സുവർണ തീരത്ത്

ഇന്ത്യൻ കായിക ചരിത്രത്തിലെ നാഴികക്കല്ലാവും ഗോൾഡ് കോസ്റ്റിൽ 
സമാപിച്ച കോമൺവെൽത്ത് ഗെയിംസ്...

മെഡലുകളുടെ എണ്ണം നോക്കിയാൽ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച കോമൺവെൽത്ത് ഗെയിംസാണ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സമാപിച്ചത്. എന്നാൽ ചരിത്രം ഗോൾഡ് കോസ്റ്റിനെ രേഖപ്പെടുത്തുക ഇന്ത്യൻ കായിക ചരിത്രത്തിലെ വഴിത്തിരിവായാണ്. ക്രിക്കറ്റ് രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. 
ഏഷ്യൻ ഗെയിംസിലും ഒളിംപിക്‌സിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ ഒരു കാലത്ത് ഇന്ത്യ നാണം മറച്ചത് ഹോക്കി വിജയങ്ങൾ കൊണ്ടായിരുന്നു. പിന്നീട് ഷൂട്ടിംഗും ഗുസ്തിയുമൊക്കെ ഇന്ത്യയുടെ രക്ഷക്കെത്തി. എന്നാൽ ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ എത്ര മെഡൽ നേടി എന്നതിനേക്കാൾ പ്രധാനമായിരുന്നു, ഒമ്പത് ഇനങ്ങളിൽ സ്വർണം നേടിയെന്നത്. ഇന്ത്യൻ കായിക വളർച്ചയിലെ നാഴികക്കാല്ലാവും ഈ ഗെയിംസ്.
ഇന്ത്യയുടെ 66 മെഡലുകളിൽ 26 സ്വർണമുണ്ട്. വെള്ളിയേക്കാളും (20) വെങ്കലത്തേയുംകാൾ (20) കൂടുതൽ. മൾടി സ്‌പോർട്‌സ് ഗെയിംസുകളിൽ വെള്ളിയേയും വെങ്കലത്തേയുംകാൾ കൂടുതൽ ഇന്ത്യ സ്വർണം നേടുന്നത് അപൂർവമാണ്. മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത് മറ്റൊരു നേട്ടം. 2010 ൽ ദൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് നടത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയതൊഴിച്ചാൽ ഇത്ര ഉയരത്തിൽ ടീം ഫിനിഷ് ചെയ്യുന്നത് ആദ്യം. 
കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങൾ അത്ര കടുപ്പമേറിയതല്ല. ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഇന്ത്യയുടെ വളർച്ചയെക്കുറിച്ച വ്യക്തമായ ചിത്രം നൽകും. എങ്കിലും ഗോൾഡ് കോസ്റ്റിൽ കണ്ടത് പുതിയ ഇന്ത്യയെയാണ് എന്നതിൽ സംശയമില്ല. ദൽഹിയിലെ 2010 കോമൺവെൽത്ത് ഗെയിംസിൽ 39 സ്വർണം നേടിയിട്ടുണ്ട് ഇന്ത്യ, 2002 ലെ മാഞ്ചസ്റ്റർ ഗെയിംസിൽ 30 സ്വർണവും. അത് വെച്ചുനോക്കുമ്പോൾ മൂന്നാമത്തെ മികച്ച ഗെയിംസാണ് ഗോൾഡ് കോസ്റ്റിലേത്. എന്നാൽ കണക്കുകൾക്കപ്പുറമാണ് കാര്യങ്ങൾ. മാഞ്ചസ്റ്ററിൽ ഇന്ത്യ നേടിയ 30 സ്വർണങ്ങൾ അഞ്ചിനങ്ങളിൽ നിന്നായിരുന്നു -ബോക്‌സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ഗുസ്തി. ദൽഹിയിൽ നേടിയ 30 സ്വർണം ഒമ്പതിനങ്ങളിൽ നിന്നായി -അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബോക്‌സിംഗ്, ഷൂട്ടിംഗ്, ടേബിൾ ടെന്നിസ്, ടെന്നിസ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ഗുസ്തി എന്നിവയിൽ. ഗോൾഡ് കോസ്റ്റിൽ ഏഴിനങ്ങളിൽ നിന്നാണ് 39 സ്വർണം വന്നത് -അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബോക്‌സിംഗ്, ഷൂട്ടിംഗ്, ടേബിൾ ടെന്നിസ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ഗുസ്തി എന്നിവയിൽ. 
