Sorry, you need to enable JavaScript to visit this website.

ഓള് കണ്ട ഇന്ത്യ, ഓളെ ഇന്ത്യ 

നാജിറ എവറസ്റ്റ് ബേസ് ക്യാമ്പിൽ

 

ഇന്ത്യയെ കണ്ടെത്താനുള്ള യാത്രക്കിടയിൽ ഒട്ടേറെ ജീവിതാനുഭവങ്ങൾ നേരിട്ട് പകർത്താൻ നാജിക്ക് കഴിഞ്ഞു. കണ്ടുമുട്ടിയ മനുഷ്യരെയും മണ്ണിനെയും ജീവിതരീതികളുമെല്ലാം നേരിട്ടറിയാൻ ഈ യാത്ര ഉപകരിച്ചുവെന്ന് നാജി പറയുന്നു. അറുപതു ദിവസംകൊണ്ട് പതിമൂവായിരം കിലോമീറ്റർ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത അനുഭവം പുസ്തകത്താളുകളിലേയ്ക്ക് പകർത്താനും നാജി മറന്നില്ല. 'ഓള് കണ്ട ഇന്ത്യ, ഓളെ ഇന്ത്യ' എന്ന പുസ്തകം ഒരു ചരിത്രമാണ്. 

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഒറ്റപ്പെടുകയല്ല, ഒരു വലിയ സമൂഹം ചേർത്തുനിർത്തുകയാണെന്ന ജാക്വിലിൻ പോളിന്റെ വാക്കുകൾ അന്വർഥമാക്കുകയാണ് തലശ്ശേരിക്കാരിയായ നാജി നൗഷി. വിവാഹിതയും അഞ്ചു മക്കളുടെ ഉമ്മയുമായ നാജിറ നൗഷാദ് എന്ന മുപ്പത്തിരണ്ടുകാരി ഒറ്റയ്ക്ക് യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. അറിയാത്ത നാടുകളിലേയ്ക്കും അപരിചിതമായ ജീവിതങ്ങളിലേയ്ക്കും അവർ സഞ്ചാരം തുടരുകയാണ്.
തലശ്ശേരിയിലെ മാഹിക്കടുത്ത് പള്ളൂരിൽ ജനിച്ചുവളർന്ന നാജിക്ക്  ഏറെ വിദ്യാഭ്യാസമൊന്നുമില്ല. പ്ലസ് ടുവും അല്പസ്വല്പം ഹിന്ദിയും കൈമുതലാക്കിയാണ് നാജി യാത്ര തുടങ്ങിയത്. പത്തൊൻപതാം വയസ്സിൽ നൗഷാദിന്റെ ജീവിതസഖിയായ നാജിക്ക് അഞ്ചു മക്കളുമായി. എന്നാൽ യാത്രകളെ ഹൃദയത്തോടു ചേർത്തുനിർത്തിയ നാജിക്ക് വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയാനാവുമായിരുന്നില്ല. ബാധ്യതകളുടെ കനമില്ലാതെ പെണ്ണിന് സമൂഹം കല്പിച്ചുകൊടുത്ത സദാചാരത്തിന്റെ സർട്ടിഫിക്കറ്റുകളോ പ്രാരബ്ധങ്ങളുടെ കെട്ടുപാടുകളോ നൗജിയെ അലട്ടുന്നില്ല. ഒരു അപ്പൂപ്പൻ താടിയെപ്പോലെ അവൾ പാറിപ്പറക്കുകയാണ്. കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരുന്നുകൂടെ, ഭർത്താവിന്റെ കാര്യം ആര് ശ്രദ്ധിക്കും തുടങ്ങിയ ചോദ്യശരങ്ങളെ അരികിലേയ്ക്കു മാറ്റിനിർത്തി അവർ യാത്ര തുടർന്നുകൊണ്ടിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായതോടെയാണ് നാജി തന്റെ സ്വപ്‌നയാത്രകൾ ആരംഭിച്ചത്. കാടും മലകളും ചുരങ്ങളും മഞ്ഞും മേടും കാണാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒമാനിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ ജോലി നോക്കുന്ന ഭർത്താവ് നൗഷാദിന്റെ പിന്തുണയിലാണ് നാജിയുടെ യാത്രകൾ. യാത്രകളെ ഏറെ സ്‌നേഹിക്കുന്നയാളാണ് നൗഷാദ്. മക്കളെ ഉമ്മയെ ഏല്പിച്ച് ആദ്യം പോയത് വയനാട്ടിലേയ്ക്കാണ്. സ്വന്തമായി ഇന്നോവ ഡ്രൈവ് ചെയ്ത് കൂട്ടിന് കിട്ടിയ പെൺസംഘത്തോടൊപ്പമായിരുന്നു യാത്ര. പിന്നീട് ചെന്നൈയിലും ബംഗ്‌ളൂരിലുമെല്ലാം യാത്ര പോയി.
