Sorry, you need to enable JavaScript to visit this website.

നഗരസഭാ ഉപാധ്യക്ഷ സ്ഥാനം വിട്ട്  മോർച്ചറിയിലെ പരേതർക്കൊപ്പം

 ബഹുഭാഷാ ചിത്രമായ 'റോക്കറ്ററി' യുടെ കേരളാ ലോഞ്ചിങ് ചടങ്ങിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മാധവൻ ഹമീദിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
മഞ്ചേരിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഹമീദിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

2001-ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മഞ്ചേരി നഗരസഭാ പ്രതിനിധിയായി. അന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത് യാദൃച്ഛികമായാണ്. തന്റെ കന്നി രാഷ്ട്രീയ പ്രവേശത്തോടെ തന്നെ നഗരസഭയുടെ ഉപാധ്യക്ഷനുമായി. എന്നാൽ രാഷ്ട്രീയത്തിലെ ചിട്ടകളും, ചട്ടങ്ങളും ഹമീദിന് വേണ്ടത്ര വശമുണ്ടായിരുന്നില്ല. പാർട്ടി കൊടിക്കൂറയ്ക്ക് കീഴിലുള്ള കൂട്ടലുകളുടേയും, കിഴിക്കലുകളുടേയും ഗണിതം ഉപേക്ഷിച്ച് രാഷ്ട്രീയക്കളരിയോട് ഹമീദ് വിട പറയുകയായിരുന്നു. അവിടുന്നിങ്ങോട്ട് മഞ്ചേരി മെഡിക്കൽ കോളേജിന്റെ പഴയ രൂപമായ ജില്ലാ ആശുപത്രിയിലെ നിത്യ സന്ദർശകനായി. ഓടിട്ട പുരയായിരുന്നു അന്നത്തെ മോർച്ചറി. സിമന്റ് തറയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുന്ന ജഡങ്ങൾ ഏറ്റെടുത്ത് അവ വൃത്തിയാക്കാനും, ഡ്രസ്സ് ചെയ്യാനുമെല്ലാം ഹമീദ് സ്വയം തയ്യാറാവുകയായിരുന്നു.

2022 ജൂൺ 18. അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്റർ. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ജീവിതത്തിൽ അഭിമുഖീകരിച്ച സന്ദിഗ്ധ ഘട്ടങ്ങളെ ആസ്പദമാക്കി ആർ. മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച ബഹുഭാഷാ ചിത്രമായ 'റോക്കറ്ററി' യുടെ കേരളാ ലോഞ്ചിങ് ചടങ്ങ്. റോക്കറ്ററിയുടെ നിർമ്മാതാവ് വർഗീസ് മൂലൻസ്, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മാധവൻ, നായിക സിമ്രാൻ തുടങ്ങി തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന പല പ്രമുഖരുമുണ്ട് വേദിയിൽ. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തുന്ന ഏതാനും വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഈ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. ആദരിക്കപ്പെട്ടവരിലൊരാൾ മഞ്ചേരി സ്വദേശിയായ കൊടവണ്ടി അബ്ദുൽഹമീദ് എന്ന 53-കാരനായിരുന്നു. 
ഈ ആദരവിന് അർഹനായ ഹമീദിനെക്കുറിച്ച് പ്രോഗ്രാം അനൗൺസർ രഞ്ജിനി ഹരിദാസ് വിവരിക്കുമ്പോൾ സദസ്സിലുണ്ടായിരുന്നവരെല്ലാം അത്ഭുതം കൂറുകയായിരുന്നു. ഒരു പക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള ഒരു വ്യക്തി വേറെയുണ്ടാകുമോ എന്ന് ആരും സംശയിച്ച് പോകും. അഭിനവ ജീവകാരുണ്യ 'പ്രാഞ്ചിയേട്ടൻ'മാരുടെ വിളയാടൽ കാലത്ത് ഇങ്ങനേയും ഒരു മനുഷ്യനോ?
