Sorry, you need to enable JavaScript to visit this website.

മുസ്തഫാ, യാ മുസ്തഫാ

കേരള മുസ്തഫ സംസ്ഥാന സമ്മേളനം കോഴിക്കോട് സുപ്രഭാതം ദിനപത്രം സി.ഇ.ഒ.മുസ്തഫ മുണ്ടുപാറ ഉത്ഘാടനം ചെയ്യുന്നു
മുസ്തഫ സംഗമത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുസ്തഫയെ മെട്രോ  ഹോസ്പിറ്റൽ എം.ഡി, ഡോ. മുഹമ്മദ് മുസ്തഫ മൊമെൻ്റോ നൽകി ആദരിക്കുന്നു
മുസ്തഫ പുക്കോട്ടുർ, മുസ്തഫ മഞ്ചേരി, മുസ്തഫ കുമരനല്ലൂർ, മുസ്തഫ മൂഴിക്കൽ എന്നിവർ വിശദീകരണത്തിൽ
ജീവകാരുണ്യ പ്രവർത്തകൻ മുസ്തഫ ബാവു കല്ലിയന് ആദരം
മുസ്തഫ സംഗമ സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു മുസ്തഫ, ജനറൽ സെക്രട്ടറി മുസ്തഫ മഞ്ചേരിയോടൊപ്പം

കോഴിക്കോട്ടു നടന്ന കേരള മുസ്തഫാ സംഗമത്തിന്റെ സംസ്ഥാന സമ്മേളനത്തെക്കുറിച്ച്


അത് കേവലം ഒരു കൂടിച്ചേരൽ മാത്രമായിരുന്നില്ല. ജീവിക്കുന്ന സമൂഹത്തിലേക്ക് കണ്ണും കാതും തുറന്ന് വെച്ചിരിക്കുന്ന, മാനവികതയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന, സഹജീവികളുടെ കണ്ണീരിനും കിനാവിനും കൂട്ടിരിക്കാനും ഒപ്പം ചേരാനും മനസ്സു കാണിക്കുന്ന ഒരു പറ്റം മനുഷ്യസ്‌നേഹികളുടെ ഒത്തൊരുമിച്ചുള്ള ഒരു യാത്രയിലെ ഇടത്താവളം മാത്രമായിരുന്നു ആ സംഗമം. കേരളത്തിലുള്ള ഒരേ പേരുകാരുടെ ഒരു  കൂടിച്ചേരൽ. ഇതിനൊക്കെയായിരുന്നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ സെപ്തംബർ എട്ട്  വ്യാഴാഴ്ച നടന്ന കേരള മുസ്തഫ കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം സാക്ഷികളായത്.
കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും വഴികൾ ദുർഘടമായിരുന്നിട്ടും  തോരാത്ത മഴയിലും പരസ്പരം അറിയുകയോ കാണുകയോ കേൾക്കുകയോ ചെയ്യാത്ത മുസ്തഫമാർ സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് മുസ്തഫമാരുടെ സംസ്ഥാന സംഗമം നടക്കുന്ന കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിലേക്ക് ആവേശത്തോടെ ഒഴുകിയെത്തി. ഇത് വരെ നേരിൽ കാണാത്ത ഓരോരുത്തരും താൻ നിരന്തരമറിയുന്ന  ഒരാളെയെന്നപോലെ ഓരോരുത്തരെയും ഹസ്തദാനം ചെയ്ത് സ്വീകരിച്ചിരുത്തി.
ദാഹമകറ്റാൻ വെള്ളവും കുടിക്കാൻ ചായയും നൽകി. പ്രായമായവർ  ഒരു കുടുംബത്തിലെ കാരണവർ എന്ന പോലെ എല്ലാവർക്കും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ചെറുപ്പക്കാരായവർ ഓടിനടന്ന് വന്നവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. 
