Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ഇന്നോവയിൽ വെർട്ടിക്കലായി ഇരുത്തി നമുക്ക് അവയെ സ്‌നേഹിക്കാം 

കോഴിക്കോട്-കണ്ണൂർ ദേശീയ പാതയ്ക്കരികിലായിരുന്നു പണ്ട് മാഹിയിലെ മഹാത്മാ ഗാന്ധി കോളജ്. പഴയ തലമുറ ഇതിനെ ലബുർദാനാസ് കോളജ് എന്നാണ് വിളിച്ചിരുന്നത്. മയ്യഴി ഒരു ഫ്രഞ്ച്് കോളനിയായിരുന്നല്ലോ. കോളജ് ഇപ്പോൾ മെയിൻ റോഡിൽ നിന്ന് കാണാത്ത ചാലക്കര ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. സുന്ദരികളുടേയും സുന്ദരന്മാരുടേയും ഗോഡൗണാണ് മാഹിയെന്നത് പ്രത്യേകം പറയേണ്ടതില്ല. അപ്പോൾ കലാലയ വിദ്യാർഥികൾക്കും നല്ല സൗന്ദര്യബോധമുണ്ടാവും. ഒരു നാലഞ്ച് പതിറ്റാണ്ടുകൾക്കപ്പുറത്തെ കാര്യമാണ്. മാഹി പാലം കഴിഞ്ഞ് കോളജിലേക്ക് വരുന്ന വഴി കെ.ടി.സി പെട്രോൾ പമ്പ് എത്തുന്നതിന് മുമ്പ് റോഡരികിൽ ഒരു ബാർബർ ഷോപ്പുണ്ടായിരുന്നു. വെളുത്ത് മെലിഞ്ഞ പയ്യനാണ് ഷോപ്പിലെ ഓൾ ഇൻ ഓൾ. ഇന്ദിരാഗാന്ധിയുടെ ഹാർഡ്‌കോർ ഫാൻ. കോളജ് ചെക്കന്മാർ മുടി മൊഞ്ചാക്കാൻ പതിവായി ഇയാളുടെ കടയിലെത്തും. എല്ലാവരുമായും നല്ല ബന്ധം. പരിചയപ്പെട്ട ആൾ ചോപ്പനാണെന്നറിഞ്ഞാൽ മട്ടു മാറും. നീയൊക്കെ എന്ത് എസ്.എഫ്.ഐ, നിന്റെ ബല്യ നേതാവ് ഇ.എം.എസിനും എ.കെജിക്കുമൊക്കെ കാറുണ്ടോ? അതൊക്കെ നമ്മുടെ ഇന്ദിരാഗാന്ധി. അവരാണ് യഥാർഥ ലീഡർ. ഇന്ദിരാഗാന്ധിയുടെ മുന്തിയ കാർ കൊണ്ടു വരാൻ പാകത്തിലുള്ള റോഡ് പോലും മാഹിയിലും കേരളത്തിലുമില്ല... എന്നിങ്ങനെ പോകുന്നു ബ്യൂട്ടീഷ്യന്റെ കമന്റുകൾ. കേരളത്തിലെ ധനമന്ത്രിയുടെ ചില അവകാശ വാദങ്ങൾ കേട്ടപ്പോഴാണ് പഴയ കാര്യങ്ങൾ ഓർത്തു പോയത്. കാലം മാറി കഥ മാറി. കേരളത്തിലെ ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ഡയലോഗ് കേട്ടാൽ ഇടതേത് വലതേത് എന്നു കൺഫ്യൂഷനായി പോകും. അൽപം മുമ്പ് വടക്കൻ കേരളത്തിലെ പ്രമുഖ ഇടതു നേതാവ് താനും ഭാര്യയും സ്വകാര്യ വിമാന കമ്പനിയുടെ ട്രിവാൻഡ്രം-കണ്ണൂർ റൂട്ടിലെ ഫ്രീക്വന്റ് ഫ്ലയറാണെന്ന് അവകാശപ്പെട്ടിരുന്നു.  ഒമാനേക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയത് കേരളത്തിലാണെന്ന്് റിപ്പോർട്ടുകൾ പുറത്തു വന്ന കാര്യം ധനമന്ത്രി എടുത്തു പറഞ്ഞു.  കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിനെ ന്യായീകരിച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതു പറഞ്ഞത്. കേരളം അത്ര ദരിദ്രമല്ല, വിദേശത്തേക്ക് പോകുന്നത് നല്ലതാണ്. ലോകത്തെ അറിയാൻ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ലെന്നും പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഫിൻലൻഡാണ് സന്ദർശിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചതിനെ തുടർന്നാണ് പോകുന്നതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രിക്കും ശിവൻകുട്ടിക്കുമൊപ്പം ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നിവരും സംഘത്തിലുണ്ടാകും. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദർശിച്ചേക്കും. ലണ്ടൻ യാത്രയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവർ ഉണ്ടാകും. ഒക്ടോബർ രണ്ടിനാണ് രണ്ടാഴ്ച നീളുന്ന യാത്ര. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോകുന്നതിന് മുൻപ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസ് സന്ദർശിക്കും. ടൂറിസം മേളയിൽ പങ്കെടുക്കാനാണ് യാത്ര. ഒരു ലക്ഷം ഫ്രഞ്ച്് ടൂറിസ്റ്റുകളെ കേരളത്തിലേക്കെത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു. നല്ല കാര്യം. മാഹിയിലെ ഫ്രഞ്ച് പൗരന്മാർക്ക് ചുളുവിൽ അവരുടെ ബന്ധുക്കളെ കാണാമല്ലോ. 

