നാട്ടുപച്ചയുടെ കുളിരോർമകൾ

നജ്മ ഇബ്രാഹിം
വൈക്കിലശ്ശേരി വഴികൾ ഗ്രന്ഥകാരി ലേഖകന് സമ്മാനിച്ചപ്പോൾ

വടകര വില്ല്യാപ്പള്ളിക്കടുത്ത് പൊന്മേരിപ്പറമ്പിൽ സ്വദേശിനിയും അധ്യാപികയുമായ നജ്മ ഇബ്രാഹിമിന്റെ കന്നിപുസ്തകമായ 'വൈക്കിലശ്ശേരി വഴികൾ' ശ്രദ്ധേയമാകുന്നത് നിഷ്‌കളങ്കമായ ഗ്രാമജീവിതം അടയാളപ്പെടുത്തുന്നുവെന്നതുകൊണ്ടും ജീവിതപരിസരങ്ങളുടെ നേർകാഴ്ച സമ്മാനിക്കുന്നുവെന്നതുകൊണ്ടുമാകാം.
കലയും സാഹിത്യവും വൈജ്ഞാനിക പ്രബുദ്ധതയും കൊണ്ടനുഗൃഹീതമായ കുടുംബ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന നജ്മ ചെറുപ്പം മുതലേ നല്ല വായനക്കാരിയിരുന്നെങ്കിലും എഴുതണമെന്ന് തോന്നിയ പലതും എഴുതാൻ ധൈര്യമില്ലാത്തതിനാൽ വേണ്ടെന്നുവെക്കുകയായിരുന്നു. പഠനം കഴിഞ്ഞ് അധ്യാപികയായി വൈജ്ഞാനിക ലോകത്ത് സജീവമായപ്പോഴും വായന മുടക്കമില്ലാതെ തുടർന്നു.
നാട്ടിലെ ജോലിയുപേക്ഷിച്ച് ഖത്തറിൽ പ്രവാസിയായി മാറിയപ്പോഴും ഓർമയുടെ അറകളിൽ നാട്ടുപച്ചയും നിഷ്‌കളങ്കമായ ജീവിതത്തിന്റെ തെളിമയാർന്ന ഓർമകളും മനസിനെ കോൾമയിർകൊള്ളിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ജീവിതാനുഭവങ്ങളും പ്രായവും സമ്മാനിച്ച പക്വതയുടേയും തന്റേടത്തിന്റേയും പിൻബലത്തിൽ കഴിഞ്ഞ മാസം വൈക്കിലശ്ശേരി വഴികൾ വെളിച്ചം കണ്ടത്. ചന്ദ്രിക ഖത്തർ റസിഡന്റ് എഡിറ്റർ അഷ്‌റഫ് തൂണേരിയുടെ പിന്തുണയും സഹകരണവുമാണ് പുസ്തകം സാക്ഷാൽക്കരിക്കാൻ സഹായകമായത്.
ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിച്ച 'വൈക്കിലശ്ശേരി വഴികൾ' പുറത്തിറങ്ങി ദിവസങ്ങൾക്കകം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുമുണ്ടായ പ്രതികരണങ്ങൾ ആശാവഹമാണ്. എഴുത്ത് രംഗത്ത് കൂടുതൽ സജീവമാകുവാനും തന്റെ മനസിലെ വികാരവിചാരങ്ങൾ സമൂഹവുമായി പങ്കുവെക്കുവാനും ഈ പ്രതികരണങ്ങൾ ഉത്തേജനം നൽകുന്നതായി നജ്മ പറഞ്ഞു.
പ്രശ്‌നസങ്കീർണമായ ജീവിത സാഹചര്യങ്ങളിൽ നമ്മുടെ ദേശത്തെക്കുറിച്ചുള്ള ഓർമ്മകളാണ് മുന്നോട്ടുള്ള പ്രയാണത്തിനുള്ള പ്രേരകശക്തികളിലൊന്ന്. പരസ്പരം എല്ലാം പങ്കുവെച്ച് ജീവിച്ച കാലവും നാട്ടുവഴികളും ഗ്രാമീണ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം പങ്കുവെക്കുമ്പോൾ മാനവികതയുടെ ഉദാത്തമായ മാതൃകകളാണ് അയവിറക്കപ്പെടുന്നത്.
കുട്ടിയായിരിക്കുമ്പോൾ എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ പലയാവർത്തി വായിച്ചതോർക്കുന്നു. നമ്മുടെ ജീവിത വഴികളും ചുറ്റുപാടുകളും അവിസ്മരണീയമാക്കുന്ന ഓർമകളാണ് ഈ പുസ്തകത്തിന്റെ ആകെത്തുക.
നാട്ടുജീവിതത്തെ ഭാഷാവൈവിധ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന വൈക്കിലശ്ശേരി വഴികൾ കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത വൈക്കിലശ്ശേരി എന്ന ഗ്രാമത്തിന്റെ മണ്ണും മനുഷ്യനും ജന്തുജാലങ്ങളും ഉൽസവങ്ങളും, പ്രകൃതിയുമെന്നുവേണ്ട ജീവിതത്തിന്റെ സമഗ്രതലങ്ങളേയും ലളിതമായി പരിചയപ്പെടുത്തുന്നുവെന്നിടത്താണ് വ്യതിരിക്തമാകുന്നത്.
