Sorry, you need to enable JavaScript to visit this website.

'ഇയാള് ഞമ്മളെ കൊയപ്പത്തിലാക്കൂല'


ടെലിവിഷനും ഇന്റർനെറ്റും ഇത്രയേറെ സ്വാധീനം ചെലുത്തുന്നതിന് മുമ്പ് പൊതുയോഗങ്ങൾക്ക് ശ്രോതാക്കളായി ആയിരങ്ങൾ ഒഴുകിയെത്തുമായിരുന്നു. മുതലക്കുളവും പുത്തരികണ്ടവും തേക്കിൻകാടും കോട്ടപ്പറമ്പും പോലീസ് മൈതാനിയുമെല്ലാം വൈകുന്നേരങ്ങളിൽ സജീവമായി. എം.വി ആർ, ഇ.കെ നായനാർ, സേട്ട്, സി.എച്ച്,  പോലുള്ള ക്രൗഡ് പുള്ളർമാരാണെത്തുന്നതെങ്കിൽ സമ്മേളന നഗരികളിൽ സൂചി കുത്താനിടമില്ലാത്ത വിധം ജനസമുദ്രമായിരിക്കും. ഇപ്പോഴതെല്ലാം ഓർമ. എന്നാൽ ഇതേ റോൾ ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിലെ ചില ന്യൂസ് റീഡർമാർ. മാതൃഭൂമിയിലൂടെ 24 ന്യൂസിലെത്തിയ പഴയ ഏഷ്യാനെറ്റുകാരൻ ഹശ്മി താജ് ഇബ്രാഹിമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. ചർച്ച തുടങ്ങുന്നതിന് മുമ്പ് നാലഞ്ച് മിനുറ്റ് നീണ്ടു നിൽക്കുന്ന ആമുഖം. രാഷ്ട്രീയ കഥ പറഞ്ഞ പഴയകാല ജയൻ-സുകുമാരൻ സിനിമകളിലെ ഡയലോഗുകൾ പോലെ ഇവ പെട്ടെന്ന് ഹിറ്റായി. രാഷ്ട്രീയ പ്രുഖരോട് ചോദിക്കാൻ ജനം ആഗ്രഹിച്ച പല കാര്യങ്ങളും അവതാരങ്ങൾ ചോദിക്കുന്നത് കാണുമ്പോൾ കാണികൾക്കും പാതി സമാധാനമായി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ടിവി ചാനലുകളിലെ സന്ധ്യാ സംവാദത്തിന്റെ ഇൻട്രോ പ്രചരിപ്പിക്കുന്ന കാര്യത്തിൽ വിദേശ മലയാളികൾ മാതൃകയായി. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ വിനു വി ജോണും നീണ്ട ഇൻട്രോകളുമായെത്തിയിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റിയെ ഡി.വൈ.എഫ്.ഐ കൈകാര്യം ചെയ്ത ദിവസം പൊതുയോഗത്തിലെ നീണ്ട പ്രസംഗം പോലെയാണ് ഇൻട്രോ. ഐ.പിഎസ്, ഐ.എ.എസ്, കെ.എ.എസ് പുംഗവന്മാരെയെല്ലാം പരമാവധി വിമർശിക്കുന്നുണ്ട്. ആസ്വാദകന്റെ മനസ്സിലുള്ള കാര്യങ്ങൾ വിളിച്ചു പറയുന്ന ന്യൂസ് റീഡർമാരുടെ പോപ്പുലാരിറ്റിയും ഉയരുകയാണ്. 