സാധാരണക്കാരിലെ അസാധാരണക്കാരനായി ഹമീദിനെ വിശേഷിപ്പിക്കാനാകും. പണത്തിനും പ്രശസ്തിക്കും പിന്നാലെ സഞ്ചരിക്കാത്ത ഒരു സാധാരണക്കാരൻ. രണ്ട് പതിറ്റാണ്ട് മുമ്പ് മഞ്ചേരി നഗരസഭയുടെ വൈസ് ചെയർമാനായിരുന്നു ഇദ്ദേഹം. രാഷ്ട്രീയ മേൽവിലാസവുമായുള്ള പൊതുസേവനത്തിന് പലപ്പോഴും വൈകല്യങ്ങളുടെ കാപട്യം ഏറെയാണെന്ന തിരിച്ചറിവുണ്ടായതോടെ ഹമീദ് രാഷ്ട്രീയക്കളത്തിന് പുറത്തേക്ക് കടന്നു. ആ പിൻമാറ്റം വ്യക്തിബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന ജീവിതം നൻമ കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ഹമീദിന്റെ തീരുമാനം. ഈ തീരുമാനമാണ് ഹമീദിനെ വ്യസ്തനാക്കിയതും.  

പ്രളയകാലത്തും കോവിഡ് കാലത്തും ഹമീദ്

2018-ലെ പ്രളയ വേളയിലാണ് ഹമീദിനെക്കുറിച്ച് പുറംലോകം കൂടുതലറിയുന്നത്. മലപ്പുറം നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ 60 പേരിൽ 49 ജഡങ്ങൾ ദിവസങ്ങൾ നീണ്ട് നിന്ന ശ്രമകരമായ തെരച്ചിലിലാണ് കണ്ടെടുക്കാനായത്. വേരറ്റ് കൂലം കുത്തി ഒഴുകിയെത്തിയ വൃക്ഷങ്ങളൾക്കിടയിലും, ചേറിലാണ്ടും കിടന്നിരുന്ന ജഡങ്ങൾ തിരിച്ചറിയുക എന്നത് തീർത്തും പ്രയാസമായിരുന്നു. പരിസരമാകെ അസഹനീയമായ ദുർഗന്ധവും. പ്രദേശത്തെ മുസ്‌ലിംപള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ ഇടത്ത് ഈ ജഡങ്ങത്രയും കഴുകി വൃത്തിയാക്കിയത് ഹമീദും സംഘവുമാണ്. ദുഷ്‌ക്കരമായ ഒരു ദൗത്യം തന്നെയായിരുന്നു ഇത്. തുടർന്നാണ് ജഡങ്ങൾ തിരിച്ചറിയാനായതും, പോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തീകരിച്ചതും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധസേവകർ, രാഷ്ട്രീയക്കാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ഇന്ന് ഹമീദ് കൊടവണ്ടി എന്ന നാമം സുപരിചിതമാണ്. മഴയോ, വെയിലോ, രാത്രിയോ, പകലോ എന്നില്ല, എവിടേയെങ്കിലും അത്യാഹിതങ്ങളോ, അസ്വാഭാവിക മരണങ്ങളോ, ദുരന്തങ്ങളോ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആദ്യം വിളിക്കുന്നത് ഹമീദിനെയാണ്. ഹമീദിന്റെ ഫോൺ റിംഗ് ചെയ്താലറിയാം അപ്പുറത്ത് ഏതോ പരേതന് വേണ്ടി ആരോ വിളിക്കുകയാണെന്ന്. വിളിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്താൻ തുനിയുന്നതിനിടയിൽ ഹമീദ് പ്രതികരിക്കും. അര മണിക്കൂറിനകം മോർച്ചറി പരിസരത്ത് എത്താമെന്ന്.
