Sorry, you need to enable JavaScript to visit this website.

കഥ / മാമ്പഴം

മുറ്റത്തിനരികെ റോഡിലേക്ക് തൂങ്ങി നിറയെ മാങ്ങകളും, ഇലകളുമുള്ള രണ്ട് മാവുകൾ. മാവുകളുടെ, മാങ്ങകളുടെ പേരറിയാത്തകാലത്ത് ഒന്നിനെ ചെടിമാങ്ങയെന്നും ഒന്നിനെ ആപ്പിൾ മാങ്ങയെന്നും വിളിച്ചു.
ഇരട്ട മാവിന്റെ ചുവട്ടിൽ ഇട്ട പ്ലാസ്റ്റിക്ക് കസേരയിലിരുന്ന് പുസ്തകം വായിക്കാം, പാട്ടു കേൾക്കാം, വെറുതെ റോഡിലേക്ക് നോക്കിയിരിക്കാം..
ആകാശം മേഘം വന്ന് മൂടിയ വേനൽക്കാലത്ത്  തെക്കൻ മലയെ കോട വന്ന് മറച്ച സമയത്ത് ഒരു ഓട്ടോ മതിലിനു ചാരി മാവുകളുടെ അടിയിൽ വന്ന് നിന്നു.
ഓടിച്ചു വന്നയാളാണ് ആദ്യമിറങ്ങിയത് പിന്നെ പിൻസീറ്റിൽ നിന്ന് ഒരു പയ്യനും അവനേക്കാളും ചെറിയൊരു പെൺകുട്ടി മുഖം മാത്രം പുറത്തിട്ട് അവനൊരു കീശടുത്ത് കൊടുത്തു.
അയാളും അവനും ചേർന്നാണ് മാങ്ങ ഓരോന്ന് അറുത്ത് കീശയിലേക്ക് ഇട്ടത്.  അവന് എത്താത്ത മാങ്ങയുള്ള കൊമ്പുകൾ കാറ്റ് വന്ന് താഴ്ത്തി കൊടുക്കുന്നതു പോലെ തോന്നി.
കീശ നിറയുന്നതിനു മുൻപ് അവനത് ഉയർത്തിക്കാണിച്ചപ്പോൾ അവൾ മതിയെന്ന് തലയാട്ടി. അവനാണ് ആദ്യം കീശയുമായി ഓട്ടോയിൽ കയറിയത് അയാൾ കയറുന്നതിനു മുൻപ് ഞാൻ വിളിച്ചു ചോദിച്ചു 'നിങ്ങൾ എവിടെ നിന്നാണ്'.
ജാള്യതയോടെ അയാൾ മുഖം കുനിച്ചു  'തേലക്കാട്ടു നിന്നാണ്'
അപ്പോൾ ഓട്ടോയിലുള്ള കുട്ടികൾ സീറ്റിലേക്ക് പതുങ്ങിയിരുന്നു.
തേലക്കാട് എവിടെയാണെന്ന എന്റെ ചോദ്യത്തിനുത്തരമായിട്ടാണ് അയാൾ പറഞ്ഞത് - തോടിന്റെ വക്കത്താെണന്ന്. 
അപമാനഭാരത്തോടെ അയാൾ ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ പൊള്ളുന്ന വാക്കുകൾ കൈവിട്ട് പോയി. 
'തോട്ടരികിൽ മണ്ണുണ്ടായിട്ടാണോ ഈ പാറപ്പുറത്ത് മണ്ണും വെള്ളവുമിട്ട് ഞങ്ങൾ വളർത്തിയ മാങ്ങ പൊട്ടിക്കാൻ വന്നിരിക്കുന്നത്'
അത് കേട്ടപ്പോൾ ഓട്ടോയിൽ നിന്ന്   ആൺകുട്ടിയുടേതോ പെൺകുട്ടിയുടേതോയെന്നറിയില്ല ഒരു കൈ നീണ്ടുവന്നു. ആ കയ്യിലുള്ള സഞ്ചിയിൽ അവർ പറിച്ച മാങ്ങ മുഴുവനും ഉണ്ടായിരുന്നു.
ചക്കയും മാങ്ങയും എല്ലാവരുടേതുമാണെന്ന തിരിച്ചറിവിൽ കൊണ്ടു പൊയ്‌ക്കോളൂ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
വളരെ പതുക്കെ ഓട്ടോയിൽ കയറി വളരെ പതുക്കെ അയാൾ ആ ഓട്ടോ ഓടിച്ച് പോയി...
