Sorry, you need to enable JavaScript to visit this website.

പത്തേമാരികൾ അടുക്കുന്ന തീരം

വായന

 

'പത്തേമാരിയുടെ പിൻഭാഗത്തുള്ള പ്രൊപ്പല്ലറിന്റെ മുകളിൽ കയറിൽ കെട്ടിയിട്ട ഒരു പെട്ടിയാണ് കക്കൂസ്. വീണാൽ നേരെ പ്രൊപ്പല്ലറിൽ. പിന്നെ മൃതശരീരമായി കടലിൽ. പത്തേമാരിയിൽ മുകളിലെ തട്ടിൽ കടലിൽ നോക്കിയിരിക്കുന്നവരോട് ഉടനെ താഴെ ഉള്ളിൽ പോകാൻ കൽപ്പിച്ചു. അകലെ ഇറാൻ നേവി കറങ്ങുന്നുണ്ട്. പിറ്റേന്ന് അറിയിപ്പ് വന്നു, ഇന്ന് പത്തേമാരി പേർഷ്യയിൽ അടുക്കും. പിന്നീട് കേട്ടത്,വഴിതെറ്റി എന്നും നാളെ അടുക്കുമെന്നുമാണ്. അങ്ങനെ പാതിരാവിൽ ഞാൻ ചെറിയ ഉറക്കത്തിലായിരുന്ന സമയം. എന്തൊക്കെയോ കോലാഹലം കേട്ടപ്പോൾ ഉണർന്നു.കുറെ ആളുകൾ കരയിൽ ഇറങ്ങിക്കഴിഞ്ഞു.പിന്നെയും ആളുകൾ ഇറങ്ങുകയാണ്.ഞങ്ങളും ഇറങ്ങാൻ തയ്യാറായി.ലഗേജ് ഒന്നും എടുക്കാനില്ലല്ലോ.ഉമ്മ തന്ന അവിൽ വിശന്നപ്പോൾ പത്തേമാരിയിൽ വച്ചുതന്നെ ഞങ്ങൾ തിന്നു തീർത്തിരുന്നു. പത്തേമാരിയുടെ അടുത്ത് ചെറിയ മീൻപിടുത്ത വള്ളങ്ങൾ. ഓരോരുത്തരായി അതിൽ ചാടി. ആ സ്ഥലം ഖോർഫുക്കാൻ ആയിരുന്നു.
                                                                                        (പത്തേമാരി).


