Sorry, you need to enable JavaScript to visit this website.

മണ്ട്യേരോ,  ഇത് ഗംഗാധറിന്റെ വിഷ്ണുലോകം

മൈതാന മധ്യത്തിൽ കുത്തിനിർത്തിയ ഇരുമ്പുവടി. അതിൽനിന്ന് നാലു ഭാഗത്തേക്കും വട്ടത്തിൽ ഇറക്കിക്കെട്ടിയ മാല ബൾബുകൾ. ഇരുമ്പുവടിക്ക് താഴെ മൈക്കും കസേരയും. ചുറ്റിലും കൂട്ടം കൂടി കാണികൾ. നാട്ടിലെ ഏറ്റവും പ്രായം ചെന്നയാൾ മുതൽ ചെറിയ കുട്ടി വരെയുണ്ട്. ഗംഗാധർ സൈക്കിൾ യജ്ഞം തുടങ്ങുന്നു. സഹായത്തിന് ഭാര്യ ശോഭ അടുത്തുണ്ട്. സഹോദരന്റെ മകൻ പ്രഭുദേവയുടെ അനൗൺസ്മെന്റ് തകർക്കുന്നു. പ്രഭുദേവക്ക് മലയാളം അറിയില്ല. പക്ഷേ, പ്രഭുവിന്റെ ഭാഷ കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്. പ്രഭുവിന്റെ വാക്കുകൾക്കനസരിച്ച് ജനം കൈയടിക്കുന്നു. ആർപ്പു വിളിക്കുന്നു.
 
ചുറ്റിലും കൂടിനിൽക്കുന്ന കാണികൾക്കരികിലൂടെ ഗംഗാധറിന്റെ സൈക്കിൾ കുതിച്ചുപാഞ്ഞു തുടങ്ങി. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിൾ. പക്ഷേ, ഗംഗാധറിന് ബെല്ലിന്റെയും ബ്രേക്കിന്റെയും ആവശ്യമില്ല. നിയന്ത്രണമെല്ലാം അയാളുടെ മനസ്സിലുണ്ട്. രണ്ടു ദിവസത്തോളം മണ്ണിനടിയിൽ കിടന്ന് റെക്കോർഡിട്ടയാളാണ് ഗംഗാധർ. വളരെ ചെറുപ്രായത്തിൽ തന്നെ ഈ അഭ്യാസത്തിന് ആവശ്യമായ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൈക്കിൾ യജ്ഞവും സാഹസിക പ്രകടനവും നടത്തിയതിന്റെ അനുഭവ ജ്ഞാനമുണ്ട്. തീപ്പന്തത്തിന് ഇടയിലൂടെ സൈക്കിളോടിച്ചും കുട്ടികളെ മണ്ണിൽ കിടത്തി അവർക്ക് മീതെ സൈക്കിളഭ്യാസം നടത്തിയും ഗംഗാധർ കാണികളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു. പ്രഭുദേവിന്റെ കൈയിലേക്ക് ചിറ്റമ്മ ശോഭ ട്യൂബ് ലൈറ്റുകൾ നൽകുന്നു. വൻ ശബ്ദത്തോടെ പ്രഭുദേവ നെറ്റിയിൽ ട്യൂബ് ലൈറ്റുകൾ അടിച്ചുപൊട്ടിക്കുന്നു. പൊട്ടിച്ചിതറിയ ചില്ലുകഷ്ണങ്ങൾ തറച്ച് പ്രഭുദേവയുടെ നെഞ്ചിൽനിന്ന് ചോരയൊലിക്കുന്നു.
മൈതാന മൂലയിൽ നേരത്തെ തയാറാക്കിയ കുഴിയിലേക്ക് നടക്കുമ്പോഴും നെഞ്ചിൽനിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. ആ കുഴിയിൽ കടന്നിരിക്കുകയാണ് പ്രഭുദേവ ഇപ്പോൾ. തല തുണി കൊണ്ട് മറച്ചിട്ടുണ്ട്. ഒരാൾക്ക് കഷ്ടിച്ചിരിക്കാവുന്ന കുഴിയിൽ ഇറങ്ങിയിരുന്ന് മുകളിൽ മണ്ണിട്ട് മൂടുന്നു. അപ്പുറത്ത് ഗംഗാധർ അനൗൺസ്മെന്റ് തുടരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് കാണികൾ ഗംഗാധറിന്റെ അനൗൺസ്മെന്റിനേക്കാൾ കുഴിയിലുള്ള പ്രഭുദേവയുടെ കാര്യത്തിൽ അസ്വസ്ഥരാകുന്നു. കാണികളിൽനിന്നുള്ള സംഭാവനകൾ ഗംഗാധറിന്റെ അടുത്തേക്ക് ഒഴുകിയെത്തുന്നു.
പത്തു പതിനഞ്ച് മിനിറ്റിന് ശേഷം പ്രഭുദേവയെ മൂടിയ കുഴി തുറക്കുന്നു. വിയർത്തു കുളിച്ചെങ്കിലും ഒന്നും സംഭവിക്കാതെ പ്രഭുദേവ പുറത്തേക്കു വരുന്നു. കാണികളിൽനിന്ന് ഹർഷാരവം മുഴങ്ങുന്നു. വീണ്ടും ഗംഗാധറിന്റെ അഭ്യാസം. സൈക്കിളിൽ തിരിഞ്ഞും മറിഞ്ഞും കാണികൾക്കിടയിലൂടെ അതിവേഗ സഞ്ചാരം. പ്രഭുദേവയുടെ നൃത്തം. കാണികൾക്ക് സന്തോഷം.
ഒരു കാലത്ത് ഗ്രാമങ്ങളിൽ പതിവായി എത്തുന്ന നാടോടി സംഘം പിന്നീട് അപ്രത്യക്ഷമായിരുന്നു. മോഹൻലാൽ നായകനായ വിഷ്ണുലോകം എന്ന സിനിമയുടെ ആശയം ഏറെക്കുറെ നാടോടി സംഘത്തിന്റെ സാഹസിക പ്രവർത്തനമായിരുന്നു. പള്ളാപ്പു എന്നയാളായിരുന്നു കുറെ വർഷങ്ങൾക്ക് മുമ്പ് മലബാറിൽ സജീവമായി ഇത്തരത്തിൽ ഗ്രാമീണ സർക്കസ് കേന്ദ്രങ്ങളിലെ പതിവുസഞ്ചാരി. ആരാന്റമ്മ പെറ്റ മക്കളേ, മണ്ട്യേരോ...തുടങ്ങിയ വാക്കുകളായിരുന്നു പള്ളാപ്പു സംഘത്തിന്റെ ഹൈലൈറ്റ്.
സാഹസിക പ്രകടനങ്ങൾക്ക് പുറമെ റെക്കോർഡ് ഡാൻസായിരുന്നു പള്ളാപ്പുവിന്റെ സംഘത്തിലെ പ്രധാന ഇനങ്ങളിലൊന്ന്. പിന്നീട് ഇത്തരം സംഘങ്ങൾ നാട്ടിൽനിന്ന് കാണാതായി. കർണാടക സ്വദേശികളായ ഗംഗാധറും ഭാര്യ ശോഭയും സഹോദര പുത്രൻ പ്രഭുദേവയും മാസങ്ങളായി കേരളത്തിൽ ഊരുചുറ്റുന്നുണ്ട്.

Latest News