ശാരീരികമായ അവശതയെ ഇഛാശക്തി കൊണ്ട് പരാജയപ്പെടുത്തിയ ഈജിപ്ഷ്യൻ പിതാവിന്റേയും മകന്റേയും ഒപ്പം സൗദി സഹോദരങ്ങളുടേയും ആവേശകരമായ ജീവിത കഥ
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് കൈകാലുകളില്ലാതെ പിറന്ന ഈജിപ്ഷ്യൻ ബാലൻ സിയാദ് മുഹമ്മദ് അഹമ്മദും പിതാവ് മുഹമ്മദ് അഹമ്മദും. ഇവരുടെ ഉരുക്കിന് സമാനമായ നിശ്ചയദാർഢ്യം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
ആരും ഒരിക്കലും ആലോചിക്കാത്ത രീതിയിലാണ് വൈകല്യത്തെ ഇവർ തങ്ങളുടേതായ ആശയത്തിലൂടെ മറികടന്നത്. ഈജിപ്ത് ഡെൽറ്റയിൽ ശർഖിയ ഗവർണറേറ്റിൽ മർകസ് ഫാഖൂസിൽ ബനീസ്വരീദ് ഗ്രാമത്തിലാണ് പതിനൊന്നുകാരനായ സിയാദിന്റെ വീട്. നിത്യജീവിതത്തിലെ ദൈനംദിന കാര്യങ്ങൾക്കും ദിനചര്യകൾക്കും മകനെ സഹായിക്കുന്ന ഒരു പോംവഴി കണ്ടെത്തുന്നതിന് ഏറെ അന്വേഷണങ്ങൾ നടത്തിയ മുഹമ്മദ് അഹ്മദ് തങ്ങളുടെ ജീവിതത്തിലെ സങ്കടവും നിരാശയും പ്രത്യാശയും താൽക്കാലിക സന്തോഷവുമാക്കി മാറ്റുന്ന ആശയം സ്വയം കണ്ടെത്തുകയായിരുന്നു.
ശീതള പാനീയങ്ങളുടെ കാലിക്കുപ്പികൾ കൃത്രിമ കൈകളായി മാറ്റുകയാണ് സിയാദിന്റെ പിതാവ് ചെയ്തത്. ഇതിലൂടെ പരസഹായം കൂടാതെ ഭക്ഷണം കഴിക്കുന്നതിനും പാനീയങ്ങൾ കുടിക്കുന്നതിനും ചിത്രം വരക്കുന്നതിനും കളിക്കുന്നതിനും ബാലന് സാധിക്കുന്നു. തനിക്ക് മൂന്നു ആൺമക്കളാണുള്ളതെന്ന് മുഹമ്മദ് അഹമ്മദ് പറഞ്ഞു. മൂത്ത മകന് 14 ഉം ഇളയ മകന് അഞ്ചും വയസ്സാണ് പ്രായം. സിയാദ് രണ്ടാമത്തെ മകനാണ്. കൈകാലുകൾ ഇല്ലാതെ മകൻ പിറന്നത് തങ്ങൾക്ക് ഞെട്ടലും ആഘാതവുമായിരുന്നു. സിയാദിന്റേത് അപൂർമായ കേസാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൈകാലുകൾ ഇല്ലാതെ ആയുസ്സ് മുഴുവൻ ജീവിക്കുന്നതിന് മകന് കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു.

അടുത്ത രക്തബന്ധത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹത്തിലൂടെയാണ് ഇങ്ങനെ വൈകല്യമുള്ള മക്കൾ പിറക്കുകയെന്ന വാദം ശരിയല്ല. തനിക്ക് വൈകല്യമുള്ള മകൻ പിറക്കുന്നതിന് കാരണം അടുത്ത ബന്ധുവിനെ വിവാഹം ചെയ്തതല്ല. സ്വന്തം കുടുംബത്തിൽ പെട്ട പെൺകുട്ടിയെ അല്ല താൻ വിവാഹം ചെയ്തത്. മകന് കൃത്രിമ അവയവങ്ങൾ ലഭ്യമാക്കുന്നതിന് ശ്രമിച്ച് ഈജിപ്തിലെ നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജർമനി, അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മാത്രമാണ് സിയാദിന്റെ അവസ്ഥക്ക് യോജിക്കുന്ന കൃത്രിമ അവയവങ്ങളും ചികിത്സയും ലഭ്യമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിന് 30 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് ചെലവ് വരും. ഇത്രയും പണം തനിക്ക് സ്വരൂപിക്കുന്നതിന് ഒരിക്കലും കഴിയില്ല.