***  ***  ***

നായ്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ജീവിക്കണമെന്ന കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്്‌ലിയ. അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഫാത്തിമ  ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ബീന ഫിലിപ്പ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. നായ്ക്കളും മനുഷ്യരും സമാധാനത്തോടെ കഴിയണമെന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്. തെരുവുനായ പ്രശ്‌നത്തിലുള്ള പരിഹാരം കൊല്ലുകയല്ലെന്നും സൂറത്തിൽ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴാണെന്നും മേയർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനം ബീന ഫിലിപ്പ് നേരിട്ടിരുന്നു. 
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ. അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണമെന്നുമായിരുന്നു തെഹ്്‌ലിയയുടെ പരിഹാസം.  നായ്ക്കളെ കൊന്നൊടുക്കാതെ  പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തെ  നടി മൃദുല മുരളിയും പിന്തുണയ്ക്കുന്നു.  ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.  പോസ്റ്റിൽ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. 
'ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. എന്നാൽ പരിഹാരം എന്ന നിലയിൽ മനുഷ്യ സമൂഹത്തെ ആകെ കൊന്നൊടുക്കുക. അതാണോ പരിഹാര മാർഗം? അങ്ങനെയാണോ അത് ചെയ്യേണ്ടത്? നായകളെ കൊല്ലുന്നതിന് പകരം അവയെ പുനരധിവസിപ്പിച്ച് പരിപാലിക്കുകയാണ് വേണ്ടത്', എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. നിരവധി പേരാണ് മൃദുലയെ എതിർത്തും അനുകൂലിച്ചും പ്രതികരിച്ചിരിക്കുന്നത്.  മൃഗ സ്‌നേഹികൾ ഇറങ്ങിയല്ലോ മനുഷ്യ ജീവന് എന്താണ് വിലയില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. കാറിൽ കറങ്ങി നടക്കുമ്പോൾ സാധാരണ മനുഷ്യരുടെ അവസ്ഥ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചിലർ പറയുന്നു. എന്നാൽ അവയെ കൊല്ലരുതെന്ന് മാത്രമാണ് തന്റെ നിലപാട് എന്നായിരുന്നു നടിയുടെ പ്രതികരണം. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ പലർക്കും ടൊയോട്ട ഇന്നോവ കാറുകളാണ് ഇപ്പോൾ ഏറ്റവുമിഷ്ടം. ഇവയുടെ നിറം കറുപ്പായാൽ ബഹുകേമം. 