തന്റെ ആയുസ്സിലെ രണ്ടര പതിറ്റാണ്ട് കാലം വേറിട്ട സേവന പാതയിലൂടെ സഞ്ചരിച്ച ഹമീദെന്ന മനുഷ്യന്റെ മഹത്വം, കോവിഡ് വ്യാപന വേളയിലാണ് സമൂഹം നേരിട്ടറിഞ്ഞത്്. മലപ്പുറം ജില്ലയിലെ പ്രധാന ആതുരാലയമായതിനാൽ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമായിരുന്നു കോവിഡ് രോഗികൾക്കുള്ള ചികിത്സക്കും, നിരീക്ഷണത്തിനും സൗകര്യമൊരുക്കിയിരുന്നത്. പണമുണ്ടെങ്കിൽ എന്ത് കാര്യവും നടക്കുമെന്ന സങ്കൽപ്പം തീർത്തും വ്യാമോഹം മാത്രമാണെന്ന് തിരിച്ചറിയപ്പെട്ട വേളയായിരുന്നു കോവിഡ് കാലം. ധനാഢ്യരും പാവപ്പെട്ടരും ഒരേ വാർഡിലാണ് ചികിത്സ തേടിയിരുന്നത്. ആശുപത്രി വാർഡുകളിൽ മോണിറ്ററുകളിൽ നിന്ന് നിലയ്ക്കാതെയുള്ള ബീപ് ശബ്ദത്തിനിടയിൽ ശ്വാസം കഴിക്കാൻ ആയാസപ്പെടുന്ന രോഗികൾ. നെഞ്ചിൻകൂടിനുള്ളിൽ നിന്നുയരുന്ന മരണത്തിന്റെ മുഴക്കം.  മാസ്‌ക് ധരിച്ച് പി.പി കിറ്റിനുള്ളിൽ പൊതിഞ്ഞ് നീങ്ങുന്ന ഡോക്ടർമാരും നഴ്‌സുമാരും. അക്കൂട്ടത്തിലെ ഒരാളായിരുന്നു ഹമീദും. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമായി 2020 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള രണ്ട് വർഷക്കാലം ദിവസം നാല് നേരവും ഭക്ഷണമെത്തിച്ച് നൽകിയത് ഹമീദെന്ന ഒറ്റയാനാണ്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റാരും ശ്രദ്ധ കേന്ദ്രീകരിക്കാത്തിടത്ത് ഹമീദ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്, കക്ഷി രാഷ്ട്രീയക്കാരും വ്യാപാരി-വ്യവസായികളും സന്നദ്ധ സംഘടനകളുമെല്ലാം ഉൾപ്പടുന്ന എല്ലാ വിഭാഗം ആളുകളും സഹകരിക്കാൻ തയ്യാറായതോടെ ഈ ഭക്ഷണ വിതരണത്തിന് ഒരു മുടക്കവുമുണ്ടായില്ല. 719 ദിവസം എല്ലാ രോഗികൾക്കും കൃത്യമായി വെള്ളവും ഭക്ഷണവും ഹമീദ് എത്തിച്ച് നൽകുകയായിരുന്നു.
കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങളിൽ കർമ്മങ്ങൾ ചെയ്യാൻ അധികൃതരുടെ അനുമതിയില്ലാത്തതിനാൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം തുടച്ച് വൃത്തിയാക്കി ചെയ്യാവുന്നത്ര കർമ്മങ്ങൾ നടത്തിയ ശേഷം പ്രത്യേക ബാഗിനുള്ളിൽ പായ്ക്ക് ചെയ്താണ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന്റെ ഫ്രീസറിലേക്ക് മാറ്റിയിരുന്നത്. പിന്നീട് ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിലാണ് ബന്ധുക്കൾക്ക് കൈമാറിയിരുന്നതും. അടുത്ത ബന്ധുക്കൾ വരെ ഈ ജഡങ്ങൾ കാണാൻ പോലും വിമുഖത കാണിച്ചിരുന്ന വേളയിലാണ് ആദരവോടെ ഈ ജഡങ്ങളെല്ലാം ഹമീദ് സംസ്‌കരിക്കാൻ സജ്ജീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് ഹമീദിന് മാറി നിൽക്കേണ്ടതായും വന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പടെയുള്ള ഡോക്ടർമാർ. നഴ്‌സുമാർ, ഫോറൻസിക് വിഭാഗത്തിലെ ഡോ. ആനന്ദ്, ഡോ. സഞ്ജയ്, ഡോ. ലെവിസ് വസീം, മോർച്ചറി സ്റ്റാഫുകളായ ഇഖ്ബാൽ, സുബ്രഹ്മണ്യൻ, ജോജി എന്നിവരെല്ലാം ഹമീദിന്റെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും നൽകിയിരുന്നു.
മലപ്പുറം പന്തലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം അധികാരികൾ കോവിഡ് കാലത്തെക്കുറിച്ച് സമഗ്രമായി തയ്യാറാക്കിയ 'കോവിഡായനം' എന്ന പുസ്തകത്തിൽ ഹമീദിന്റെ സേവനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭാവി തലമുറ ലോക്ഡൗൺ കാലഘട്ടത്തെ എങ്ങനെയാണ് നോക്കിക്കാണുക എന്ന ചോദ്യം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. എഴുത്തുകാരൻ പി. സുരേന്ദ്രനാണ് ഈ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക, നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സന്തോഷ് തുടങ്ങിയവരും പ്രാകശന ചടങ്ങിൽ പങ്കെടുത്തിരുന്നു. 
ജലാശയങ്ങളിലും, മറ്റുമായി ദിവസങ്ങളോളം പഴകി ജീർണിച്ചതും, കത്തിക്കരിഞ്ഞ് അസഹ്യമായ ദുർഗന്ധം വമിക്കുന്നതുമായ ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒരു മടിയുമില്ലാതെ ഹമീദും സംഘവും ഏറ്റെടുക്കുന്നു. ജാതി-മത ഭേദമന്യേ എല്ലാ ജഡങ്ങളുടേയും വിശ്വാസപരമായ കർമ്മങ്ങളും ഇവർ നിർവ്വഹിക്കുന്നു. ബന്ധുക്കളുടെ പ്രധാന ആവശ്യവും അത് തന്നെയായിരിക്കും. ജഡത്തിന്റെ നെറ്റിയിൽ ഭസ്മം വരച്ചും, നെഞ്ചിൽ കുരിശ് വെച്ചും, കഫൻ ചെയ്തും നൂറുക്കണക്കിന് ജഡങ്ങളുടെ അന്ത്യ കർമ്മങ്ങളാണ് ഹമീദും സംഘവും നിറവേറ്റിയിട്ടുള്ളത്. 
സ്ത്രീകളുടെ ജഡങ്ങളാണെങ്കിൽ കുളിപ്പിക്കുന്നതും, മറ്റ് പരിപാലനങ്ങൾ നിർവ്വഹിക്കുന്നതും സ്ത്രീകൾ തന്നെയാണ്. ഹസീന വഹാബ്, ജസ്സി സുലൈമാൻ, ഖദീജാ ഹസ്സൻ, ഹഫ്‌സത്ത്, ഷരീഫ, ഷറഫുന്നീസ, ഉമ്മുകുത്സു, ആയിഷ, റുഖിയ, കുഞ്ഞി മറിയം, ഖൈറുന്നിസ, ജസീല മൻസൂർ  തുടങ്ങിയവരാണ് സ്ത്രീ ജഡങ്ങൾ ഏറ്റെടുക്കുക. നാല് പേരാണ് ഒരു ജഡം പരിപാലനം ചെയ്യാനായി വേണ്ടിവരുന്നത്. സംഘത്തിന്റെ ലിസ്റ്റിൽ നിന്ന് ആദ്യം ലഭ്യമാകുന്നവരെ ഇതിനായി ചുമതലപ്പെടുത്തും. പി.പി ഹംസക്കുട്ടി, പി. റിയാസ്ബാബു, കോർമ്മത്ത് സഹീർ, ടി.വി ഹംസ തുടങ്ങിയവരെല്ലാം ഹമീദിന്റെ സഹായികളാണ്. ദൈവപ്രീതി കാംക്ഷിച്ച് സേവന രംഗത്ത് എത്തിയവരാണ് ഇവരെല്ലാം തന്നെ.

