ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍

ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികന്‍ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാന്‍ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനും പിന്നിലാണ് 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി നിലയുറപ്പിച്ചത്. ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി 91.9 ബില്യണ്‍ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണുള്ളത്. 

ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടം പിടിക്കുന്നത്. ജെഫ് ബെസോസിന്റെ ആസ്തി 251 ബില്യണ്‍ ഡോളറും ഇലോണ്‍ മസ്‌കിന്റേത് 153 ബില്യണ്‍ ഡോളറുമാണ്.

അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. 1988ലാണ് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റര്‍പ്രൈസസ് ആരംഭിച്ചത്. 1994ല്‍ മുന്ദ്ര പോര്‍ട്ടില്‍ ഹാര്‍ബര്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോര്‍ട്ട്. 2009ലാണ് അദാനി ഊര്‍ജ മേഖലയിലേക്ക് ഇറങ്ങിയത്. 2020ല്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരിയും അദാനി സ്വന്തമാക്കി.

കോളജ് ഡ്രോപ്പൗട്ടായ അദാനി വര്ജ വ്യാപാരിയായി തുടങ്ങി കല്‍ക്കരി വ്യവസായത്തിലേക്ക് എത്തുകയായിരുന്നു. ഡാറ്റാ സെന്ററുകള്‍ മുതല്‍ സിമന്റ്, മീഡിയ തുടങ്ങി നിരവധി കാര്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന അറുപതുകാരനായ അദാനി ഇന്ത്യുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായകമെന്ന് പറയുന്ന മേഖലകളിലാണ് പ്രധാനമായും ശ്രദ്ധിച്ചിരിക്കുന്നത്. 

2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യന്‍ ഡോളറാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയ അദാനി ഏപ്രിലില്‍ ശതകോടീശ്വരനുമായി. ജൂലായ് മാസത്തിലാണ് മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സമ്പന്ന വ്യക്തിയായത്.

Latest News