറയ്ക്കായി അവതരിപ്പിച്ചത്. ചില കീർത്തനങ്ങൾ പാടി ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് ചില ക്ഷേത്രങ്ങളിൽനിന്നും അവരുടെ ഫേസ് ബുക്ക് പേജിൽ സോപാനസംഗീതം അവതരിപ്പിക്കാമോ എന്നു ചോദിച്ച് വിളിക്കാറുണ്ടായിരുന്നു. ഇരുനൂറിലേറെ ഫേസ് ബുക്ക് പേജുകളിൽ സോപാനസംഗീതം ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നൂറോളം ക്ഷേത്രങ്ങളിലും സോപാന സംഗീതം ആലപിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

സോപാനസംഗീതം പോലുള്ള ക്ഷേത്രകലകൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ

സോപാനസംഗീതം എന്നാൽ ക്ഷേത്രത്തിന്റെ പടികളിൽനിന്നു പാടുക എന്നാണ് അർഥം.  എന്നാൽ സോപാനസംഗീതം ഉൾപ്പെടെയുള്ള പല കലകൾക്കും മതിയായ അംഗീകാരം ലഭിക്കുന്നില്ല. പുതിയ തലമുറയ്ക്ക് ഗ്ലാമർ കലാരൂപങ്ങളോടാണ് താല്പര്യം. സോപാനസംഗീതത്തെ ഇനിയും ജനകീയമാക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിയായതുകൊണ്ടാണ് എനിക്ക് ശ്രദ്ധ ലഭിക്കുന്നത്. എന്നാൽ എന്നേക്കാൾ നന്നായി സോപാനസംഗീതം ഉപാസിച്ചുകഴിയുന്ന നിരവധി പേരുണ്ട്. അവർക്കൊന്നും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. ഗുരു രാമപൊതുവാളിന്റെ മകനായ ഹരിഗോവിന്ദനാണ് ഈ ക്ഷേത്രകലയെ ജനകീയമാക്കുവാൻ ഏറെ ശ്രമങ്ങൾ നടത്തിവരുന്നത്. ഈ രംഗത്ത് അറിയപ്പെടാതെ പോകുന്ന ഒട്ടേറെ കലാകാരന്മാരുണ്ട്. അവരെ ഉയർത്തിക്കൊണ്ടുവരണം. മാത്രമല്ല, ഇടയ്ക്കയെ ഒരു സംഗീതം ഉപകരണമായി അംഗീകരിക്കണമെന്നാണ് ഈ രംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്.