സ്വന്തം കുടുംബത്തിലെയോ അയൽപക്കത്തെയോ കല്യാണത്തിനെന്നപോലെ ഒരോരുത്തരും  ഉത്സാഹത്തോടെ ഓടിനടന്ന് കാര്യങ്ങൾ വേണ്ടവിധം നോക്കി നടത്തി.എന്നാൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആ പരിപാടിയിൽ പരസ്പരം അറിയുന്നവർ വളരെ ചുരുക്കമായിരുന്നു എന്നത് ആ സൗഹൃദ കൂട്ടായ്മയുടെ ഊഷ്മളമായ സ്‌നേഹത്തിന്റെ അടയാളമായി മാറുകയായിരുന്നു. ഇതായിരുന്നു  കോഴിക്കോട് നടന്ന കേരള മുസ്തഫ കൂട്ടായ്മയിൽ സംഭവിച്ചത്.
ഇതിന് മുമ്പ് ഇത്തരം പല കൂട്ടായ്മകളും പിറവിയെടുത്തെങ്കിലും പലതും ചിറകറ്റു പോവുകയായിരുന്നു. എന്നാൽ അംഗങ്ങളുടെ എണ്ണവിസ്താരം കൊണ്ടും   ലക്ഷ്യബോധം കൊണ്ടും ഒരു പക്ഷെ ഏറ്റവും വലിയ സംഗമമായിത്തീർന്നിരിക്കുക ഓൾ കേരള  മുസ്തഫ സംഗമമായിരിക്കും. സൗദി, ഖത്തർ, ദുബായ് തുടങ്ങി
വിദേശത്ത് നിന്ന് നാട്ടിൽ ലീവിലെത്തിയിട്ടുള്ളവരടക്കം കേരളത്തിൽ നിന്നും കേരളത്തിനു പുറത്തു നിന്നും നൂറുകണക്കിന് മുസ്തഫമാരാണ് കോഴിക്കോട് നടക്കുന്ന സംഗമത്തിൽ  എത്തിച്ചേർന്നത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞു മുസ്തഫ മുതൽ എൺപത് കഴിഞ്ഞ വൃദ്ധൻമാർ വരെ ആവേശപൂർവ്വമാണ് സംഗമത്തിനെത്തിയത്.
അതിൽ ചുമട്ട് തൊഴിലാളി മുതൽ ഡോക്ടർമാരും എഞ്ചിനീയർമാരുമുണ്ടായിരുന്നു. മത്സ്യവിൽപ്പനക്കാരൻ മുതൽ വൻകിട കച്ചവടക്കാരും വിദ്യാഭ്യാസ സ്ഥാപനമുടമകളുമുണ്ടായിരുന്നു. മതപ്രഭാഷകർ മുതൽ മോട്ടിവേഷൻ ട്രയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് മേധാവികൾ  വരെയുണ്ടായിരുന്നു. ഫൈസിമാരുൾപ്പെടുന്ന
മതപണ്ഡിതരും വിവിധ  മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുഅല്ലിമുകളുമുണ്ടായിരുന്നു. അവിടെയാരും വലുപ്പച്ചെറുപ്പം നോക്കിയില്ല. തോളോട് തോള് ചേർന്നു ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ എല്ലാരും സജീവമായി പ്രവർത്തിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ ഒന്നിച്ചപ്പോൾ അവിടെ ഇന്നത്തെ, നമ്മുടെ സമൂഹത്തെയും യുവതലമുറയെയും ഒരേ പോലെ ഗ്രസിച്ചിരിക്കുന്ന സാമൂഹ്യ വിപത്തായ ലഹരിക്കെതിരായ ഒരു സംഗമ വേദി കൂടിയായി മാറി. മുസ്തഫ കൂട്ടായ്മയിലെ അംഗം കൂടിയായ നിലമ്പൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസർ സി. മുസ്തഫ സാർ ലഹരി സമൂഹത്തിന് നൽകുന്ന ഭയാനകമായ ദുരന്തത്തെക്കുറിച്ച് ക്ലാസെടുത്തു. അദ്ദഹം ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ ഓരോരുത്തരും ഒരു നിയ്യത്ത് പോലെ മനസാ വഹിച്ച് ഏറ്റുചൊല്ലി.
2020 ൽ നടക്കേണ്ടിയിരുന്ന സംഗമമായിരുന്നു, ഇത്. എൻ.ആ ർ സി, പൗരത്വബിൽ പ്രതിഷേധങ്ങൾ, കോഴിക്കോട് കളക്ടറേറ്റ് മാർച്ച്, കോവിഡ് തുടങ്ങിയവ പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ മാറ്റിവെക്കേണ്ടി വന്ന സംഗമത്തിന് വീണ്ടും രണ്ടര വർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും അത് പക്ഷെ മറ്റൊരു ഭാഗ്യമായാണ് മുസ്തഫ കൂട്ടായ്മയുടെ സ്ഥാപകമെമ്പറും ഓൾ കേരള മുസ്തഫ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയുമായ വി.എം.മുസ്തഫ മഞ്ചേരി കാണുന്നത്.
