പാരിസ്- ക്രിസ്റ്റ്യാനൊ റൊണാൾഡോയെ മറികടന്ന് ലിയണൽ മെസ്സി ലോക ഫുട്‌ബോളിൽ ഏറ്റവുമധികം വേതനം പറ്റുന്ന കളിക്കാരനായി. കളിക്കളത്തിൽ ചെലവിടുന്ന ഓരോ മിനിറ്റിനും കാൽ ലക്ഷം യൂറോയാണ് മെസ്സിക്ക് കിട്ടുന്ന പ്രതിഫലം. ഈ സീസണിൽ പ്രതിഫലവും പരസ്യ, ബോണസ് വരുമാനങ്ങളും ചേർത്ത് മെസ്സി നേടുക 12.6 കോടി യൂറോയാണെന്ന് ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ കരുതുന്നു. ക്രിസ്റ്റ്യാനോക്ക് കിട്ടുന്നത് 9.4 കോടി യൂറോയാണ്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോക്ക് 8.75 കോടി യൂറോയും മെസ്സിക്ക് 7.65 കോടി യൂറോയുമായിരുന്നു.
മെസ്സി സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് കപ്പിലും സൂപ്പർ കപ്പിലും അർജന്റീനക്ക് കളിച്ച നാലു മത്സരങ്ങളിലുമായി കളിക്കളത്തിൽ ചെലവിടുന്ന നിമിഷങ്ങളാണ് പരിഗണിച്ചത്. മെസ്സിയും ക്രിസ്റ്റ്യാനോയുമാണ് കഴിഞ്ഞ 10 ബാലൻഡോർ പങ്കിട്ടത്. ഇവർ കഴിഞ്ഞാൽ കൂടുതൽ പ്രതിഫലം നെയ്മാറിനാണ് -8.15 കോടി യൂറോ. ഗാരെത് ബെയ്ൽ (4.4 കോടി യൂറോ), ജെറാഡ് പിക്വെ (2.9 കോടി യൂറോ) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
കോച്ചുമാരിൽ കൂടുതൽ പ്രതിഫലം കിട്ടുന്നത് ജോസെ മൗറിഞ്ഞോക്കു തന്നെ (മാഞ്ചസ്റ്റർ യുനൈറ്റഡ്) - 2.3 കോടി യൂറോ. ചൈനീസ് ലീഗിൽ പരിശീലകനായ മാഴ്‌സൊ ലിപ്പിയാണ് രണ്ടാം സ്ഥാനത്ത് (2.3 കോടി യൂറോ). സിനദിൻ സിദാൻ (റയൽ മഡ്രീഡ്, 2.1 കോടി യൂറോ), പെപ് ഗാഡിയോള (മാഞ്ച. സിറ്റി, 2 കോടി യൂറോ) എന്നിവരെ പിന്നിലാക്കി ഡിയേഗൊ സെമിയോണി (അത്‌ലറ്റിക്കൊ മഡ്രീഡ്, 2.2 കോടി യൂറോ) മൂന്നാം സ്ഥാനത്തെത്തി.