                           ****                 ****                  ****

ഓൺ എയറിൽ എന്തൊക്കെ സംഭവിച്ചാലും ശ്രദ്ധ കൈവിടാതെ തന്റെ മുന്നിലിരിക്കുന്ന വാർത്ത അവതരിപ്പിക്കുക എന്നതാണ് അവതാരകരായ മാധ്യമപ്രവർത്തകരുടെ ജോലി. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.സ്വന്തം ഭർത്താവിന്റെ അപകട വാർത്ത വായിക്കേണ്ട മാധ്യമപ്രവർത്തകയുടെ വീഡിയോ വർഷങ്ങൾക്ക് മുൻപ് വൈറലായിരുന്നു. കേരളത്തിലാണെങ്കിൽ തനിക്ക് അവാർഡ് ലഭിച്ച വാർത്ത അവതരിപ്പിച്ച മാതൃഭൂമി ന്യൂസിലുണ്ടായിരുന്ന ശ്രീജ ശ്യാമിന്റെ വീഡിയോയും വൈറലായിരുന്നു. ഇതൊക്കെ സാരമില്ലെന്ന് വെക്കാം. ലൈവ് വാർത്തക്കിടെ പ്രാണിയെ വിഴുങ്ങിയാൽ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചിട്ടുണ്ടോ? അത്തരമൊരു അവസ്ഥയാണ് കാനഡയിലെ ജേണലിസ്റ്റായ ഫറാ നാസറിന് നേരിടേണ്ടി വന്നത്. എന്നാൽ അവിശ്വസനീയമായ സാഹചര്യത്തിൽ ഫറ നാസർ കാണിച്ച സംയമനം സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചു പറ്റി. ഗ്ലോബൽ ന്യൂസ് അവതാരകയായ ഫറ നാസർ പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അബദ്ധത്തിൽ ഈച്ചയെ വിഴുങ്ങിയത്. 'ഇതുപോലൊരു മൺസൂൺ പാക്കിസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല. എട്ട് ആഴ്ച നീണ്ടുനിൽക്കാതെ പെയ്യുന്ന പേമാരി മൂലം ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു,' എന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ ഫറ നാസർ ഈച്ചയെ വിഴുങ്ങിയത്.  ഒരു നിമിഷം നിർത്തിയതിന് ശേഷം ഫറ നാസർ വീണ്ടും വാർത്ത വായന തുടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പിന്നീട് ഫറ നാസർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ടൊറൊന്റോയിൽ നിന്നുള്ള മാധ്യമപ്രവർത്തകയാണ് ഫറ നാസർ. പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നമ്മളെല്ലാം ചിരിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത് എന്ന് പറഞ്ഞാണ് ഫറ നാസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നത്തെ പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുന്നതിനിടേയാണ് ഈ പ്രാണി എത്തിയത് എന്നും ഫറ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 30ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.06 ലക്ഷത്തിലേറെ  വ്യൂസ് ലഭിച്ചിട്ടുണ്ട്.  നിരവധി പേർ ഫറ നാസറിന്റെ വർക്ക് സ്പിരിറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഈച്ച എങ്ങനെ ഉണ്ടായിരുന്നു എന്ന രസകരമായ ചോദ്യവും ചിലർ ചോദിക്കുന്നുണ്ട്.