പവിത്രൻ തീക്കുനിയുടെ പ്രൗഢമായ അവതാരിക ഈ കൊച്ചുകൃതിയെ ധന്യമാക്കുന്നു. അവതാരികയിൽ അദ്ദേഹം എഴുതിയപോലെ ഏറെ തലമുറകളിലൂടെ ഒഴുകി നടക്കുന്ന, ഏറെ നിഷ്‌കളങ്കമായ ഏറെ കുസൃതികൾ നിറഞ്ഞ പുസ്തകമാണ് നജ്മ ഇബ്രാഹീമിന്റെ വൈക്കിലശ്ശേരി വഴികൾ. നാട്ടുഭാഷയുടെ പൊരുളും പ്രകാശവും സൗന്ദര്യവും ഈ പുസ്തക വായനയെ ധന്യമാക്കുന്നു. ജീവനുളള കഥാപാത്രങ്ങൾക്ക് ഭാഷയുടെ ജീവിതപരിസരമൊരുക്കി വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു.
നിർമലമായ ഗ്രാമ ജീവിതം പോലെതന്നെ തെളിമയാർന്ന ഗ്രാമ്യ പദങ്ങളും ഈ പുസ്തകത്തിൽ ധാരാളമായി കാണാം. ഭാഷയുടെ വഴക്കവും ഓർമകളുടെ തെളിച്ചവുമാണ് ഈ പുസ്‌കത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്നാണ് ആദ്യ വായനയിൽ തോന്നുക. എന്നാൽ വായനയുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതിയുടെ തനിമയും സാമൂഹ്യ സാംസ്‌കാരിക മാനങ്ങളുമൊക്കെ പുസ്തകത്തിന്റെ വരികൾക്കിടയിലൂടെ വായിച്ചെടുക്കാം.
വായനയുടെ സൗന്ദര്യവും സൗരഭ്യവും ഈ ലഘുകൃതി കാലപ്രയാണത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ നഷ്ടമാകുന്ന പല നന്മകളും തിരിച്ചുപിടിക്കാനും ഓർത്തെടുക്കാനും ഓരോ വായനക്കാരനേയും സഹായിക്കും. ഓർമകൾ നശിക്കുകയും മറവികൾ പൂക്കുകയും ചെയ്യുകയും ഒരു കാലത്തിന്റെ ജീവിതം ദുരന്തവും അപകടവും നിറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് വാക്കുകളിൽ പ്രകാശം നിറച്ച് സ്‌നേഹത്തിന്റെ, ഒരുമയുടെ ഓർമകൾ അയവിറക്കുന്നതുപോലും സുകൃതമാകുന്നത്.
ഓർമയുടെ അറകളിൽ മായാതെ കിടക്കുന്ന തന്റെ കുട്ടിക്കാലവും ഗ്രാമവും സാമൂഹിക ക്രമങ്ങളുമൊക്കെ ഒരു കുട്ടിയെപ്പോലെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് നജ്മ. ഒരു കുളക്കോഴിയെപ്പോലെ കുട്ടിക്കാലത്തേക്ക് ഊളിയിട്ട് പോകാനും ഒരു വവ്വാലിനെപ്പോലെ പഴയ ഓർമകളിൽ തൂങ്ങിയാടാനും മനസ്സിന്റെ മച്ചിലിപ്പോഴും നത്തുകൾ മൂളുമ്പോൾ വളച്ചുകെട്ടലുകളോ ഭംഗിവാക്കുകളോ ഇല്ലാതെ തന്റെ മനസ് തുറക്കുകയാണ് നജ്മ. നാട്ടുഭാഷയും ശൈലിയും മാത്രമല്ല ലളിതമായ അവതരണ ചാതുരിയും പുസ്തകത്തെ മനോഹരമാക്കുന്നു. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഈ കൃതി ഒരു പ്രവാസി വീട്ടമ്മയുടെ സർഗസഞ്ചാരം അടയാളപ്പെടുത്തുന്നുവെന്ന നിലക്കും സവിശേഷമാണ്. ചിത്രകാരൻ സാലിഹ് പാലത്തിന്റെ വരയും പുസ്തകത്തെ കൂടുതൽ മനോഹരമാക്കുന്നു.
ഗൾഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽമദീന ഗ്രൂപ്പിന്റെ സൗദി-ഖത്തർ റീജ്യണൽ ഡയരക്ടർ ജുറൈജ് ഇത്തിലോട്ടിന്റെ സഹധർമിണിയാണ് നജ്മ ഇബ്രാഹീം. നൗബ ജുറൈജ് , റഷ ജുറൈജ് , ഷസ ജുറൈജ് എന്നിവരാണ് മക്കൾ. മക്കളെല്ലാം കലാസാഹിത്യവാസനകളാൽ അനുഗൃഹീതരാണ്.

Latest News