മരണത്തിന്റെ കാണാതലങ്ങൾ

മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മിക്ക ദിവസവും നാലും, അഞ്ചും ജഡങ്ങൾ വരെയുണ്ടാകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കൂട്ടിയ ജഡങ്ങൾ കുളിപ്പിക്കുന്നതിനും, കർമ്മങ്ങൾ ചെയ്യുന്നതിനുമെല്ലാം പലപ്പോഴും ബന്ധുക്കൾ പലരും മടിക്കാറുണ്ട്. ഭയവും, അറപ്പുമാണ് ഇതിന് പ്രധാന കാരണം. ആദിവാസികൾ, അന്യസംസ്ഥാനക്കാർ, അജ്ഞാത ജഡങ്ങൾ, ബന്ധുക്കൾ ധാരാളം ഉണ്ടായിട്ടും ആരാലും തിരിഞ്ഞ് നോക്കാനില്ലാത്ത ഹതഭാഗ്യർ എന്നിങ്ങനെ മോർച്ചറിയിലെത്തുന്ന ജഡങ്ങൾക്ക് വകഭേദങ്ങൾ ഏറെയാണ്. രക്തത്തിന്റേയും, രാസലായനികളുടേയും രൂക്ഷഗന്ധം വമിയ്ക്കുന്ന മോർച്ചറിയുടെ അടച്ചിട്ട കതകിന് വെളിയിൽ. പരേതരുടെ ബന്ധുക്കളുടെ മനുഷ്യത്വരഹിതമായ നിലപാടുകൾ പലപ്പോഴും സങ്കീർണ്ണമാകാറുണ്ട്. ഉറ്റവരുടെ മരണത്തോടെ ചിലർ കാട്ടിക്കൂട്ടുന്ന ചെയ്തികൾക്കെല്ലാം ഹമീദ് മൂകസാക്ഷിയാകാറുണ്ട്. സ്വന്തമായുള്ള വികല ന്യായവാദങ്ങളുയർത്തി ജഡം ഏറ്റെടുക്കാൻ ചിലർ തയ്യാറാകില്ല. മറ്റ് ചിലരാകട്ടെ ജഡം സംസ്‌കാരിക്കുന്നതിന് വേണ്ട ചിലവിനുള്ള പണം കിട്ടണം.  'ജഡം നിങ്ങൾ എന്ത് വേണേലും ചെയ്‌തോ' എന്ന നിലപാട് ഇത്തരക്കാർ പുലർത്തുക. ഈ പശ്ചാത്തലങ്ങളിലെല്ലാം, തനിയ്ക്ക് അജ്ഞാതനായ ജഡത്തിന്റെ ബന്ധുവായി മാറുന്നത് ഹമീദ് തന്നെയാണ്. 90 വയസ്സായ ഒരു വയോധിക സ്വാഭാവികമായി മരണപ്പെട്ടപ്പോൾ, അവരുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്ന് പരാതിപ്പെട്ടത് അഭ്യസ്തവിദ്യയായ കൊച്ചു മകളാണ്. വയോധികയെ പരിചരിച്ചിരുന്ന പാലിയേറ്റീവ് പ്രവർത്തകർ ആണയിട്ട് ആവശ്യപ്പെട്ടിട്ടും തന്റെ നിലപാടിൽ നിന്ന് യുവതി പിൻമാറിയില്ല. ബന്ധുക്കൾ തമ്മിലുള്ള വൈരാഗ്യമായിരുന്നു ഇതിന് കാരണം.