നിരന്തരമായ അന്വേഷണങ്ങൾക്കും ആലോചനകൾക്കും ഒടുവിലാണ് ശീതള പാനീയങ്ങളുടെ കുപ്പികൾ കൃത്രിമ കൈകളായി ഉപയോഗിക്കുന്നതിനുള്ള ആശയം മനസ്സിൽ ഉരുത്തിരിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികൾ സിയാദിന്റെ കൈയിൽ ബന്ധിക്കുകയാണ് ചെയ്യുന്നത്. സാവകാശം കുപ്പിയെ അവലംബിക്കുന്നതിന് സിയാദ് കുറേശ്ശെ കുറേശ്ശെ പഠിച്ചു. ഇപ്പോൾ കൈയിൽ ബന്ധിച്ച കുപ്പി ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനും എഴുതുന്നതിനും സിയാദിന് സാധിക്കും. ഉറങ്ങാൻ നേരത്ത് കൈയിൽ നിന്ന് കുപ്പി നീക്കം ചെയ്യുകയാണ് പതിവ്. പേനയും സ്പൂണും പിടിക്കുന്നതിന് സാധിക്കുന്ന നിലക്ക് കുപ്പിയുടെ അടപ്പിൽ ദ്വാരമുണ്ടാക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ സ്വന്തമായി നോക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും സാധിക്കുന്ന നിലക്ക് വിദേശ ആശുപത്രിയിൽ നിന്ന് സിയാദിന് കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിന് സാധിക്കുമെന്ന പ്രത്യാശ കൈവിടാതെയാണ് തങ്ങൾ ഇപ്പോഴും കഴിയുന്നതെന്നും മുഹമ്മദ് അഹമ്മദ് പറഞ്ഞു.

അബ്ദുറഹ്മാന്റെയും സഹോദരി മസ്തൂറയുടെയും കഥ
കൈകാലുകളില്ലാതെ ഭൂമിയിലേക്ക് പിറന്നുവീണ സൗദി സഹോദരങ്ങൾ ക്ഷമയും സഹനവും ഇന്ധനമാക്കിയ നിശ്ചയദാർഢ്യത്തിലൂടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ തരണം ചെയ്തും വിധിയോട് ഏറ്റുമുട്ടിയും പ്രത്യാശ കൈവിടാതെയും ഒരു ഗ്രാമത്തിന്റെ സ്‌നേഹവായ്പുകൾ മുഴുവൻ നേടി ജീവിതം തുടരുന്നു. അസീർ പ്രവിശ്യക്ക് പടിഞ്ഞാറ് അമായിർ അഖാബ് ഗ്രാമത്തിലാണ് അബ്ദുറഹ്മാനും സഹോദരി മസ്തൂറയും മറ്റുള്ളവർക്ക് പാഠവും മാതൃകയുമാകുന്ന നിലക്ക് പരാതികളേതുമില്ലാതെ ജീവിതം നയിക്കുന്നത്. പാരമ്പര്യ രോഗത്തിന്റെ ഫലമായാണ് കടുത്ത വൈകല്യത്തോടെ ഇരുവരും പിറന്നത്. ഇവരുടെ അമ്മാവന്റെ മകൾ ഹദിയയും ഇതേ വൈകല്യം അനുഭവിക്കുന്നു.
ഇരുപത്തിനാലുകാരനായ അബ്ദുറഹ്മാന് വിദ്യാഭ്യാസം നേടുന്നതിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഇത്രയും വൈകല്യമുള്ള ഒരാൾക്ക് പ്രവേശനം നൽകുന്നതിന് സൗകര്യങ്ങളുള്ള സ്‌കൂളുകൾ ഇല്ലാത്തതാണ് യുവാവിന്റെ വിദ്യാഭ്യാസത്തിന് തടസ്സമായത്. എന്നാൽ മസ്തൂറ ഉമ്മയുടെ സഹായത്തോടെ സ്‌കൂൾ പഠനം പൂർത്തിയാക്കി. ഇപ്പോൾ യൂനിവേഴ്‌സിറ്റി നടത്തുന്ന വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിൽ ചേർന്ന് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുകയാണ് മസ്തൂറ.