***  ***  ***

ഗോവധ നിരോധന വിഷയത്തിൽ അഭിപ്രായം പറഞ്ഞതോടെയാണ് നടി നിഖില വിമലിന്റെ രാഷ്ട്രീയവും ചർച്ച ചെയ്തു തുടങ്ങിയത്. അഭിമുഖങ്ങളിൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങൾ ഉയരുമ്പോഴാണ് നമ്മൾ ഇത്തരം മറുപടികൾ നൽകാറ്. ചിലർ വന്ന് നിങ്ങൾ കമ്യൂണിസ്റ്റാണല്ലേ എന്നൊക്കെ ചോദിക്കാറുണ്ടെന്നും നിഖില പറയുന്നു. ആസിഫ് അലി നായകനാകുന്ന കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കൊത്ത് എന്ന പുതിയ സിനിമയുടെ പ്രചാരണാർഥം നൽകിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം. മൊത്തത്തിൽ ആളുകൾക്ക് കണ്ണൂരിൽ നിന്നുള്ളവരോട് ഒരു പേടിയുണ്ടെന്ന് നിഖില പറയുന്നു. പണ്ടൊക്കെ കോട്ടയത്ത് നിന്നെല്ലാം വരുമ്പോൾ ട്രെയിനിൽ നിന്ന് ചിലർ ചോദിക്കും. എവിടെയാ വീട് എന്ന്. കണ്ണൂരാണെന്ന് പറയുമ്പോൾ പിന്നെ മിണ്ടില്ല. മിക്ക കണ്ണൂർക്കാർക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. കൈയ്യിൽ വാളുണ്ടോ കത്തിയുണ്ടോ എന്നൊക്കെ ചോദിക്കുന്ന അനുഭവങ്ങൾ. ഇപ്പോഴും 80 ശതമാനം കണ്ണൂർകാരി തന്നെയാണ്. സംസാരത്തിൽ ഇപ്പോഴും കണ്ണൂരിലെ പ്രാദേശിക ഭാഷ കയറിവരും. ഡബ്ബ് ചെയ്യുന്ന വേളയിൽ കൂടെയുള്ളവർ പറയാറുണ്ടെന്നും നിഖില സൂചിപ്പിക്കുന്നു. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ടാകും. തുറന്നുപറയുന്നതും പറയാത്തതും ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാൻ വരുന്നത് രാഷ്ട്രീയ പശ്ചാത്തലമുള്ള സ്ഥലത്തു നിന്നാണെന്നും നിഖില പറയുന്നു. എനിക്കറിയാവുന്ന പെൺകുട്ടികൾ അവരവരുടെ നിലപാടുള്ളവരാണ്. പെൺകുട്ടികൾക്ക് പ്രത്യേക സ്റ്റാന്റുണ്ടാകില്ല എന്നൊക്കെ പൊതുവെ പറയാറുണ്ട്. നിലപാട് എടുക്കുന്നതിൽ കൺഫ്യൂസ്ഡ് ആയ ആണുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. കൊത്ത് എന്ന സിനിമയിൽ കണ്ണൂർ സ്ലാങിലാണ് സംസാരം. ആസിഫലിയുടെ ഭാര്യ കണ്ണൂരിൽ നിന്നായതുകൊണ്ട് അദ്ദേഹത്തിന് ഭാഷ എളുപ്പമായിരുന്നുവെന്നും നിഖില സിനിമയെ കുറിച്ച് പറയവെ സൂചിപ്പിച്ചു.