                           ****                 ****                  ****

1971 ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. ഡയലോഗ് പോലും ഇല്ലായിരുന്നു. അവിടെ നിന്നാണ് മമ്മൂട്ടിയെന്ന നടന്റെ വളർച്ച ആരംഭിക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ കരിയർ ഉയർച്ചയുടെ കൊടുമുടിയിൽ എത്തി. മമ്മൂട്ടി മലയാളത്തിന്റെ സൂപ്പർതാരമായി. ഇതിനിടയിൽ നിരവധി പ്രതിബന്ധങ്ങളെയും മമ്മൂട്ടിക്ക് നേരിടേണ്ടിവന്നു.
1985-86 കാലഘട്ടം മമ്മൂട്ടിക്ക് അഗ്‌നിപരീക്ഷയുടേതായിരുന്നു. തുടർച്ചയായി മമ്മൂട്ടി ചിത്രങ്ങൾ തിയറ്ററുകളിൽ പരാജയപ്പെട്ടു. ഈ കാലഘട്ടത്തിൽ താൻ അനുഭവിച്ച വേദനകളെ കുറിച്ച് മമ്മൂട്ടി  അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ബിബിസിക്ക് വേണ്ടി പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേ കുറിച്ച് സംസാരിച്ചത്. 
തന്റെ സിനിമകളിൽ ആവർത്തനവിരസത വന്നു തുടങ്ങിയെന്നും കുടുംബപ്രേക്ഷകർ അടക്കം തന്നെ കൈവിട്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. കുടുംബവേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതെയായി. ജനങ്ങൾ തന്നെ സ്വീകരിക്കാത്ത അവസ്ഥയായി. സിനിമയിൽ ഇനിയുണ്ടാകില്ലെന്ന് ഇക്കാലത്ത് തനിക്ക് തോന്നിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ താൻ പൂർണമായി അവഗണിക്കപ്പെട്ടു തുടങ്ങിയെന്നും അത് ഏറെ വേദനിപ്പിച്ച കാര്യമാണെന്നും മമ്മൂട്ടി ഈ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിനു പിന്നാലെ ജോഷി ചിത്രം ന്യൂഡൽഹിയാണ് മമ്മൂട്ടിക്ക് പിന്നീട് കരിയർ ബ്രേക്ക് നൽകിയത്. ന്യൂഡൽഹി ഇൻഡസ്ട്രി ഹിറ്റാകുകയും പകർപ്പവകാശം ചോദിച്ച് സാക്ഷാൽ രജനികാന്ത് അടക്കം എത്തുകയും ചെയ്തു.
തനിക്ക് സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ചും കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി വാചാലനാകുന്നുണ്ട്. അഭിനയത്തോട് തനിക്ക് വല്ലാത്ത ആർത്തിയാണെന്നും നല്ല കഥാപാത്രങ്ങളും സിനിമയും കിട്ടാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്. കുട്ടിക്കാലത്ത് ഒരു സിനിമ കണ്ടപ്പോൾ ആ സിനിമയിലെ നായകൻ കുതിരപ്പുറത്ത് പോകുന്നത് കണ്ടാണ് വലുതാകുമ്പോൾ തനിക്കും സിനിമാ നടൻ ആകണമെന്ന് മനസിൽ ആഗ്രഹം പൂവിട്ടതെന്നും മമ്മൂട്ടി പറയുന്നുണ്ട്. 

                            ****                 ****                  ****

സച്ചിൻ ദേവ് എംഎൽഎയുടേയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും വിവാഹം കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വളരെ ലളിതമായാണ് വിവാഹം നടന്നത്. എന്നാൽ സച്ചിനുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ ആര്യക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.  ആര്യക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് മറുപടി നൽകിയിരിക്കുകയാണ് സച്ചിൻ ദേവ്. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് ആര്യയും മറുപടി നൽകുന്നുണ്ട്. സീന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ദേവിന്റെയും ആര്യ രാജേന്ദ്രന്റെയും മറുപടി. സോഷ്യൽ മീഡിയയുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെയ്യുന്നുണ്ട്. അതിന് ഒരുപാട് ഗുണങ്ങളുണ്ട്. തിരുത്തേണ്ടതായ ചില തെറ്റായ പ്രവണതകളും അതിനുണ്ട്. . 
എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ കാര്യം പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം നടന്നത്. വിവാഹക്കാര്യം പുറത്തുവിട്ട് ആര്യ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.

                            ****                 ****                  ****

മുൻ  ആരോഗ്യ മന്ത്രി കെ.കെ ശൈലജ  ഏഷ്യയിലെ നോബൽ സമ്മാനമെന്നറിയപ്പെടുന്ന മാഗ്‌സസെ അവാർഡ് നിരസിച്ചത് വൻ വിവാദമായി. ഇതു സംബന്ധിച്ച് ചാനൽ ചർച്ചകളും അരങ്ങേറി. ഇതിലൊന്നിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എം.എൻ കാരശേരിയെ തെരഞ്ഞു പിടിച്ച് കൈകാര്യം ചെയ്ത് ഫോൺ സംഭാഷണം ഫേസ് ബുക്കിലൊരാൾ പോസ്റ്റ് ചെയ്തു കണ്ടു. ഇതിലൊട്ടും പുതുമയില്ല. സി.പി.എം സൈബർ ലോകത്ത് ഏറെ മുന്നേറി കഴിഞ്ഞു. സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വമാണ് പിന്തിരിപ്പൻ അവാർഡ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ടീച്ചർ ആളൊരു സാധുവാണ്. അല്ലെങ്കിൽ ഇയാൾ ഞമ്മളെ കൊയപ്പത്തിലാക്കുമോ എന്നൊക്കെ പറയുമോ? അയാളും തെക്കൻ കേരളത്തിലെ രണ്ടു സെലിബ്രിറ്റി എം.എൽ.എമാരും ഇടതുപക്ഷമൊരുക്കിയ കവചത്തിന്റെ സുരക്ഷിതത്വത്തിലാണ് കഴിയുന്നതെന്നത് വേറെ കാര്യം. ഇതെല്ലാം കണ്ടും കേട്ടുമാണോ എന്നറിയില്ല, സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സംവിധാനം കൊണ്ടുവരികയാണ്  കേന്ദ്രസർക്കാർ. ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തതിനെതിരെ വന്ന ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനായി ഭേദഗതി കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. അത് എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ ആലോചിക്കുന്നുണ്ടോ എന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

