Sorry, you need to enable JavaScript to visit this website.

സ്‌പെയിൻ x ജർമനി

ലോകകപ്പിൽ മെക്‌സിക്കൊ ടീം തമ്പടിക്കുന്ന സുമയ്‌സിമയിലെ മുർവബ് റിസോർട്. ദോഹയിൽ നിന്ന് 30 കി.മീ വടക്ക് കടലോരത്താണ് ഈ സുഖവാസ കേന്ദ്രം. 
തോമസ് മുള്ളർ..ജർമനിയുടെ എൻജിൻ
ഇറാൻ കളിക്കാർ ലോകകപ്പ് ക്യാമ്പിൽ
ഫെറാൻ ടോറസ്..പുതിയ സ്‌പെയിൻ

2010 ലെ ചാമ്പ്യന്മാരായ സ്‌പെയിനും 2014 ലെ ചാമ്പ്യന്മാരായ ജർമനിയുമുൾപ്പെടുന്ന ഗ്രൂപ്പാണ് ഇ. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കാത്തിരിക്കുന്ന പോരാട്ടമാവും സ്‌പെയിൻ-ജർമനി. നവംബർ 27 നാണ് ഈ മത്സരം. ചാമ്പ്യന്മാരായ ശേഷമുള്ള ലോകകപ്പുകളിൽ ഇരു ടീമുകളും നിരാശപ്പെടുത്തി. രണ്ട് മോശം ലോകകപ്പുകൾക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് സ്‌പെയിൻ. ജർമനിയാവട്ടെ, കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണം തീർക്കാനുള്ള പടയൊരുക്കത്തിലാണ്. ഈ ടീമുകൾ പ്രി ക്വാർട്ടറിലേക്ക് മുന്നേറാനാണ് സാധ്യത. ജപ്പാനും കോസ്റ്ററീക്കയും നോക്കൗട്ടിലെത്തണമെങ്കിൽ അട്ടിമറികൾ നടക്കണം. ഈ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മിക്കവാറും കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയെയാണ് പ്രി ക്വാർട്ടറിൽ നേരിടേണ്ടിവരിക. രണ്ടാം സ്ഥാനക്കാർ മിക്കവാറും ബെൽജിയവുമായി മുഖാമുഖം വരും. ബെൽജിയത്തെ മറികടക്കുക പ്രയാസമാണെന്നതിനാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാവും. 


തിരിച്ചുവരവിന്റെ പാതയിൽ

ടീം: സ്‌പെയിൻ
ഫിഫ റാങ്കിംഗ്: 6
ലോകകപ്പിൽ: പതിനാറാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (2010)
മികച്ച കളിക്കാരൻ: ഫെറാൻ ടോറസ്
കോച്ച്: ലൂയിസ് എൻറിക്കെ
സാധ്യത: പ്രി ക്വാർട്ടർ

