അകക്കണ്ണിന്റെ വെളിച്ചം

ഹന്ന
ഹന്ന അമേരിക്കയിൽ
ഹന്ന മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം.
ഹന്നയുടെ പുസ്‍തകം
ഹന്ന മാതാവിനൊപ്പം

എറണാകുളം കലൂർ സ്വദേശിയായ ഹന്നയെ ചെറുപ്പംതൊട്ടേ എല്ലാം സ്വന്തമായി ചെയ്യാൻ പ്രാപ്തരാക്കുകയായിരുന്നു മാതാപിതാക്കൾ. കൊച്ചി ഡോൺ ബോസ്‌കോ സ്‌കൂളിൽ അധ്യാപികയായ അമ്മ ലിജയും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ പിതാവ് സൈമണും അവളെ സാധാരണ കുട്ടികളെപ്പോലെയാണ് വളർത്തിയത്. കാഴ്ച പരിമിതിയുണ്ടെങ്കിലും ഹന്നയെ സ്‌പെഷ്യൽ സ്‌കൂളിലായിരുന്നില്ല പഠിപ്പിച്ചത്. മറ്റു കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതുപോലെ അവളും വളരട്ടെയെന്ന് അവർ ചിന്തിച്ചു. ഹന്നയുടെ ആഗ്രഹങ്ങൾക്കും അവകാശങ്ങൾക്കും പ്രചോദനവുമായി അവൾക്കൊപ്പം നിൽക്കുകയായിരുന്നു ആ മാതാപിതാക്കൾ


വെളിച്ചമില്ലാത്ത കണ്ണുകളാണെങ്കിലും അവയ്ക്ക്  പ്രത്യാശയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രകാശം നിറച്ചാണ് ഹന്ന ആലീസ് സൈമൺ ഓരോ ചുവടും മുന്നോട്ടുവച്ചത്. കൃത്യമായ കണക്കുകൂട്ടലുകളും ഉൾക്കാഴ്ചകളും  ആ അകക്കണ്ണിലുണ്ടെന്ന് തെളിയിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഏറെ കയ്പുനീർ കുടിച്ച ബാല്യത്തിൽനിന്നും നേട്ടങ്ങളുടെ ചവിട്ടുപടികൾ കയറിയാണ് ഹന്നയുടെ നിൽപ്. ഇന്ന് അവൾ അമേരിക്കയിലാണ്. കുട്ടിക്കാലംതൊട്ടേ മനസ്സിൽ നാമ്പിട്ടുതുടങ്ങിയ ഒരു സ്വപ്‌നത്തിന്റെ സാഫല്യം. യു.എസിലെ നോട്ടർഡാം സർവ്വകലാശാലയിൽ സ്‌കോളർഷിപ്പോടെ സൈക്കോളജി ബിരുദപഠനത്തിന് ഹന്ന ചേർന്നുകഴിഞ്ഞു.


