Sorry, you need to enable JavaScript to visit this website.

ഇൻഡിഗോയ്ക്കും ഇ.പി ജയരാജനും അഛാ ദിൻ 

വിദ്യാഭ്യാസം, ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്. എന്നാൽ രസകരമായ ഒരു ജോലി വാഗ്ദാനത്തിലൂടെ ജപ്പാൻ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടാണ് ജപ്പാൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് ശമ്പളവും സർക്കാർ നൽകുന്നുണ്ട്. സതേൺ ജപ്പാനിലെ ഒരു നഴ്‌സിങ് ഹോമിലേക്കാണ് നാലു വയസ്സു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. രസകരമായ ഒരു ജോലിയാണ് നഴ്‌സിംഗ് ഹോമിൽ കുട്ടികളെ കാത്തിരിക്കുന്നത്. നഴ്‌സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുക എന്നതാണ് ഇവർക്കുള്ള ജോലി. ജോലിക്ക് നല്ല ശമ്പളവുമുണ്ട്. നാപ്കിനും പാൽപ്പൊടിയും ആണ് ഈ കുഞ്ഞുങ്ങൾക്കുള്ള ശമ്പളം.
ജോലി എന്ന് പറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ യാതൊരു കാര്യങ്ങൾക്കും നിർബന്ധിക്കാൻ നഴ്‌സിംഗ് ഹോം തയാറല്ല. കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ഇഷ്ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയത്ത് അവരുടെ മൂഡിനനുസരിച്ച് മാത്രം അന്തേവാസികളുമായി സമയം ചെലവഴിച്ചാൽ മതി. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികൾ നഴ്‌സിംഗ് ഹോമിൽ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാർക്ക് നിൽക്കാം. കുഞ്ഞുങ്ങളുടെ കളിയും ചിരിയും നഴ്‌സിംഗ് ഹോം അന്തേവാസികളിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച് ജീവിച്ചിരുന്ന അന്തേവാസികളിൽ കുട്ടികളുടെ സാന്നിധ്യം സന്തോഷം നിറയ്ക്കുന്നതായാണ് നിരീക്ഷണം.

***  ***  ***

ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്താ ടെമിഡോ രാജിവെച്ചു. 34കാരിയായ ഇന്ത്യൻ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു.
 യുവതിയുടെ മരണം പോർച്ചുഗലിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള മന്ത്രി മാർത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് വിമർശകർ ആരോപിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് വാക്‌സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർത്ത നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. മാർത്തയുടെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.
കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പിന്നിട്ട വാരത്തിൽ ഒരു രോഗി മരിച്ചത് ആംബുലൻസിന്റെ വാതിൽ തുറക്കാൻ ഒരു മണിക്കൂർ വൈകിയതിനാലാണ്. നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയെ പെട്ടെന്ന് ചികിത്സ ലഭിക്കാനാണ് മെഡിക്കൽ കോളജിലെത്തിച്ചത്. ആംബുലൻസിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറക്കാൻ ശ്രമിച്ചതാണ് കുഴപ്പമായതെന്ന് പിന്നീട് റിപ്പോർട്ടുകളിൽ കണ്ടു. ജിദ്ദയിലെ അലജം ബസ്സുകളിലേത് പോലെ ഇതിന്റെ ഡോറിന്റെ നിയന്ത്രണവും ഡ്രൈവർക്ക് മാത്രമായിരിക്കും അല്ലേ. 