സംഗീത പാരമ്പര്യമുള്ള കുടുംബമാണോ. വീട്ടുകാരുടെ പിന്തുണ

സംഗീതപാരമ്പര്യമുള്ള കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അച്ഛൻ സുരേഷ് കുമാർ മർച്ചന്റ് നേവിയിൽനിന്നും വിരമിച്ചതാണ്. അമ്മ രാജലക്ഷ്മി വീട്ടമ്മയും ചേട്ടൻ അർജുൻ ഫാർമസിസ്റ്റുമാണ്. എല്ലാവരും കലാസ്‌നേഹികളാണ്. ഇവരുടെയെല്ലാം പിന്തുണയാണ് എന്നെ ഇവിടെവരെയെത്തിച്ചത്്. ഈ അടുത്ത കാലത്തായി അച്ഛൻ മൂന്നു നാലു കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. എന്റെ ആലാപനം കേട്ടിട്ടാണ് അച്ഛൻ ഈ കീർത്തനങ്ങൾ എഴുതിയത്. മാത്രമല്ല, ചെണ്ടയിൽ തായമ്പകയും പഞ്ചാരിമേളവും നടത്തിയിട്ടുണ്ട്. ചെണ്ടയിൽ ഇരിങ്ങാലക്കുട രാജീവ് വാര്യരാണ് ഗുരു. മാത്രമല്ല,  അക്ഷരശ്‌ളോകം, നാരായണീയം, ക്ലാസിക്കൽ നൃത്തം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.  2019 ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകമായിരുന്നു. ഗുരുവായൂർ ദേവസ്വം വർഷംതോറും നടത്തിവരാറുള്ള അഖില കേരള നാരായണീയ ദശകപാഠ മത്സരത്തിൽ തുടർച്ചയായി പതിനൊന്നുവർഷം ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്തുന്ന അക്ഷരശ്‌ളോകമത്സരത്തിൽ സുവർണ്ണമുദ്രയും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അക്ഷരശ്‌ളോകത്തിൽ തുടർച്ചയായി നാലുതവണ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പരമ്പരാഗതരീതിയിൽനിന്നും മാറി ജനകീയ സദസ്സുകളിൽ സോപാനസംഗീതം അവതരിപ്പിച്ച ഞെരളത്ത് രാമപൊതുവാളിന്റെ വഴിയാണ് പിന്തുടരുന്നത്. ജനഹിത സോപാനം എന്ന ശൈലി ആവിഷ്‌കരിച്ചത് പൊതുവാളാണ്. സോപാനസംഗീതത്തെ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിൽ ഒരുപരിധിവരെ മുന്നേറാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. പാരമ്പര്യത്തിൽനിന്നും അപ്പാടെ വ്യതിചലിക്കാതെയുള്ള ചില പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.
ജീവിതാവസാനംവരെ സോപാനസംഗീതം തുടരണമെന്നാണ് മോഹം. എന്നാൽ കോവിഡിനെപ്പോലുള്ള മഹാമാരികൾ കലാകാരന്മാർക്ക് വിനയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ഥായിയായ വരുമാനം ലഭിക്കുന്ന ഒരു ജോലി നേടണമെന്ന മോഹവും മനസ്സിലുണ്ട്. അധ്യാപനമാണ് ഏറെയിഷ്ടം. അതിനായി ബി എഡിന് ചേരാനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. ജോലിയോടൊപ്പം കലാരംഗത്തും തുടരണമെന്നാണ് ലക്ഷ്യമിടുന്നത്.
 

മാണിക്യകളഭം

പരമ്പരാഗതരീതി കൈവിടാതെ സ്വന്തമായ ശൈലിയിൽ ചില കീർത്തനങ്ങൾ ആലപിക്കണമെന്ന സ്വപ്‌നമാണ് ആനയെ ആസ്പദമാക്കി ഒരു സോപാനസംഗീത ആൽബം ചിട്ടപ്പെടുത്താനുള്ള പ്രേരണയായത്്്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉദ്യമം. ഇടയ്ക്കയിൽ വ്യക്തികളെയോ മൃഗങ്ങളെയോ സ്തുതിച്ച് പാടാൻ പാടില്ല എന്നാണ് ഗുരുക്കന്മാർ പകർന്നുനൽകിയ പാഠം. എന്നാൽ മാണിക്യകളഭം എന്നു പേരു നൽകിയ സംഗീത ആൽബത്തിൽ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആനയായ മേഘാർജുനനെ വിവരിച്ചാണ് കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗമേശ്വരനോട് ആനയെ സംരക്ഷിക്കണമെന്നു പറഞ്ഞാണ് ആൽബം അവസാനിപ്പിക്കുന്നത്. അച്ഛനാണ് ഈ കീർത്തനം എഴുതിയത്.


അംഗീകാരങ്ങൾ

ഞെരളത്ത് രാമപ്പൊതുവാളിന്റെ ഓർമ്മയ്ക്കായി ഞെരളത്ത് കലാശ്രമത്തിന്റെ സോപാനവാനമ്പാടി എന്ന പുരസ്‌കാരമാണ് ഈയിടെ ലഭിച്ചത്. കൂടാതെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ യുവമന്ഥൻ പുരസ്‌കാരം, റെഡ് ശക്തി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.


,

 

Latest News