ഇക്കഴിഞ്ഞ സി.ബി.എസ്.ഇ  പ്ലസ്ടു പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടിയത് ഹന്നയുടെ ജീവിതത്തിൽ മറ്റൊരു പൊൻതൂവലായി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പഠിച്ച ഹന്ന അഞ്ഞൂറിൽ നാനൂറ്റി തൊണ്ണൂറ്റിയാറ് മാർക്ക് നേടിയാണ് ഉയരങ്ങളിലെത്തിയത്. നേട്ടങ്ങൾ അവിടെയും തീർന്നില്ല, രണ്ടുവർഷം മുൻപ് എഴുതിയ ആറു ചെറുകഥകളുടെ സമാഹാരമായ വെൽകം ഹോം എന്ന പുസ്തകവും ഈയിടെയാണ് പ്രകാശം ചെയ്തത്. പരിമിതികളില്ലാത്തതായിരുന്നു ഹന്നയുടെ വാക്കും കാഴ്ചപ്പാടുമെന്ന് ഈ കഥകൾ വെളിവാക്കുന്നു. വ്യത്യസ്തരായ ആറു പെൺകുട്ടികളുടെ ജീവിതമായിരുന്നു ഓരോ കഥയും. അവയോരോന്നും കോർത്തിണക്കിയായിരുന്നു പുസ്തകരൂപത്തിലാക്കിയത്. ഡോൺ ബോസ്‌കോ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ കഥാസമാഹാരം വടുതല ഡോൺ ബോസ്‌കോ പബ്ലിക് സ്‌കൂളിൽവച്ചായിരുന്നു പ്രകാശനം നിർവ്വഹിച്ചത്.
ജന്മനാ കാഴ്ച പരിമിതിയുള്ള ഹന്നയ്ക്ക് സ്‌കൂൾ ജീവിതം രസകരമായിരുന്നില്ല. പഠനത്തിന്റെ ആദ്യനാളുകളിൽ സഹപാഠികളിൽ പലരും അവളെ കളിയാക്കിയിരുന്നു. അന്ന് മനസ്സു വേദനിച്ച ഹന്നയെ ചേർത്തുനിർത്തി അമ്മ ലിജ അവൾക്ക് ആത്മവിശ്വാസം പകർന്നു നൽകുകയായിരുന്നു. ഇന്നു നിന്നെ കളിയാക്കിയവർ ഒരിക്കൽ നിനക്കുവേണ്ടി കൈയടിക്കുമെന്ന ആ അമ്മയുടെ വാക്കുകളാണ് ഇപ്പോൾ അന്വർഥമാകുന്നത്. അന്ധതയുടെ ഇരുളിൽ ആണ്ടുമുങ്ങാതെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഹന്ന കുതിച്ചുയരുകയായിരുന്നു. ബാല്യം മുതൽ പരിമിതികളോടു പോരാടി വിജയങ്ങളുടെ വിസ്മയ ഉയരങ്ങളിലേയ്ക്ക് പറന്നുയർന്ന ജീവിതമാണ് ഈ പത്തൊൻപതുകാരിയുടേത്. 


മോട്ടിവേഷണൽ സ്പീക്കർ, ഗായിക, സംഗീത സംവിധായക, കഥാകൃത്ത് തുടങ്ങി ഹന്ന കടന്നുചെല്ലാത്ത മേഖലകളില്ല. എറണാകുളം കലൂർ സ്വദേശിയായ ഹന്നയെ ചെറുപ്പംതൊട്ടേ എല്ലാം സ്വന്തമായി ചെയ്യാൻ പ്രാപ്തരാക്കുകയായിരുന്നു മാതാപിതാക്കൾ. കൊച്ചി ഡോൺ ബോസ്‌കോ സ്‌കൂളിൽ അധ്യാപികയായ അമ്മ ലിജയും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ പിതാവ് സൈമണും അവളെ സാധാരണ കുട്ടികളെപ്പോലെയാണ് വളർത്തിയത്. കാഴ്ച പരിമിതിയുണ്ടെങ്കിലും ഹന്നയെ സ്‌പെഷ്യൽ സ്‌കൂളിലായിരുന്നില്ല പഠിപ്പിച്ചത്. മറ്റു കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതുപോലെ അവളും വളരട്ടെയെന്ന് അവർ ചിന്തിച്ചു. ഹന്നയുടെ ആഗ്രഹങ്ങൾക്കും അവകാശങ്ങൾക്കും പ്രചോദനവുമായി അവൾക്കൊപ്പം നിൽക്കുകയായിരുന്നു ആ മാതാപിതാക്കൾ.


നേത്രരോഗങ്ങളിൽ അത്യപൂർവ്വമായി കണ്ടുവരുന്ന മൈക്രോഫ്തൽമിയയായിരുന്നു ഹന്നയെ ബാധിച്ചിരുന്നത്. കണ്ണുകളുടെ ബാഹ്യഭാഗങ്ങളിലുള്ള വൈകല്യത്തിനൊപ്പം ആന്തരിക ഭാഗങ്ങളിലും ഏറെ സങ്കീർണ്ണതകളുള്ളതിനാൽ ചികിത്സ അപ്രാപ്യമായിരുന്നു. കോർണിയയെ മാത്രം ബാധിക്കുന്ന രോഗമല്ലാത്തതിനാൽ ശസ്ത്രക്രിയയും ഫലപ്രദമായിരുന്നില്ല. കണ്ണുകളുടെ ആന്തരിക ഭാഗങ്ങളുടെ വളർച്ചക്കുറവിനാൽ ചികിത്സയിലൂടെ രോഗശാന്തിയില്ലെന്നും വൈദ്യശാസ്ത്രം വിധിയെഴുതുകയായിരുന്നു.


പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ സൈമൺ മാത്യു മകളുടെ പഠനത്തിനും ജോലിസൗകര്യത്തിനുമായാണ് കലൂർ ആസാദ് റോഡിലെ ഫ്ലാറ്റിലേയ്ക്കു താമസം മാറിയത്. അമ്മ ലിജയാകട്ടെ മകളുടെ പഠനവും വായനയും സുഗമമാക്കാനായി ബ്രെയിലി ലിപി പഠിച്ചെടുക്കുകയായിരുന്നു. കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലായിരുന്നു അഞ്ചാം ക്ലാസുവരെ ഹന്നയുടെ പഠനം. ബ്രെയിൽ ലിപിയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം. ആറാം ക്ലാസിലാണ് കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂളിലേയ്ക്കു മാറിയത്. ഒൻപതാം ക്ലാസിലെത്തിയപ്പോൾ കമ്പ്യൂട്ടർ സഹായത്തോടെ പഠനം കൂടുതൽ സുഗമമാക്കുകയായിരുന്നു.
കണ്ടുപഠിക്കാൻ ജീവിതത്തിൽ ഏറെ മാതൃകകളില്ലെങ്കിലും ശ്രമിച്ച കാര്യങ്ങളിലെല്ലാം വിജയിക്കാനായതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായതെന്ന് ഹന്ന പറയുന്നു. അതിന് കരുത്തും പ്രോത്സാഹനവും നൽകി കൂടെ നിന്ന മാതാപിതാക്കളാണ് എന്റെ ധൈര്യം. കാലിടറിപ്പോകാമായിരുന്ന പല ഘട്ടങ്ങളിലും അവയെ മറികടന്ന് മുന്നേറാനുള്ള ആത്മധൈര്യം പകർന്നുനൽകിയത് അവരാണ്. പ്രതിസന്ധി നേരിടുമ്പോൾ മാതാപിതാക്കളും സഹോദരങ്ങളും നൽകിയ ബലത്തിലായിരുന്നു ഓരോ ചുവടും മുന്നോട്ടുവച്ചത്.


വായനയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹന്ന കമ്പ്യൂട്ടർ സ്വന്തമാക്കിയപ്പോൾ ആദ്യം തിരഞ്ഞത് ഇഷ്ടപ്പെട്ട പുസ്തകങ്ങളായിരുന്നു. അച്ഛനായിരുന്നു അവളെ വായനയുടെ ലോകത്തേയ്ക്ക് നയിച്ചത്. പഴയകാല ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു അക്കാലത്ത് വായിച്ചവയിലേറെയും. പലതും ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ് ചെയ്താണ് വായിച്ചത്. പിന്നീട് മലയാള സാഹിത്യലോകത്തേയ്ക്കും കടന്നുവന്ന ഹന്ന മലയാള പുസ്തകങ്ങളും വായിച്ചുതുടങ്ങി. ഭാവനയുടെ സൗന്ദര്യം അവൾക്കു മനസ്സിലാക്കിക്കൊടുത്തത് അച്ഛനായിരുന്നു. കഥയെഴുത്തിന്റെ ഭാവനാലോകത്തേയ്ക്കു അവളെ കൈപിടിച്ചുനടത്തിയതും ആ പിതാവുതന്നെ. എന്തെങ്കിലും എഴുതുക എന്നതിലല്ല, വായിക്കുന്നവർക്ക് പോസിറ്റീവ് എനർജി നൽകുന്നവയായിരിക്കണം തന്റെ രചനകളെന്ന് അവൾക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.
അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചെടുത്തത്. അമ്മ ഈണത്തിൽ ചൊല്ലിക്കൊടുത്ത ഈരടികൾ കേട്ട് പതിയെ സംഗീതരംഗത്തേയ്ക്കും അവൾ കടന്നുവന്നു. സ്‌കൂളിലെ കലാപരിപാടികളിലൂടെ ഗായികയെന്ന ലേബലും സ്വന്തമാക്കി. ഇന്ന് സ്വന്തമായി യുട്യൂബ് ചാനലുള്ള ഗായിക കൂടിയാണ് ഹന്ന. പത്താം ക്ലാസുവരെ സംഗീതം അഭ്യസിച്ചിട്ടുണ്ട്. രാധിക സേതുമാധവനായിരുന്നു ഗുരു. നിരവധി ഇംഗ്ലീഷ് ഭക്തിഗാനങ്ങൾ എഴുതുകയും സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ജീവിതത്തിൽ താൻ നേരിട്ട അവഹേളനങ്ങളും അതിനെ എങ്ങനെ തരണം ചെയ്തുവെന്നും മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്  ഹന്ന. തന്റെ അതിജീവനകഥ ഹൃദ്യമായി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം അനാഥമന്ദിരത്തിലെ കുട്ടികൾക്ക് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ പരിശീലിപ്പിക്കാനും ഹന്ന സമയം കണ്ടെത്തിയിരുന്നു.
ഹന്നയുടെ ഈ വിജയത്തിൽ സഹോദരങ്ങളായ ഹാനോക്കിനും ഡാനിയേലിനുമെല്ലാം ഏറെ സന്തോഷം. പ്രതിസന്ധികളെ അതിജീവിച്ചുനേടിയ ഈ ജയം അവർക്കുകൂടി അവകാശപ്പെട്ടതാണ്. സങ്കടങ്ങളും പരിമിതികളും ദുരിതങ്ങളും നിഷേധാത്മക സമീപനങ്ങളുമെല്ലാം നേരിടാനുള്ള കരുത്ത് ചേച്ചിയിൽനിന്നും അവരും സ്വന്തമാക്കിയിരിക്കുന്നു.


