വായന
മതിലുകളെല്ലാം പൊളിഞ്ഞുമാറിയപ്പോൾ മതിലുകൾ പോലെ നെടുകെ നിന്ന മണിമന്ദിരങ്ങളും നിലംപൊത്തിയപ്പോൾ ഹൃദയ നഗരിക്ക് പെട്ടെന്നങ്ങു വലിപ്പം കൂടി. മതിലുകളാൽ വളയപ്പെട്ട് കുടുസ്സ് കുടുസ്സുകളായി നിന്ന വീടുകളുടെ വലിയൊരു ഇരുട്ടുപുരയായിരുന്നു അതുവരെ ഹൃദയ നഗരിയെങ്കിൽ മതിൽ മറകൾ ഒന്നാകെ ഇല്ലാതായപ്പോൾ ആ പ്രദേശം വിശ്വം പോലെ വിശാലമായി. ഈ വിശാലതയാണ് നോവലിന്റെ വെളിച്ചം.
'മുകളിൽ നിന്നാണ് നോക്കുന്നത്. ഉയരത്തിൽ ചങ്കുറപ്പോടെ കിടക്കുന്ന ഹൃദയ നഗരിയിൽനിന്ന്. അവിടെനിന്ന് അങ്ങനെ താഴേക്ക് നോക്കുമ്പോൾ പുഴയുടെ നടുവിലാണ് ആ പുതിയ വീടിന്റെ ഇരിപ്പ്' രവിവർമ്മ തമ്പുരാന്റെ പൂജ്യമെന്ന നോവൽ തുടങ്ങുന്നതിങ്ങനെയാണ്.
മുകളിൽനിന്നാണ് നോവലിസ്റ്റ് ഭൂമിയിലേക്ക് നോക്കുന്നത്. ഭൂമിയിൽ മനുഷ്യരെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. ജാതിയുടെയും മതത്തിന്റെയും പേരിൽ പൊരുതുന്ന സങ്കുചിത്വത്തെ മറികടക്കാനുള്ള ഏക പോംവഴിയും ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുകയെന്നത് മാത്രമാണ്. അപ്പോൾ സങ്കുചിത്വത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെയാകും. ഭൂമിയിൽ എണ്ണിയാലൊടുങ്ങാത്ത ജീവിവർഗങ്ങൾ ജീവിക്കുന്നുണ്ട്. അവയിൽ ഒന്ന് മാത്രമാണ് മനുഷ്യൻ. ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ തന്നെ മനുഷ്യൻ സ്വയം വരുത്തിവെച്ച ജയിലറകളിൽനിന്ന് പുറത്ത് വരും. ദിനവും മുറ്റത്ത് വരുന്ന കാക്കകൾ രണ്ട് ജാതിയാണ്. (രണ്ട് സ്പീഷിസ് ). വീട്ടുകാക്കയും ബലികാക്കയും. അവ ഒന്നിച്ച് ജീവിക്കണമെന്നില്ല. എന്നാൽ ലോകത്തെവിടെയുമുള്ള മനുഷ്യർ ഒരു ജാതിയാണ് ( സ്പീഷിസ്). അവർക്ക് ഒന്നിച്ച് കഴിയുന്നതിനും വിവാഹതരായി സന്തതികളെ ഉൽപാദിപ്പിക്കുന്നതിനും ഒരു തടസ്സവുമില്ല.
എന്തെങ്കിലും തരത്തിലുള്ള ഭിന്നതകൾ ഉണ്ടെങ്കിൽ അതൊക്കെ മനുഷ്യർ ഉണ്ടാക്കിയതാണ്. നിറത്തിലും രൂപത്തിലുമുള്ള ചില്ലറ വ്യത്യാസങ്ങൾ കാലാവസ്ഥ മൂലമുള്ളതുമാണ്. ഈ തത്വമാണ് രവിവർമ്മ തമ്പുരാൻ പൂജ്യമെന്ന തന്റെ നോവലിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇതിനായി ഹൃദയ നഗരിയെന്ന സാങ്കൽപിക ഗ്രാമത്തെ രവിവർമ്മ തമ്പുരാൻ സൃഷ്ടിച്ചിരിക്കുന്നു. ഈ സാങ്കൽപിക നഗരിയിലാണ് കഥ നടക്കുന്നത്. സുഹൃത്തുക്കൾ ഒത്തുകൂടി താമസിക്കുന്നത്. ഭിന്നതകളെ ഉരുക്കുന്നത്. ചില്ലറ തടസ്സങ്ങളൊക്കെ വരുന്നുണ്ടെങ്കിലും അതിനെയൊക്കെ സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടും മറികടക്കാൻ അവർക്ക് കഴിയുന്നു. തന്റെ ഭാവനയിൽ കാണുന്ന സുന്ദര സുരഭിലമായ ഗ്രാമം അവിടെ വിടർന്നുവരുകയാണ്. ഉട്ടോപ്യൻ ദർശനമെന്ന് വേണമെങ്കിൽ നമുക്ക് തോന്നാം.