അബ്ദുറഹ്മാന്റെ പിതാവ് ദീർഘകാലം മുമ്പ് മരണപ്പെട്ടതാണെന്ന് ഇവരുടെ അയൽവാസി സാലിം അൽവുഹൈബി പറഞ്ഞു. ഇതിനു ശേഷം പിതൃസഹോദരനാണ് അബ്ദുറഹ്മാന്റെയും സഹോദരിയുടെയും പരിചരണ ചുമതല വഹിച്ചത്. തറയിലൂടെ നിരങ്ങി നീങ്ങി മാതാവിനെ സഹായിക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്ന അബ്ദുറഹ്മാൻ പരസഹായം കൂടാതെ ഭക്ഷണം സ്വയം കഴിക്കുന്നതിന് ശ്രമിക്കുന്നു. ബുദ്ധിസാമർഥ്യമുള്ള അബ്ദുറഹ്മാൻ ഫുട്‌ബോൾ മത്സരങ്ങളും സ്‌പോർട്‌സ് പരിപാടികളും ഇഷ്ടപ്പെടുന്നു. യുവാവിനും സഹോദരിക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ട്. എന്നാൽ ഇരുവരെയും നല്ല രീതിയിൽ പരിചരിക്കുന്നതിന് മാതാവിന് സാധിക്കുന്നില്ല. ഇരുവർക്കും ഭക്ഷണം നൽകുന്നതിനും മറ്റു കാര്യങ്ങൾ നോക്കുന്നതിനും ഹോംനഴ്‌സിന്റെ സഹായം ആവശ്യമാണ്. നിത്യജീവിതം സാധ്യമായത്ര സുഗമമാക്കുന്നതിന് സഹായിക്കുന്ന ആധുനിക ഉപകരണങ്ങളും ഇരുവർക്കും ആവശ്യമാണ്.
വൈകല്യത്തോടെ തന്നെ സൃഷ്ടിച്ചതിൽ അല്ലാഹുവിന് യുക്തിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാൽ അബ്ദുറഹ്മാന് പരാതികളോ പരിഭവങ്ങളോ ഇല്ലെന്ന് സാലിം അൽവുഹൈബി പറഞ്ഞു.
ആരോഗ്യമുള്ള മക്കളെ ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ കൈകാലുകളില്ലാതെ പിറന്ന മക്കളുടെ പരിചരണ ചുമതല നൽകി അല്ലാഹു തന്നെ ആദരിക്കുകയാണ് ചെയ്തതെന്ന് ഉറച്ചുവിശ്വസിക്കുന്നതായി അബ്ദുറഹ്മാന്റെ മാതാവ് പറഞ്ഞു. മക്കളെ പരിചരിക്കുന്നതിന്റെ പുണ്യം ദൈവത്തിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബ്ദുറഹ്മാന്റെയും മസ്തൂറയുടെയും പിതാവിന്റെ മരണ ശേഷം താൻ രണ്ടാമത് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ യാതൊരു വൈകല്യങ്ങളുമില്ലാത്ത രണ്ടു മക്കൾ പിറന്നു. ഇപ്പോൾ ഇവരാണ് ആദ്യ വിവാഹ ബന്ധത്തിലെ വൈകല്യമുള്ള മക്കളുടെ പരിചരണത്തിന് തന്നെ സഹായിക്കുന്നത്.

മക്കൾക്ക് മികച്ച വൈദ്യ പരിചരണവും ജീവിതം സുഗമമാക്കുന്ന സൗകര്യങ്ങളും ലഭ്യമാകണമെന്നാണ് ആഗ്രഹം. ഇതിന് ഭീമമായ തുക വേണ്ടിവരും. പ്രായം കൂടിയ തനിക്ക് ഒറ്റക്ക് യുവത്വത്തിലേക്ക് പ്രവേശിച്ച മക്കളെ പരിചരിക്കുന്നതിനോ അവർക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനോ സാധിക്കില്ല. അബ്ദുറഹ്മാന്റെ ശാരീരിക അവസ്ഥക്ക് യോജിക്കുന്ന നിലക്ക് പ്രത്യേകം രൂപകൽപന ചെയ്ത കാർ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. ഇത്തിഹാദ് ക്ലബ്ബ് ആരാധകനായ അബ്ദുറഹ്മാന് ജീവിതത്തിൽ ഒരിക്കലെങ്കിലും തന്റെ ഇഷ്ട ക്ലബ്ബിന്റെ മത്സരം സ്റ്റേഡിയത്തിൽ എത്തി നേരിട്ട് വീക്ഷിക്കുന്നതിന് സാധിക്കണമെന്നും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ഉമ്മു അബ്ദുറഹ്മാൻ പറഞ്ഞു.