അര നൂറ്റാണ്ട് മുമ്പ് ലോഞ്ചിലും, കപ്പലിലും അതി സാഹസികമായി ഗൾഫിലേക്ക് പോയ കഥകളും യാത്ര വിവരണവും കേട്ടാൽ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നാം.അന്നൊക്കെ ഗൾഫ് യാത്രക്ക്  'അക്കരെ' പോകാൻ എന്നാണ് പറയാറ്.ഒരു പത്തേമാരിയിൽ കടൽ കടന്ന് ഏതൊക്കെയോ തീരങ്ങളിൽ എത്തിപ്പെടുകയും മരുപ്രദേശങ്ങൾ താണ്ടുകയും ചെയ്ത ജീവിതാവസ്ഥകൾ എത്ര എഴുതിയാലും പറഞ്ഞാലും തീരാത്തതാണ്.ഇപ്പോഴുള്ള തലമുറയ്ക്ക് പ്രവാസത്തിൽ പഴയ തലമുറയ്ക്കുണ്ടായത് പോലുള്ള വെല്ലുവിളികൾ ഇല്ല.പിറന്ന നാടിന്റെ  സ്‌നേഹവും പരിഭവവും അറിയാൻ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടതില്ല.ആശയ വിനിമയ സംവിധാനങ്ങളും ആകെ മാറി.ഇന്ന് പ്രവാസത്തിന്റെ ആയിരമായിരം കാതങ്ങളുടെ അകലങ്ങൾ  സാങ്കേതികമായിട്ടെങ്കിലും നിമിഷാർധത്തിലേക്ക്  ചുരുക്കപ്പെട്ടിരിക്കുന്നു.
തന്റെ പതിനെട്ടാം വയസ്സിൽ ജോലി തേടി പത്തേമാരിയിൽ പേർഷ്യയിലേക്കു പോയ ഒരു പ്രവാസി തന്റെ ജീവിതം പറയുന്ന അസാധാരണ പുസ്തകമാണ് മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ശരീഫ് ഇബ്രാഹിമിന്റെ പത്തേമാരി. ഇത് കേവലം ആത്മചരിതം മാത്രമല്ല ആദ്യകാല പ്രവാസി പിന്നിട്ട വഴികളും, മനുഷ്യരിലേക്കും സംസ്‌കാരങ്ങളിലേക്കും സഞ്ചരിക്കുന്ന,കാലത്തിന്റെ മുന്നിലേക്കും പിന്നിലേക്കും വെളിച്ചം വീശുന്ന ഒരു കടൽയാത്രികന്റെ ജീവിത സഞ്ചാരവും  കൂടിയാണ്.
 തൃശ്ശൂർ ജില്ലയിലെ കാട്ടൂരിലാണ് ഷെരീഫ് ഇബ്രാഹിമിന്റെ ജനനം. കാട്ടൂർ പൂവാംപറമ്പിൽ ഇബ്രാഹിം ഹാജിയുടെയും ആയിഷാബിയുടെയും രണ്ടാമത്തെ മകൻ. 1969ൽ ബോംബെയിൽ നിന്ന് അന്നത്തെ പേർഷ്യ എന്നറിയപ്പെടുന്ന ഗൾഫിലേക്ക് പത്തേമാരിയിൽ (ഉരുവിൽ) എത്തി. ഹൗസ് ബോയ്, ഓഫീസ് ബോയ്, സെയിൽസ്മാൻ, ടാക്‌സി ഡ്രൈവർ,കമ്പനി മാനേജർ എന്നീ ജോലികൾ ചെയ്ത് ഒടുവിൽ അബുദാബി രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ പ്രൈവറ്റ് ഓഫീസ് മാനേജരായി. 'ഗൾഫിന്റെ കാണാ കാഴ്ചകൾ' എന്നൊരു പുസ്തകം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുകെ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്വാൻ, മലേഷ്യ,അസർബൈജാൻ എന്നീ രാജ്യങ്ങളും ഗൾഫ് നാടുകളിൽ എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിലെ പഴുവിൽ ദാറുസ്സലാമിൽ താമസിക്കുന്നു.
ആദ്യം യുഎഇയിൽ എത്തിപ്പെട്ട ഷെരീഫ് ഇബ്രാഹിം അവിടന്നങ്ങോട്ട് നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. പ്രവാസത്തിന്റെ വിരഹാർദ്ര രാവുകൾ.തൊഴിലില്ലായ്മയുടെ വ്യാകുലതകളും കഷ്ടപ്പാടിന്റെ ദുരിതവും പേറി നടന്ന നാളുകൾ.
കത്തിയാളുന്ന ഊഷര ഭൂമിയിൽ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും. ഒരു കാലത്ത് ശരാശരി മലയാളിയുടെ ഭാവിജീവിതത്തെ പച്ചപിടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഗൾഫ് ജീവിതത്തിന്റെ അനുഭവക്കുറിപ്പുകളുടെ,യാത്രാവിവരണാനുഭവങ്ങൾ സ്ഥലകാല ചരിത്രവും സാമൂഹിക ജീവിതവും തുറന്നു കാണിക്കുന്നു.പ്രവാസ ഭൂമികയുടെ ഉയർച്ചയും ഗൾഫ് വികസനത്തിന്റെ രാജകീയതയും ആ പ്രവാഹത്തിന്റെ ഭാഗമായി താനും സ്വയം മാറുന്നതും എഴുത്തുകാരൻ കൂടിയായ ഈ പ്രവാസി ജീവിതാക്ഷരങ്ങൾ  കൊണ്ട് രേഖപ്പെടുത്തുന്നു.