അന്ന് ആകാശത്ത് നിറഞ്ഞ ആ മേഘമാണ്  നേരം പുലരുന്നതു വരെ പെയ്തിറങ്ങിയത്.
ആ മഴക്കാണ് ഞങ്ങളുടെ മുറ്റത്തിന്റെ മതിൽ റോഡിലേക്ക് പൊളഞ്ഞ് വീണത്.
രണ്ടു നാളുകൾക്ക് ശേഷമാണ് കടപുഴകിയ ഇരട്ടമാവുകൾ വെട്ടിമാറ്റിയത്.
പിന്നീട് പ്രവാസത്തിൽനിന്ന് നാട്ടിൽ പോയപ്പോഴൊന്നും മാങ്ങാക്കാലമായിരുന്നില്ല. കൊറോണക്കാലത്ത് നാട്ടിൽപെട്ടു പോയ സമയത്ത് മൂവാടൻ പൂത്തില്ല. പറമ്പിലുള്ള കിളിച്ചുണ്ടനും തറവാട്ട് തൊടിയിലെ കപ്പലും  കോമാങ്ങയും തളിർക്കുകയാണ് ചെയ്തത്..
നാടൻ മാങ്ങകളുമായി സാവി ചേച്ചിയേയും കണ്ടില്ല ....
മാങ്ങാക്കൊതിമൂത്ത് സൂപ്പർമാർക്കറ്റിൽനിന്ന് കുറച്ച് മാങ്ങവാങ്ങി. ബംഗാരപള്ളിയും, നീലൻ മാങ്ങയും. മൂത്ത് പഴുത്തതല്ലെങ്കിലും നിറയെ തിന്നു. അന്ന് രാത്രി മോനും എനിക്കും  പനിച്ചു.
മാങ്ങ പഴുക്കാൻ മരുന്നടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ബാക്കിവന്ന മാങ്ങകൾ കുട്ടികൾ കുപ്പയിലേക്ക് ഇട്ടു..
ഒരു വൈകുന്നേരം നല്ലപാതിയുടെ കൂടെ പേരക്കാ മരചുവട്ടിലെ കല്ലിലിരിക്കുമ്പോൾ, മുറ്റത്ത് ഒരു ഓട്ടോ വന്ന് നിന്നു.
ഓടിച്ചിരുന്നയാൺകുട്ടി ഡ്രൈവർ സീറ്റിൽ തന്നെയിരുന്നു.
പിൻസീറ്റിൽനിന്ന് മാങ്ങകളുടെ കീശളുമായി ഒരു പെൺകുട്ടിയിറങ്ങി അവൾ തന്നെ അത്  വരാന്തയിലെ മാർബിളിൽ കൊണ്ട് വെച്ചു.
'ഉപ്പ ഇവിടെ തരാൻ പറഞ്ഞതാ'
നിങ്ങളാരാണെന്ന് ചോദിച്ചത് നല്ല പാതിയാണ്.
തേലക്കാട്ടെ തോട്ടിന്റെ വക്കത്ത് താമസിക്കുന്നവരാ എന്ന് പറഞ്ഞത് പെൺകുട്ടിതന്നെയാണ്. എന്തെങ്കിലുമൊന്ന് പറയുന്നതിനു മുൻപ് അവൻ ധൃതിയിൽ അവളേയും കൊണ്ട് വണ്ടിയോടിച്ച് പോയി.
മല്ലിക, ബൈഗനപള്ളി, സിന്ദൂരം , മാൾഗോവ, ചന്ദ്രക്കാരൻ, കൽപാടി, പ്രിയൂർ, കോട്ടപറമ്പൻ.....
കീശകൾ നിറയെ വ്യത്യസ്തയിനം രുചികൾ. എല്ലാവരും ചേർന്നിരുന്ന് മാങ്ങ ചെത്തി തിന്നപ്പോൾ കുട്ടികളാരോ പറഞ്ഞു: ഈ മാങ്ങകൾക്ക് അവരുടെ പ്രതികാരത്തിന്റെയത്ര മധുരമുണ്ടെന്ന്.
അതും കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് തൊടിയിൽ നിറയെ പലവിധ പഴങ്ങളുണ്ടായത്. ഡ്രാഗൺ ഫ്രൂട്ട്, റൊളീനിയോ, റമ്പുട്ടാൻ,  നീന്നാം പഴം,  മുള്ളാത്ത, ബിലാത്തി പൈനാപ്പിൾ, റെഡ് ലേഡി പപ്പായ, ചാമ്പക്ക  പിന്നെ തൊടിയിലും മുറ്റത്തും വീട്ടിലും സുഗന്ധം നിറക്കുന്ന വിയറ്റ്‌നാം ഏർളി ജാക്ക് ഫ്രൂട്ട്.

Latest News