ഇന്‍കാസ് ത്രിവര്‍ണം തിരുവോണം നവ്യാനുഭവമായി

ദോഹ- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിവര്‍ണ്ണം തിരുവോണം എന്ന പേരില്‍ സംഘടിപ്പിടിപ്പിച്ച ഓണാഘോഷം പരിപാടി ഖത്തറിലെ മലയാളി സമൂഹത്തിന് നവ്യാനുഭവമായി. മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വികാരങ്ങളാണ് ആഘോഷത്തിലുടനീളം ദൃശ്യമായത്.

ചെണ്ട മേളം, മാവേലി മന്നന്റെ എഴുന്നള്ളത്ത്, തിരുവാതിര, സംഘ നൃത്തം, നാടന്‍ പാട്ടുകള്‍, പൂക്കളം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറിയ ഇന്‍കാസ് ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയവുമായി.

ത്രിവര്‍ണ്ണം തിരുവോണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ചടങ്ങ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ ബാബു രാജന്‍ ഉദ്ഘാടനം ചെയതു. ഐക്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണാഘോഷം പകര്‍ന്ന് നല്‍കുന്നതെന്നും ഖത്തറിലെ മലയാളികള്‍ക്കിടയിലും ഈ ഐക്യവും സാഹോദര്യവും നില നിര്‍ത്താന്‍ നമുക്ക് കഴിയുന്നുവെന്നത്് ഏറെ സന്തോഷകരമാണെന്നും ബാബു രാജന്‍ പറഞ്ഞു.

ഐസിസി അശോക ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു.ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി നായര്‍, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡണ്ടുമാരായ പ്രദീപ് പിള്ളൈ, വി എസ് അബ്ദു റഹ്മാന്‍ , ട്രഷറര്‍ ഈപ്പന്‍ തോമസ് പ്രോഗ്രാം, കമ്മിറ്റി ചെയര്‍മാന്‍ ജയ്പാല്‍ തിരുവനന്തപുരം എന്നിവര്‍ സംബന്ധിച്ചു.

വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമായ കലാ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.

ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

 

 

Latest News