എന്നാൽ മനുഷ്യർ മനസ്സ് വെച്ചാൽ നടക്കാത്തതായി യാതൊന്നുമില്ല. ഒരുമയും സ്‌നഹവുമാണതിനുള്ള മന്ത്രം. മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുകയും അതിലൂടെ രാഷ്ട്രിയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് പൂജ്യമെന്ന നോവൽ മുന്നോട്ട് വെക്കുന്ന കൂട്ടായ്മയുടെയും നന്മയുടെയും രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട്.
ഈ നോവലിലെ കഥാപാത്രങ്ങൾക്ക് രവിവർമ്മ തമ്പുരാൻ നൽകിയിരിക്കുന്ന പേര് തന്നെ ചരിത്രത്തിൽനിന്നും പുരാണത്തിൽനിന്നും കണ്ടെടുത്തതാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ ഓർമ്മകളും പേറിയാണ് ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മുമ്പിലേക്ക് വരുന്നത്. യെശയ്യാവ്, പുരന്ദരൻ, അർണോജൻ, കാദംബരി, അക്രൂരൻ, കൊരിന്ത്യർ, പിംഗളൻ.. ഇങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ പേരുകൾ.
മാധ്യമ പ്രർത്തകൻ കൂടിയായ രവിവർമ്മ തമ്പുരാൻ ദുരൂഹതയില്ലാതെ നേരെ ചോവ്വെയാണ് കഥ പറയുന്നത്. അതും വളരെ ലളിതമായ വാക്കുകൾ കൊണ്ട് ഒരാശയ പ്രപഞ്ചത്തെ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. വായനക്കാരെ നോവലിലേക്ക് ചേർത്ത് പിടിക്കാൻ ഇതിന്റെ ഭാഷയ്ക്ക് കഴിയുന്നു. മധ്യതിരുവിതാംകൂറിന്റെ ഭാഷാശൈലിയും എടുത്തുപറയേണ്ടതാണ്.
അധ്യായങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ടുകളാണ് ഏറെ രസകരം. പ്ലസ് വൺ, പ്ലസ് ടു, ....ഇങ്ങനെ പ്ലസ് പതിനാറിൽ എത്തുമ്പോൾ ഒന്നാം ഭാഗം അവസാനിക്കുന്നു. മൈനസ് ഒന്നിൽ തുടങ്ങി മൈനസ് പതിനാറിൽ രണ്ടാം ഭാഗവും തീരുന്നു. പിന്നെ പൂജ്യമെന്ന അധ്യായമാണ്. അത് തുടങ്ങുന്നതിങ്ങനെ: മതിലുകളെല്ലാം പൊളിഞ്ഞുമാറിയപ്പോൾ മതിലുകൾ പോലെ നെടുകെ നിന്ന മണി മന്ദിരങ്ങളും നിലംപൊത്തിയപ്പോൾ ഹൃദയ നഗരിക്ക് പെട്ടെന്നങ്ങു വലിപ്പം കൂടി. മതിലുകളാൽ വളയപ്പെട്ട് കുടുസ്സ് കുടുസ്സുകളായി നിന്ന വീടുകളുടെ വലിയൊരു ഇരുട്ടു പുരയായിരുന്നു അതുവരെ ഹൃദയ നഗരിയെങ്കിൽ മതിൽ മറകൾ ഒന്നാകെ ഇല്ലാതായപ്പോൾ ആ പ്രദേശം വിശ്വം പോലെ വിശാലമായി.
ഈ വിശാലതയാണ് നോവലിന്റെ വെളിച്ചം. പുന്നപ്ര വയലാർ അപ്രിയ സത്യങ്ങൾ. കുട്ടനാട് കണ്ണീർത്തടം, തുരങ്കത്തിനുള്ളിൽ ജീവിതം, റിയാലിറ്റി ഷോ, ചെന്തമരക്കൊക്ക, ഒൻപത് പെൺകഥകൾ, ഭയങ്കരാമുടി, ശയ്യാനുകമ്പ തുടങ്ങിയ പുസ്തകങ്ങൾ രവിവർമ്മ തമ്പുരാന്റേതായി വന്നിട്ടുണ്ട്. ഭാര്യ. വി. മിനി. മക്കൾ നിരഞ്ജൻ, ആർ.വർമ്മ, നീരജ് ആർ.വർമ്മ.