***  ***  ***

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതിൽ വിചിത്ര വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെർട്ടിക്കലായ സംസ്ഥാനമാണെന്നും കാൽനട യാത്രയായതിനാൽ നടക്കാൻ എളുപ്പമുള്ള സംസ്ഥാനങ്ങൾ നോക്കിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നുമായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഷമയുടെ വിചിത്ര മറുപടി.  എന്തുകൊണ്ട് കേരളത്തിൽ ഇത്രദിവസം, എന്തുകൊണ്ട് യു.പിയിൽ കുറവ് എന്ന് ചാനൽ ചോദിച്ചു. 
അതിനുള്ള ഉത്തരം പറഞ്ഞുതരാം. നമ്മൾ കന്യാകുമാരി മുതൽ കശ്മീർ വരെ നേരിട്ട് പോകുന്ന യാത്രയാണ്. സ്‌ട്രെയിറ്റ് ലൈനായാണ് പോകുന്നത്. കേരളം വെർട്ടിക്കലായിട്ടാണ്. പദയാത്ര നടക്കാൻ പറ്റുന്ന റൂട്ടാണ് എടുക്കുന്നത്. ആ റൂട്ട് ആകുമ്പോൾ ജനങ്ങളെ അസ്വസ്ഥരാക്കേണ്ട. കാറിൽ പോകുന്ന ജനങ്ങളെ അസ്വസ്ഥരാക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ എടുത്ത റൂട്ടെല്ലാം നടക്കാൻ പറ്റുന്ന റൂട്ടാണ്. മറ്റേ റൂട്ട് കാണുമ്പോൾ ജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാകും. സിപിഎമ്മും ബിജെപിയും എല്ലാ ദിവസവും വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെക്കുറിച്ച് പേടി തട്ടിയതുകൊണ്ടാണ്- ഷമ മുഹമ്മദ്  പറഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ രണ്ടുദിവസം മാത്രമാണ് രാഹുലിന്റെ പദയാത്ര കടന്നുപോകുന്നത്. ഇതിനെതിരെ വിമർശനം ഉന്നയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ലക്ഷ്യമിടുന്നത് കേരളത്തിലെ 19 ലോക്‌സഭ സീറ്റുകളാണെന്നും രാഹുൽ ഗാന്ധി എളുപ്പവഴി നോക്കുകയാണെന്നും സിപിഎം വിമർശനം ഉന്നയിരിച്ചിരുന്നു. വിശദീകരിക്കാൻ ഇത്തരം നേതാക്കളുണ്ടെങ്കിൽ ജോഡോ യാത്ര എപ്പം കശ്മീരെത്തിയെന്ന് ചോദിച്ചാൽ മതി. 

***  ***  ***

ഓണറബിൾ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് വരാറുള്ള സ്വപ്‌നയ്ക്ക് എന്തു പറ്റിയെന്ന് ആലോചിച്ചിരിക്കേയാണ് യുട്യൂബിൽ അവരുമായുള്ള വിശദമായ അഭിമുഖം ശ്രദ്ധയിൽപെട്ടത്.  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ജീവിതത്തിലെ മറ്റ് കാര്യങ്ങളും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അവർ. ഓണത്തോട് അനുബന്ധിച്ച് രാജ് കലേഷ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.  കറുപ്പ് നിറത്തിലുള്ള വസ്ത്രം മാത്രം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ തുടക്കത്തിൽ സ്വപ്ന സുരേഷ് തുറന്ന് പറയുന്നത്. 21 വർഷമായി കറുപ്പ് വസ്ത്രം മാത്രമാണ് ഉപയോഗിക്കുന്നത്. അടുത്ത ബന്ധത്തിലുള്ള ആരുടെയെങ്കിലും കല്യാണമോ മറ്റോ ഉണ്ടാകുമ്പോൾ വീട്ടുകാർ നിർബന്ധിക്കുന്ന സമയത്ത് മാത്രമേ മറ്റ് നിറത്തിലുള്ള സാരികൾ ഉപയോഗിക്കാറുള്ളു. 
 2003 ലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. ജോലി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ മികച്ച തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരുടെ കാര്യങ്ങളായിരുന്നു നോക്കിയിരുന്നത്. ഡ്രസ് കോഡ്, മേക്കപ്പ് എന്നിവയിലെല്ലാം നൂറിൽ നൂറായിരുന്നു, പിന്നീട് ഇത്തിഹാദ് എയർവേയ്‌സിന്റെ മോഡലായും മാറി. ഗ്രൗണ്ട് വർക്കിലാണ് ജോലി ആരംഭിച്ചതെങ്കിലും ഒരു മാസത്തിനുള്ളിൽ ഇത്തിഹാദിലേക്ക് എത്തുകയായിരുന്നു. പുതിയ ആളുകളെ പരിശീലിപ്പിക്കാനും  നിയോഗിക്കപ്പെട്ടിരുന്നു. ഒരു കോർഡിനേറ്റർ എന്ന നിലയിലേക്കുള്ള വളർച്ച അവിടെ നിന്നായിരുന്നു. നന്നായി വരക്കുമായിരുന്നു. അമ്മയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യും. നവവധുവിന് വേണ്ടി മേക്കപ്പ് ചെയ്യാനും അറിയാം. അതോടൊപ്പം തന്നെ നന്നായി പാചകം ചെയ്യാനും അറിയാം. സഭാ കമ്പം തീരെയില്ലാത്ത വ്യക്തിയാണ് താനെന്നും അവർ വ്യക്തമാക്കുന്നു. സത്യത്തിൽ എന്നെക്കുറിച്ച് ആർക്കും അറിയില്ല. കുടുംബത്തിന് മാത്രമാണ് എന്നെ അറിയാവുന്നത്. അതുകൊണ്ട് തന്നെ ആളുകൾ എന്നെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഞാൻ നിൽക്കാറില്ല. ആരെങ്കിലും എന്നോട് വന്ന് ധൈര്യമായി ചോദിച്ചാൽ ഞാൻ കാര്യങ്ങൾ തുറന്ന് പറയും. എല്ലാവരും ഓടിയൊളിക്കുകയും പേടിക്കുകയുമാണ്. അതിന് മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല,  എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല- സ്വപ്ന സുരേഷ് നയം വ്യക്തമാക്കി. 

