Sorry, you need to enable JavaScript to visit this website.

കൂടിയേ തീരൂ, ഇമോഷണൽ ഇന്റലിജൻസ്

നിനച്ചിരിക്കാത്ത നേരത്ത് ചിലരുടെ വിളികൾ,  അപ്രതീക്ഷിതമായ ദിക്കിൽ നിന്നുള്ള  കുശലാന്വേഷണങ്ങൾ, സന്ദേശങ്ങൾ  എന്നിവ  പകരുന്ന ആനന്ദവും ഉണർവും പറഞ്ഞറിയിക്കാനാവില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്തരം ഒരു അവിചാരിതമായ ടെലിഫോൺ കോൾ  എന്നെ തേടിയെത്തി. വർഷങ്ങൾക്ക് മുമ്പ് എന്റെ വിദ്യാർത്ഥിനിയായിരുന്ന ഷിജിയാണ് വിളിക്കുന്നത്. അവളിപ്പോൾ ഭർത്താവിനോടൊപ്പം  സിഡ്‌നിയിലാണുള്ളത്. ഒരുപാട് വിശേഷങ്ങൾ അവൾ ഏറെ സ്‌നേഹാദരങ്ങളോടെ സ്വതഃസിദ്ധമായ വാചാലതയോടെ  പങ്കുവെച്ചു.
ദീർഘനേരത്തെ സംസാരത്തിനിടയിൽ അവളുടെ പ്ലസ് ടു സ്മരണകൾ,  തുടർ പഠനം,  വിവാഹം  തൊഴിൽ എല്ലാം വിഷയമായി. കൊമേഴ്‌സ് സ്ട്രീമിൽ പഠിച്ച ആ മിടുക്കി ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത് ഇംഗ്ലീഷ് ലിറ്ററേച്ചർ  ആയിരുന്നു. തുടർന്ന് ബി.എഡ് പൂർത്തിയാക്കി.  ഫാഷൻ ഡിസൈനിംഗിൽ തൽപരയായ അവൾ ഇതിനിടെ ആ വിഷയത്തിലും ഒരു ഡിപ്‌ളോമ കരസ്ഥമാക്കിയിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ  ഭർത്താവിനോടൊത്ത് ഓസ്‌ട്രേലിയയിലേക്ക് പറന്ന അവൾ അവിടുത്തെ തൊഴിൽ സാധ്യതകളെ കുറിച്ച് അന്വേഷിക്കുകയും തന്റെ താൽപര്യത്തിനും അഭിരുചിക്കും ഇണങ്ങിയ ഏർലി ചൈൽഡ്ഹുഡ് കെയർ എന്ന വിഷയത്തിൽ പഠനം നടത്തി സർട്ടിഫിക്കറ്റ് സമ്പാദിക്കുകയും ചെയ്തു.  ഇപ്പോൾ ഷിജി ഏറെ സംതൃപ്തയാണ്. അവൾക്കിഷ്ടപ്പെട്ട തൊഴിലിൽ ഏർപ്പെട്ട് കുടുംബത്തോടൊത്ത് ജീവിതം ധന്യമായി നീങ്ങുന്നു എന്നാണവൾ
ഏറെ സന്തോഷത്തോടെ അറിയിച്ചത്.
നോക്കൂ, അങ്ങകലെ ഓസ്‌ട്രേലിയയിൽ ചെന്ന് തൊഴിൽ ചെയ്യുമെന്നൊന്നും ഷിജി പ്ലസ് ടു ക്ലാസിൽ പഠിക്കുമ്പോൾ വിദൂര സ്വപ്നങ്ങളിൽ പോലും നിനച്ചിരിക്കാനിടയില്ല. കൂടാതെ അവൾ പറഞ്ഞതനുസരിച്ച്, അന്ന് ആ കൊമേഴ്‌സ് വിഭാഗം  ക്ലാസിലിരുന്ന അവൾ ഇംഗ്ലീഷ് അധ്യാപകനായിരുന്ന എന്റെ സ്വാധീനത്താൽ ഡിഗ്രിക്ക് ഇംഗ്ലീഷ് എടുത്ത് പഠിച്ച് ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തെ കുരുന്ന് വിദ്യാർത്ഥികളുടെ പ്രിയ  അധ്യാപികയായി മാറിയേക്കും
എന്ന് ഞാനും കരുതിയിരുന്നില്ലല്ലോ! ജീവിതം അങ്ങനെയൊക്കെയാണ്. നമ്മുടെ  കണക്കുകൂട്ടലുകൾക്ക് അപ്പുറത്തെ പ്രവചനാതീതമായ  വിസ്മയങ്ങൾ കൂടിയാണത്.
ഇതൊക്കെ ഇങ്ങനെ ഇപ്പോൾ പറയാനുള്ള കാരണമെന്താണെന്നല്ലേ? നാട്ടിലിപ്പോൾ പ്ലസ് വൺ അഡ്മിഷൻ കഴിഞ്ഞു. പല കുട്ടികളും  അവർക്കിഷ്ടപ്പെട്ട സ്ട്രീമിൽ പ്രവേശനം നേടിയപ്പോൾ  പല കാരണത്താലും ഇഷ്ടപ്പെട്ട വിഷയങ്ങൾ എടുത്ത് പഠിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ചില കുട്ടികൾ.
ഒരേ സ്‌കൂളിൽ പഠിച്ചവർ, മാർക്കിൽ മറ്റുള്ളവരേക്കാളും മുന്നിലുള്ളവർ, താമസിക്കുന്നത് തൊട്ടടുത്ത പഞ്ചായത്ത് ആയതിനാൽ റാങ്കിൽ ഗണ്യമായ മാറ്റം വന്ന് വീടിനടുത്ത കലാലയത്തിൽ ഇഷ്ട സ്ട്രീമിൽ പഠിക്കാനാവാതെ വേവലാതിപ്പെടുന്നത് കാണാനിട വന്നിട്ടുണ്ട്. ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾക്കപ്പുറം യുക്തിരഹിതവും  വികലവുമായ ഭൂമിശാസ്ത്ര  മാനദണ്ഡങ്ങൾ കാരണം
ഇങ്ങനെ അവസരം നഷ്ടപ്പെട്ട കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും  കണ്ണീർ  വീണ് നനയുന്ന ഇടങ്ങളായി ഹയർ സെക്കണ്ടറി ഓഫീസുകൾ മാറിയിട്ടുണ്ടെന്ന് പറയുന്നത് അതിശയോക്തിയാവില്ല. ഇതിനെല്ലാം പുറമെ പരുഷ പ്രകൃതക്കാരായ ചില അധ്യാപകരുടെ പെരുമാറ്റവും കുട്ടികളെ അമിതമായി ഉൽക്കണ്ഠപ്പെടുത്തുന്ന തരത്തിലുള്ള സമീപനങ്ങളും ചില വിദ്യാർത്ഥികളെയെങ്കിലും ഏറെ അസ്വസ്ഥതപ്പെടുത്താറുണ്ട്.

ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് തുടർപഠനത്തിൽ പല തരം അസംതൃപ്തികളും പലപ്പോഴായി പഠന കാലത്ത്  അനുഭവിക്കേണ്ടി വന്നേക്കാം. വിവിധ മൽസര പരീക്ഷകളുടെ ഫലങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.  അപ്പോഴെല്ലാം അമിതമായി ആഹ്ലാദിച്ച് ദിശാബോധം നഷ്ടപ്പെടുന്നവരോ  സ്വയം പഴിച്ച്  ആത്മവിശ്വാസം ചോർന്ന്   വളർച്ച മുരടിച്ചു പോവേണ്ടവരല്ലല്ലോ  നമ്മുടെ
ഇളംതലമുറ. പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോൾ തളരാതെ പതറാതെ അവയെ തരണം ചെയ്യാനും പാഠങ്ങൾ ഉൾക്കൊള്ളാനും അവ കാട്ടിത്തരുന്ന മെച്ചപ്പെട്ട മറ്റു  അവസരങ്ങളെ പ്രയോജനപ്പെടുത്തി മുന്നേറാനുമുള്ള തന്റേടമാണ് അവർ ആർജിക്കേണ്ടത്. അടുത്തിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്കാദമിക വൈദഗ്ധ്യം നേടിയ  മികച്ച പ്രൊഷണലുകളായ ചെറുപ്പക്കാരുടെ ആത്മഹത്യകൾ വിരൽ ചൂണ്ടുന്നത്  അത്തരം   തന്റേടം കൂടി വിദ്യാർത്ഥിനീ വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്ന തരത്തിലാവണം നമ്മുടെ കലാലയങ്ങൾ എന്നല്ലേ. സർക്കാരും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും അതീവ ഗൗരവത്തോടെ മുൻഗണന നൽകേണ്ട പഠന പരിശീലന പ്രക്രിയയായി    ഇമോഷണൽ ഇന്റലിജൻസ് പാഠ്യപദ്ധതിയുടെ ഭാഗമായി  മാറേണ്ടതുണ്ട്.
മാന്യമായ എല്ലാ തൊഴിലിനും തുല്യ മഹത്വവും പരിഗണനയും  കൽപിക്കുന്ന വിദ്യാഭ്യാസ സംസ്‌കാരമുള്ള  ഓസ്‌ട്രേലിയയിൽ ഏഴാം തരത്തിൽ നിന്നും ഹൈസ്‌കൂൾ ആരംഭിക്കും. ഹൈസ്‌കൂൾ പഠനം കഴിയുമ്പോഴേക്കും ഓരോ കുട്ടിയും തന്റെ അഭിരുചിക്കിണങ്ങിയ  ഏതെങ്കിലും ഒരു തൊഴിൽ ആത്മവിശ്വാസത്തോടെ ചെയ്യാനുള്ള സർട്ടിഫിക്കറ്റ് നേടിയിരിക്കും. മാത്രമല്ല, തുടർ പഠനത്തിനുള്ള വക കണ്ടെത്താൻ അത് കൗമാരക്കാരെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യവും ഏറെ മാതൃകാപരം തന്നെയാണ്.

Latest News