***  ***  ***

പതിനഞ്ച് വർഷം മുമ്പ് കോട്ടയത്തെ പത്രം ഓഫീസിലെ സഹപ്രവർത്തകയോട് ടൗണിൽ വെച്ച് സംസാരം തുടരുന്നതിനിടെ സന്ധ്യയായി. രാ എന്താ  രാത്രിയാവാറായില്ലേ, ഹോസ്റ്റലിലേക്ക് പോകണ്ടേയെന്ന് അന്വേഷിച്ചു. ഇല്ല, തിരക്കില്ല, വർക്കിംഗ് വിമൻസ് ഹോസ്റ്റലാണ്, അവിടെ പലർക്കും ലിവ് ഇൻ റിലേഷൻഷിപ്പുണ്ട്. ഈ മറുപടി അമ്പരപ്പും കൗതുകവും ജനിപ്പിച്ചു. അക്കാലത്ത് കേരളത്തിൽ വളരെ അപൂർവമായിരുന്നു ഇത്തരം ബന്ധങ്ങൾ. ഇപ്പോൾ നാട്ടിലെ ശിഥിലമാവുന്ന വിവാഹ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 
ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ
'പുതുതലമുറയിൽ ലിവിങ് ടുഗതർ ബന്ധങ്ങൾ വർധിച്ചു വരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു' ഹൈക്കോടതി പരാമർശം ഇങ്ങനെ. യുവാവിന്റെ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. 2009 ലാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനി തന്നെയായ യുവതിയുമായി വിവാഹം കഴിക്കുന്നത്. ഇരുവരും സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവർക്ക്  മൂന്ന് പെൺകുട്ടികളുമുണ്ട്. ആദ്യ വർഷങ്ങൾ വിവാഹ ബന്ധം സുഖമമായിരുന്നുവെന്നും എന്നാൽ പിന്നീട് പല പൊട്ടിത്തെറികളുമുണ്ടായതായും പരാതിക്കാരൻ ആലപ്പുഴ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ തന്നെ മർദിച്ചിരുന്നുവെന്നും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും യുവതി തന്റെ കടമകൾ നിർവഹിക്കുന്നില്ലെന്നും യുവാവ് വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടി. യുവാവ്  വാങ്ങിയ വസ്തുവകകൾ തന്റെ പേരിലേക്ക് മാറ്റിയെഴുതാൻ യുവതി സമ്മർദം ചെലുത്തിയതായും യുവാവ് ആരോപിച്ചു.
എന്നാൽ വിവാഹ മോചനത്തെ ഭാര്യ എതിർത്തു. ഭർത്താവ് തന്നിൽ നിന്നും കുട്ടികളിൽ നിന്നും അകലം പാലിക്കുകയാണെന്നും താനൊരിക്കലും ഭർത്താവിനെ മർദിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഭർത്താവിന് സാമ്പത്തിക അച്ചടക്കമില്ലെന്നും താൻ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി വ്യക്തമാക്കി. തനിക്ക് ഭർത്താവിനേയും തന്റെ കുട്ടികൾക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയിൽ അഭ്യർത്ഥിച്ചു. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ  കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
ഭാര്യ മർദിക്കുന്നതായി വാദി ഭാഗത്തിന് തെളിയിക്കാൻ കഴിയാതിരുന്നതുകൊണ്ട് തന്നെ ആലപ്പുഴ കുടുംബ കോടതി യുവാവിന്റെ ഹരജി തള്ളി. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