2019 ലെ അദ്ദേഹത്തിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് പിന്നീട് ഓൾ കേരള മുസ്തഫ കൂട്ടായ്മ എന്ന സംഘടനയായി പരിണമിച്ചത്.
ആയിടെയായി അശ്രഫ്, ഹംസ മാരുടെ സംഗമത്തെക്കുറിച്ചുള്ള പത്രവാർത്ത കണ്ടപ്പോൾ എന്ത് കൊണ്ട് തന്റെ കൂടി  പേരുകാരുടെ ഒരു കൂട്ടായ്മയായ്ക്കൂടാ-' അദ്ദേഹത്തിന്റെ ഈ സന്ദേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള 2019 ലെ ഒരു എഫ്.ബി. പോസ്റ്റിന് പിന്തുണയുമായി ഒരുപാട് പേർ വന്നു.അങ്ങനെ ഏതാനും പേർ ചേർന്ന് ആദ്യമായി മലപ്പുറത്ത് കോട്ടപ്പുറത്ത് ഒരിടത്ത് ഒത്തുകൂടി. 
റസൂലിന്റെ പേരുകാരായ നമുക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും സമൂഹത്തിനും സമുദായത്തിനും ഉതകുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തണമെന്നുമുള്ള ഒരു മാനവിക കാഴ്ചപ്പാടിന് വിത്തുമുളക്കുക കൂടിയായിരുന്നു, അന്ന്. തുടർന്ന് അറിയുന്ന മുസ്തഫമാരെ ചേർത്ത് ഒരു വാട്‌സപ്പ് കൂട്ടായ്മ ഉണ്ടാക്കി. 
ആദ്യ സംഗമം 2020 ൽ ചേർന്നെങ്കിലും നേരത്തെ പറഞ്ഞ കോവിഡടക്കമുള്ള പ്രതിസന്ധികൾ കാരണം കുറച്ച് പേർക്ക് മാത്രമെ അന്ന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
എന്നാൽ ഇത്തവണ വിപുലമായ തരത്തിലാണ് മുസ്തഫസംഗമം പ്ലാൻ ചെയ്ത് നടത്തിയത്. സമൂഹത്തിനും സമുദായത്തിനും ഉപയോഗപ്രദമായ തരത്തിലുള്ള സമഗ്രമായ പത്തിന പദ്ധതികളുമായാണ് ഈ സമ്മേളനം ഒരുങ്ങിയത്. സോഷ്യൽ സർവീസ് ചാരിറ്റി വിംഗിലൂടെ അശരണരും
നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങാവുക എന്നത് അതിൽ പ്രധാനപ്പെട്ടതാണ്.
മുസ്തഫ കൂട്ടായ്മ മുന്നോട്ടു വെക്കുന്ന പദ്ധതിയാണ് ഖുർആനിക് പാർക്ക് മ്യൂസിയം. സാംസ്‌കാരികവും വൈജ്ഞാനികവുമായ ഖുർആനിക പൈതൃകത്തിന്റെ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയിട്ടുള്ള മനോഹരമായ ഒരു പാർക്കായിരിക്കുമിത്.
ഖുർആനിൽ പരാമർശിക്കുന്ന ഇരുപത്തി ഒമ്പതോളം സസ്യങ്ങളും ഗുഹാ മനുഷ്യരുടെ കഥ പറയുന്ന മനുഷ്യനിർമ്മിത ഗുഹകളുമൊക്കെ അടങ്ങിയ ഒരു ഖുർആനിക് പാർക്ക് ഇന്ത്യയിലെ തന്നെ ആരെയും ആകർഷിക്കുന്ന ഒരു സഞ്ചാര കേന്ദ്രമാവും. 