വണ്ടൂർ സ്റ്റേഷൻ പരിധിയിൽ ഝാർഖണ്ട് സ്വദേശിയായ  ഒരു തൊഴിലാളി ട്രെയിൻ തട്ടി മരണപ്പെട്ടപ്പോൾ ബന്ധുക്കൾ എത്താനായി ജഡം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കൾ വരാൻ തയ്യാറില്ലായിരുന്നു. മഞ്ചേരിയിലെത്താനുള്ള വണ്ടിക്കൂലിയും, മറ്റ് ചിലവുകളും നൽകാമെന്ന വണ്ടൂർ പോലീസിന്റെ വാഗ്ദാനത്തിലാണ് ഒടുവിൽ ബന്ധുക്കളെത്തിയത്. അവരെത്തി ജഡം കണ്ടെന്ന് വരുത്തി രേഖകളിൽ ഒപ്പിട്ടശേഷം, ട്രെയിൻ പോകുമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് തുക പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനോ, ജഡം സംസ്‌കരിക്കുന്നതിനോ കാത്ത് നിൽക്കാൻ അവർ തയ്യാറല്ലായിരുന്നു. മഞ്ചേരിയിൽ പൊതു ശ്മശാനമില്ലാത്തതിനാൽ ഒടുവിൽ കോഴിക്കോട് കൊണ്ട് പോയാണ് ആ ജഡം സംസ്‌കരിച്ചത്. അന്യ സംസ്ഥാനക്കാരുടെ ജഡം ഏറ്റ് വാങ്ങാൻ ഭാര്യയും, കുട്ടിയും മാത്രമുണ്ടാകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. ഭർത്താവ് അപകടത്തിൽ മരണപ്പെട്ടപ്പോൾ ജഡം നാട്ടിലെത്തിക്കാൻ പണമില്ലാതെ വിഷമിച്ച ഭാര്യയുടെ ആവശ്യം ഏറെ ദയനീയമായിരുന്നു. കുറച്ച് ദിവസം ഭർത്താവിന്റെ ജഡം സൂക്ഷിക്കണമെന്നും, അപ്പോഴേക്കും ജോലി ചെയ്ത് പണം സ്വരൂപിക്കാമെന്നുമായിരുന്നു ആ സ്ത്രീ ആവശ്യപ്പെട്ടത്. മണിക്കൂറുകൾ കൊണ്ട് ഇരുപതിനായിരം രൂപയോളം സംഘടിപ്പിച്ച് അന്ന് തന്നെ ആ ജഡം കൊണ്ട് പോകാനുള്ള സൗകര്യവും ഇവർ ഏർപ്പാടാക്കി. 

രാഷ്ട്രീയം വിട്ട് പരേതർക്കൊപ്പം

ഹമീദിന്റെ പിതാവ് മുഹമ്മദ് രോഗീപരിചരണത്തിലും, മരണ വീടുകളിലുമെല്ലാം സജീവ സാന്നിധ്യവും, പൊതു രംഗത്ത് അറിയപ്പെടുന്ന വ്യക്തിയായിരുന്നു. 1993-ൽ പിതാവ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മരണാന്തര കർമ്മങ്ങൾ സ്വയം നടത്തിയാണ് ഹമീദ് ഈ മേഖലയിലേക്ക് കാലൂന്നത്. 2001-ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മഞ്ചേരി പട്ടണത്തിൽ നിന്ന് മത്സരിച്ച് നഗരസഭാ പ്രതിനിധിയായി. അന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത് യാദൃച്ഛികമായാണ്. തന്റെ കന്നി രാഷ്ട്രീയ പ്രവേശത്തോടെ തന്നെ നഗരസഭയുടെ ഉപാധ്യക്ഷനുമായി. എന്നാൽ രാഷ്ട്രീയത്തിലെ ചിട്ടകളും, ചട്ടങ്ങളും ഹമീദിന് വേണ്ടത്ര വശമുണ്ടായിരുന്നില്ല. പാർട്ടി കൊടിക്കൂറയ്ക്ക് കീഴിലുള്ള കൂട്ടലുകളുടേയും, കിഴിക്കലുകളുടേയും ഗണിതം ഉപേക്ഷിച്ച് രാഷ്ട്രീയക്കളരിയോട് ഹമീദ് വിട പറയുകയായിരുന്നു. അവിടുന്നിങ്ങോട്ട് മഞ്ചേരി മെഡിക്കൽ കോളേജിന്റെ പഴയ രൂപമായ ജില്ലാ ആശുപത്രിയിലെ നിത്യ സന്ദർശകനായി. ഓടിട്ട പുരയായിരുന്നു അന്നത്തെ മോർച്ചറി. 
