ലോകകപ്പ് ഫുട്‌ബോൾ കാണാൻ ഖത്തറിലേക്ക് പുറപ്പെടുന്ന മലപ്പുറം തിരൂർക്കാട് എ.എം ഹൈസ്‌കൂൾ വിദ്യാർഥിനി ഫിദയുടേയും ജർമനിയിൽ നിന്നെത്തി കാൽപന്ത് കളിയിലൂടെ ആഗോള സൗഹൃദം സ്ഥാപിക്കാനായ പുലാമന്തോൾ വളപുരത്തെ അമീർ അബ്ബാസിന്റേയും വിശേഷങ്ങൾ
ആ ഒറ്റ ഫ്രീകിക്കിലൂടെ ഫിദ താരമായി മാറി. ലോകഫുട്‌ബോൾ മാമാങ്കത്തിന് ഈ മിടുക്കി ഖത്തറിലേക്ക് പുറപ്പെടുന്നു. ഇത്ര ചെറുപ്പത്തിൽ, സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത യാത്ര. മലപ്പുറം തിരൂർക്കാട് എ. എം ഹൈസ്‌കൂളിൽ പെൺകുട്ടികൾക്കായി പ്രത്യേകമായി തുടങ്ങിയ ഫുട്‌ബോൾ അക്കാദമിയാണ് ഫിദയെ പരിശീലിപ്പിക്കുന്നത്. ഫിദയുടെ അപേക്ഷ മാനിച്ചാണ് കഴിഞ്ഞ വർഷം സ്‌കൂൾ അധികൃതർ ഗേൾസ് ഫുട്‌ബോൾ അക്കാദമിക്ക് തുടക്കം കുറിക്കുന്നത്.
ഒറ്റ ഫ്രീ കിക്കിലൂടെ ജനഹൃദയങ്ങളിലേക്ക് ഗോളടിച്ചു കയറിയ ഫിദ ഇപ്പോൾ നാട്ടിലും പുറത്തും താരമാണ്. തിരൂർക്കാട് എ. എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലെ അരിപ്ര സ്വദേശിനിയുമായ ഫിദയാണ് പ്രസിദ്ധമായ 'റോണോ കിക്കി'ലൂടെ ഗോൾ നേടി താരമായത്. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോൾ മത്സരത്തിലാണ് എതിർ ടീം തീർത്ത മനുഷ്യമതിലിനു മുകളിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ സ്‌റ്റൈലിൽ ആരെയും അമ്പരപ്പെടുത്തി ഫിദ ഗോൾ നേടിയത്. അധ്യാപകരിലൊരാൾ പകർത്തിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെ ഫിദ സ്‌കൂളിലെയും നാട്ടിലെയും താരമായി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഉപജില്ലാ ജേതാക്കളായ സ്‌കൂൾ ടീം അംഗമാണ് ഫിദ. കഴിഞ്ഞ വർഷത്തെ എൻ.എം.എം.എസ് സ്‌കോളർഷിപ്പ് ജേതാവുമാണ്. മങ്കട അരിപ്ര മഹല്ല് ജുമാമസ്ജിലെ ഖത്തീബ് മുട്ടുപ്പാറ ഷിഹാബ് മൗലവിയുടെയും ബുഷ്‌റയുടെയും മകളാണ് ഫിദ. ഫിദ ഗോളടിക്കുന്ന വീഡിയോ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തതോടെ ഫിദയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
ഫിദ ഫാത്തിമയ്ക്ക് ക്രിസ്ത്യാനോയുടെ കളി കാണാൻ ഖത്തറിലേക്ക് വിമാനം കയറാനാനുള്ള അവസരവും ഭാഗ്യമായി എത്തി.
ക്രിസ്ത്യാനോ റൊണാൾഡോയെ അനുകരിച്ച് ഗോളാഘോഷിച്ച മലപ്പുറത്തെ മിടുക്കി ഫിദ ഫാത്തിമയ്ക്ക് ഖത്തർ ലോകകപ്പിൽ ക്രിസ്ത്യാനോയുടെ കളി കാണാനാണ് അവസരം. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ഉറുഗ്വേയുമായുള്ള മത്സരത്തിനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.
ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ ഗോ മുസാഫിർ ഉടമ ഫിറോസ് നാട്ടുവാണ് ഫിദയ്ക്ക് മത്സര ടിക്കറ്റും യാത്രാ ടിക്കറ്റും വാഗ്ദാനം ചെയ്തത്. ഇക്കാര്യം ഫിദയുടെ രക്ഷിതാക്കളുമായി സംസാരിച്ചതായും ഫിറോസ് നാട്ടു പറഞ്ഞു.
ഫിദ ഫാത്തിമയുടെ കിക്ക് ഊർന്നിറങ്ങിയത് ഗോൾ പോസ്റ്റിലേക്ക് മാത്രമല്ല, ഫുട്‌ബോൾ ആരാധകരുടെ മനസിലേക്ക് കൂടിയായിരുന്നു. കിക്കിനേക്കാൾ ഗോളാഘോഷമാണ് ഫിദയെ താരമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ഉറുഗ്വേയുമായുള്ള മത്സരത്തിനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ കിക്കിന് ഫിദ ഫാത്തിമക്ക് അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരൂർക്കാട് എ.എം.എച്ച്.എസ്. സ്‌കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിലായിരുന്നു ഫിദ ഫാത്തിമ നേടിയ റോണോ കിക്ക് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
മേലേ അരിപ്രയിലെ കൊച്ചുമിടുക്കി ഉയർന്ന പഠനനിലവാരത്തോടൊപ്പം തന്നെ കായികരംഗത്തും മികവ് പുലർത്തി വരുന്നു.
