പാസ്‌പോർട്ട് കാലാവധിയും  റീ എൻട്രിയും

ചോദ്യം: എന്റെ പാസ്‌പോർട്ടിന്റെ കാലാവധി 45 ദിവസത്തിനകം തീരും. എനിക്ക് അടിയന്തരമായി നാട്ടിൽ പോകേണ്ടതുണ്ട്. പാസ്‌പോർട്ട് പുതുക്കാതെ റീ എൻട്രി അടിക്കാൻ കഴിയില്ലെന്നാണ് സ്‌പോൺസർ പറയുന്നത്. അതു ശരിയാണോ? റീ എൻട്രി ലഭിക്കുന്നതിന്പാസ് പോർട്ടിന്റെ മിനിമം കാലാവധി എത്രയാണ്?

ഉത്തരം: പാസ്‌പോർട്ടിൽ കുറഞ്ഞത് 90 ദിവസ കാലാവധിയില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രി ലഭിക്കില്ല.  ജവാസാത്തിന്റെ നിയമം അതാണ്.  പാസ്‌പോർട്ടിൽ ചുരുങ്ങിയത് മൂന്ന് മാസം കാലാവധിയില്ലെങ്കിൽ ജവാസാത്തിന്റെ സിസ്റ്റം റീ എൻട്രി നിരസിക്കും. അത്യാവശ്യമായി നാട്ടിൽ പോകേണ്ടതുണ്ടെങ്കിൽ നിങ്ങളുടെ രാജ്യത്തിന്റെ എംബസിയെ സമീപിച്ച് അതിൽ കാലാവധി ദീർഘിപ്പിച്ച് ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയോ, അതല്ലെങ്കിൽ എമർജൻസിയായി പാസ്‌പോർട്ട് പുതുക്കുകയോ മാത്രമാണ് പോംവഴി.
പാസ്‌പോർട്ടിന്റെ കാലാവധി ദീർഘിപ്പിച്ചു കിട്ടുകയോ പുതുക്കുകയോ ചെയ്താൽ പാസ്‌പോർട്ടിലെ പുതിയ വിവരങ്ങൾ ജവാസാത്ത് സിസ്റ്റത്തിൽ ചേർക്കണം. ഇത് സ്‌പോപോൺസറുടെ അബ്ശിർ വഴി സാധ്യമാണ്. അതിനു ശേഷം നിങ്ങൾക്ക് എക്‌സിറ്റ് റീ എൻട്രി ലഭിക്കും.

രാജ്യത്തിന് പുറത്തായിരിക്കേ സ്‌പോൺസർഷിപ്പ് മാറ്റം

ചോദ്യം:  എക്‌സിറ്റ് റീ എൻട്രിയിൽ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ നിലവിലെ കമ്പനിയുടെ തന്നെ മറ്റൊരു വിഭാഗത്തിനു കീഴിലേക്ക് സ്‌പോൺസർഷിപ് മാറ്റാൻ കഴിയുമോ?

ഉത്തരം: മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിയമമനുസരിച്ച് തൊഴിലാളി രാജ്യത്തിനു പുറത്തായാരിക്കുമ്പോൾ സ്‌പോൺസർഷിപ് മാറ്റാൻ സാധിക്കില്ല. സ്‌പോൺസർഷിപ് മാറ്റ സമയം തൊഴിലാളി രാജ്യത്തിനകത്ത് ഉണ്ടായിരിക്കണമെന്നാണ് നിയമം. കമ്പനി തയാറായാൽ തന്നെയും  സ്‌പോൺസർഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജവാസാത്ത് സിസ്റ്റത്തിൽ നടക്കണമെങ്കിൽ  തൊഴിലാളി രാജ്യത്തിനകത്ത് ഉണ്ടായിരിക്കണം.
 

Latest News