സിമന്റ് തറയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുന്ന ജഡങ്ങൾ ഏറ്റെടുത്ത് അവ വൃത്തിയാക്കാനും, ഡ്രസ്സ് ചെയ്യാനുമെല്ലാം ഹമീദ് സ്വയം തയ്യാറാവുകയായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തിന് കീഴിൽ ആശുപത്രിയ്ക്ക് പുതിയ ബ്ലോക്കുണ്ടായതാടെ, ഹമീദിന്റെ സേവനങ്ങൾക്ക് മാത്രമായി 2007-ൽ മോർച്ചറിക്കടുത്ത് ഒരു കെട്ടിടം കൂടി പണിതു. വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഇ.കെ ചെറി മുൻകൈ എടുത്ത് ജില്ലാ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടാണ് ഈ കെട്ടിടം പണി തീർത്തത്. ജഡങ്ങളുടെ പരിപാലനവും, മറ്റും ആശുപത്രിയുടെ ഉത്തരവാദിത്തമല്ലാത്തതിനാൽ, ഇതിന് ആവശ്യമായ വസ്തുക്കളെല്ലാം ഇവർ തന്നെയാണ് ഒരുക്കുന്നത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതശരീരം വീട്ടിലെത്തിക്കുന്നതിനായി രണ്ട് ആംബുലൻസുകളും ഇവർക്കുണ്ട്. മലപ്പുറം ജില്ലയിൽ എവിടേയും ഇതിന്റെ സേവനം സൗജന്യമാണ്. വിവേചനമില്ലാതെ ജഡങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരിപാലിക്കുന്നതിനും തനിയ്ക്കുള്ള മനക്കരുത്ത് ദൈവ വിശ്വാസമാണെന്നും, ആ വിശ്വാസത്തിന്റെ ഭാഗമാണ് തന്റെ കർമ്മങ്ങളെന്നും ഹമീദ് പറയുന്നു.