2010 ൽ ലോക ചാമ്പ്യന്മാരായ സ്‌പെയിൻ സുദീർഘമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം വെളിച്ചം കാണുകയാണ്. 2014 ൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 2018 ൽ റഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പ്രി ക്വാർട്ടറിലും. 2010 ൽ ചാമ്പ്യന്മാരായ ശേഷം രണ്ട് ലോകകപ്പ് മത്സരങ്ങൾ മാത്രമാണ് സ്‌പെയിൻ ജയിച്ചത്, ഓസ്‌ട്രേലിയക്കും ഇറാനുമെതിരെ. ലൂയിസ് എൻറിക്കെയുടെ നേതൃത്വത്തിൽ അവർ വീണ്ടും കരുത്താർജിച്ചു വരികയാണ്. നിരന്തരം പാസ് ചെയ്ത് അവസരങ്ങൾ കളഞ്ഞുകുളിക്കുന്ന രീതി വിട്ട് കൂടുതൽ ഡയരക്ട് ശൈലി വളർത്തിയെടുത്തിരിക്കുകയാണ് അദ്ദേഹം. 
കഴിഞ്ഞ യൂറോ കപ്പിൽ നിരന്തരം പാസ് ചെയ്തു കളിച്ച മത്സരങ്ങളിൽ സ്വീഡനുമായും പോളണ്ടുമായും സമനില വഴങ്ങി. ക്രൊയേഷ്യക്കെതിരെ തുറന്ന ആക്രമണം നടത്തി. സെമി ഫൈനൽ വരെ മുന്നേറാൻ അവർക്കു സാധിച്ചു. ആക്രമണത്തിന്റെയും പാസിംഗിന്റെയും സന്തുലനമാണ് ടീമിന് വേണ്ടത്. 
മികച്ച യുവനിരയുണ്ട് സ്‌പെയിനിന്. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിൽ ഫൈനൽ വരെ മുന്നേറാൻ അവർക്കു സാധിച്ചു. ഗ്രീസ് ഒഴികെ ഗ്രൂപ്പിലെ എല്ലാ ടീമുകളെയും രണ്ടു തവണ തോൽപിച്ചു. 
2007 മുതൽ 2013 വരെയാണ് സ്‌പെയിനിന്റെ സുവർണ കാലം. തുടർച്ചയായി രണ്ട് യൂറോ കപ്പും 2010 ലെ ലോകകപ്പും അവർ നേടി. ചരിത്രത്തിലെ മികച്ച ടീമായി ഈ കാലത്തെ സ്‌പെയിനിനെ ചിലർ തെരഞ്ഞെടുത്തിട്ടുണ്ട്. 2013 ലെ കോൺഫെഡറേഷൻസ് കപ്പിൽ ഫൈനലിലെത്തിയ ശേഷമാണ് പതനം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ യൂറോയിൽ ഒരു പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ സെമിയിലെത്തി. ഇറ്റലിയോട് ഷൂട്ടൗട്ടിലാണ് തോറ്റത്. നാഷൻസ് ലീഗിൽ ഫൈനലിലെത്തി, ഫ്രാൻസിനോടാണ് തോറ്റത്. ഈ സീസണിലെ നാഷൻസ് ലീഗിൽ നാലു കളികളിൽ രണ്ടു ജയവും രണ്ട് സമനിലയും നേടി. പോർചുഗൽ ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. 
ഇത്തവണ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ തുടക്കത്തിൽ സ്വീഡനോട് സ്‌പെയിൻ തോറ്റിരുന്നു. ഫൈനൽ റൗണ്ടിലെത്താൻ പ്ലേഓഫിന്റെ വഴി തേടേണ്ടി വരുമെന്നു തോന്നി. എന്നാൽ സ്വീഡന് മുൻതൂക്കം മുതലാക്കാനായില്ല. അവസാന രണ്ടു കളിയിൽ അവർക്ക് കാലിടറി. പ്ലേഓഫിൽ പോളണ്ടിനോടും തോറ്റതോടെ സ്വീഡന്റെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചു. സ്‌പെയിൻ അവസാന ഏഴ് കളിയിൽ ആറും ജയിച്ചു, ഒന്ന് സമനിലയായി. തുടർച്ചയായ പന്ത്രണ്ടാമത്തെ ലോകകപ്പാണ് സ്‌പെയിൻ കളിക്കുന്നത്. 
ഒരു അംഗീകൃത സ്‌ട്രൈക്കർ ടീമിലില്ലെന്നതാണ് സ്‌പെയിനിന്റെ പ്രധാന പ്രശ്‌നം. ഫെറാൻ ടോറസാണ് സ്‌ട്രൈക്കറുടെ ചുമതല നിർവഹിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് സ്‌പെയിൻ ബൂട്ട് കെട്ടുന്നതെങ്കിലും ഇത്തവണ ക്രൊയേഷ്യ, ബെൽജിയം, ബ്രസീൽ ടീമുകളൊക്കെ അവരുടെ വഴി മുടക്കാൻ സാധ്യതയുണ്ട്. 

അട്ടിമറിയുടെ ഞെട്ടലിൽ

ടീം: ജർമനി
ഫിഫ റാങ്കിംഗ്: 11
ലോകകപ്പിൽ: ഇരുപതാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1954, 1974, 1990, 2014)
മികച്ച കളിക്കാരൻ: മാന്വേൽ നോയർ
കോച്ച്: ഹാൻസി ഫഌക്
സാധ്യത: ക്വാർട്ടർ