ഒപ്പം വിശുദ്ധ ഖുർആന്റെ അമൂല്യമായ നിധിശേഖരങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു ചരിത്ര മ്യൂസിയം, ബുഹാരി, മുസ്ലിം, തിർമുദി, നസാഇ, അബ് ദാവൂദ്, ഇബ്‌നുമാജ എന്നീ ഹദീസ് പ്രസിദ്ധമായ സിഹാഹു സിത്തയുടെ ഗവേഷണ കേന്ദ്രമായി  'അൽ മുസ്തഫ സെന്റർ ഫോർ  ഹദീസ് സ്റ്റഡീസ്' എന്നിവ പദ്ധതിയുടെ പ്രധാന ലിസ്റ്റിൽ പെടുന്നു.കുഞ്ഞുപ്രായത്തിൽതന്നെ ഖുർആൻ ആയാസരഹിതമായി  വായിച്ച് പഠിക്കാനും ആധുനിക വിദ്യാഭ്യാസ മേഖലയിൽമികച്ച നിലവാരത്തോടെ പ0നം ആരംഭിക്കാനുമുതകുന്ന തരത്തിൽ കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്ന ഇസ്‌ലാമിക് പ്രീസ്‌കൂൾ, ഹിഫ്ദുൽ ഖുർആൻ കോളേജ് എന്നിവയും ഇതിന്റെ അനുബന്ധ പദ്ധതികളിൽപ്പെടുന്നു.
സാമൂഹികവും കുടുംബപരവുമായ തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുതകുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സോഫ്റ്റ് സ്‌കിൽ ഡവലപ്‌മെൻറും ലിഡർഷിപ്പ് ക്വാളിറ്റിയും
വർധിപ്പിക്കാനാവശ്യമായ ട്രെയിനിംഗുകളും മറ്റും നൽകി പ്രാപ്തരാക്കുന്ന യംഗ് ലീഡർ പ്രോഗ്രാംസ്, കരിയർ കൗൺസലിംഗ് സെൻറർ, ചാരിറ്റി ഹോസ്പിറ്റൽ, മുസ്തഫ കൂട്ടായ്മയുടെ നവോത്ഥാനപരവും സാമൂഹ്യ സാംസ്‌കാരിക പരവുമായ പ്രവർത്തനങ്ങൾക്കുള്ള ധനസമ്പാദനത്തിനും കൂട്ടായ്മയുടെ ആസ്തിക്കും വേണ്ടി  വാണിജ്യ വ്യവസായ കേന്ദ്രമെന്ന നിലയിൽ അൽ മുസ്തഫ ബിസിനസ്സ് കോംപ്ലക്‌സ് എന്നിവയൊക്കെയാണ് കൂട്ടായ്മയുടെ പത്തിന പദ്ധതികളിലുള്ളത്.
സാമൂഹിക സാംസ്‌ക്കാരിക അഃ പ്രബോധനരംഗത്തെ പ്രമുഖ മുസ്തഫമാർ പങ്കെടുത്ത സമ്മേളനം സുപ്രഭാതം ദിനപത്രം സി.ഇ.ഒ മുസ്തഫ മുണ്ടുപാറയാണ് ഉത്ഘാടനം ചെയ്തത്.
കോഴിക്കോട് മെട്രോ ഹോസ്പിറ്റൽ എം.ഡി, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപന സംരംഭകനായ മുസ്തഫ എജ്യു മാർട്ട് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ രണ്ടു പേരെ ജീവൻമരണ പോരാട്ടം നടത്തി രക്ഷിച്ച കരുവാക്കൽ മുസ്തഫ വേങ്ങര, ജീവകാരുണ്യ പ്രവർത്തനത്തിൽ നെടുംതൂണായ മുസ്തഫ ബാവു കല്ലിയൻ, യു.എ.ഇയിലെ കെ.എം സി സി, ജീവകാരുണ്യ  പ്രവർത്തകൻ മുസ്തഫ പാറക്കൽ, ഖത്തറിലെ ജീവകാരുണ്യ - സാംസ്‌കാരിക പ്രവർത്തകൻ
എം. വി.മുസ്തഫ കൊയിലാണ്ടി, മുസ്തഫ മൂക്കുമ്മൽ എന്നിവരെ വിശിഷ്ട സേവനത്തിനുള്ള മൊമെന്റോ നൽകി ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുസ്തഫമാരുടെ മക്കളെയും ചടങ്ങിൽ അനുമോദിച്ചു.