അടുത്ത യാത്ര കുറച്ചു കടുത്തതായിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് ലഡാക്കിലേയ്ക്കു പോവുക എന്നതായിരുന്നു സ്വപ്‌നം. ലഡാക്ക് നാജിയെ മോഹിപ്പിച്ചുതുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. അടുക്കളജോലിക്കിടയിൽ പലപ്പോഴും അവളുടെ മനസ്സ് ലഡാക്കിലെത്തിയിരുന്നു. ഭർത്താവിനൊപ്പം ഒമാനിൽ കഴിയുമ്പോഴും മനസ്സ് സഞ്ചരിച്ചുകൊണ്ടിരുന്നു. ഇളയ മകൾക്ക് ഒന്നര വയസ്സായപ്പോൾ ഭർത്താവിനോട് ആഗ്രഹം പറഞ്ഞു. സമ്മതം ലഭിച്ചതോടെ മക്കളെ എവിടെ നിർത്തും എന്നതായി ചിന്ത. ഒടുവിൽ മൂത്ത മൂന്നു മക്കളെ നൗഷിക്കൊപ്പം ഒമാനിൽ നിർത്തി ഇളയവരുമായി നാട്ടിലേയ്ക്കു മടങ്ങി. അവരെ ഉമ്മയെ ഏൽപ്പിച്ച് സുഹൃത്തിന്റെ ഇന്നോവ ക്രിസ്റ്റയുമെടുത്ത് യാത്ര തുടങ്ങി. യാത്രക്കിടയിൽ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചില്ല. എത്തുന്നിടത്തെ സൗകര്യംപോലെ എന്നുമാത്രം മനസ്സിൽ കരുതിയുള്ള യാത്ര. ഹിന്ദി സിനിമകളിൽനിന്നും കടമെടുത്ത ചില മുറിയൻ ഹിന്ദിയുമായി നാജിയുടെ വണ്ടി ലഡാക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി. 2021 ആഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി കേരള ടു ലഡാക്ക് എന്ന സ്റ്റിക്കർ പതിച്ച കാർ കുതിച്ചുപാഞ്ഞു.
ബംഗ്‌ളൂരു വഴി ഹൈദരാബാദിലേയ്ക്കും അവിടെനിന്നും മധ്യപ്രദേശിലേയ്ക്കും യാത്ര തുടർന്നു. താജ് മഹലും ആഗ്ര ഫോർട്ടും ഫത്തേപ്പൂർ സിക്രിയുമെല്ലാം കണ്ട് ഡൽഹിയിലെത്തി. ഹരിയാനയുടെ ഗ്രാമീണവഴികൾ താണ്ടി മഞ്ഞുപുതച്ച ഹിമാചൽ പ്രദേശിലെത്തുമ്പോഴേയ്ക്കും പതിനേഴ് സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളും മൂന്ന് രാജ്യാന്തര അതിർത്തികളും പിന്നിട്ടിരുന്നു. ലഡാക്കെന്ന വലിയ ലക്ഷ്യത്തിനടുത്തെത്തിയപ്പോൾ റോത്തങ്ങ് പാസ് എന്ന ചുരം കയറേണ്ടതുണ്ടായിരുന്നു.  മാന്വൽ ഗിയറുള്ള വണ്ടിയുമായി ചുരം കയറാൻ ഭ്രാന്തുണ്ടോ എന്നു ചോദിച്ചവരുണ്ട്. കാരണം ഇടുങ്ങിയ മലയിടുക്കിലൂടെ കല്ലുകളും പാറക്കെട്ടുകളുമുള്ള, മഞ്ഞും മഴയും പെയ്തിറങ്ങുന്ന വഴിയിലൂടെയുള്ള സഞ്ചാരം കടുത്ത വെല്ലുവിളിതന്നെയായിരുന്നു. ശ്രദ്ധയൊന്നു പാളിയാൽ മരണം ഉറപ്പ്. മനസ്സാന്നിധ്യം വീണ്ടെടുത്ത് മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ഒടുവിൽ റോത്തങ്ങ് പാസിന്റെ മുകളിലെത്തിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നുവെന്ന് നാജി പറയുന്നു.