മാഞ്ചസ്റ്ററിലെ 39 സ്വർണ നേട്ടത്തെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ അതിൽ പതിനാലും ഷൂട്ടിംഗിലായിരുന്നു, 11 വെയ്റ്റ്‌ലിഫ്റ്റിംഗിലും. ഏഷ്യാഡിലും ഒളിംപിക്‌സിലുമൊന്നും ഒരിനത്തിൽ ഇത്ര മെഡലുകൾ ലഭിക്കില്ല. വെയ്റ്റ്‌ലിഫ്റ്റിംഗിൽ ഓരോ ഭാരവിഭാഗത്തിലും ഒമ്പത് വീതം സ്വർണമുണ്ടായിരുന്നു. 
ഷൂട്ടിംഗിൽ ഇപ്പോൾ പെയറിൽ മത്സരമില്ല. മാഞ്ചസ്റ്ററിൽ ഇന്ത്യ നേടിയ 14 ഷൂട്ടിംഗ് സ്വർണങ്ങളിൽ എട്ടും പെയറിലായിരുന്നു. വെയ്റ്റ്‌ലിഫ്റ്റിംഗിൽ നേടിയ 11 മെഡലുകളിൽ നാലെണ്ണം മാത്രമായിരുന്നു ഓവറോളിൽ കിട്ടിയത്. ബാക്കി ഏഴെണ്ണം സ്‌നാച്ചിലും ക്ലീൻ ജെർക്കിലുമൊക്കെയായിരുന്നു. സാധാരണ ഗെയിംസുകളിൽ ഇങ്ങനെ പ്രത്യേകം സ്വർണം നൽകാറില്ല. ഓവറോളിനു പുറമെ സ്‌നാച്ചിലും ക്ലീൻ ജെർക്കിലും സ്വർണം നൽകുന്ന രീതി തുടർന്നിരുന്നുവെങ്കിൽ ഗോൾഡ്‌കോസ്റ്റിൽ ഇന്ത്യയുടെ മെഡൽ പട്ടികക്ക് കനം കൂടിയേനേ. 
ദൽഹിയിൽ ഇന്ത്യ മെഡൽ വാരിയത് തങ്ങൾക്ക് മുൻതൂക്കമുള്ള കായിക ഇനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു. ഗോൾഡ്‌കോസ്റ്റിൽ ആ മുൻതൂക്കമോ ആതിഥേയരെന്ന നിലയിൽ കാണികൾ പകർന്ന ആവേശമോ ഇല്ലായിരുന്നു. ഇന്ത്യക്ക് മേൽക്കോയ്മയുള്ള അമ്പെയ്ത്തിലും ടെന്നിസിലും ഗ്രീക്കൊ റോമൻ ഗുസ്തിയിലും കൂടുതൽ ഇനങ്ങളുൾപ്പെടുത്തിയാണ് ദൽഹിയിൽ മെഡലുകൾ അടിച്ചെടുത്തത്. ഗോൾഡ്‌കോസ്റ്റിൽ ആതിഥേയർ ഉൾപ്പെടുത്തിയ ഇനങ്ങൾ ബീച്ച് വോളിബോളും ഡൈവിംഗും മൗണ്ടയ്ൻ ബൈക്കിംഗുമായിരുന്നു, ഇന്ത്യക്ക് ഒരു തരത്തിലും സ്വാധീനമില്ലാത്ത ഇനങ്ങൾ. 
അതുകൊണ്ട് തന്നെ ഇന്ത്യയുടെ അത്‌ലറ്റുകൾ ലോക നിലവാരത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഗോൾഡ് കോസ്റ്റ് ഗെയിംസ്. ട്രാക്ക് ആന്റ് ഫീൽഡിൽ പോലും ഇന്ത്യക്ക് മികവ് കാട്ടാനായെന്നത് ചില്ലറക്കാര്യമല്ല. പല അത്‌ലറ്റുകളും കരിയറിലെ മികച്ച പ്രകടനം നടത്തി. ഷൂട്ടിംഗിൽ മനു ഭാക്കർ, അനീഷ് ഭാൻവാല, ടേബിൾ ടെന്നിസിൽ മണിക ബത്ര, ജ്ഞാനശേഖരൻ സത്യൻ, അത്‌ലറ്റിക്‌സിൽ നീരജ് ചോപ്ര, ഹിമ ദാസ്, വെയ്റ്റ്‌ലിഫ്റ്റിംഗിൽ മീരാഭായി ചാനു, ഗുസ്തിയിൽ ബജ്‌റംഗ് പൂനിയ, ബോക്‌സിംഗിൽ ഗൗരവ് സോളങ്കി തുടങ്ങിയ യുവ താരങ്ങളുടെ രംഗപ്രവേശം രാജ്യത്തിന് ആവേശം പകരും. ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2020 ലെ ടോക്കിയൊ ഒളിംപിക്‌സിലും ഇവരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. 
ഗോൾഡ് കോസ്റ്റിലെ പ്രകടനം ഒരു കായിക രാജ്യമെന്ന പദവിയിലേക്കുയരാനുള്ള വലിയൊരു അവസരമാണ് ഇന്ത്യക്ക് പ്രധാനം ചെയ്തിരിക്കുന്നത്. അത് മറ്റൊരു ദുഃസ്വപ്‌നമായി മാറുമോയെന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കായിക ഇനങ്ങളിൽ ഇത്രമാത്രം കൗമാര താരങ്ങൾ പ്രതീക്ഷയുടെ പതാകയേന്തുന്നത്. 

Latest News