കഴിഞ്ഞ ലോകകപ്പിൽ തെക്കൻ കൊറിയയോട് തോറ്റതിന്റെ ഞെട്ടൽ ജർമനിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മെക്‌സിക്കോയോടും തോറ്റു. എളുപ്പമുള്ളതെന്ന് ഏവരും കരുതിയ ഗ്രൂപ്പിൽ അവർ നാലാം സ്ഥാനത്തായി. 80 വർഷത്തിനിടയിലാദ്യമായാണ് അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. നീണ്ട പ്രതാപ കാലത്തിനു ശേഷം ടീമിനെ ഉണർത്താൻ സാധിക്കാതിരുന്ന ജോക്കിം ലോയ്‌വ് അതോടെ പരിശീലക പദവി ഒഴിയേണ്ടതായിരുന്നു. 2019 ലെ യുവേഫ നാഷൻസ് ലീഗിലും കഴിഞ്ഞ യൂറോ കപ്പിലും ടീം നിരാശപ്പെടുത്തിയതോടെയാണ് മാറ്റത്തിന് നിർബന്ധിതമായത്. ഹാൻസി ഫഌക് ചുമതലയേറ്റ ശേഷം ജർമനി ആവേശം വീണ്ടെടുത്തിട്ടുണ്ട്. ടീം ഊർജസ്വലതയോടെ, ആധുനിക രീതിയിൽ കളിക്കുന്നു. ഏറ്റവും ആക്രമണോത്സുകമായ ശൈലി സ്വീകരിക്കുന്ന ദേശീയ ടീമാണ് ഇപ്പോൾ ജർമനി. യോഗ്യത റൗണ്ടിൽ നോർത് മാസിഡോണിയയോട് തോറ്റെങ്കിലും ബാക്കി ഒമ്പതു കളിയും ജയിച്ചു, 36 ഗോളടിച്ചു. ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമാണ്. എന്നാൽ ഹംഗറിയും ഇറ്റലിയും ഇംഗ്ലണ്ടുമടങ്ങുന്ന നാഷൻസ് ലീഗ് ഗ്രൂപ്പിൽ നാലു കളികളിൽ ഒന്നേ ജയിക്കാനായിട്ടുള്ളൂ. 
ക്വാർട്ടർ വരെ ജർമനി മുന്നേറുകയാണെങ്കിൽ മിക്കവാറും അവർക്ക് ബ്രസീലിനെ നേരിടേണ്ടി വരും. 2014 ൽ സ്വന്തം രാജ്യത്ത് ജർമനിയോട് സെമി ഫൈനലിൽ നാണംകെട്ട ബ്രസീൽ അവസരം കാത്തിരിക്കുകയാണ്. 
ലോകകപ്പിലെ ഏറ്റവും പാരമ്പര്യമുള്ള ടീമാണ് ജർമനി. നാലു തവണ ചാമ്പ്യന്മാരായി, നാലു തവണ വീതം റണ്ണേഴ്‌സ്അപ്പും മൂന്നാം സ്ഥാനക്കാരുമായി. ഒരു തവണ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ 21 ലോകകപ്പിൽ പത്തൊമ്പതിലും അവർ കളിച്ചിട്ടുണ്ട്. രണ്ടു തവണയേ ക്വാർട്ടറിന് മുമ്പ് പുറത്തായിട്ടുള്ളൂ -1938 ലും 2018ലും. 
ഇത്തവണ പരിചയസമ്പന്നരായ തോമസ് മുള്ളറും കായ് ഹാവേട്‌സും മുൻനിരയിലുണ്ടെങ്കിലും കരുത്തനായ സ്‌ട്രൈക്കറുടെ അഭാവമുണ്ട്. ജോഷ്വ കിമിക് മധ്യനിരയിൽ ചുക്കാൻ പിടിക്കുന്നു. യോനാസ് ഹോഫ്മാനും ഡേവിഡ് റോമും യുവ ഫുൾബാക്കുകളിൽ ശ്രദ്ധ പിടിച്ചുപറ്റിയവരാണ്. ഗോൾമുഖത്ത് തോമസ് നോയർ ഇപ്പോഴും അജയ്യനാണ്. ക്വാർട്ടറിൽ ബ്രസീലിനെയോ പോർചുഗലിനെയോ നേരിടേണ്ടി വരുമെന്നതാണ് ജർമനിയുടെ പ്രശ്‌നം. 

മുന്നേറ്റം പ്രയാസം

ടീം: ജപ്പാൻ
ഫിഫ റാങ്കിംഗ്: 24
ലോകകപ്പിൽ: ഏഴാം തവണ
മികച്ച പ്രകടനം: പ്രി ക്വാർട്ടർ (2002, 2010, 2018)
മികച്ച കളിക്കാരൻ: മായ യോഷിദ
കോച്ച്: ഹാജിമെ മോറിയാസു
സാധ്യത: ആദ്യ റൗണ്ട്

ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും നിരാശരായ ടീമുകളിലൊന്നായിരിക്കും ജപ്പാൻ. യൂറോപ്പിൽ കഴിവ് തെളിയിക്കുന്ന നിരവധി കളിക്കാരുണ്ട് ജപ്പാൻ നിരയിൽ. എന്നാൽ സ്‌പെയിനും ജർമനിയുമുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറുക എളുപ്പമുള്ള ജോലിയല്ല. തുടർച്ചയായ ഏഴാം തവണയാണ് അവർ ഏഷ്യയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ റഷ്യയിൽ പ്രി ക്വാർട്ടറിലെത്തിയിരുന്നു. 
റഷ്യൻ ലോകകപ്പ് ജപ്പാന്റെ മുന്നേറ്റത്തിന്റെ സൂചികയായിരുന്നു. ലാറ്റിനമേരിക്കൻ ടീമിനെ ലോകകപ്പിൽ തോൽപിക്കുന്ന ആദ്യ ഏഷ്യൻ നിരയായി അവർ. കൊളംബിയയെ 2-1 നാണ് തോൽപിച്ചത്. സെനഗാലുമായി സമനില നേടി. പ്രി ക്വാർട്ടറിൽ ബെൽജിയത്തെ വിറപ്പിച്ചു വിട്ട ശേഷമാണ് 2-3 ന് തോറ്റത്. രണ്ടു ഗോൾ ലീഡ് നേടിയിട്ടും ആക്രമണം തുടർന്നതാണ് ജപ്പാന് പറ്റിയ വീഴ്ച. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനൽ വരെ മുന്നേറി.
ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിൽ ജപ്പാന്റെ തുടക്കം മോശമായിരുന്നു. എന്നാൽ അവസാന ഘട്ടമായപ്പോഴേക്കും ഫോമിലേക്കുയർന്നു. സൗദി അറേബ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തോടെ യോഗ്യത നേടി. സൗദിയെ രണ്ടു മത്സരങ്ങളിലൊന്നിൽ തോൽപിക്കുകയും ചെയ്തു. 2019 ലെ കോപ അമേരിക്കയിൽ അതിഥി ടീമായി പങ്കെടുക്കുകയും ഉറുഗ്വായെ വിറപ്പിക്കുകയും ചെയ്തു. ലോകകപ്പ് സന്നാഹ മത്സരത്തിൽ പാരഗ്വായെ 2-0 ന് തോൽപിച്ചു. 


അവസാനത്തെ അതിഥികൾ

ടീം: കോസ്റ്ററീക്ക
ഫിഫ റാങ്കിംഗ്: 34
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ (2010)
മികച്ച കളിക്കാരൻ: ബ്രയാൻ റൂയിസ്
കോച്ച്: ലൂയിസ് ഫെർണാണ്ടൊ സോറസ്
സാധ്യത: ആദ്യ റൗണ്ട്

1990 ലെ ലോകകപ്പ് അരങ്ങേറ്റത്തിൽ ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയ ടീമാണ് കോസ്റ്ററീക്ക. 2014 ൽ മൂന്ന് മുൻ ലോക ചാമ്പ്യന്മാർ ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഉറുഗ്വായെയും ഇറ്റലിയെയും തോൽപിച്ചു. ഇംഗ്ലണ്ടുമായി സമനില നേടി. പ്രി ക്വാർട്ടറിൽ ഗ്രീസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. ആ മത്സരത്തിൽ ഗോൾകീപ്പർ കയ്‌ലോർ നവാസ് പതിനഞ്ചോളം ഷോട്ടുകളാണ് രക്ഷിച്ചത്. ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിലാണ് അവരുടെ മുന്നേറ്റം നിലച്ചത്, നെതർലാന്റ്‌സിനോട് തോറ്റു. എന്നാൽ കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തി. 
ഖത്തർ ലോകകപ്പിലെ മുപ്പത്തിരണ്ടാമത്തെയും അവസാനത്തെയും ടീമായാണ് കോസ്റ്ററീക്ക യോഗ്യത നേടിയത്. ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്റിനെ അവർ തോൽപിച്ചത് ജൂൺ 14 നാണ്. ലോകകപ്പ് ഗ്രൂപ്പുകളെ നിശ്ചയിച്ച് രണ്ടര മാസം കഴിഞ്ഞപ്പോൾ. 
ഇത്തവണ കോൺകകാഫ് യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു അവർ. ഗോൾവ്യത്യാസത്തിലാണ് മൂന്നാം സ്ഥാനവും നേരിട്ടുള്ള ഫൈനൽ റൗണ്ടും നഷ്ടപ്പെട്ടത്. അതോടെയാണ് ഇന്റർ കോണ്ടിനന്റൽ പ്ലേഓഫിന്റെ വഴി തേടേണ്ടി വന്നത്. ഒറ്റപ്പാദ പ്ലേഓഫിൽ ന്യൂസിലാന്റിനെ 1-0 ന് കോസ്റ്ററീക്ക തോൽപിച്ചു. 
ജപ്പാനെതിരായ മത്സരത്തിൽ അനുകൂല വിധി നേടാനാണ് ഇത്തവണ കോസ്റ്ററീക്ക ശ്രമിക്കുക. ജർമനിക്കും സ്‌പെയിനുമെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനും. 

Latest News