റോത്തങ്ങ് പാസ് കയറിയതോടെ ആത്മവിശ്വാസം വർദ്ധിച്ചു. കർദുങ്‌ലാങ്ങിലെ മഞ്ഞും പാംഗോങ്ങിലെ ഇന്ദ്രനീലംപോലെ വെട്ടിത്തിളങ്ങുന്ന തടാകവിസ്മയവും കണ്ടുള്ള യാത്ര ഒടുവിലെത്തിയത് കാർഗിലിലായിരുന്നു. അവിടെനിന്നും കശ്മീരിലേയ്ക്കും ഗുൽമാർഗിലേയ്ക്കും വച്ചുപിടിച്ചു. പഞ്ചാബിലെത്തിയപ്പോൾ ലഡാക്കിൽവച്ച് പരിചയപ്പെട്ട രണ്ടു യുവാക്കളുടെ വീടും സന്ദർശിച്ചു. കൈവശമുണ്ടായിരുന്ന മുഷിഞ്ഞ തുണികളെല്ലാം അവിടെനിന്നും അലക്കിയെടുത്തു. തലശ്ശേരി ദം ബിരിയാണിയുടെ സ്വാദ് അവർക്ക് പകർന്നുനൽകി അവിടെനിന്നും മടങ്ങി. ഗുജറാത്തും മുംബൈയും ഗോവയും ബംഗ്‌ളൂരും കടന്ന് കേരളത്തിലെത്തുമ്പോൾ അറുപതു ദിവസം പിന്നിട്ടിരുന്നു.
മടക്കയാത്രയിൽ വെല്ലൂർ ടോൾ പ്ലാസയിലെത്തിയപ്പോൾ വണ്ടി നല്ല വേഗതയിലായിരുന്നു. ബ്രേക്ക് ചവിട്ടിയിട്ട് കിട്ടുന്നില്ലെന്നു മനസ്സിലായപ്പോൾ ആകെ പതറിപ്പോയി. മുന്നിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. എന്തു ചെയ്യണമെന്നറിയാതെ വണ്ടി ഇടത്തോട്ടു വെട്ടിച്ചു. അഞ്ഞൂറു മീറ്ററോളം നീങ്ങിനിരങ്ങി പ്ലാസ്റ്റിക് ഡിവൈഡറിൽ തട്ടിയാണ് വണ്ടി നിന്നത്. ഭാഗ്യം കൊണ്ടുമാത്രം അപകടത്തിൽനിന്നും രക്ഷപ്പെട്ടപ്പോൾ നാജിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ഇത് തന്റെ പുനർജന്മമാണെന്ന്.
അറുപതു ദിവസംകൊണ്ട് പതിമൂവായിരം കിലോമീറ്റർ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത അനുഭവം പുസ്തകത്താളുകളിലേയ്ക്ക് പകർത്താനും നാജി മറന്നില്ല. ഓള് കണ്ട ഇന്ത്യ, ഓളെ ഇന്ത്യ എന്ന പുസ്തകം ഒരു ചരിത്രമാണ്. വെറുതെ വായിക്കാനല്ല, ഇനിയുള്ള ഓരോ തലമുറയ്ക്കും മാതൃകയാക്കാവുന്നതാണ് ഈ പുസ്തകം. മന്ത്രി മുഹമ്മദ് റിയാസാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയ്ക്കിടയിൽ ഒട്ടേറെ ജീവിതാനുഭവങ്ങൾ നേരിട്ട് പകർത്താനും നാജിക്ക് കഴിഞ്ഞു. കണ്ടുമുട്ടിയ മനുഷ്യരെയും മണ്ണിനെയും ജീവിതരീതികളുമെല്ലാം നേരിട്ടറിയാൻ ഈ യാത്ര ഉപകരിച്ചുവെന്ന് നാജി പറയുന്നു. മാത്രമല്ല, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ കഞ്ഞിപ്പാത്രമാണ് അജ്മീറിലേത്. പ്രത്യേക പാചകക്കൂട്ടിൽ ലക്ഷങ്ങൾക്കായി കഞ്ഞിയൊരുക്കുന്ന ആ പാത്രത്തിന്റെ ഫോട്ടോയെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ്വ നിമിഷമായിരുന്നു. ധാരാവിയിലെ ചേരികളും കാമാത്തിപ്പുരയുമെല്ലാം ക്യാമറയിൽ പകർത്തിയപ്പോൾ അതെല്ലാം വേറിട്ട അനുഭവമായി മാറുകയായിരുന്നു.
ഹിച്ച് ഹൈക്കിംഗ് യാത്രയായിരുന്നു അടുത്തത്. തികച്ചും സാഹസികമായ, സ്ത്രീസഞ്ചാരികൾ താല്പര്യം കാണിക്കാത്ത ഒരു യാത്രമാർഗ്ഗമായിരുന്നു ഹിച്ച് ഹൈക്കിംഗ്. പൊതുവാഹനങ്ങൾ ഉപയോഗിച്ചും നാഷണൽ പെർമിറ്റ് ലോറികളിൽ ലിഫ്റ്റ് ചോദിച്ചുമുള്ള യാത്ര. എവറസ്റ്റ് ബേസ് ക്യാമ്പായിരുന്നു ലക്ഷ്യം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 