എല്ലാദിവസവും കാലത്ത് ഹമീദ് മെഡിക്കൽ കേളേജിന്റെ മോർച്ചറിയ്ക്ക് സമീപമെത്തുമ്പോൾ ആരെങ്കിലും അവിടെ കാത്ത് നിൽക്കുന്നുണ്ടാകും. മൂന്ന് മാസം വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന വളാഞ്ചേരിയിലെ പുരുഷന്റെ ജഡം പോലീസ് മോർച്ചറിയിലെത്തിക്കുമ്പോൾ തുകൽ ഊറക്കിട്ട അവസ്ഥയിലായിരുന്നു. ഹമീദിന്റെ സഹായത്തോടെയാണ് ഡോക്ടർമാർ ആ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയത്. റീപോസ്റ്റ്‌മോർട്ടത്തിനായി പഴകി ദ്രവിച്ച ജഡങ്ങൾ പ്ലാസ്റ്റിക് കവറുകളിലായാണ് മോർച്ചറിയിലെത്തുക. പുഴുക്കൾ വരെ അതിലുണ്ടാകും. പോസ്റ്റ്‌മോർത്തിന് ശേഷം ജഡാവശിഷ്ടങ്ങളെല്ലാം ചേർത്തടുക്കി വെച്ച് പഞ്ഞിയും, തുണിയും ഉപയോഗിച്ച് മനുഷ്യ രൂപത്തിലാക്കിയാണ് പിന്നീട് ബന്ധുക്കൾക്ക് നൽകുക. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന വേളയിൽ ഹമീദ് ഭയപ്പെടാറുണ്ട്. ഒരു കൗമാരക്കാരന്റെ ജഡവും മോർച്ചറിയിൽ കണ്ട് മുട്ടരുതെന്ന്. പരീക്ഷയിൽ പരാജയപ്പെട്ട് കാരണത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ ജഡങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തന്റെ മനസ്സിന് വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ടെന്ന് ഹമീദ് പറയുന്നു. നിനച്ചിരിക്കാതെ ജീവൻ നഷ്ടപ്പെടുന്ന കുരുന്നുകളടക്കം, വന്ദ്യവയോധികർ വരെ എത്രയോ മുഖങ്ങളുടെ അവസാന കാഴ്ച ഹമീദിന്റെ കണ്ണിലൂടെ മിന്നി മറഞ്ഞിട്ടുണ്ട്. കളിയ്ക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ കുരുങ്ങി മരണപ്പെട്ട കുഞ്ഞിന്റെ മുഖം ഹമീദിന് മറക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ജഡം കൈകാര്യം ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിൽ മനസ്സ് വിതുമ്പാറുണ്ടെന്നും, ചിലപ്പോൾ ദിവസങ്ങളോളം അകാരണമായ അസ്വസ്ഥത മനസ്സിനെ അലട്ടാറുണ്ടെന്നും ഹമീദ് പറയുന്നു.  പെരിന്തൽമണ്ണ തേലക്കാട് ബസ്സപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ ജഡങ്ങൾ തനിച്ചാണ് ഹമീദ് കൈകാര്യം ചെയ്തത്. സഹായികളെ കാത്ത് നിൽക്കാൻ പറ്റുന്ന ഒരു സാഹചര്യമായിരുന്നില്ല അന്ന്. ബൈക്കപകടങ്ങളിൽ മരണം സംഭവിക്കുന്നവരിൽ ഏറിയ പങ്കും കൗമാരക്കാരാണ്. 
പരീക്ഷയിൽ വിജയിച്ചതിന് സമ്മാനമായി ആനക്കയത്തെ ഒരു ഡോക്ടർ മകന് പുത്തൻ ബൈക്ക് സമ്മാനിച്ച ദിനം തന്നെ അപകടമുണ്ടായി. മരണപ്പെട്ട ആ പയ്യന്റെ ജഡത്തിന് കർമ്മങ്ങൾ ചെയ്യേണ്ടി വന്ന സാഹചര്യം ഹമീദിന് മറക്കാനാകില്ല. നല്ല പോലെ ബോധവത്ക്കരണം നടത്തി പ്രാപ്തരാക്കിയതിന് ശേഷമേ രക്ഷിതാക്കൾ ബൈക്ക് പോലുള്ള വാഹനങ്ങൾ കുട്ടികൾക്ക് നൽകാവൂവെന്ന് ഹമീദ് ചൂണ്ടിക്കാട്ടുന്നു. ഹമീദിന്റെ സേവനങ്ങൾ തിരിച്ചറിഞ്ഞ ഒട്ടേറെ സംഘടനകളും, പ്രസ്ഥാനങ്ങളും പുരസ്‌കാരങ്ങളും, മറ്റും നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മഞ്ചേരിയിലെ മേലാക്കം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഹമീദിനെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. 

 

Latest News