                            ****                 ****                  ****

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരായിരുന്നു ശ്രീവിദ്യയും കെപിഎസി ലളിതയും. ഇപ്പോഴിതാ ഇവരെ പറ്റി വിധുബാല പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കവെയാണ് വിധുബാല ശ്രീവിദ്യയും ലളിതയുമായുള്ള ബന്ധത്തെപറ്റി സംസാരിച്ചത്. രണ്ട് പേരുടെയും ജീവിതത്തെ താരതമ്യപ്പെടുത്തുക എന്നത് സാധ്യമല്ല. കുടുംബത്തിന്റെ പിന്തുണയൊന്നും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ശ്രീവിദ്യ. അവർ ഒറ്റപ്പെട്ടാണ് ജീവിച്ചത്. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഞാൻ. പലപ്പോഴും പല തീരുമാനങ്ങളും ശ്രീവിദ്യ എടുത്തത് തെറ്റായിരുന്നു. അത് ശരിയല്ലെന്ന് ഞാൻ തന്നെ അവരോട് പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ വിദ്യയ്ക്കത് മനസിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കാം ശരി. കെപിഎസി ലളിതയുടെ ജീവിതത്തിൽ താൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. തനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്‌നങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്- വിധുബാല പറഞ്ഞു.
വിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുൻപ് ഇടക്കിടെ ഉയർന്നുവരാറുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായത് അക്കാലത്ത് സിനിമാലോകത്തിലെ എല്ലാവർക്കും അറിയാമായിരുന്നു.  ഭരതൻ വിവാഹം കഴിച്ചത് കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നുവെന്നാണ് സിനിമാരംഗത്തെ ഗോസിപ്പുകൾ. ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേ പറ്റി മുൻപ് സംസാരിച്ചിട്ടുണ്ട്.

                            ****                 ****                  ****
രാഷ്ട്രീയത്തിലും വേണ്ടേ കുറച്ചു തമാശ. ഇന്റർനാഷണൽ ലീഗെന്ന് കൂടി അറിയപ്പെടുന്ന ഐ.എൻ.എല്ലിന് ഒരു മന്ത്രിയുണ്ട്. പുരാവസ്തു മന്ത്രിയുടെ സാന്നിധ്യമില്ലാത്ത ചടങ്ങുകൾ കോഴിക്കോട്ടും മലബാറിലും അത്യപൂർവമായിരുന്നു. കല്യാണ-ചരമ വീടുകളിൽ നഗരത്തിലെ എം.പിയെ പോലെ തന്നെ ദേവലോകവും പറന്നെത്താറുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ കുറച്ചു ദിവസം മലയാളികൾക്ക് കിട്ടില്ല. മന്ത്രി അഹമ്മദാബാദിൽ തിരക്കിലാണ്. ഐ.എൻ.എൽ എന്ന മഹത്തായ കക്ഷിയുടെ ഗുജറാത്ത് ഘടകം നടത്തുന്ന കൺവെൻഷനുകളിൽ മന്ത്രിയുടെ സാന്നിധ്യമുണ്ടാവും. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വരുമ്പോൾ ചിരിയുടെ ഇമോജിയുമായെത്തും പുവർ മല്ലൂസ്. 

Latest News