സമുദ്രനിരപ്പിൽനിന്നും താഴെ കിടക്കുന്ന കുട്ടനാട്ടിൽനിന്നായിരുന്നു യാത്ര ആരംഭിച്ചത്. കെ.എസ്.ആർ.ടിസി ബസിലായിരുന്നു യാത്ര തുടങ്ങിയത്. ബംഗ്‌ളൂരുവിൽ ബസ്സിറങ്ങിയപ്പോൾ കണ്ട ഒരു ട്രക്കിന് കൈകാണിച്ച് നിർത്തി അതിൽ കയറി. ട്രക്കുകൾ മാറിമാറിക്കയറി നേപ്പാളിലെത്തി. തുടർന്നും ട്രക്കുകളിലും ബൈക്കുകളിലുമെല്ലാമായി കാഠ്മണ്ഡുവിലെത്തി. എന്നാൽ യാത്രയ്ക്കിടയിൽ യാതൊരു അലോസരവും അനുഭവപ്പെട്ടിട്ടില്ലെന്ന് നാജി പറയുന്നു. നാഷണൽ പെർമിറ്റ് ലോറികളിൽ ഡ്രൈവർമാർക്കൊപ്പം ഭക്ഷണമുണ്ടാക്കി കഴിച്ചുള്ള യാത്ര ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
യാത്രയ്‌ക്കൊടുവിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കയറാനെത്തിയപ്പോൾ ഗൈഡിനും അദ്ഭുതം. യാതൊരു മുൻവിധിയുമില്ലാതെയുള്ള നാജിയുടെ വരവാണ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയത്. ഭക്ഷണമോ മരുന്നോ കൈവശമില്ലാതെയായിരുന്നു യാത്ര. തുടക്കത്തിൽ ആദ്യരണ്ടു ദിവസം പ്രശ്‌നങ്ങളൊന്നുമില്ലാതെ കയറി. എന്നാൽ മൂന്നാം ദിവസം ശരിക്കും ബുദ്ധിമുട്ടി. ഒരടിപോലും മുന്നോട്ടു നടക്കാനാവുന്നില്ല. ഒടുവിൽ ഇരുന്നും കിടന്നും നടന്നുമെല്ലാം യാത്ര ചെയ്തു. നാലാം ദിവസവും അങ്ങിനെത്തന്നെ. അഞ്ചാം ദിവസം ക്ഷീണം പമ്പ കടന്നു. വേഗത്തിൽ കയറി ലക്ഷ്യസ്ഥാനത്തെത്തി. ബേസ് ക്യാമ്പിൽ ഏറ്റവും വേഗത്തിൽ കയറിയെത്തിയ ഇന്ത്യൻ വനിതയെന്ന ബഹുമതി നാജി സ്വന്തമാക്കി. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയ മകൾ തന്നെ തിരിച്ചറിഞ്ഞില്ലെന്നത് മറ്റൊരു സത്യം. കാരണം യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേയ്ക്കും ആകെ അവശയായിരുന്നു.
ആരോഗ്യം വീണ്ടെടുത്ത നാജി മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം പരാജയമാണെന്ന അഭിപ്രായമാണ് നാജിക്കുള്ളത്. സ്വന്തം നാട്ടിൽ സുരക്ഷിതത്വം അനുഭവിക്കാൻ നിങ്ങൾ ശ്രമിക്കുന്നില്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പോയി സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് ആക്രോശിച്ചിട്ട് കാര്യമില്ല. ഏറെ വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ വീട്ടമ്മയായ എനിക്ക് ഇത്തരം യാത്രകൾ സാധ്യമാണെങ്കിൽ നിങ്ങൾക്കും തീരുമാനിക്കാം. നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്ര ഇവിടെ നിന്നും തുടങ്ങാം - നാജി നൗഷി പറയുന്നു.

 

Latest News