പ്‌ളസ് ടു പഠനത്തിന് ഹ്യുമാനിറ്റീസായിരുന്നു ഐച്ഛികവിഷയമായി തിരഞ്ഞെടുത്തതെങ്കിൽ സൈക്കോളജിയിൽ മികച്ച പഠനം സാധ്യമാക്കി സൈക്കോളജിസ്റ്റാവുക എന്നതായിരുന്നു ഹന്നയുടെ ലക്ഷ്യം. അറുപതു ലക്ഷം വാർഷിക ഫീസുള്ള നോട്ടർ ഡാം സർവ്വകലാശാലയിലെ പഠനം മാതാപിതാക്കൾക്ക് താങ്ങാനാവില്ലെന്നു കണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് സ്‌കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വന്നുചേർന്നത്. നാലുവർഷത്തെ പഠനത്തിന് രണ്ടു കോടിയോളമായിരുന്നു ചെലവ്. എന്നാൽ ഫീസും താമസവും ഹെൽത്ത് ഇൻഷുറൻസും അനുബന്ധ ചെലവുകളും കോളേജ് വഹിക്കാമെന്ന് അറിയിച്ചപ്പോൾ മറ്റൊന്നും നോക്കിയില്ല. നേരെ അമേരിക്കയിലേക്ക്  പറക്കുകയായിരുന്നു. പഠനത്തിനൊപ്പം അനുയോജ്യമായ ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹന്നയിപ്പോൾ.


അന്യന്റെ വിഷമം നിറഞ്ഞ വാക്കുകൾ സംഗീതംപോലെ കേൾക്കാനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും കഴിയുന്ന ഒരു ജോലി എന്നതാണ് സൈക്കോളജിസ്റ്റാകാനുള്ള ആഗ്രഹത്തിനു പിന്നിലുള്ളതെന്നും ഹന്ന കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, പോസിറ്റീവ് എനർജി പകർന്നു നൽകുന്ന നല്ല പുസ്തകങ്ങൾ എഴുതണമെന്നും പാട്ടുകൾ എഴുതി പാടണമെന്നുമുള്ള സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് ഹന്ന അമേരിക്കയിലേയ്ക്കു പറന്നിരിക്കുന്നത്. എങ്കിലും ആയിരം വർണങ്ങൾ വാരിവിതറുന്ന അവളുടെ സ്വപ്നങ്ങൾ സഫലമാകട്ടെ എന്ന് ആശിക്കാം.

Latest News