കോട്ട കെട്ടിയ പോലെ ഏഴു പേരും പോസ്റ്റിന് മുന്നിൽ നിരയായി നിന്നപ്പോൾ ശക്തമായ പ്രതിരോധം ഭേദിച്ചാണ് ഫിദ ലക്ഷ്യം കണ്ടത്.
അതിനിടെ, ഫുട്‌ബോളിലൂടെ വളർന്ന സൗഹൃദം വളപുരത്തെ അമീറിനെ കാണാൻ ജർമനിയിലെ ബർലിനിൽ നിന്നുള്ള സുഹൃത്ത് എത്തിയതും വാർത്തയിലിടം നേടി. കാൽപന്തു വിസ്മയങ്ങളിലെ വാട്‌സാപ്ചാറ്റുകളും തന്റെ നാടിന്റെ പ്രകൃതിഭംഗിയും ലോകത്തിന്റെ നെറുകയിലെത്തിച്ച്
മലപ്പുറം ജില്ലയുടെ ഫുട്ബോൾ പെരുമക്ക് കരുത്തും കുതിപ്പുമേകിയ പുലാമന്തോൾ വളപുരത്തെ അമീർ അബ്ബാസിനെ കാണാൻ അപ്രതീക്ഷിതമായിട്ടാണ് ജർമൻ അതിഥിയെത്തിയത്.
ഫുടബോളിലൂടെ വളർന്ന സൗഹൃദത്തിലൂടെ വളപുരത്തെ അമീറിനെ കാണാനെത്തിയ ജർമ്മൻ കൂട്ടുകാരൻ സൗഹൃദത്തിന്റെയും അതിനപ്പുറം മനുഷ്യ ബന്ധത്തിന്റെയും ഫുട്‌ബോളിന്റെയും നന്മയുടെ പുതിയ പാഠം പഠിപ്പിച്ചാണ് മടങ്ങിയത്. ജീവകാരുണ്യ പ്രവർത്തകനും നിരവധി കായിക വിദ്യാർഥികളുടെ അത്താണിയുമായ അമീറിനെ കാണാൻ ജർമ്മൻ സ്വദേശി വളപുരത്തെത്തിയതാകട്ടെ സർപ്രൈസുമായി. ഫുടബോളിലൂടെ വളർന്ന സൗഹൃദം ഭാഷയും ദൂരവും പ്രശ്നമാക്കിയില്ല. വളപുരത്തെ വ്യാപാരിയും പ്രാദേശിക ക്ലബായ എഫ് സി ന്യൂ കാണ്ഡഹാറിന്റെ ഗോൾകീപ്പറാണ് കെ.പി.കുളമ്പിലെ അമീർ. ഒഴിവ് സമയത്ത് സോഷ്യൽ മീഡിയയിൽ ഫുട്‌ബോൾ ഗ്രൂപ്പിലൂടെ കണ്ടെത്തിയ ജർമ്മൻ സ്വദേശി ഹാങ്ക് മാക്‌സൈനുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു കിലോമീറ്ററുകൾ താണ്ടി തന്റെ സോഷ്യൽ മീഡിയ സുഹൃത്ത് തന്നെ തേടിയെത്തുമെന്നത്.
നാല് വർഷം മുമ്പാണ് രണ്ടു പേരും പരിചയപ്പെടുന്നത്. ഫുൾബാൾ പ്രേമികളായ രണ്ടു പേരുടേയും സൗഹൃദം വൈകാതെ ഫുട്ബാൾ ചർച്ചയിലേക്കും ആഴമേറിയ സൗഹൃദത്തിലേക്കുമെത്തി.
നാട്ടിലെ സാമൂഹിക സാംസ്‌കാരിക വിനോദ പരിപടികളിലെല്ലാം സജീവ സാന്നിധ്യമായ അമീർ ഒരിക്കൽ പരിചയപ്പെട്ടാൽ ആ സൗഹൃദം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ വലിയ തൽപരനാണ്. അത് കൊണ്ടു തന്നെ ജർമൻ സ്വദേശിയേയും സൗഹൃദവലയത്തിൽ തളച്ചിടാൻ അമീറിനായി.
ഈ സൗഹൃദത്തിന്റെ ഭാഗമായി അമീർ പലപ്പോഴും കേരളവും അതോടൊപ്പം വയലുകളും തോടുകളും പുഴകളുമുള്ള വളപുരം എന്ന കൊച്ചുഗ്രാമം സന്ദർശിക്കാനും ഹാങ്ക് മാക്‌സൈനെ ക്ഷണിക്കാറുണ്ടായിരുന്നു. തമാശയായി തോന്നിയ ഹങ്ക് ന്റെ വരാം ഒരിക്കൽ എന്ന മറുപടി ഒരു ഒഴുക്കൽ മറുപടിയായി മാത്രമേ അമീർ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങി അമീറിനെ വിളിക്കുമ്പോൾ അമീർ ഞെട്ടിപ്പോയി.
എന്തായിരുന്നാലും അത്ഭുതത്തോടെയാണെങ്കിലും അമീർ ഹാങ്കിനെ സ്വന്തം നാടായ വളവുരത്ത് എത്തിക്കുകയും ഗ്രാമീണ ഭംഗി കണ്ടാസ്വദിച്ച അദ്ദേഹം അടുത്ത ടൂറിസം സീസണിൽ ഒരിക്കൽ കൂടി ഈ സൗഹൃദം പുതുക്കാൻ എത്തുമെന്ന് വാക്കു നൽകിയാണ് കോഴിക്കോട് എയർപോർട്ടിൽ നിന്നും മടങ്ങിയത്.