മണൽക്കാടുകളിൽ നിന്നും മനോഹാരിതയിലേക്കുള്ള വളർച്ച കണ്ടു നിന്നവരിൽ ഒരാൾ. ത്വരിതഃഗതിയിലുള്ള ഗൾഫിന്റെ ആധുനികവത്കരണത്തിനും വികസനത്തിനും വഴിതെളിച്ചത് എണ്ണയായിരുന്നു.സാമ്പത്തിക,സാമൂഹിക വളർച്ചയ്‌ക്കൊപ്പം ഹൃദയവിശാലതയും വളരുന്നുവെന്നതാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ഗൾഫിനെ രണ്ടാം വീടായി കരുതാൻ കാരണം. പ്രവാസനാളുകളിലെ നിറവാർന്ന മുഖങ്ങൾ,സ്വപ്‌നങ്ങളെ ഹൃദയത്തിലേക്ക് വിരൽ തൊട്ടുണർത്തിയവർ, ജീവിതമാർഗം ചൂണ്ടിക്കാണിച്ച് പുഞ്ചിരിച്ചു പിരിഞ്ഞു പോയവർ, കഴിവുകളുടെ ഊർജ്ജത്തെ പുറത്തെടുക്കാൻ സഹായിച്ചവർ, അങ്ങനെ ഒട്ടേറെ പേർ ഷെരീഫ് ഇബ്രാഹിമിന്റെ സഞ്ചാര പാതകളിൽ കടന്നുവരുന്നുണ്ട്. എന്റെ പെറ്റമ്മ നാനാത്വത്തിൽ ഏകത്വമുള്ള ഭാരതമാണ്.പോറ്റമ്മ അബുദാബിയും.രണ്ടു കുഞ്ഞമ്മമാർ ഉണ്ട്.ഖത്തറും,ബഹ്‌റൈനും.ഗൾഫ് നാടുകളുമായുള്ള തന്റെ വൈകാരിക ബന്ധം ഈ വാക്കുകളിൽ പ്രകടമാക്കുന്ന എഴുത്തുകാരൻ  അബുദാബിയിലെ ജീവിതം,തനിക്ക് സ്വന്തം ജീവിതത്തിൽ നേടിത്തന്ന ഉയർച്ചകൾക്കൊപ്പം,മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന സ്‌നേഹബന്ധത്തിന്റെ ആഴവും ഹൃദയസ്പർശിയായ വാക്കുകളിൽ കുറിക്കുന്നു. വിദേശത്ത് പരസ്പരം സഹായിക്കാനും കൈത്താങ്ങ് ആകാനും മലയാളികൾ ഒരു മനസ്സായി നിൽക്കുമ്പോൾ അതിൽ ജാതിയോ വർഗ്ഗമോ വർണ്ണമോ മതമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഷെരീഫ് ഓർക്കുന്നു.അഞ്ചു പതിറ്റാണ്ട് മുമ്പ് ലാഞ്ചിയിൽ പേർഷ്യയിലേക്കുള്ള യാത്ര അക്ഷര വായനയിലൂടെ അനുഭവിപ്പിക്കുകയാണ് ഈ പുസ്തകം. 
പേർഷ്യയിലേക്ക് പത്തേമാരിയിൽ കയറ്റി അയക്കുന്നതിന് ബോംബെയ്ക്ക് പോകുന്ന മകന്, ട്രെയിനിൽ സീറ്റ് കിട്ടുന്നതിന് മട്ടാഞ്ചേരിയിൽ പോയി,അവിടെ നിന്ന് ടിക്കറ്റ് എടുത്ത് സീറ്റ് പിടിച്ച്  കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന മകന് സീറ്റ് സൗകര്യം  ഉറപ്പുവരുത്തിയ ഉപ്പ. 'അക്കരെ' പോയാൽ രക്ഷപ്പെട്ടു എന്ന് വിശ്വാസം അക്കാലത്ത് ഉൾനാടൻ ഗ്രാമങ്ങളിൽ പോലും നിലനിന്നിരുന്നു.വളരെക്കാലം പ്രവാസിയായിരുന്നിട്ടും ഉപ്പയുടെ മരണത്തിന് മുമ്പ് അല്പ ദിനങ്ങൾ അദ്ദേഹത്തോടൊപ്പം കഴിയാൻ കഴിഞ്ഞത് പുണ്യമായി കരുതുന്ന മകൻ.ഈ അനുഭവക്കുറിപ്പുകളിൽ ആത്മബന്ധത്തിന്റെയും കറകളഞ്ഞ സ്‌നേഹത്തിന്റെയും തുടിപ്പുകൾ അവിടെയാണ് വായനക്കാരിലേക്ക് വൈകാരികമായി ആവേശിക്കുന്നത്.
  പ്രവാസജീവിതം പഠിപ്പിച്ച ഒട്ടേറെ പാഠങ്ങൾ കഥകളായി വരച്ചു കാട്ടുമ്പോൾ,ഓർമ്മകളെ തലോടുവാൻ ഒരു വേള കൊഴിഞ്ഞുവീണ ഇന്നലെ  തൊട്ടുണർത്താൻ,ഇനിയും മങ്ങലേൽക്കാത്ത ചിത്രങ്ങൾ ഷെരീഫ് സൂക്ഷിച്ചു വച്ചിരിക്കുന്നു.ആ വലിയ ശേഖരത്തിൽ ചിലത് പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ദീർഘകാലം പ്രവാസിയായ ഷെരീഫ് ഇബ്രാഹിം ഒരു കൂട്ടം കുറിപ്പുകളിലൂടെ വരച്ചിടുമ്പോൾ, വലിയൊരു കാലഘട്ടത്തെ സാമൂഹിക ജീവിതത്തെ, ലോകക്രമത്തെ നമുക്ക് മുന്നിൽ തെളിമയോടെ  ആവിഷ്‌കരിക്കുന്നതായി നോവലിസ്റ്റും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുരേന്ദ്രൻ മങ്ങാട്ട് അവതാരികയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

Latest News