ജോൺസീന x ട്രിപ്പിൾ എച്ച്
വെള്ളിയാഴ്ച വൈകിട്ട് ഏഴിന്
ജിദ്ദ- ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഈ വർഷത്തെ ഗ്രെയ്റ്റസ്റ്റ് റോയൽ റംബിളിന് ജിദ്ദ കിംഗ് അബ്ദുല്ല സപോർട്‌സ് സിറ്റി സ്റ്റേഡിയം ഒരുങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ഏവരും കാത്തിരിക്കുന്ന ജോൺസീന-ട്രിപ്പിൾ എച്ച് പോരാട്ടം. 2010 നു ശേഷം ഇരുവരുടെയും ആദ്യ ഏറ്റുമുട്ടലായിരിക്കും ഇത്. ആറ് മണിക്കൂറെങ്കിലും നീളുന്ന റോയൽ റംബിളിൽ 10 മത്സരങ്ങളെങ്കിലുമുണ്ടാവും.
ഇന്റർ കോണ്ടിനന്റൽ ചാമ്പ്യൻഷിപ് ലാഡർ മാച്ചായിരിക്കും റോയൽ റംബിളിന്റെ പ്രധാന പ്രത്യേകത. സേത് റോളിൻസ്, ഫിൻ ബാലർ, ദ മിസ്, സമോവ ജോ എന്നിവർ അണിനിരക്കും. റിംഗിനു മുകളിൽ കിരീടം തൂക്കിയിടുന്നതായിരിക്കും ലാഡർ മാച്ച്. ഏണിയിൽ കയറി കിരീടം സ്വന്തമാക്കുന്ന ആദ്യ ഗുസ്തിക്കാരനായിരിക്കും വിജയി. ആദ്യത്തെ 50 അംഗ ഗ്രെയ്റ്റസ്റ്റ് റോയൽ റംബിൾ മത്സരവും മറ്റ് ഏഴ് ചാമ്പ്യൻഷിപ് മത്സരങ്ങളും കാണാൻ സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ തുർക്കി ആലു ശെയ്ഖും ഡബ്ല്യു.ഡബ്ല്യു.ഇ ചെയർമാനും സി.ഇ.ഒയുമായ വിൻസ് മക്‌മോഹനും കായികപ്രേമികളെ സ്വാഗതം ചെയ്തു. റോമൻ റെയ്ൻസ്, എ.ജെ. സ്റ്റൈൽസ്, ബ്രോൺ സ്‌ട്രോമാൻ, ദ ന്യൂ ഡേ, റാൻഡി ഓർടൻ, ബ്രേ വ്യാറ്റ്, ഷിൻസുകെ നകാമുറ തുടങ്ങിയ സൂപ്പർ താരങ്ങളെയും കാണാൻ കായിക പ്രേമികൾക്ക് കിട്ടുന്ന അപൂർവ അവസരമാണ് ഇത്. അണ്ടർടെയ്ക്കർ-റുസേവ്, ബ്രോക്ക് ലെസ്‌നാർ-റെയ്ൻസ്, സ്റ്റൈൽസ്-നകാമുറ, ഹാർഡി-ജിൻഡർ മഹൽ, മാറ്റ് ഹാർഡി-വ്യാറ്റ്-സെസാറൊ-ഷീമസ് തുടങ്ങിയവയാണ് മറ്റു മത്സരങ്ങൾ.
കുടുംബ സൗഹൃദ അന്തരീക്ഷമായിരിക്കും വേദിയിലെന്ന് സംഘാടകർ പറഞ്ഞു.
ജിദ്ദയിലെത്തിയ സൂപ്പർ താരങ്ങൾ ഇന്നലെ നിരവധി ചടങ്ങുകളിൽ പങ്കെടുത്തു. റോയൽ റംബിളിൽ പങ്കെടുക്കാനുള്ള ട്രയൽസിനൊരുങ്ങുന്ന സൗദി താരങ്ങൾ ട്രിപ്പിൾ എച്ചുമായി സംവദിച്ചു. മാർക്ക് ഹെൻറിയും മോജോ റൗളിയും തഹ്‌ലിയ സ്ട്രീറ്റിലെ അംഗപരിമിതരുടെ കേന്ദ്രം സന്ദർശിച്ചു.