***  ***  ***

കേരളത്തിലെ ആളുകൾ തെരുവ് നായയെ മാത്രം പേടിച്ചല്ല കഴിയുന്നത്. തെരുവുകളെല്ലാം കുത്തി പൊളിഞ്ഞു കിടക്കുകയാണ്. എറണാകുളം മേഖലയിൽ അടുത്തിടെ രണ്ടു പേരാണ് റോഡിലെ കുഴിയിൽ വീണു മരിച്ചത്. ആലുവ ഭാഗത്ത്് ആദ്യ മരണം സംഭവിച്ചപ്പോൾ അത് നമ്മൾ സൂത്രത്തിൽ ഗഡ്്കരിയുടെ അക്കൗണ്ടിലേക്ക് മാറ്റി. അപ്പോഴതാ കഴിഞ്ഞ വാരത്തിൽ ബൈക്ക് സംസ്ഥാന പാതയിലെ കുഴിയിൽ വീണ് രണ്ടാമത്തെ ആൾ മരിക്കുന്നു. ഈ റോഡ് അടുത്തിടെ അറ്റകുറ്റപണി നടത്തിയതാണ്. സംഭവത്തിൽ രാഷ്ട്രീയക്കാർ മാത്രമല്ല, കേരള ഹൈക്കോടതിയും ശക്തമായി ഇടപെട്ടു. 
പൊതുമരാമത്ത് മന്ത്രി കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ ഇപ്രാവശ്യം വന്ന പ്രത്യേക മാറ്റത്തെ കുറിച്ച് ക്ലാസെടുത്തു. ഈ സീരീസിൽ ഏറ്റവും ശ്രദ്ധേയമായത് മാതൃഭൂമി ചാനലിൽ ശനിയാഴ്ച രാവിലെ കണ്ട വക്രദൃഷ്ടിയാണ്. ഗംഭീര അവതരണം. ഏറ്റവും രസകരമായത് ഓട്ടോ യാത്രക്കാരിയോട് കുതിരവട്ടം പപ്പു പറയുന്ന കണ്ട അണ്ടനും അടകോടനും കുത്തുമ്പോൾ ഓർക്കണമായിരുന്നുവെന്ന പഴയ സിനിമാ ക്ലിപ്പ് ഉൾപ്പെടുത്തിയതാണ്. 

Latest News