***  ***  ***

നടി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ഫാറ്റ് മാൻ എന്ന് വിളിയ്ക്കുന്ന ലിബ്ര രവിയാണ് വരൻ. വിവാഹ ചിത്രങ്ങൾ മഹാലക്ഷ്മി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. തിരുപ്പതി അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.സിനിമ നിർമാതാവ് ആണ് മഹാലക്ഷ്മിയുടെ കഴുത്തിൽ മിന്ന് ചാർത്തിയ രവിന്ദർ ചന്ദ്രശേഖർ. ലിബ്ര എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സിനിമകൾ നിർമിയ്ക്കുന്നതിനാൽ ലിബ്ര രവി എന്നാണ് ഇദ്ദേഹത്തെ വിളിയ്ക്കുന്നത്. 
മലയാളികൾക്കും ഏറെ പരിചിതയാണ് വീഡിയോ ജോക്കി കൂടെയായ മഹാലക്ഷ്മി. ബാലതാരമായി ടെലിവിഷൻ ലോകത്ത് എത്തിയ താരം ഓട്ടോഗ്രാഫ് എന്ന സീരിയലിൽ ആണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. പിന്നീട് ഹരിചന്ദനം എന്ന സീരിയലിലും സെക്കന്റ് ഹീറോയിനായി എത്തി. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായിരുന്നു. ഒരുപാട് പേർ ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രം വൈറലായതോടെ ചിലർ ബോഡി ഷെയിമിംഗ് കമന്റുകളുമായി എത്തിയിരുന്നു. കടുത്ത സൈബർ ബുള്ളിയിംഗാണ് ഇരുവരും നേരിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങൾ സഹിതം മലയാള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ വാർത്തയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ  ചിലർ പരിഹാസ കമന്റുകളും പങ്കുവച്ചിരുന്നു. രവീന്ദറിന്റെ അമിത ഭാരവും തടിയെയും കളിയാക്കിക്കൊണ്ടാണ് ഒട്ടേറെ പേർ കമന്റുകൾ പങ്കുവച്ചത്.  രവീന്ദറിന്റെ പണം മോഹിച്ചാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന തരത്തിലുള്ള കമന്റുകളും കുറിച്ചു.  ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന തരത്തിലുള്ള പരിഹാസ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. വിവാഹം അവരുടെ വ്യക്തിപരമായ കാര്യമല്ലേ, എന്തിനിങ്ങനെ പരകാര്യ വ്യഗ്രതയുമായി പ്രതികരിക്കാൻ പോകുന്നു. മലയാളികൾക്ക് സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്നറിയില്ലെന്ന് നടി അനന്യ മുമ്പ് പറഞ്ഞത് വെറുതെയല്ല. 

***  ***  ***

ഇ.പി ജയരാജന്റെ ഒരു ശപഥം മാറിക്കിട്ടാൻ സാധ്യത തെളിയുകയാണ്. ഇനി ഓര് വിളിച്ചു കേറ്റിയാലും ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് പറഞ്ഞത് മൂപ്പർ പിൻവലിക്കാൻ സാധ്യത ഏറി വരുന്നു. അല്ലെങ്കിലും ഇത്രയും തിരക്ക് പിടിച്ച മുന്നണി കൺവീനർ മട്ടന്നൂരിൽ വീട്ടുമുറ്റത്തുള്ള കണ്ണൂർ എയർപോർട്ടിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് പറക്കുന്നതിന് പകരം കോഴിക്കോട്ടേക്കോ ബംഗളുരുവിലേക്കോ വിമാനത്തിലെത്തി തിരിച്ചു പറക്കുകയെന്നതൊക്കെ പ്രായോഗികമാണോ? വിമാന കമ്പനിയും ഹാപ്പി. അദ്ദേഹം തന്നെ മുമ്പ് വെളിപ്പെടുത്തിയത് താനും ഭാര്യയുമാണ് ഈ റൂട്ടിലെ ഫ്രീക്വന്റ് ഫ്ലയേസ് എന്നാണ്. തലസ്ഥാനത്തിനും കണ്ണൂരിനുമിടയിൽ പറക്കുന്ന ഏക വിമാനത്തിന് രണ്ടു സ്ഥിരം യാത്രക്കാരെയാണ് തിരിച്ചു കിട്ടുന്നത്.  ഇൻഡിഗോ  ക്ഷമാപണം എഴുതി തന്നാൽ യാത്രാ വിലക്ക് അവസാനിപ്പിക്കാമെന്നാണ് എൽ ഡി എഫ് കൺവീനറും സി പി എം നേതാവുമായ  ഇപി ജയരാജൻ പറഞ്ഞത്.  മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 യാത്രാ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ വിമാന കമ്പനിയായ ഇൻഡിഗോ മാപ്പ് പറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലുള്ള മലയാളി റീജിയണൽ മാനേജറാണ് ഫോണിൽ വിളിച്ചത് എന്നും ക്ഷമാപണം എഴുതി നൽകിയാൽ ബഹിഷ്‌കരണം അവസാനിപ്പിക്കും എന്നും ഇ പി ജയരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇ പി ജയരാജനും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. 

Latest News