സോഷ്യൽ സർവ്വീസ് ആന്റ് ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തന പ്രഖ്യാപനം മുസ്തഫ റഹ്മ ഗോൾഡ് നിർവ്വഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കെടുത്തെങ്കിലും   സ്വാഭാവികമായും മലപ്പുറം തന്നെയായിരുന്നു ഏറ്റവും കൂടുതൽ മുസ്തഫമാരെ പ്രതിനിധീകരിച്ച ജില്ല.
കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർഗോഡ്, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂർ, തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുളളവരെ വളരെ കുറച്ചേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരടക്കമുള്ള ധാരാളം മുസ്തഫമാരെ കണ്ടെത്താനുണ്ട്. സംഗമത്തിനു ശേഷം  കേട്ടറിഞ്ഞ് ഇപ്പോഴും കൂട്ടായ്മയിൽ ചേർന്നവരുമുണ്ട്.
നിലവിൽ ആയിരത്തി ഇരുനൂറിലേറെ മെമ്പർമാരുള്ള മുസ്തഫ കൂട്ടായ്മയിൽ സമസ്ത മുഷാവറ അംഗം മുസ്തഫ ഫൈസി, പ്രമുഖ മതപ്രഭാഷകനും  വാഗ്മിമായ ആക്കോട്  മുസ്തഫ ഫൈസി, പണ്ഡിത കുടുംബാംഗമായ മാണിയൂർ മുസ്തഫ ഉസ്താദ്, സമസ്ത ബോർഡ് അംഗം മുസ്തഫ തങ്ങൾ തുടങ്ങിയ പ്രമുഖരും അംഗങ്ങളാണ്.
പ്രസിഡണ്ട് മുസ്തഫ മൂഴിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുസ്തഫ മഞ്ചേരി സ്വാഗതവും  മുസ്തഫ കുമരനല്ലൂർ  ആശയ വിശദീകരണവും നടത്തി. സംസ്ഥാന ഭാരവാഹികളായ ബാപ്പു മുസ്തഫ, മുസ്തഫ  റിവോൾടെക്, മുസ്തഫ വല്ലപ്പുഴ, മുസ്തഫ ഇരിട്ടി, മുസ്തഫ മലപ്പുറം, മുസ്തഫ ചേലമ്പ്ര എന്നിവർ സംസാരിച്ചു. മുസ്തഫ പൂക്കോട്ടൂർ നന്ദി പ്രകാശിപ്പിച്ചു.
പേരിന്റെ പേരിലുള്ള സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള  കേരള മുസ്തഫ സംഗമ സമ്മേളനം പിരിയുമ്പോൾ എല്ലാവരും ഒരു കാര്യത്തിൽ സംശയലേശമന്യേ ഉറപ്പിച്ചു പറഞ്ഞു: ഇന്നു മുതൽ  ഒരു മുസ്തഫയും കേരളത്തിലെ ഏത് വൻ നഗരത്തിലോ ഏത് കുഗ്രാമത്തിലോ  എത്തിപ്പെട്ടാലും അവിടെ വിളിപ്പുറത്ത്  ഒരു കൈത്താങ്ങായി സഹായത്തിനായോ  സൗഹൃദം പറഞ്ഞ് ഒരു ചായ കുടിച്ച് പിരിയാനോ ആയി ഒരു മുസ്തഫ സുഹൃത്തെങ്കിലുമുണ്ടാകണം. ഏത് പാതിരാവിലും  ഒരു മുസ്തഫ പോലും എവിടെയും ബുദ്ധിമുട്ടാനോ വിഷമിക്കാനോ പാടില്ല.
അതെ, അതാണ് ഇങ്ങ് കേരളക്കരയിൽ നിന്ന് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച എ.ആർ. റഹ്മാൻ പാടിയത്, മുസ്തഫ്ഫാ..മുസ്തഫ്ഫാ.. ഡോണ്ട് വറി മുസ്തഫാ. അന്തരിച്ചു പോയ പ്രഗത്ഭ സൗദി സംഗീതജ്ഞൻ തലാൽ മദ്ദാഹ് തന്റെ സംഗീത വേദികളിൽ എപ്പോഴും പാടുമായിരുന്ന അറബിഗാനവും ഇതായിരുന്നു.
മുസ്തഫാ.. യാ..മുസ്തഫാ.

 

 

Latest News